ADVERTISEMENT

ഗിനിയ, താന്‍സാനിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യേണ്ടി വരുന്നവര്‍ മാര്‍ബര്‍ഗ് വൈറസ് പിടിപെടാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് യുഎസ് സെന്‍റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍. ഫെബ്രുവരിയിലാണ് ഈ മാരക വൈറസിന്റെ  സാന്നിധ്യം ഗിനിയയിലെ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചത്. മാര്‍ച്ച് മാസത്തില്‍ ഒന്‍പതോളം പേര്‍ക്ക് ഗിനിയയില്‍ മാര്‍ബര്‍ഗ് വൈറസ് പിടിപെട്ടു. 

 

ശരീരത്തിലെ വിവിധ അവയവങ്ങളെ ബാധിക്കുന്ന മാരകമായ വൈറല്‍ ഹെമറേജിക് ഫീവറിന് മാര്‍ബര്‍ഗ് വൈറസ് കാരണമാകുന്നു. രോഗം പിടിപെട്ടാല്‍ 50 ശതമാനമാണ് ഇതിന്‍റെ മരണ നിരക്ക്. മുന്‍ അണുബാധ പടര്‍ച്ചകളില്‍ 88 ശതമാനം വരെ മരണ നിരക്ക് ഉയര്‍ന്നിട്ടുണ്ട് എന്നതും ആശങ്കയേറ്റുന്ന കാര്യമാണ്. 1967ലാണ് ഈ വൈറസ് ആദ്യം കണ്ടെത്തുന്നത്. 

 

എബോള വൈറസിന്‍റെ കുടുംബമായ ഫിലോവിറിഡേ ഫാമിലിയില്‍പ്പെട്ട മാര്‍ബര്‍ഗ് വൈറസ് ഇതിന് സമാനമായ രോഗലക്ഷണങ്ങള്‍ ഉണ്ടാക്കുന്നു. ടെറോപോഡിഡേ കുടുംബത്തില്‍പ്പെട്ട റോസെറ്റസ് ഏഗിപ്റ്റിയാകസ് എന്ന പഴ വവ്വാലുകളാണ് ഈ വൈറസിന്‍റെ വാഹകര്‍. ഈ വവ്വാലുകളില്‍ നിന്നാണ് വൈറസ് മനുഷ്യരിലേക്ക് എത്തിപ്പെട്ടതെന്ന് കരുതുന്നു. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് ശരീരസ്രവങ്ങളില്‍ വഴി വൈറസ് പടരുന്നു. രോഗികളുടെ കിടക്കകള്‍, വസ്ത്രങ്ങള്‍ തുടങ്ങിയ പ്രതലങ്ങള്‍ വഴിയും വൈറസ് പകരാമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. 

 

ലക്ഷണങ്ങള്‍ ഇവ

വൈറസ് ശരീരത്തിനുള്ളിലെത്തി രണ്ട് മുതല്‍ 21 ദിവസങ്ങള്‍ക്കകം രോഗി ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങും. ഉയര്‍ന്ന തോതിലെ പനി, കടുത്ത തലവേദന, അസ്വസ്ഥത, പേശീ വേദന എന്നിവയാണ് ആദ്യ ലക്ഷണങ്ങള്‍. വൈറസ് ബാധിച്ച് മൂന്നാം നാള്‍ രോഗിക്ക് അതിസാരം, വയര്‍വേദന, ഛര്‍ദ്ദി, മനംമറിച്ചില്‍ പോലുള്ള ലക്ഷണങ്ങള്‍ അനുഭവപ്പെടാം. ഒരാഴ്ച വരെ അതിസാരം നീണ്ടു നില്‍ക്കാം. ഇതിന് ശേഷം രോഗിയുടെ കണ്ണുകള്‍ കുഴിഞ്ഞ് വികാരരഹിതമായ മുഖം പോലെ തോന്നിക്കാം. വൈറസ് പിടിപെട്ട് അഞ്ച് മുതല്‍ ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ ഛര്‍ദ്ദിലിലും മലത്തിലും രക്തം പ്രത്യക്ഷപ്പെടാം. മൂക്ക്, മോണ, യോനി എന്നിവിടങ്ങളില്‍ നിന്ന് രക്തസ്രാവവും ഈ സമയം ആരംഭിക്കാം.

 

ചൊറിച്ചില്‍ ഇല്ലാതെ തൊലിപ്പുറത്ത് വരുന്ന തിണര്‍പ്പും തുടര്‍ച്ചയായ അതിസാരവും പനിയുമെല്ലാം മാര്‍ബര്‍ഗ് വൈറസ് ലക്ഷണങ്ങളാണ്. രോഗിക്ക് ആശയക്കുഴപ്പം, ദേഷ്യം, വിഷാദരോഗം പോലുള്ള നാഡീവ്യൂഹ സംബന്ധമായ പ്രശ്നങ്ങള്‍ വരാനും സാധ്യതയുണ്ട്. വൃഷണങ്ങളുടെ നീര്‍ക്കെട്ടും രോഗലക്ഷണങ്ങളിലൊന്നാണ്. രക്തസ്രാവവും മറ്റും രോഗിയുടെ മരണത്തിനുതന്നെ കാരണമായെന്ന് വരാം. 

 

വാക്സീന്‍ ഇല്ല

നിലവില്‍ ഈ വൈറസിന് വാക്സീനുകളൊന്നും കണ്ടെത്തിയിട്ടില്ല. വായിലൂടെയും ഞരമ്പുകളിലൂടെയും ദ്രാവകങ്ങള്‍ കയറ്റി ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും മറ്റ് ലക്ഷണങ്ങള്‍ ചികിത്സിക്കാനുമാണ്  ഡോക്ടര്‍മാര്‍ പ്രധാനമായും ശ്രമിക്കുക. മാര്‍ബര്‍ഗ് രോഗികളുമായി അടുത്ത് ഇടപഴകാതിരിക്കാനും രോഗിയെ പരിചരിക്കുന്നവര്‍ കൈയില്‍ ഗ്ലൗവ് പോലുള്ള സംരക്ഷണ ഉപാധികള്‍ ധരിക്കാനും ശ്രദ്ധിക്കേണ്ടതാണ്. ഇടയ്ക്കിടെ കൈ സോപ്പിട്ട് കഴുകുന്നതും സഹായകമാണ്.

Content Summary: All about Marburg virus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com