ADVERTISEMENT

‘‘ഡോക്ടർ, ഇനി പരസ്പരം പിരിയുന്നതാണ് നല്ലതെന്ന് തോന്നുന്നു. ഒരുവിധത്തിലും ഒത്തു പോകാൻ കഴിയില്ല...’’ ഇത്രയും പറഞ്ഞിട്ട് അയാൾ എന്റെ മുന്നിലിരുന്നു പൊട്ടിക്കരഞ്ഞു. ഇടുപ്പു സന്ധിയിലെ വേദനയുടെ ചികിൽസയ്ക്കായി ഏതെങ്കിലും ചെറുപ്പക്കാർ എന്റെയടുത്തു വരുമ്പോൾ, പത്തു വർഷം മുമ്പ് ഒപി മുറിയിലുയർന്ന ആ കരച്ചിൽ ഞാനോർക്കും. കാരണം ഇടുപ്പു സന്ധിയുടെ വേദന വിവാഹ ജീവിതത്തെ സാരമായി ബാധിക്കുന്നുവെന്നത് എനിക്കു പുത്തനറിവായിരുന്നു. അതുവരെ എന്റെ അടുത്ത് ഇടുപ്പുസന്ധിയുടെ വേദനയുമായി വന്നിരുന്നവരിൽ ഭൂരിപക്ഷവും 55 വയസ്സിനു മുകളിലുള്ളവരായിരുന്നു–  ഡോ. സുജിത് ജോസ് തന്റെ ചികിൽസാ ജീവിതത്തിലെ വേറിട്ടൊരു അനുഭവമാണ് പറഞ്ഞുതുടങ്ങിയത്; ഇടുപ്പുസന്ധിയിലെ വേദന ഒരു ചെറുപ്പക്കാരന്റെ ജീവിതത്തെ മാറ്റിമറിച്ചതിനെക്കുറിച്ച്. ഡോക്ടർ ആ അനുഭവം പങ്കുവയ്ക്കുന്നു.

വേദനിക്കുന്ന ആദ്യ കാഴ്ച

രണ്ട് ഇടുപ്പിനും വേദനയുമായാണ് ആ ഇരുപത്തേഴുകാരൻ എന്റെയടുത്തു വന്നത്. അയാളനുഭവിക്കുന്ന ദുരിതം ആ കണ്ണുകളിൽനിന്നു വായിച്ചെടുക്കാമായിരുന്നു. ഇടുപ്പിന്റെ ചലനശേഷിക്കുറവു കാരണം കാലുകൾ ചലിപ്പിക്കാനുള്ള ബുദ്ധിമുട്ടിനു പുറമേ ഇരുന്നിട്ട് എഴുന്നേൽക്കാനുളള ബുദ്ധിമുട്ടും വല്ലാതെ അലട്ടുന്നുണ്ട്. വേഗം കുറവാണെങ്കിലും പതുക്കെ നടക്കാമെന്നതാണ് ആകയുള്ള ആശ്വാസം. ആദ്യപടിയായി എക്സ്റേ എടുത്തു നേക്കിയപ്പോൾത്തന്നെ ഇടുപ്പെല്ലുകളുടെ മുകൾ ഭാഗത്തു പരുക്കുണ്ടെന്നു മനസ്സിലായി. രോഗനിർണയത്തിന്റെ കൃത്യതയ്ക്കായി എം ആർ െഎ സ്കാൻ എടുത്തപ്പോൾ ആവാസ്കുലർ നെക്റോസിസ് (Avascular Necrosis) എന്ന രോഗാവസ്ഥയുടെ മൂന്നാം ഘട്ടമാണ്. മരുന്നിനൊപ്പം താക്കോൽദ്വാര ശസ്ത്രക്രിയ (Keyhole Surgery) കൊണ്ടോ വിത്ത് കോശ ചികിത്സ (Stem Cell Therapy) കൊണ്ടോ ഇടുപ്പ് സന്ധി  ശരിയാക്കിയെടുക്കാൻ ശ്രമിക്കാമെങ്കിലും രോഗാവസ്ഥ മൂന്നാം ഘട്ടത്തിലെത്തിയതിനാൽ ഇടുപ്പ് സന്ധി മാറ്റി വയ്ക്കൽ (Hip Joint Replacement) മാത്രമാണ് ഏക വഴി. 

ശസ്ത്രക്രിയയെക്കുറിച്ച് വിശദീകരിെച്ചങ്കിലും ചെറുപ്രായം, ഒപ്പം ആയാസരഹിതമായ ജോലി എന്നീ ഘടകങ്ങൾ കണക്കിലെടുത്തപ്പോൾ ശസ്ത്രക്രിയ തത്ക്കാലം മാറ്റിവയ്ക്കാൻ ഞങ്ങൾ ഇരുവരും ചേർന്ന് തീരുമാനിച്ചു. ജീവിതചര്യയിലെ മാറ്റങ്ങളും ലഘുവ്യായാമങ്ങളും നിർദേശിച്ചു. കുറച്ച് നാളുകൾ കൂടി കാത്തിരിക്കാനും തീരുമാനിച്ചു. നിർദേശങ്ങൾ കൃത്യമായി പാലിച്ചതു കൊണ്ട് വേദനയ്ക്കു ചെറിയൊരു ആശ്വാസം തോന്നിയതല്ലാതെ രോഗം പൂർണമായി മാറുകയില്ലെന്ന് അയാൾക്കുമറിമായിരുന്നു.

doctors-diary-series-dr-sujit-jos-mosc-hospital-and-medical-college-kolenchery-orthopedics
Photo Credit : Twinsterphoto / Shutterstock.com

രണ്ടു വർഷം കഴിഞ്ഞ് അയാൾ എന്നെ കാണാൻ വന്നപ്പോഴാണ് തുടക്കത്തിൽ സൂചിപ്പിച്ച കരച്ചിൽ രംഗം നടക്കുന്നത്. വേദനയ്ക്കു ശമനമില്ലാതായെതോടെ ശസ്ത്രക്രിയ ചെയ്യാം എന്ന് ആലോചിക്കുമ്പോഴാണ് അയാളൊരു പെൺകുട്ടിയുമായി അടുപ്പത്തിലായത്. വീട്ടുകാരുമായി ആലോചിച്ചു തിടുക്കത്തിൽ വിവാഹം നടത്തുകയും ചെയ്തു. മധുവിധുവിന്റെ ആദ്യദിനങ്ങളിൽത്തന്നെ ഇടുപ്പെല്ലിന്റെ വേദന വില്ലനായി. വീട്ടുകാരെയും സമൂഹത്തെയും ബോധിപ്പിക്കാൻ ഇരുവരും ഒരു വർഷം പൂർത്തിയാക്കി. അങ്ങനെ ഒരു വർഷം കഴി​​ഞ്ഞപ്പോൾ, ഒന്നാം വിവാഹ വാർഷികത്തിന്റെ പിറ്റേന്ന് ഇരുവരും വേർപിരിയാൻ തീരുമാനിച്ചു. അതിന്റെ പിറ്റേന്നാണ് അയാൾ എന്നെ കാണാൻ ഒപിയിൽ വന്നതും പൊട്ടിക്കരഞ്ഞതും. 

പങ്കാളി പിരി​ഞ്ഞു പോയതോടെ അയാൾ ശസ്ത്രക്രിയയ്ക്ക് മാനസികമായി ഒരുങ്ങി. അപ്പോഴേക്കും രണ്ടു വർഷം പിന്നിട്ടതോടെ അയാളുടെ ഇടുപ്പിന്റെ സ്ഥിതി കൂടുതൽ വഷളായിരുന്നു.

വേദനയ്ക്ക് വഴിമാറിയൊരു ഒത്തുചേരൽ

ഇടുപ്പു സന്ധി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി നടക്കുകയും മൂന്ന് ആഴ്ചകൾക്കു ശേഷം  ആശുപത്രി വിടുകയും ചെയ്ത അയാൾ മൂന്നു മാസത്തിനു ശേഷം ഫോളോ അപ്പിനായി വന്നു. അയാൾക്ക് അപ്പോഴേക്കും ഗൾഫിൽ ജോലി ലഭിച്ചു. വിദേശത്തുനിന്ന് കൃത്യമായി എക്സ്റേ അയച്ചു തന്നിരുന്നു. ഒരു വർഷം അങ്ങനെ തുടർന്നു.

മൂന്നു വർഷം കഴിഞ്ഞാണ് അയാളെ വീണ്ടും ഞാൻ കാണുന്നത്. ഒപ്പം പങ്കാളിയും ഒരു വയസ്സ് പ്രായമായ കുഞ്ഞും. ഒരിക്കൽ എന്റെ മുന്നിലിരുന്നു കരഞ്ഞയാൾ അതീവ സന്തോഷത്തോടെ സകുടുംബമായി എന്റെ മുൻപിൽ. വിവാഹ ജീവിതം പിരിഞ്ഞെന്നു പറഞ്ഞു പോയ ഒരാൾ തിരികെ സകുടുംബം എന്റെ മുൻപിലിരുന്നപ്പോൾ ഒരു കൗതുകം തോന്നി. അയാളോട് രഹസ്യമായി ചോദിച്ചു: ‘വൈവാഹികജീവിതത്തിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നല്ലേ പറഞ്ഞത്?’ അയാൾ ആ കഥ പറഞ്ഞു: ‘ഡോക്ടറേ, ഓപ്പറേഷൻ കഴിഞ്ഞു ഞാൻ വീണ്ടും ആ പെൺകുട്ടിയുമായി അനുരഞ്ജനത്തിലായി. എന്റെ പ്രശ്നം ആയിരുന്നില്ലേ. ഇപ്പോൾ ഞങ്ങളുടെ ജീവിതം വളരെ നന്നായി മുന്നോട്ട് പോകുന്നു. ഒരു കുട്ടിയുമായി. ജോലിയിൽ എനിക്കു കഴിഞ്ഞ മാസം പ്രമോഷനും കിട്ടി.’

ഇൗ വാക്കുകൾ കേട്ടപ്പോൾ എന്റെ കണ്ണു നിറഞ്ഞുപോയി. ദൈവത്തിന്റെ കരങ്ങൾ കൊണ്ടാണെങ്കിലും നമ്മൾ വഴി അത്രയും വലിയ ഒരു മാറ്റം ഒരാളുടെ ജീവിതത്തിൽ ഉണ്ടാക്കാൻ പറ്റിയല്ലോ എന്ന സന്തോഷം അത്ര നിസ്സാരമല്ലല്ലോ. ഇതൊരു പത്തു വർഷം മുൻപുള്ള സംഭവമാണ്. ഇപ്പോഴും അയാൾ ഗൾഫിൽ ജോലി ചെയ്യുന്നു. ഇടയ്ക്ക് എനിക്ക് വാട്സാപ്പിൽ സന്ദേശമയയ്ക്കാറുണ്ട്. ഹിപ് റീപ്ലേസ്‌മെന്റ് സർജറി ഒരാളുടെ ദാമ്പത്യ ജീവിതെ വീണ്ടും വിളക്കി ചേർത്തത് എനിക്ക് പുതിയൊരു അനുഭവമായിരുന്നു.’

doctors-diary-series-dr-sujit-jos-mosc-hospital-and-medical-college-kolenchery-orthopedics-hip-scan-image

ഇടുപ്പു സന്ധിയിലെ വേദനയ്ക്ക് പ്രായം ഘടകമാണോ?

ഇടുപ്പിലെ തേയ്മാനം ഒറ്റ ദിവസം കൊണ്ട് സംഭവിക്കുന്നതല്ല. ചെറിയൊരു വേദനയായി തുടങ്ങി പിന്നീട് സങ്കീർണമാകുന്നതാണ് രോഗാവസ്ഥ. ചെറുപ്പക്കാരിൽ ഇടുപ്പു സന്ധിയുടെ വേദന വരില്ലെന്ന് കരുതുന്നവരും കുറവല്ല. ഓരോരുത്തരുടെയും ശരീരപ്രകൃതിയും ജീവിതചര്യകളുമെല്ലാം കണക്കിലെടുക്കുമ്പോൾ, ഈ രോഗത്തിനു പ്രായം ഘടകമല്ലെന്ന് തീർത്ത് പറയുകവയ്യ. നാൽപത് കഴിയുമ്പോഴാവും പലരിലും രോഗലക്ഷണങ്ങൾ പ്രകടമാവുക. ഇടുപ്പു സന്ധിയെന്നത് ഒരു ബോൾ ആൻഡ് സോക്കറ്റ് ജോയിന്റാണ്. അതിൽ സോക്കറ്റും ബോളും തമ്മിലുള്ള ആവരണം അതായത് തരുണാസ്ഥി കേടു വന്നു പോകുമ്പോഴാണ് അതിനെ ഓസ്റ്റിയോ ആർത്രൈറ്റിസ് അഥവാ സന്ധി തേയ്മാനം എന്നു പറയുന്നത്. തരുണാസ്ഥിയെ പുനരുജ്ജീവിപ്പിക്കാൻ തുടക്കത്തിൽ താക്കോൽ ദ്വാര ശസ്ത്രക്രിയ വഴി കഴിയുമെങ്കിലും കൂടുതൽ കേടുപാടുകളുളള ഘട്ടത്തിൽ (സന്ധിയുടെ ബോൾ ചുരുങ്ങി തുടങ്ങിയാൽ) ഇടുപ്പെല്ല് മാറ്റി വയ്ക്കുകയാണ് സാധാരണ ജീവിതം നയിക്കാനുള്ള ഏകമാർഗം.

ഇടുപ്പ് മാറ്റിവയ്ക്കൽ സർജറി (Hip Replacement Surgery) എന്നാലെന്ത്?

ഇടുപ്പു സന്ധി മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് (Hip Replacement Surgery) സാധാരണയായി  Uncemented അല്ലെങ്കിൽ Cemented എന്നീ ഉറപ്പിക്കൽ (Fixation) രീതികളും  അതുപോലെ സെറാമിക് അല്ലെങ്കിൽ സ്റ്റെയിൻലസ് സ്റ്റീൽ അല്ലെങ്കിൽ കോബാൾട് ക്രോം ലൈനിങ് ആർട്ടിക്കുലേഷൻസ് (കപ്പും ബോളും തമ്മിൽ ഉരയുന്ന സർഫസുകൾ) എന്നിവയുമാണുള്ളത്. അതിൽ Uncemented hip ആണ് ചെറുപ്പക്കാരിൽ നമ്മൾ സാധാരണമായി  ചെയ്യുക. അതായത് സ്റ്റെമ്മും കപ്പും എല്ലിലേക്ക് ഇംപാക്ഷൻ വഴി ഉറപ്പിക്കുകയാണ്. സിമന്റഡിൽ ആണെങ്കിൽ മെറ്റൽ കപ്പിനും എല്ലിനുമിടയിൽ ബോൺ സിമന്റ് (Polymethylmethacrylate) എന്നു പറയുന്ന ഒരു പാളി ഉണ്ടാകും. എല്ലുകൾക്ക് ബലം കുറവുള്ളവരിൽ, അതായത് പ്രായം കൂടിയവരിൽ, ബോൺ സിമന്റ് ഇടുന്ന രീതിയാണ് നല്ലത്. എല്ലുകളിലേക്ക് ഇത് അടിച്ചുറപ്പിക്കാതിരിക്കാനായി സോഫ്റ്റ് ആയി പിടിപ്പിക്കാനാണ് സിമന്റഡ് ഹിപ് ഉപയോഗിക്കുന്നത്. അൺസിമന്റഡ് ഹിപ്പിനാണ് കൂടുതൽ ആയുസ്സുള്ളത്. മുപ്പത്, നാൽപത് വർഷം വരെയൊക്കെ സെറാമിക് ഹിപ് ലാസ്റ്റ് ചെയ്യും. ചെറുപ്പക്കാരിൽ അൺസിമന്റഡ് ഹിപ് വിത്ത് സെറാമിക് ഇന്റർഫേസ് ആണ് ഏറ്റവും കൂടുതൽ ലാസ്റ്റ് ചെയ്യുന്ന ഹിപ് റീപ്ലേസ്‌മെന്റ് ശാസ്ത്രക്രിയയായി കണക്കാക്കപ്പെടുന്നത്. ഓപ്പറേഷന് രണ്ടു മണിക്കൂർ വരെയേ എടുക്കുകയുള്ളു. അരക്കെട്ടിനു താഴേക്ക് മരവിപ്പിച്ചിട്ടാണ് ഓപ്പറേഷൻ ചെയ്യുന്നത്. രണ്ടാമത്തെ ദിവസം തൊട്ട് എഴുന്നേറ്റ് നിൽക്കുവാനും വോക്കറിന്റെ സഹായത്തോടെ കുറച്ചു ദിവസം നടക്കാനും കഴിയും. പിന്നെ വോക്കിങ് സ്റ്റിക് ഉപയോഗിക്കാം. രണ്ടാഴ്ച കൊണ്ട് വടിയില്ലാതെ സുഗമമായി നടക്കാം.

ഓപ്പറേഷന് പോസ്റ്റീരിയർ അപ്രോച്ചും ആന്റീരിയർ അപ്രോച്ചും ഉണ്ട്. ആന്റീരിയർ അപ്രോച്ചും (ഇടുപ്പു സന്ധിയുടെ മുൻപിൽനിന്ന് ശസ്ത്രക്രിയ ചെയ്യുന്ന രീതി) ആണ് നമ്മൾ ഇപ്പോൾ കൂടുതൽ ഉപയോഗിക്കുന്നത്. ഓപ്പറേഷൻ സമയത്തു കപ്പും ബോളും കൃത്യസ്ഥാനങ്ങളിൽ ഉറപ്പിച്ചില്ലെങ്കിലോ വളരെ ചെറിയ ബോൾ ഉപയോഗിച്ചാലോ ഒക്കെ കുഴ തെന്നിപ്പോകൽ (Dislocation) സംഭവിക്കാനുള്ള സാധ്യത ഉണ്ട്. ആന്റീരിയർ അപ്രോച്ചിൽ അത് ഉണ്ടാകുവാനുള്ള സാധ്യത വളരെ കുറവായിരിക്കും. ഒരു മാസം കൊണ്ട് ഡ്രൈവിങ് അടക്കമുള്ള കാര്യങ്ങൾ ചെയ്യാം. മൂന്നു മാസം കൊണ്ട് ലഘു കായിക വിനോദങ്ങൾ പോലും ചെയ്യാനാവും. ബാഡ്മിന്റൻ, സ്വിമ്മിങ്, സൈക്ലിങ് ഒക്കെ സുഗമമായി ചെയ്യാം. ബാസ്‌കറ്റ് ബോൾ, ഫുട്‍ബോൾ പോലെയുള്ള കടുത്ത ശാരീരികാധ്വാനവും ഓട്ടവും ചാട്ടവുമൊക്കെ വേണ്ടിവരുന്ന കളികളും മറ്റും ഒഴികെ ബാക്കിയെല്ലാ കാര്യങ്ങളും ചെയ്യാം.

doctors-diary-series-dr-sujit-jos-mosc-hospital-and-medical-college-kolenchery-orthopedics-hip-graph

ഇടുപ്പ് എല്ലിനെ കാക്കും ജീവിതചര്യ

ശരീരത്തിനു ഹാനികരമായ വസ്തുക്കളും മറ്റും ഭക്ഷണത്തിലൂടെയും മറ്റും ഉള്ളിൽ ചെല്ലുന്നതാണ് പ്രശ്നം. അമിത മദ്യപാനവും പുകവലിയുമൊക്കെ ഇതിൽപെടുന്നു. മദ്യങ്ങളിൽ ബീയർ ആണ് ഏറ്റവും കൂടുതൽ പ്രശ്നക്കാരൻ. ഹിപ്പിലേക്കുള്ള ബ്ലഡ് ഫ്ലോ കുറയ്ക്കുന്ന ഏറ്റവും കുഴപ്പം പിടിച്ച കെമിക്കൽ ആണത്. പുകയില രക്തയോട്ടം കുറച്ച് ഹിപ്പിലേക്കുള്ള രക്തക്കുഴലുകളെ അടച്ച് ഹിപ്പിന് ഡാമേജ് അല്ലെങ്കിൽ avascular necrosis ഉണ്ടാക്കാം. അതുപോലെ അമിതവണ്ണമുള്ള ആളുകൾക്ക് ഹിപ്പ് ജോയിന്റിൽ പ്രശ്നങ്ങൾ വരാം. മസിലുകളെ ശക്തിപ്പെടുത്തുന്ന വ്യായാമങ്ങളുടെ കുറവ് ഇടുപ്പിനെ ബാധിക്കാം. ഇത്തരം പ്രശ്നങ്ങൾ തുടക്കത്തിലേ കണ്ടുപിടിച്ചാൽ പരിഹരിക്കാനുള്ള മാർഗങ്ങൾ ഉണ്ട്. അല്ലെങ്കിൽ Impingement (ഇടുപ്പിലെ കപ്പിന്റെയും ബോളിന്റെയും അഗ്രങ്ങളിലുള്ള എല്ലു വളർച്ച മൂലം ഉണ്ടാകുന്ന അസുഖം) ഉണ്ടാകുകയാണെങ്കിൽ അത് മാറ്റാനുള്ള കുറച്ച് ആക്ടിവിറ്റികളും ഇടുപ്പിന്റെ മാംസപേശികളെ ബലപ്പെടുത്താനുള്ള വ്യായാമങ്ങളും ചെയ്യാം. Avascular Necrosis ഉണ്ടെങ്കിൽ, ഇടുപ്പിൽ രക്തയോട്ടം കുറയുന്നതിന്റെ ലക്ഷണങ്ങൾ തുടക്കത്തിൽ കണ്ടുപിടിക്കാനായാൽ സ്റ്റേജ് 1 ലും 2 ലും ആണെങ്കിൽ നമുക്കതിനെ മരുന്ന് കൊണ്ട് തടയാം. (ഇടുപ്പിലെ ബോൺ ക്വാളിറ്റി കൂട്ടുന്ന മരുന്നുകൾ ഉണ്ട്). അത് ഫലപ്രദമായില്ലെങ്കിൽ കോർ ഡീകംപ്രഷൻ അല്ലെങ്കിൽ ബോൺ മാരോയിൽനിന്ന് എടുക്കുന്ന Stem Cells Inject ചെയ്‌ത്‌ അതിലേക്കു രക്തയോട്ടം കൂട്ടാനുള്ള വഴികളുമുണ്ട്. ഇവയൊക്കെ സമയത്തുതന്നെ ചെയ്താൽ ഹിപ് ആർത്രൈറ്റിസിനെ ഒരു പരിധി വരെ തടയാം.

Content Summary : Doctor's Diary Series - Dr. Sujit Jos Memoir

(കോലഞ്ചേരി എംഒഎസ്​സി ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ കോളജ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് അഡ്വാൻസഡ് ഒാർത്തോപീഡിക്സ് പ്രഫസറും വകുപ്പ് മേധാവിയുമാണ് ലേഖകൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com