‘പൊസസീവ്നസ്’ മുതൽ ‘തേപ്പ് ’ വരെ; പ്രണയം ആസുരഭാവം കൈവരിക്കുന്ന ആ നിമിഷങ്ങൾ
Mail This Article
പ്രണയം എന്ന വികാരം നമ്മെ തൊട്ടു പോകാത്ത ദിവസമുണ്ടോ? ഉണർന്നിരിക്കുമ്പോൾ ഒരോർമയിൽ, ഒരു പാട്ടിന്റെ വരി വന്നു തൊട്ടുപോകെ, പ്രിയപ്പെട്ടയാളെ ഓർക്കാത്തവരാരുണ്ട്? പക്ഷേ പ്രണയം വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നത് പലപ്പോഴും വലന്റൈൻസ് ഡേയോട് അനുബന്ധിച്ചാവും. ഫെബ്രുവരി 14 ന് മാത്രമാണോ നാം പ്രണയത്തെക്കുറിച്ച് ചിന്തിക്കേണ്ടത്? ഗൗരവമായി സമൂഹത്തിൽ ചർച്ച ചെയ്യേണ്ടതല്ലേ? മാനസിക ആരോഗ്യ അവബോധ പരിപാടിയുടെ ഭാഗമായി മനോരമ ഒാൺലൈനും കോട്ടയം െഎഎംഎയും ചേർന്ന് സംഘടിപ്പിച്ച സംവാദത്തിൽ കോട്ടയം മെഡിക്കൽ കോളജ് മാനസികാരോഗ്യ വിഭാഗം മേധാവി ഡോ. വർഗീസ് പുന്നൂസും കോട്ടയം ജില്ലാ മാനസികാരോഗ്യ പരിപാടി നോഡൽ ഓഫിസർ ഡോ. ടോണി തോമസും പ്രണയത്തിന്റെ രസതന്ത്രവും മാറുന്ന ഭാവങ്ങളുമെല്ലാം ശാസ്ത്രീയമായി വിശകലനം ചെയ്യുന്നു.
പ്രണയം ആസുരഭാവം കൈവരിക്കുമ്പോൾ?
പ്രണയത്തിന്റെ ഉദാത്ത ഭാവം മാറി ആസുരഭാവം കൈവരിക്കുന്നത് എക്കാലവും ഉണ്ടായിട്ടുണ്ട്. ഇന്ന് മാധ്യമങ്ങൾ വഴി പുറംലോകം അറിയുന്നു എന്നുമാത്രം. കാലഘട്ടങ്ങളും പ്രതീക്ഷകളും സാഹചര്യങ്ങളും മാറി വരുന്നതനുസരിച്ച് പ്രണയം ഒരു ആസുരഭാവത്തിലേക്ക് മാറുന്നത് കൂടിയിട്ടുണ്ടാകും. പ്രണയത്തിന്റെ ഏറ്റവും നല്ല, വളരെ ഊഷ്മളമായ, ഹൃദ്യമായ ഭാവങ്ങളൊക്കെ വിട്ട് എന്തുകൊണ്ട് അനാരോഗ്യകരമാകുന്നു എന്നുള്ളതാണ് ചോദ്യം. പൊതുവായി പറഞ്ഞാൽ പ്രണയത്തിൽ അമിതമായ പൊസസീവ്നസാണ് കാരണം. ഏതു പ്രണയത്തിലും ഒരു ഉടമസ്ഥതാ മനോഭാവം ഉണ്ട്. എന്റെ പ്രണയിനി എന്റേത് മാത്രമായിരിക്കണം എന്ന് ഏതു വ്യക്തിയും ചിന്തിച്ചു പോകും. പക്ഷേ അതിനൊക്കെ ചില അതിർ വരമ്പുകൾ ഉണ്ട്. ചില വ്യക്തിത്വങ്ങളുടെ രൂപപ്പെടലിൽ വന്ന വ്യതിയാനങ്ങളുടെ ഭാഗമായിട്ടാവാം അമിതമായ ഉടമസ്ഥതാ മനോഭാവം വരുന്നത്. അതിൽനിന്ന്, അമിതമായി നിയന്ത്രിക്കാനുള്ള പ്രവണത കടന്നു വരുന്നു. അപ്പോൾ പ്രണയത്തിന്റെ മൃദു ഭാവങ്ങൾ മാറി പ്രണയം ഒരു അസഹനീയമായ അനുഭവമായി മറുഭാഗത്തു നിൽക്കുന്ന വ്യക്തിക്ക് തോന്നും. രണ്ടാമതായി കാണുന്നത്, അമിതമായ ആശ്രിതത്വം. എന്തിനും തന്റെ പങ്കാളിയെ അമിതമായി ആശ്രയിക്കേണ്ടി വരുന്നത് മറുവശത്തുള്ള വ്യക്തിക്ക് അസഹനീയമായി മാറുകയും പിന്നീട് ഒരു ട്രാപ്പിൽ പെട്ടു പോകുകയും അതിൽനിന്ന് രക്ഷപ്പെടാൻ പറ്റാതെ വരികയും ചെയ്യുന്നു. ഇതിലൊക്കെ അപകടം പിടിച്ച ഒരു കാര്യമാണ് സംശയ രോഗം അത് ഒരു രോഗാവസ്ഥയിലേക്കു പോകുന്ന അവസ്ഥയും കാണാറുണ്ട്. ഇതൊക്കെയാണ് പ്രണയപ്പകയുടെയും അക്രമത്തിന്റെയും ഒക്കെ പിന്നിലുള്ള, അനാരോഗ്യത്തിന്റെ അറിയപ്പെടാതെ പോകുന്ന ഒരു തലം.
ജീവനെടുക്കും ‘തേച്ചു’ എന്ന തോന്നൽ
പലപ്പോഴും ഈഗോ ഹർട്ട് ചെയ്യുന്നതിന്റെ ഫലമായും ഇത്തരം ഇഷ്യൂസ് കണ്ടുവരാറുണ്ട്. ചതിച്ചു, പറ്റിച്ചു എന്നു പറഞ്ഞ് ഒരുപാട് കേസുകൾ ക്ലിനിക്കിൽ വരാറുണ്ട്. ഇപ്പോഴത്തെ ഭാഷയിൽ തേച്ചു എന്ന തോന്നലാണ് പലപ്പോഴും പ്രണയപ്പകയിലേക്ക് മാറുകയും കൊലപാതകത്തിൽ കലാശിക്കുകയും ചെയ്യുന്നത്. പ്രണയിക്കുന്ന ഒരു വ്യക്തിക്ക് അതു വേണ്ടെന്നു വയ്ക്കുവാനുള്ള അവകാശം ഉണ്ടെന്നുള്ളത് അവർക്ക് ഉൾക്കൊള്ളാൻ സാധിക്കുന്നില്ല. റിജക്‌ഷൻ സെൻസിറ്റിവിറ്റി ചിലരിൽ വളരെ കൂടുതലാണ്. പ്രണയത്തിന്റെ കാര്യം വരുമ്പോൾ അവർക്ക് ആ റിജക്‌ഷനെ താങ്ങാന്‍ പറ്റില്ല. ഇപ്പോഴത്തെ കുട്ടികൾക്കും മുതിർന്നവർക്കു പോലും ഒരു തോൽവി എങ്ങനെ നേരിടണം എന്നറിയില്ല. തോൽവിയെ എങ്ങനെ ക്രിയാത്മകമായി തരണം ചെയ്യണമെന്നോ അത് സോൾവ് ചെയ്തു എങ്ങനെ മുൻപോട്ടു പോകണം എന്നോ ഉള്ള ട്രെയിനിങ് കിട്ടാത്ത അവസ്ഥ പലപ്പോഴും കാണാറുണ്ട്.
ജീവിത നൈപുണ്യമില്ലെങ്കിൽ പിന്നെയെന്ത്?
നമ്മൾ ആഗ്രഹിക്കുന്നത് നമുക്കു കിട്ടുന്നതാണ് ജീവിതവിജയം എന്ന സങ്കൽപമാണ് നമ്മൾ കുട്ടികൾക്കു കൊടുക്കുന്നത്. പക്ഷേ ആഗ്രഹിക്കുന്നതെല്ലാം ലഭിക്കണമെന്നില്ല. ആഗ്രഹിക്കുന്നത് കിട്ടാൻ ചിലപ്പോൾ താമസം വരാം. ചിലപ്പോൾ കിട്ടിയില്ലെന്ന് വരാം. ഇത്തരം ആഗ്രഹ ഭംഗങ്ങളെ കൈകാര്യം ചെയ്യാൻ നൈപുണ്യം (Emotional skill) നമ്മുടെ കുട്ടികൾക്കോ ടീനേജേഴ്സിനോ ഇല്ലാതെ വരുന്നതാണ് ഒരു കാരണം. കുട്ടികളുടെ ആഗ്രഹങ്ങൾ അപ്പപ്പോൾ സാധിച്ചു കൊടുക്കാതെ നോ പറയാനും മാതാപിതാക്കൾക്കു സാധിക്കണം. പ്രണയത്തിന്റെ കാര്യത്തിലും ഈ നൈപുണ്യക്കുറവ് വളരെയധികം കാണുന്നുണ്ട്.
Content Summary : Mental Health Awareness Video Series - Why toxic relationships ruin your life