ADVERTISEMENT

പുരുഷന്മാരിൽ വളരെ സാധാരണയായി ബാധിക്കുന്ന ഒന്നാണ് പ്രോസ്റ്റേറ്റ് കാൻസർ. ഇന്ത്യയിലെ പ്രമുഖനഗരങ്ങളിൽ പ്രോസ്റ്റേറ്റ് കാൻസർ ബാധിച്ച പുരുഷന്മാരുടെ എണ്ണം വളരെ കൂടുതലാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രോസ്റ്റേറ്റ് കാൻസറും അതിന്റെ ലക്ഷണങ്ങളും അറിയാം. 

 

എന്താണ് പ്രോസ്റ്റേറ്റ് കാൻസർ?

പുരുഷന്മാരിൽ സെമിനൽ ഫ്ലൂയ്ഡ് ഉൽപാദിപ്പിക്കുന്ന വാൾനട്ടിന്റെ ആകൃതിയിലുള്ള ചെറിയ ഒരു ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ്. മിക്ക പ്രോസ്റ്റേറ്റ് കാൻസറും വളരെ സാവധാനത്തിലെ വളരുകയുള്ളൂ. അത് പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ മാത്രമായി ഒതുങ്ങി നിൽക്കുകയേയുള്ളൂ. എന്നാൽ ചില കാൻസറുകൾ വളരെ പെട്ടെന്ന് വളരുകയും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ രോഗം നേരത്തെ കണ്ടെത്തുന്നത് രോഗവ്യാപനം തടയാനും ഫലപ്രദമായ ചികിത്സ തേടാനും ഉപകരിക്കും. 

 

രോഗലക്ഷണങ്ങൾ

പ്രോസ്റ്റേറ്റ് കാൻസറിന്റെ അഞ്ച് ലക്ഷണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ശീഘ്രസ്ഖലനം. ഈ സാധാരണ ലക്ഷണം ഒരാളുടെ ലൈംഗികജീവിതത്തെ ബാധിക്കും. പ്രോസ്റ്റേറ്റ്  കാൻസറിന്റെ മറ്റ് നാലു ലക്ഷണങ്ങൾ ഇവയാണ്. 

 

∙ഇടയ്ക്കിടെയുള്ള മൂത്രശങ്ക, പ്രത്യേകിച്ച് രാത്രിയിൽ.

 

∙മൂത്രം പിടിച്ചു വയ്ക്കാനുള്ള കഴിവില്ലായ്മ.

 

∙മൂത്രമൊഴിക്കുമ്പോഴും സ്ഖലനം സംഭവിക്കുമ്പോഴും ഉള്ള വേദനയും പുകച്ചിലും.

 

∙മൂത്രത്തിലോ ബീജത്തിലോ രക്തത്തിന്റെ അംശം.

 

രോഗനിർണയം നേരത്തെയാക്കാം

പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് കാൻസർ സാധാരണമായതിനാൽ അതിന്റെ ലക്ഷണങ്ങൾ ഏതൊക്കെ എന്നത് വളരെ പ്രധാനമാണ്. 

മൂത്രമൊഴിക്കുന്ന രീതി പ്രോസ്റ്റേറ്റ് കാൻസർ ലക്ഷണങ്ങളെ കാട്ടിത്തരും. മൂത്രമൊഴിക്കുമ്പോൾ വേദനയോ അസ്വസ്ഥതയോ തോന്നുന്നുണ്ടെങ്കിൽ തീർച്ചയായും പ്രോസ്റ്റേറ്റ് പരിശോധിക്കേണ്ടതാണ്. 

പ്രായം കൂടുന്തോറും പ്രോസ്റ്റേറ്റ് കാൻസർ വരാനുള്ള സാധ്യതയും കൂടുന്നു. അൻപതു വയസ്സിനുശേഷം ഡോക്ടറെ കണ്ട് പതിവായി പ്രോസ്റ്റേറ്റ് പരിശോധന നടത്തുന്നത് നല്ലതാണ്. കുടുംബത്തിൽ ആർക്കെങ്കിലും പ്രോസ്റ്റേറ്റ് കാൻസർ ബാധിച്ച ചരിത്രമുണ്ടെങ്കിലും രോഗസാധ്യത കൂടുതലാണ്. 

 

രോഗനിർണയം

പ്രോസ്റ്റേറ്റ് സ്ക്രീനിങ്ങ് ടെസ്റ്റുകൾ നടത്തുക വഴി പ്രോസ്റ്റേറ്റ് കാൻസർ ഉണ്ടോ എന്നറിയാൻ പറ്റും. ഡിജിറ്റൽ റെക്ടൽ എക്സാം (DRE), കൂടാതെ പ്രോസ്റ്റേറ്റ് സ്പെസിഫിക് ആന്റിജൻ ടെസ്റ്റ് (PSA) എന്ന രക്തപരിശോധനയിലൂടെയും പ്രോസ്റ്റേറ്റ് കാൻസർ കണ്ടെത്താം. 

 

പ്രോസ്റ്റേറ്റ് കാൻസർ പൂർണമായും വരാതിരിക്കാന്‍ മാർഗമൊന്നും ഇല്ല. എന്നാൽ രോഗസാധ്യത കുറയ്ക്കാൻ ജീവിതശൈലിയിൽ വരുത്തുന്ന മാറ്റങ്ങളിലൂടെ സാധിക്കും. ആരോഗ്യകരമായ ഭക്ഷണക്രമം ശീലമാക്കുന്നതോടൊപ്പം വ്യായാമം പതിവാക്കുക. പ്രോസസ്ഡ് മീറ്റ് ഒഴിവാക്കുന്നതോടൊപ്പം മൃഗക്കൊഴുപ്പുകളും ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കുന്നത് രോഗസാധ്യത കുറയ്ക്കും.

Content Summary: Symptoms of Prostate Cancer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com