തലച്ചോറിൽ മൈക്രോപ്ലാസ്റ്റിക്കിന്റെ അളവ് കൂടുന്നതായി പഠനം; സമ്പർക്കം കുറയ്ക്കേണ്ടത് ഇങ്ങനെ!

Mail This Article
ഇന്ന് നമ്മുടെ ചുറ്റിലും മൈക്രോപ്ലാസ്റ്റിക്കുകൾ നിറഞ്ഞിരിക്കുന്നു. അവയിൽ ചിലത് നമ്മുടെ തലമുടിനാരിനെക്കാൾ വളരെ ചെറുതാണ്. പരിസ്ഥിതിയിൽ മാത്രമല്ല നമ്മുടെ ശരീരത്തിലും മൈക്രോപ്ലാസ്റ്റിക്കുകൾ നുഴഞ്ഞു കയറിയിരിക്കുന്നു. നമ്മുടെ തലച്ചോറിൽ ശരീരത്തിലെ മറ്റ് ഏതൊരവയവത്തെക്കാളും അധികം മൈക്രോപ്ലാസ്റ്റിക്കുകൾ അപകടകരമാം വിധം അടിഞ്ഞുകൂടുന്നുതായി പഠനം. വെറും എട്ട് വർഷം കൊണ്ട് മനുഷ്യന്റെ തലച്ചോറിലെ കലകളിൽ (tissues) ചെറിയ പ്ലാസ്റ്റിക്ക് ഭാഗങ്ങൾ അന്‍പതുശതമാനം വർധിച്ചതായി ഗവേഷകർ പറയുന്നു. ഓരോ വർഷം കഴിയുന്തോറും തലച്ചോറിൽ പ്ലാസ്റ്റിക്കിന്റെ അളവ് കൂടുന്നത് ബൗദ്ധികനാശവും നാഡീരോഗങ്ങളും വർധിച്ചു വരുന്നതുമായും ബന്ധമുണ്ട് എന്ന് കരുതാം. നാം കഴിക്കുന്ന ഭക്ഷണം, കുടിക്കുന്ന വെള്ളം തുടങ്ങി മൈക്രോപ്ലാസ്റ്റിക്കുകളുടെ സാന്നിധ്യം എല്ലായിടത്തുമുണ്ട്. ഇത് വർധിച്ചു വരുന്ന സാഹചര്യത്തിൽ ഇവയുടെ അളവ് അടിയന്തിരമായി കുറയ്ക്കേണ്ടതുണ്ട്.
പഠനത്തിനായി തെരഞ്ഞെടുത്ത തലച്ചോര്‍ സാമ്പിളുകളിൽ ശരാശരി 7 ഗ്രാം മൈക്രോപ്ലാസ്റ്റിക്ക് ഉണ്ടെന്ന് കണ്ടെത്തി. ശരാശരി ഒരു പ്ലാസ്റ്റിക് സ്പൂണിന്റെ ഭാരം വരും ഇതിന് എന്ന് നേച്ചർ മെഡിസിൻ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 2024ൽ ആദ്യം മരണമടഞ്ഞ 24 പേരുടെ ബ്രെയ്ന്‍ സാമ്പിളുകളാണ് പഠനവിധേയമാക്കിയത്. 2016 ൽ ശേഖരിച്ച 28 ബ്രെയ്ൻ സാമ്പിളുകളുമായി ഇതിനെ താരതമ്യപ്പെടുത്തി. പത്തു വർഷത്തിൽ താഴെ കാലയളവുകൊണ്ടു തന്നെ മൈക്രോപ്ലാസ്റ്റിക്കിന്റെയും നാനോ പ്ലാസ്റ്റിക്കിന്റെയും അളവ് 50 ശതമാനം വർധിച്ചതായി പഠനത്തിൽ കണ്ടു.

ഡിമൻഷ്യ ബാധിച്ച 12 പേരുടെ തലച്ചോറിൽ മരണമടയുന്നതിനു മുൻപ് നടത്തിയ പഠനത്തിൽ കണ്ടെത്തിയ ഫലങ്ങൾ ഭയപ്പെടുത്തുന്നതായിരുന്നു. 2024 ഗ്രൂപ്പിൽ കണ്ടെത്തിയ പ്ലാസ്റ്റിക് വസ്തുക്കളുടെ അഞ്ചിരട്ടിയാണ് ഈ സാമ്പിളുകളിൽ കണ്ടത്. മൈക്രോപ്ലാസ്റ്റിക്കുകളുമായുള്ള സമ്പർക്കവും ന്യൂറോഡീജനറേറ്റീവ് രോഗങ്ങളും തമ്മിലുള്ള ബന്ധം ഈ പഠനം വെളിവാക്കുന്നു. കണ്ടെത്തൽ ഉറപ്പിക്കുന്നതിനായി ഗവേഷകർ, 1997 നും 2013 നും ഇടയിൽ ശേഖരിച്ച സാമ്പിളുകൾ പരിശോധിച്ചു. പ്ലാസ്റ്റിക്കിന്റെ അളവ് ഗണ്യമായി കൂടിയതായി പഠനത്തിൽ കണ്ടു. ഇത് 2024 ആയപ്പോഴേക്കും 2016 ലെ സാമ്പിളുകളുടെ ഇരട്ടിയായതായി കണ്ടു.
മനുഷ്യന്റെ ആരോഗ്യത്തിൽ മൈക്രോപ്ലാസ്റ്റിക്കുകൾ എന്തു ദോഷങ്ങൾ ഉണ്ടാക്കുന്നു എന്നതിനെക്കുറിച്ച് കൂടുതൽ പഠനങ്ങൾ ആവശ്യമാണ്. മനുഷ്യന്റെ തലച്ചോറിലെ മൈക്രോപ്ലാസ്റ്റിക്കിന്റെ അംശം കൂടുന്നതായുള്ള ഈ പഠനം നടത്തിയത് യൂണിവേഴ്സിറ്റി ഓഫ് ന്യൂ മെക്സിക്കോയിലെ ഫാർമസ്യൂട്ടിക്കൽ സയൻസ് പ്രഫസറായ മാത്യു കാമ്പന്റെ നേതൃത്വത്തിലാണ്. അപകടകരമായ രീതിയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ വർധിക്കുന്നതാണ് ഇത്തരത്തിൽ മൈക്രോപ്ലാസ്റ്റിക്കുകൾ ശരീരത്തിലെത്താന്‍ കാരണമെന്ന് ഗവേഷകർ പറയുന്നു. കുപ്പി, കപ്പുകൾ ഇവ പൊതിയാൻ ഉപയോഗിക്കുന്ന പോളിഎഥിലിൻ ആണ് വളരെ സാധാരണയായി കണ്ടുവരുന്ന മൈക്രോപ്ലാസ്റ്റിക്.
പ്ലാസ്റ്റിക്കിന്റെ അതിസൂക്ഷ്മകണങ്ങൾ ഭക്ഷണത്തിലൂടെ, പ്രത്യേകിച്ച് ഇറച്ചിയിലൂടെയാവാം തലച്ചോറിലെത്തുന്നത് എന്ന് ശാസ്ത്രജ്ഞർ സംശയിക്കുന്നു. മൈക്രോപ്ലാസ്റ്റിക്കുകൾ ഇൻഫ്ലമേഷൻ വർധിപ്പിക്കും. ഒപ്പം കോശങ്ങളെ തകരാറിലാക്കുകയും അവയവങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുത്തുകയും പ്രതിരോധപ്രതികരണങ്ങളിൽ മാറ്റം വരുത്തുകയും ചെയ്യും. പ്ലാസ്റ്റിക്കുമായുള്ള സമ്പർക്കം, ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും ചില കാൻസറുകൾക്കും ഉള്ള സാധ്യത കൂട്ടുന്നു.

മൈക്രോപ്ലാസ്റ്റിക്കുകളുമായുള്ള സമ്പർക്കം എങ്ങനെ കുറയ്ക്കാം
∙ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകൾ ഒഴിവാക്കുക. പ്ലാസ്റ്റിക്ക് പാത്രങ്ങൾക്കു പകരം ഗ്ലാസ്സോ ലോഹപ്പാത്രങ്ങളോ ഉപയോഗിക്കുക.
∙പ്ലാസ്റ്റിക് പാത്രങ്ങളിൽ, മൈക്രോവേവിൽ ഒരിക്കലും ഭക്ഷണം ചൂടാക്കരുത്.
∙ടാപ്പ് വെള്ളം അരിച്ചുപയോഗിക്കുക. ഫിൽറ്റർ ചെയ്ത വെള്ളം മാത്രം വീട്ടിൽ ഉപയോഗിക്കുക.
∙വീട് പൊടിയില്ലാതെ വൃത്തിയായി സൂക്ഷിക്കുക.
∙പ്രോസസ് ചെയ്ത ഭക്ഷണങ്ങളുടെ ഉപയോഗം കുറയ്ക്കുക. ഇവയിൽ പ്ലാസ്റ്റിക്കിന്റെ അതിസൂക്ഷ്മ കണികകൾ കൂടിയ അളവിൽ ഉണ്ടാകാം.