വ്യായാമശേഷം ഉടന്‍ മൗത്ത് വാഷ് ഉപയോഗിക്കരുത്; കാരണം ഇതാണ്
Mail This Article
എത്ര സുന്ദരനോ സുന്ദരിയോ ആയാലും പല്ലിനു ഭംഗി പോരെങ്കില്‍ തീര്‍ന്നില്ലേ ? ദന്തശുചിത്വം പാലിക്കാന്‍ ആദ്യം ചെയ്യണ്ട രണ്ടേരണ്ടു കാര്യങ്ങള്‍ നന്നായി ബ്രഷ് ചെയ്യുക, ഫ്ലോസിങ് ചെയ്യുക എന്നിവയാണ്. പല്ല് ആരോഗ്യത്തോടെയും തിളക്കത്തോടെയും നിന്നാല്‍ ഒരു ദന്തചികിത്സകന്‍റെ സഹായം നിങ്ങള്‍ക്ക് വേണ്ടി വരില്ല.
ദന്തസുരക്ഷയുടെ കാര്യം വരുമ്പോള്‍ എല്ലാവരും പ്രാധാന്യം നല്‍കുന്ന മറ്റൊന്നാണ് മൗത്ത് വാഷ് ഉപയോഗം. നല്ലൊരു ആന്റി ബാക്ടീരിയല്‍ മൗത്ത് വാഷ് ഉണ്ടെങ്കില്‍ മോണരോഗം, വായനാറ്റം എന്നിവയെല്ലാം തടയാന്‍ സാധിക്കും. ഫ്ലോസ് ചെയ്യുമ്പോള്‍ ടാര്‍ടാറിന് ഇടയാക്കുന്ന കറുത്ത അവശിഷ്ടങ്ങളെ(പ്ലേക്ക്) ഫലപ്രദമായി നീക്കം ചെയ്യാനാവും. എങ്കില്‍ പോലും മൗത്ത് വാഷ് ഉപയോഗം ആവശ്യമാണ്.
എന്നാല്‍ കെമിക്കലുകള്‍ അടങ്ങിയ മൗത്ത് വാഷ് നിങ്ങളുടെ ശരീരത്തിലെ മൈക്രോഓര്‍ഗാനിസമുകള്‍ക്ക് നല്ലതാണോ ?
ആന്റി ബാക്ടീരിയല്‍ മൗത്ത് വാഷുകള്‍ വായ്ക്ക് നല്ലതാണെങ്കിലും അത് ശരീരത്തിന് അത്ര നന്നല്ലെന്ന് പഠനങ്ങള്‍ പറയുന്നുണ്ട് .
അടുത്തിടെ യുകെ യിലും സ്പെയിനിലും നടന്ന ചില പഠനങ്ങള്‍ പറയുന്നത് വ്യായാമശേഷം ഉടനെ മൗത്ത് വാഷ് ഉപയോഗിക്കുന്നത് ബ്ലഡ് പ്രഷര്‍ കുറയ്ക്കുന്ന പ്രക്രിയയെ ബാധിക്കും എന്നാണ്. എന്താണ് ഈ വ്യായാമവും മൗത്ത് വാഷും തമ്മിലെ ബന്ധം എന്ന് നോക്കാം.
വ്യായാമം ചെയ്യുമ്പോള്‍ നമ്മുടെ ശരീരം നൈട്രിക് ഓക്സൈഡ് ഉല്‍പാദിപ്പിക്കും. ഇത് രക്തക്കുഴലുകള്‍ നന്നായി പ്രവര്‍ത്തിക്കാന്‍ കാരണമാകും. ഒപ്പം ശരീരത്തിലെ എല്ലാ ഭാഗങ്ങളിലേക്കും രക്തയോട്ടവും വര്‍ധിക്കും. ഇതിന്റെ ഫലമായി ശരീരത്തിലെ ബ്ലഡ് പ്രഷര്‍ കുറഞ്ഞിരിക്കും. ഈ സമയം വായിലെ ചില ബാക്ടീരിയകള്‍ നൈട്രേറ്റിനെ നൈട്രൈറ്റ് ആക്കിമാറ്റുകയും നൈട്രിക് ഓക്സൈഡ് കൂടുതല്‍ ഉല്‍പാദിപ്പിക്കാന്‍ കാരണമാകുകയും ചെയ്യും. ഇത് തുപ്പലിലൂടെ നമ്മുടെ വയറ്റിലും എത്തും. എന്നാലോ വ്യായാമശേഷം ഉടന്‍ മൗത്ത് വാഷ് ഉപയോഗിക്കുമ്പോള്‍ ഈ നല്ല ബാക്ടീരിയകള്‍ നശിച്ചു പോകും. ഫലമോ, നൈട്രിക് ഓക്സൈഡ് ഉല്‍പാദനം കുറയും. ബ്ലഡ് പ്രഷര്‍ കൂടും. ഇതുകൊണ്ടാണ് വ്യായാമശേഷം മൗത്ത് വാഷ് ഉപയോഗം പാടില്ല എന്ന് പറയുന്നത്.