'രോഗിയുടെയോ കുടുംബത്തിന്റെയോ അനുവാദമില്ലാതെ ഐസിയു വേണ്ട'; മാർഗരേഖയുമായി കേന്ദ്രം

Mail This Article
രോഗം ഗുരുതരമാണെങ്കിലും രോഗിയോ ഉറ്റ ബന്ധുക്കളോ അനുവദിക്കുന്നില്ലെങ്കിൽ രോഗിയെ തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) പ്രവേശിപ്പിക്കാൻ പാടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. തന്നെ ഐസിയുവിൽ കിടത്തരുതെന്നു മുൻകൂർ എഴുതിവയ്ക്കുകയോ നിർദേശിക്കുകയോ ചെയ്തിട്ടുള്ളവരെയും ‘ഐസിയു’ ചികിത്സയിൽ നിന്ന് ഒഴിവാക്കണമെന്ന് പുതിയ മാർഗരേഖയിലുണ്ട്. 24 വിദഗ്ധർ ചേർന്നാണ് ഐസിയു പ്രവേശനം സംബന്ധിച്ച മാർഗരേഖ തയാറാക്കിയത്.
പ്രധാന പരാമർശങ്ങൾ
∙ചികിത്സ ഫലിക്കാത്തവിധം രോഗിയുടെ അവസ്ഥ ഗുരുതരമാകുകയോ, ജീവൻ രക്ഷിക്കാനാകില്ലെന്നു സ്ഥിരീകരിക്കപ്പെടുകയോ ചെയ്ത ശേഷം ഐസിയുവിൽ കിടത്തുന്നത് നിരർഥകമാണ്.
∙പകർച്ചവ്യാധി, ദുരന്തം തുടങ്ങിയ സാഹചര്യങ്ങളിൽ, രോഗിയെ ഐസിയുവിൽ തുടരാൻ അനുവദിക്കുന്നതിനു മുൻഗണന നിശ്ചയിക്കണം.
∙ഐസിയുവിലേക്കു മാറ്റാനിരിക്കുന്ന രോഗിയുടെ രക്തസമ്മർദം, പൾസ് നിരക്ക്, ശ്വസന നിരക്ക്, ശ്വസനരീതി, ഹൃദയമിടിപ്പ്, രക്തത്തിലെ ഓക്സിജൻ നിരക്ക്, നാഡീവ്യൂഹത്തിന്റെ സ്ഥിതി തുടങ്ങിയവ നിരീക്ഷിക്കണം.

ഐസിയു എപ്പോൾ ?
രോഗാവസ്ഥ മൂർച്ഛിക്കുകയും തീവ്രപരിചരണം ആവശ്യമായി വരികയും ചെയ്യുന്ന സാഹചര്യങ്ങൾ പ്രധാനം. രോഗബാധയെ തുടർന്ന് അടിക്കടി ബോധം നഷ്ടപ്പെടുന്ന സ്ഥിതി, ശരീരത്തിലെ രക്തപ്രവാഹത്തിൽ വരുന്ന അസ്ഥിരത, ഗുരുതര രോഗത്തെ തുടർന്ന് ശ്വസനസഹായം ആവശ്യമായി വരിക, രോഗബാധയെ തുടർന്ന് ശരീരാവയവങ്ങൾക്കു ജീവൻരക്ഷാ സഹായം വേണ്ടിവരിക തുടങ്ങിയ ഘട്ടങ്ങളിൽ ഐസിയു ചികിത്സ നൽകാം. മേജർ ശസ്ത്രക്രിയയ്ക്ക് വിധേയമാകുന്നവർ, ശസ്ത്രക്രിയയിൽ സങ്കീർണതയുണ്ടാകുന്ന സാഹചര്യം എന്നിവയെ തുടർന്നും ഐസിയു പരിഗണിക്കാം.
പ്രമേഹചികിത്സ പരാജയപ്പെടാൻ കാരണം: വിഡിയോ