അറിയാം മൂക്കിലൂടെ നൽകുന്ന ഇന്ത്യയിലെ ആദ്യ കോവിഡ് വാക്സീനെ കുറിച്ച്

Mail This Article
മൂക്കിലൂടെ നൽകുന്ന ആദ്യ കോവിഡ് വാക്സീൻ ഏതാനും ദിവസങ്ങൾക്ക് മുൻപ് റിപ്പബ്ലിക് ദിനത്തിലാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇൻകോവാക് (iNCOVACC)എന്ന് പേരിട്ടിരിക്കുന്ന ഈ വാക്സീൻ തയാറാക്കിയത് ഭാരത് ബയോടെക് കമ്പനിയാണ്.
കേന്ദ്ര, സംസ്ഥാന ഗവൺമെന്റുകൾക്ക് ഒരു ഡോസിന് 325 രൂപ നിരക്കിലും വാണിജ്യ വാക്സീൻ ക്ലിനിക്കുകൾക്ക് 800 രൂപ നിരക്കിലും വാക്സീൻ നൽകാനാണ് തീരുമാനമെന്ന് വാക്സീൻ നിർമാണ കമ്പനിയായ ഭാരത് ബയോടെക് പറയുന്നു. 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും ബൂസ്റ്റർ ഡോസായി ഈ വാക്സീൻ എടുക്കാവുന്നതാണ്. 28 ദിവസത്തിന്റെ ഇടവേളയിൽ രണ്ട് ഡോസ് വാക്സീൻ നൽകുന്നതാണ്.
സൂചിയോ വേദനയോ കൂടാതെ വാക്സീൻ എടുക്കാം എന്നത് മാത്രമല്ല iNCOVACC ന്റെ പ്രയോജനം. മൂക്കിലൂടെയാണ് പലപ്പോഴും കോവിഡ് വൈറസ് നമ്മുടെ ഉള്ളിൽ കടക്കുക എന്നതിനാൽ ഇവിടുത്തെ പ്രതിരോധം ശക്തിപ്പെടുത്താൻ പുതിയ വാക്സീനു സാധിക്കും. സൂചി ആവശ്യമില്ലാത്തതിനാൽ വാക്സീൻ വിതരണത്തിന് പരിശീലനം ലഭിച്ച ആരോഗ്യപ്രവർത്തകർ തന്നെ വേണമെന്ന നിർബന്ധവും ഇല്ല. ആഗോള ആവശ്യങ്ങൾക്ക് അനുസൃതമായി അതിവേഗം ഉല്പാദിപ്പിക്കാൻ കഴിയും എന്നതും പുതിയ വാക്സീന്റെ പ്രത്യേകതയാണ്.
കഴിഞ്ഞ വർഷം നവംബറിലാണ് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ ഈ വാക്സീന്റെ പരിമിത അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയത്. ചൈനയിൽ അതിവേഗം പടരുന്ന ബിഎഫ്.7 എന്ന പുതിയ കൊറോണ വൈറസ് ഇന്ത്യയിലും കോവിഡ് കേസുകൾ വർധിപ്പിക്കുമെന്ന ആശങ്കകൾക്കിടയിലാണ് പുതിയ വാക്സീന്റെ വരവ്.
കോവിൻ പ്ലാറ്റ്ഫോമിൽ ഈ വാക്സീൻ ലഭ്യമാണെന്ന് ഭാരത് ബയോടെക് അറിയിച്ചു. ഈ വാക്സീന്റെ സംഭരണം, ഗതാഗതം, വിതരണം, സംസ്കരണം എന്നിവയുമായി ബന്ധപ്പെട്ട ചെലവും കുറവാണ്. സ്വയംപര്യാപ്ത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്കുള്ള നിർണായക ചുവടുവയ്പാണ് ഇൻകോവാക്കിന്റെ നിർമാണമെന്ന് ഉദ്ഘാടന ചടങ്ങില്‍ കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു.
Content Summary: India's First Intranasal COVID-19 Vaccine Launched