ADVERTISEMENT

ആരോഗ്യമുള്ള ശരീരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്നാണ് ആരോഗ്യമുള്ള വായ. നമ്മുടെതന്നെ ശ്രദ്ധക്കുറവു കൊണ്ട് വായിൽ ഉണ്ടാകുന്ന രോഗങ്ങളിൽ ഏറ്റവും ശ്രദ്ധിക്കേണ്ട ഒന്നാണ് മോണരോഗം. ആരംഭദശയിൽ മോണരോഗത്തിനു യാതൊരു രോഗലക്ഷണങ്ങളും ഇല്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകതയും. വായയുടെ വൃത്തിക്കുറവ് തന്നെയാണ് മോണരോഗത്തിന്റെ പ്രധാന കാരണം. അതോടൊപ്പം പുകവലി, പ്രമേഹം, വൈറ്റമിൻ കുറവ്, രോഗപ്രതിരോധശേഷിക്കുറവ്, ഗർഭധാരണം, ചില മരുന്നുകളുടെ ഉപയോഗം, ഹോർമോൺ വ്യതിയാനങ്ങൾ എന്നിവയും മോണരോഗത്തിന് കാരണമാകാം. ശരിയായ രീതിയില്‍ ബ്രഷ്  ചെയ്യാത്തതിനാല്‍ പല്ലുകള്‍ക്കിടയിലും മോണയുടെ ഉള്ളിലും പ്ലാക്ക് അടിഞ്ഞു കൂടി അത് മോണ പഴുപ്പിന് കാരണമായി തീരുന്നു. ക്രമേണ പഴുപ്പ് എല്ലുകളെ ബാധിച്ചു പല്ലുകള്‍ക്ക് ബലക്ഷയം സംഭവിക്കാന്‍ ഇടയാവുകയും ചെയ്യുന്നു.

 

Photo Credit: JJ-stockstudio/ Shutterstock.com
Photo Credit: JJ-stockstudio/ Shutterstock.com

മോണരോഗത്തെ പ്രധാനമായും ജിൻജിവൈറ്റിസ് (gingivitis) എന്നും പെരിയോഡോൺടൈറ്റിസ്‌ (periodontitis) എന്നും രണ്ടായി തിരിക്കാം. അണുബാധ  മോണയെ മാത്രം ബാധിക്കുന്ന ഘട്ടത്തില്‍ അതിനെ ജിൻജിവൈറ്റിസ് എന്നും, അണുബാധ  ഉള്ളിലേക്ക് പടര്‍ന്ന് എല്ലിന് തേയ്മാനം സംഭവിക്കുമ്പോള്‍ പെരിയോഡോൺടൈറ്റിസ്‌ എന്നും വിളിക്കുന്നു. 

 

പല്ലിൽ പതിവായുണ്ടാകുന്ന ബാക്‌ടീരിയയുടെ ഒരു നേർത്ത ആവരണമായ ഡെന്‍റൽപ്ലാക്കാണ്‌ മോണരോഗത്തിനുള്ള ഒരു സാധാരണ കാരണം. പ്ലാക്ക് നീക്കം ചെയ്യുന്നില്ലെങ്കിൽ അത്‌ കട്ടിയുള്ള കക്കയായി രൂപപ്പെടുകയും പിന്നീട് മോണപഴുപ്പിന് കാരണമാകുകയും ചെയ്യാം.

dental-problem

മോണകളിലുണ്ടാകുന്ന രക്തസ്രാവം മോണരോഗത്തിന്റെ ആദ്യ ഘട്ടം തിരിച്ചറിയാനുള്ള ഒരു അടയാളമാണ്. പല്ലു തേയ്‌ക്കുമ്പോഴോ ഫ്‌ളോസ്‌ (ഒരു പ്രത്യേകതരം നൂൽ ഉപയോഗിച്ച് പല്ലിനിടയിൽനിന്ന് അവശിഷ്ടങ്ങൾ നീക്കം ചെയ്യൽ) ചെയ്യുമ്പോഴോ കാരണം കൂടാതെ തന്നെ രക്തസ്രാവം ഉണ്ടാകാം. എന്നാല്‍ വേദന ഇല്ലാത്തതിനാല്‍ ആളുകള്‍ പലപ്പോഴും ഇതിനെ അവഗണിക്കുന്നതായിട്ടാണ് കണ്ടുവരുന്നത്. ഇതുമൂലം മോണരോഗം കൂടുതല്‍ തീവ്രമായ അവസ്ഥയില്‍ എത്തി ചേരാന്‍ കാരണമാവുന്നു.

 

ആദ്യ ഘട്ടം ചികിൽസിക്കാതെ വരുമ്പോൾ അടുത്ത ഘട്ടമായ പെരിയൊഡോൺടൈറ്റിസ്‌ ബാധിക്കാൻ സാധ്യത ഉണ്ട്. ഈ അവസ്ഥയിൽ രോഗിയില്‍ എല്ലു തേയ്മാനം മൂലം പല്ലുകള്‍ക്കിടയില്‍ വിടവ് വരാനും ഭക്ഷണം കുടുങ്ങാനും അതു മൂലം പല്ലുകള്‍ക്ക് ബലക്ഷയം സംഭവിക്കാനും കാരണമാകാം. അസ്ഥികൾ ദ്രവിക്കുന്നതോടെ പല്ലുകൾക്ക് ഇടയിൽ രൂപപ്പെടുന്ന വിടവുകൾ, വായ്‌നാറ്റം, പിന്നിലേക്കു മാറുന്ന മോണ (മോണ വളരെയേറെ പിന്നിലേക്കു വലിഞ്ഞ് പല്ലിനു നീളം കൂടുന്നതായി തോന്നിക്കുന്ന അവസ്ഥ) എന്നിവയൊക്കെ ഉണ്ടായേക്കാം. മോണരോഗം നിമിത്തം പല്ലുകൾക്കുണ്ടാകുന്ന ബലക്ഷയം പല്ല് നഷ്ടപ്പെടുന്നതിനും ഭക്ഷണം ചവച്ചരച്ചു കഴിക്കുന്നതിനുപോലും തടസ്സമാകാം. ആയതിനാൽ കൃത്യമായ  രോഗനിർണയവും ചികിത്സയും മോണരോഗത്തിന് ആവശ്യമാണ്.

 

ആരംഭഘട്ടത്തിലാണെ​ങ്കിൽ ഒരു സാധാരണ ക്‌ളീനിങ്ങിന്റെയും മൗത് വാഷിന്റെയും ആവശ്യമേ വരികയുള്ളു. എന്നാൽ മോണരോഗം മൂർഛിക്കുന്ന അവസ്ഥയിൽ മോണയ്‌ക്ക് ഉള്ളിലുള്ള പഴുപ്പ് നീക്കം ചെയ്യാൻ പലപ്പോഴും മോണ തുറന്ന് ചികിൽസിക്കേണ്ടതായി വരും. ഈ പ്രക്രിയ പല രോഗികളിലും ആശങ്ക ഉണ്ടാക്കുന്ന ഒന്നാണ്. ഇന്ന് മോണരോഗത്തിനുള്ള ഏറ്റവും നവീനമായ ചികിത്സ രീതിയാണ് ലേസർ ഉപയോഗിച്ചുള്ള ദന്ത ചികിത്സ അഥവാ ലേസർ തെറാപ്പി.

 

ലേസർ ചികിത്സാരീതി രോഗികളുടെ പല ആശങ്കകളും പരിഹരിക്കുന്നു എന്നതാണ് വാസ്തവം. മോണരോഗത്തിൽ ലേസർ ചികിത്സയിലൂടെ മോണ തുറക്കാതെ തന്നെ അണുബാധ നീക്കം ചെയ്യാനാകും എന്നത് പ്രധാനപ്പെട്ട കാര്യമാണ്. അമിത രക്ത സ്രാവമില്ലാതെ, വേദന കുറച്ച്, മറ്റു പല അണുബാധ സാധ്യതകൾ ഇല്ലാതാക്കി ചികിത്സ നേടാനാകും എന്നത് രോഗിക്കും ചികിൽസിക്കുന്ന ഡോക്ടർക്കും വലിയൊരു ആശ്വാസമാണ്. സർജറി ഒഴിവാകുന്നതോടെ തുന്നൽ ഇടേണ്ടി വരുന്നില്ല എന്നതും എടുത്ത് പറയേണ്ടതാണ്. ഏറ്റവും കുറഞ്ഞ സമയത്തിൽ രോഗമുക്തി നേടാനാകുന്നു എന്നതാണ് ലേസർ ചികിത്സയുടെ ഏറ്റവും വലിയ പ്രത്യേകത.

 

ശരിയായ രീതിയിലുള്ള പരിചരണവും ഒപ്പം എല്ലാ 6 മാസം കൂടുമ്പോഴും ദന്തഡോക്ടറെ സമീപിച്ചു പല്ലും മോണയും ക്ലീന്‍ ചെയ്യുക എന്നതും മോണരോഗം തടയാന്‍ വളരെ ഫലപ്രദമാണ്. മോണരോഗത്തെ അതിന്റെ തുടക്കത്തില്‍ തന്നെ ചികിത്സിക്കേണ്ടത് അനിവാര്യമാണ്.

(ഏറ്റുമാനൂർ തീർത്ഥാസ് ടൂത് അഫയറിലെ മോണരോഗ വിദഗ്ധ ആണ് ലേഖിക)

Content Summary: Periodontitis - Symptoms and causes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com