ഉറക്കത്തിൽ പല്ലു കടിക്കുകയും അലറുകയും; പേടിസ്വപ്നമാണോ കാരണം?

Mail This Article
ചോദ്യം : 23 വയസ്സുള്ള എന്റെ പ്രശ്നം ഉറക്കത്തിൽ പല്ലുകടിക്കൽ ആണ്. ഇതൊരു രോഗമാണോ?
ഉത്തരം : ഉണർന്നിരിക്കുമ്പോൾ ദേഷ്യപ്പെട്ടു പല്ലു കടിച്ച് ഒച്ച വക്കുന്നവരെ എല്ലാവർക്കും ഭയമാണ്. ഉറക്കത്തിൽ പല്ലു കടിക്കുകയും അലറുകയും എഴുന്നേറ്റു നടക്കുകയും ചെയ്യുന്നവരുണ്ട്. കൂർക്കം വലിപോലെ തന്നെ പല്ലു കടിക്കലും അടുത്തു കിടക്കുന്നവർക്കാണ് പ്രശ്നം സൃഷ്ടിക്കുന്നത്. സ്ത്രീപുരുഷ ഭേദമില്ലാതെ പത്തിരുപതു ശതമാനം ആൾക്കാരിലും തീവ്രതയില്‍ ഏറ്റക്കുറച്ചിലോടെ ഈ അവസ്ഥ പ്രകടമാകുന്നുണ്ട്. പക്ഷേ, ഇരുപതു വയസ്സിനുള്ളിൽ തുടങ്ങി ഏകദേശം നാൽപതു വയസ്സു പിന്നിടുമ്പോൾ ഇതു മാറിക്കിട്ടാറുണ്ട്. ഉറക്കത്തിൽ പല്ലു കടിക്കുന്നതിനെപ്പറ്റി പല തെറ്റിദ്ധാരണകളും നിലവിലുണ്ട്. കൃമിശല്യം, വിരശല്യം, പേടിസ്വപ്നം എന്നൊക്കെ ഇതിനു കാരണവും പറയാറുണ്ട്. പക്ഷേ ഇതിനൊരു ശാസ്ത്രീയ അടിസ്ഥാനവും ഇല്ല. ഉറക്കത്തിൽ പല്ലു കടിക്കുന്നത് സാധാരണമാണ്. എന്നാൽ, ഉറങ്ങാത്ത സമയത്ത് പല്ലു കടിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ അത് മാനസിക വളർച്ചക്കുറവായി സംശയിക്കണം. ഉറക്കം തൂങ്ങുന്ന ആദ്യഘട്ടത്തിലാണ് ഇതു പ്രധാനമായും കണ്ടു വരുന്നത്. ഇതിനു ‘ബ്രക്സിസം’ എന്നു പറയും.
ഇതിനു കാരണം വ്യക്തമല്ലെങ്കിലും ഇതൊരു രോഗമായി കരുതാൻ വയ്യ. ഉറക്കത്തിൽ തലച്ചോറിന്റെ ഇഇജി പരിശോധനയിൽ ഒരു കുഴപ്പവും കാണുകയില്ല. ചവക്കുന്നതിന്റെ ഉഗ്രത മൂലം ചവക്കുവാൻ സഹായിക്കുന്ന മാംസപേശികളും പ്രത്യക്ഷമായി വലുതായേക്കാം. നല്ല തണുപ്പത്തും ഇതു സംഭവിക്കാം. ഉറക്കത്തിലെ പല്ലുകടി ഒരു രോഗമല്ല. ഇതിനു ചികിത്സയുമില്ല.
Content Summary : Is bruxism a neurological disorder?