ADVERTISEMENT

ഒരാളോട് ഇഷ്ടം പറയാൻ ദീർഘനേരം വഴിയരികിൽ കാത്തു നിൽക്കുന്ന കാമുകൻ. കൂട്ടുകാരികൾക്കൊപ്പം വരുന്ന കാമുകിയോട് ഇഷ്ടം പറയാൻ ആഗ്രഹിച്ച് പിന്നെ മനോധൈര്യം ചോർന്ന് പിന്തിരിഞ്ഞു പോകുന്ന നിമിഷം. വഴിയരികെ ഒളിച്ച് കാത്തുനിന്ന് പെട്ടെന്ന് പ്രണയലേഖനം കൈമാറി മിന്നൽ വേഗത്തിൽ മറയുന്ന കാമുകൻ. കാമുകിയുടെ വീടിനു മുൻപിലെത്തുമ്പോൾ സൈക്കിളിന്റെ ചെയിൻ തെറ്റി എന്ന ഭാവത്തിൽനിന്ന് പരുങ്ങുന്ന കാമുകൻ. ഒരാളോട് ഇഷ്ടം തുറന്ന് പറയാൻ ഇനിയെന്ത് വഴിയെന്ന് ചിന്തിക്കുന്ന കൗമാരം... ഇൗ വരികൾ വായിക്കുമ്പോൾ ഇതേത് കാലമെന്ന് ചിന്തിക്കുന്ന ന്യൂജെൻ വായനക്കാർ ക്ഷമിക്കുക, കാരണം സമൂഹമാധ്യമങ്ങളുടെ കാലത്ത് ഒരാളിലേക്ക് എത്തിച്ചേരാൻ ഇത്രയും നേരം വഴിയോരത്തു കാത്തു നിൽക്കേണ്ടതില്ലല്ലോ.

mental-health-awareness-video-series-social-media-traps-in-the-name-of-love-representative-image
Photo Credit : Craveleo / Shutterstock.com

മാനസികാരോഗ്യ അവബോധ പരിപാടിയുടെ ഭാഗമായി മനോരമ ഒാൺലൈനും കോട്ടയം െഎഎംഎയും ചേർന്ന് സംഘടിപ്പിച്ച സംവാദത്തിൽ കോട്ടയം മെഡിക്കൽ കോളജ് മാനസികാരോഗ്യ വിഭാഗം മേധാവി ഡോ. വർഗീസ് പുന്നൂസും കോട്ടയം ജില്ലാ മാനസികാരോഗ്യ പരിപാടി നോഡൽ ഓഫിസർ ഡോ. ടോണി തോമസും സമൂഹമാധ്യമങ്ങളും പ്രണയവും എന്ന വിഷയത്തെ ശാസ്ത്രീയമായി വിശകലനം ചെയ്യുന്നു.

മനുഷ്യബന്ധങ്ങളെ പുനർനിർവചിച്ച സമൂഹമാധ്യമങ്ങൾ

ഇപ്പോഴത്തെ പല പ്രണയബന്ധങ്ങളും ഒരു വട്ടം പോലും തമ്മിൽ കാണാതെ, സമൂഹമാധ്യമം വഴി പ്രണയിക്കുക എന്ന അവസ്ഥയിലാണ്. സോഷ്യൽ മീഡിയ വഴി ഒരാളെ പരിചയപ്പെടുന്നു. അയാൾ ആരെന്നോ എന്തെന്നോ അറിയാതെ കൂടെ ഇറങ്ങിപ്പോകുന്നു. മനുഷ്യബന്ധങ്ങളെത്തന്നെ മാറ്റി മറിച്ചൊരു പ്രതിഭാസമാണ് സോഷ്യൽ മീഡിയ. പണ്ടു പ്രണയം പ്രകടിപ്പിക്കാൻ പോലും പ്രയാസമായിരുന്നു. അതിൽനിന്നു മാറി ഇപ്പോൾ കമ്യൂണിക്കേഷൻ സൗകര്യങ്ങൾ കൂടി. പ്രണയത്തെ ഗുണപരമായും ദോഷകരമായും സോഷ്യൽമീഡിയ ബാധിച്ചിട്ടുണ്ട്. ഒരേ രീതിയിൽ ചിന്തിക്കുന്നവർ തമ്മിൽ നല്ല സൗഹൃദങ്ങൾ ഉണ്ടായി ആ സൗഹൃദങ്ങൾ പ്രണയമായി മാറി അത് ഒരു ജീവിതപങ്കാളിത്തത്തിലേക്കെത്തുന്ന ഒരുപാട് നല്ല ഉദാഹരണങ്ങളും ഉണ്ട് സോഷ്യൽ മീഡിയയിൽ. 

പഴയ കാലത്തെ പ്രണയത്തിന്റെ ഉദ്ദേശ്യം വിവാഹമാണ്. അതിൽനിന്ന് മാറി പുതിയ തലമുറ പ്രണയത്തെ കാണുന്നത് കുറച്ചു കൂടി നല്ല രീതിയിൽ ആണെന്ന് പറയാം. നേരത്തെ പറഞ്ഞതൊക്കെ Exceptions ആണ് ഇപ്പോഴത്തെ തലമുറയിൽ. പ്രണയം തകർന്നു പോകുന്നവർക്ക് ആരോഗ്യകരമായി അതിനെ കൈകാര്യം ചെയ്യാൻ സാധിക്കുന്നു എന്നതാണ്. ഒരു പ്രണയത്തകർച്ച ജീവിതത്തിന്റെ അവസാനമായി ഭൂരിപക്ഷം പേരും കാണുന്നില്ല.  

ജീവിത താളം തെറ്റിക്കുന്ന പ്രണയവിരസത

പ്രണയവിരസത വേഗം വരും. വർഷങ്ങളോളം പ്രണയിച്ചു നടന്നവർ വീട്ടുകാരും സമൂഹവുമായി ഏറ്റുമുട്ടിയായിരിക്കും വിവാഹത്തിലെത്തപ്പെടുന്നത്. പക്ഷേ മാസങ്ങൾക്കുള്ളിൽ പിരിയണം എന്ന അവസ്ഥയിലേക്കെത്തുന്നു. വലിയ സുഹൃത്തുക്കളും പ്രണയികളുമായിരുന്നവർ ശത്രുക്കളെപ്പോലെയാകുന്നു. പ്രണയവിരസത ഒരു പുതിയ പ്രതിഭാസമല്ലെങ്കിൽ പോലും അത് ഇപ്പോൾ കൂടി വരുന്നുണ്ട്.  എക്സ്പെക്റ്റേഷൻസ് കൂടുന്നതാണ് ഇതിന്റെ ഒരു പ്രധാന കാരണം. വിവാഹത്തിനു മുന്‍പ് എക്സ്പെക്റ്റേഷൻസ് പസ്പരം മാച്ച് ചെയ്താണ് പോകുന്നത്. വിവാഹശേഷം എക്സ്പെക്റ്റേഷൻസ് മാച്ച് ചെയ്യുന്നില്ല. അപ്പോൾ അവിടുത്തെ സൗഹൃദം മാറുന്നു. അത് മത്സരഭാവത്തിലേക്ക് കടന്നുവരുന്നു. അങ്ങനെ വരുമ്പോൾ ആശയവിനിമയത്തിന്റെ ഊഷ്മളത നഷ്ടമാകുന്നു. ഒരു വിരസത അനുഭവപ്പെടുന്നു. അവിടെ ചില ഒഴിവാക്കലുകൾ തുടങ്ങുന്നു. പരസ്പരം സംസാരിക്കുന്നതും ബെഡ്റൂമിൽ ഒരുമിച്ചു കഴിയുന്നതും ഒക്കെ ഒഴിവാക്കുന്നു. അവരവരുടെ ലോകങ്ങളിൽ ജീവിക്കാൻ തുടങ്ങുന്നു. പുതിയ കാലത്തില്‍ ഇതു കൂടുതലായി കാണുന്നു. പുതിയ തലമുറ കരിയറിനു കൂടുതൽ പ്രാധാന്യം കൊടുക്കുന്നു. ഒന്നിച്ചിരിക്കാനുള്ള സമയം കുറയുന്നു. ന്യൂക്ലിയർ ഫാമിലിയിൽ കുട്ടികളെ കെയർ ചെയ്യാൻ വേറൊരു സമയം കിട്ടാതെ വരുന്നു. അവിടെ കുഞ്ഞുങ്ങൾക്കു വേണ്ടി അമ്മ കൂടുതൽ സമയം കൊടുക്കുന്നു. അപ്പോൾ ഭർത്താവുമായുള്ള ഇന്റിമസി കുറയുന്നു. ഇങ്ങനെയുള്ള ഒരുപാട് ഘടകങ്ങൾ നമ്മുടെ പുതിയ ജീവിതകാലഘട്ടവുമായി ചേർന്ന് ഈ ദാമ്പത്യ വിരസതയെ കൂട്ടുന്നു.

Content Summary : Mental Health Awareness Video Series - Social media traps in the name of love 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com