മൈഗ്രേൻ മുതൽ ഹൃദയാഘാതം വരെ; അമിതമായ കോട്ടുവായക്ക് പിന്നിലെ അഞ്ച് ആരോഗ്യ പ്രശ്നങ്ങൾ
Mail This Article
നമ്മുടെ ശരീരത്തിന്‍റെ ഒരു സ്വാഭാവിക പ്രതികരണമാണ് കോട്ടുവായ. ക്ഷീണമോ ഉറക്കമോ വിരസതയോ തോന്നുമ്പോഴാണ് പലപ്പോഴും പലരും കോട്ടുവായ ഇട്ടുകാണാറുള്ളത്. ശരീരത്തിന് കൂടുതല്‍ ജാഗ്രതയോടെ ഉണര്‍ന്നിരിക്കേണ്ട അവസരങ്ങളില്‍ ഉൽപാദിപ്പിക്കപ്പെടുന്ന ചില ഹോര്‍മോണുകളുമായി കോട്ടുവായ ബന്ധപ്പെട്ടിരിക്കുന്നതായി ആരോഗ്യ വിദഗ്ധര്‍ പറയുന്നു. അമിതമായി ഓക്സിജന്‍ ഉള്ളിലേക്ക് എടുക്കുന്നതിലൂടെ ശരീരം ഉണര്‍ന്നിരിക്കാന്‍ ശ്രമം നടത്തും. ഇത്തരത്തില്‍ ഇടയ്ക്കൊക്കെ കോട്ടുവായ വിടുന്നത് തികച്ചും സാധാരണമാണ്.
അതേ സമയം അമിതമായ കോട്ടുവായ ചില ആരോഗ്യ പ്രശ്നങ്ങളുടെ സൂചനയാകാം. 15 മിനിറ്റില്‍ മൂന്ന് തവണയില്‍ കൂടുതലൊക്കെ കോട്ടുവായ ഇടുന്നത് അസ്വാഭാവികമാണ്. ഇനി പറയുന്ന രോഗങ്ങളും ആരോഗ്യാവസ്ഥകളുമായി അമിതമായ കോട്ടുവായ ബന്ധപ്പെട്ടിരിക്കുന്നു.
1. സ്ലീപ് അപ്നിയ
സ്ലീപ് അപ്നിയ, ഇന്‍സോമ്നിയ പോലുള്ള ചില രോഗങ്ങളുടെ ഫലമായി ആവശ്യത്തിന് ഉറക്കം ലഭിക്കാത്തത് അമിതമായ കോട്ടുവായയിലേക്ക് നയിക്കാം. ഉറക്കത്തില്‍ ശ്വാസം ഇടയ്ക്കിടെ നിലച്ചു പോകുന്ന ഗുരുതരമായ പ്രശ്നമാണ് സ്ലീപ് അപ്നിയ. ഉറക്കെയുള്ള കൂര്‍ക്കം വലി, രാത്രി നന്നായി ഉറങ്ങിയ ശേഷവും ക്ഷീണം എന്നിവയെല്ലാം സ്ലീപ് അപ്നിയയുടെ ലക്ഷണങ്ങളാണ്. ഇന്‍സോമ്നിയ രോഗികള്‍ക്ക് ഉറങ്ങാന്‍ ബുദ്ധിമുട്ടും ഉറക്കത്തിന്‍റെ നിലവാരമില്ലായ്മയും അനുഭവപ്പെടാം.
2. മരുന്നുകള്‍
ചില തരം മരുന്നുകളും അമിതമായ കോട്ടുവായക്ക് കാരണമാകാറുണ്ട്. വിഷാദരോഗത്തിന് കഴിക്കുന്ന മരുന്നുകളും ചില ആന്‍റിസൈക്കോട്ടിക് മരുന്നുകളും ഇത്തരത്തില്‍ സ്വാധീനം ചെലുത്താം. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ നിങ്ങള്‍ യാതൊരു മരുന്നും കഴിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുക. കഴിക്കുന്ന മരുന്നുകള്‍ക്ക് കോട്ടുവായ പോലുള്ള പാര്‍ശ്വഫലങ്ങളുണ്ടെങ്കില്‍ ഇതിനെ കുറിച്ചും ഡോക്ടറുമായി ചര്‍ച്ച ചെയ്യുക.
3. തലച്ചോറിലെ പ്രശ്നങ്ങള്‍
തലച്ചോറിലെ എന്തെങ്കിലും തകരാറിന്‍റെ സൂചനയുമാകാം അമിതമായ കോട്ടുവായ. പാര്‍ക്കിന്‍സണ്‍സ് രോഗം, മള്‍ട്ടിപ്പിള്‍ സ്ക്ലീറോസിസ്, മൈഗ്രേൻ തലവേദന എന്നിവയെല്ലാം ഇതിന് പിന്നിലെ കാരണങ്ങളാകാം.
4. ഉത്കണ്ഠയും സമ്മര്‍ദവും
അമിതമായ ഉത്കണ്ഠയോ സമ്മര്‍ദമോ വരുമ്പോൾ അതിനെ മറികടക്കാനുള്ള മാര്‍ഗമായും ശരീരം ചിലപ്പോള്‍ കോട്ടുവായ ഇടാറുണ്ട്.
5. ഹൃദയാഘാതം
അമിതമായ കോട്ടുവായ ചിലപ്പോഴോക്കെ ഹൃദയാഘാതത്തിന്‍റെയും പക്ഷാഘാതത്തിന്‍റെയും സൂചനയാകാമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഹൃദയത്തിന് ചുറ്റും രക്തസ്രാവമുണ്ടാകുന്നതിന്‍റെ പ്രതികരണമെന്ന നിലയില്‍ ചിലപ്പോള്‍ കോട്ടുവായ വന്നേക്കാമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. വ്യായാമം ചെയ്യുമ്പോൾ ഒരു പാട് കോട്ടുവായ ഇടുന്നത്, പ്രത്യേകിച്ച് ചൂടുള്ള ദിവസങ്ങളില്‍ അങ്ങനെ സംഭവിക്കുന്നത് ഹൃദയാഘാതത്തിന് മുന്നോടിയാകാമെന്ന് ആരോഗ്യ വിദഗ്ധര്‍ കൂട്ടിച്ചേര്‍ക്കുന്നു.
Content Summary: Excessive yawning could be due to these 5 health concerns