ലക്ഷണങ്ങൾ പ്രകടമാക്കാത്ത മൂന്ന് അർബുദങ്ങൾ: വൈകും മുൻപ് രോഗം തിരിച്ചറിയാം
Mail This Article
നേരത്തേ കണ്ടെത്തിയാൽ പൂർണമായും ചികിത്സിച്ചു മാറ്റാവുന്ന രോഗമാണ് കാൻസർ. എന്നാൽ ചിലയിനം കാൻസറുകൾ പ്രാരംഭഘട്ടത്തിൽ ലക്ഷണങ്ങളൊന്നും പ്രകടമാക്കില്ല. അതുകൊണ്ടുതന്നെ രോഗനിർണയം പ്രയാസമാകും. രോഗം വളരെ വേഗത്തിൽ വ്യാപിക്കുകയും ചെയ്യും. ആദ്യഘട്ടങ്ങളിൽ ലക്ഷണങ്ങള്‍ കണ്ടെത്താൻ പ്രയാസമായ മൂന്നു കാൻസറുകൾ ഏതൊക്കെ എന്നു നോക്കാം.
കുടലിലെ അർബുദം
കുടലിന്റെ ആന്തരപാളികളിൽ ആരംഭിച്ച്, തിരിച്ചറിയപ്പെട്ടില്ലെങ്കിൽ വളരെ വേഗത്തിൽ വ്യാപിക്കുന്ന ഒന്നാണ് കുടലിലെ അർബുദം അഥവാ മലാശയ അർബുദം. ലോകത്ത് കാൻസർ മൂലമുള്ള മരണകാരണങ്ങളിൽ രണ്ടാമത്തേതാണിത്. 2020 ൽ 19 ലക്ഷം പേർക്കാണ് ഈ രോഗം ബാധിച്ചത്. ലോകത്ത് 9,30,000 മരണങ്ങളാണ് ഈ കാൻസർ മൂലമുണ്ടാകുന്നത്. കുടലിലെ അർബുദത്തിന്റെ ലക്ഷണങ്ങൾ ഇവയാണ്.
∙ മലാശയത്തിൽനിന്ന് ബ്ലീഡിങ്ങ്
∙ സാധാരണയിൽനിന്ന് വ്യത്യസ്തമായുള്ള ബവൽ ഹാബിറ്റുകൾ, മലം അയഞ്ഞു പോവുക.
∙ ഇടയ്ക്കിടെ ടോയ്‌ലറ്റിൽ പോവുക.
∙ കടുത്ത മലബന്ധം
മലാശയ അർബുദം ബാധിച്ചവരിൽ മലാശയത്തിലോ വയറിന്റെ വലതുഭാഗത്തോ മുഴ കാണപ്പെടാറുണ്ട്. പെട്ടെന്ന് ശരീരഭാരം കുറയുന്നതോ കടുത്ത വയറുവേദനയോ രോഗത്തിലേക്കു നയിക്കാം.
പാൻക്രിയാറ്റിക് കാൻസർ
ലോകത്ത് സുഖപ്പെടാൻ ഏറ്റവും സാധ്യത കുറവുള്ള കാൻസർ ആണ് പാൻക്രിയാറ്റിക് കാൻസർ. രോഗനിർണയം നടത്തി മൂന്നുമാസങ്ങൾക്കുള്ളിൽ തന്നെ പകുതിയിലധികം രോഗികൾ ഈ കാൻസർ ബാധിച്ച് മരണമടയുന്നു. വയറിന്റെ താഴ്‌ഭാഗത്തായുള്ള പാൻക്രിയാസിലെ കോശങ്ങളിൽ വളർച്ചയായാണ് രോഗം ആരംഭിക്കുന്നത്. ഭക്ഷണം ദഹിക്കാൻ സഹായിക്കുന്ന ഹോർമോണുകളെ ഉൽപാദിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്ന അവയവമാണ് പാൻക്രിയാസ്.
ഈ മാരകരോഗത്തിന്റെ ലക്ഷണങ്ങൾ പലപ്പോഴും മറ്റ് രോഗാവസ്ഥകളുടെ ലക്ഷണങ്ങളായി തെറ്റിദ്ധരിക്കപ്പെടുന്നു.
∙മഞ്ഞപ്പിത്തം
∙കടുംനിറത്തിലുള്ള മൂത്രം
∙വയറുവേദന
∙തുടർച്ചയായ നടുവേദന
∙ക്ഷീണം, തളർച്ച
∙ചൊറിച്ചിൽ
∙വിശപ്പില്ലായ്മ
∙പെട്ടെന്ന് ഭാരം കുറയുക
ഇതെല്ലാം പാൻക്രിയാറ്റിക് കാൻസറിന്റെ ലക്ഷണമാകാം. ഭക്ഷണം ഇറക്കാൻ പലർക്കും പ്രയാസം അനുഭവപ്പെടാം. തുടർച്ചയായി ഛര്‍ദിയും ഓക്കാനവും ഉണ്ടാകാം. പാൻക്രിയാസ്, ഇൻസുലിന്റെ ഉൽപാദനം നിർത്തുന്നതിനാൽ പ്രമേഹത്തിന്റെ ലക്ഷണങ്ങളും പ്രകടമാകാം.
അണ്ഡാശയ അർബുദം
സ്ത്രീ പ്രത്യുൽപാദനാവയവമായ അണ്ഡാശയത്തിലാണ് (ovary) ഈ കാൻസർ ആരംഭിക്കുന്നത്. അവസാനഘട്ടം എത്തുംവരെ പലപ്പോഴും ലക്ഷണങ്ങൾ പ്രകടമാക്കാത്തതിനാൽ രോഗനിർണയം ബുദ്ധിമുട്ടാകുന്നു. ഈ നിശബ്ദ കൊലയാളിയെ തകർക്കാനുള്ള മാർഗം, രോഗം നേരത്തേ തിരിച്ചറിയുക എന്നതുമാത്രമാണെന്ന് ഡോക്ടർമാർ പറയുന്നു. ലക്ഷണങ്ങൾ പ്രകടമാകും മുൻപേ അണ്ഡാശയ അർബുദം ഉദരത്തിലാകെ വ്യാപിക്കുന്നു, ലക്ഷണങ്ങളിൽ ചിലത് ഇതാണ്.
∙ഇടുപ്പിലും ഉദരത്തിലും വേദന
∙വയറു കമ്പിക്കൽ
∙ഭക്ഷണം കഴിക്കാനോ ഇറക്കാനോ കഴിയാതെവരുക.
∙വിശപ്പ് കുറയുക
∙യോനിയിൽ നിന്ന് രക്തവും ഡിസ്ചാർജും
∙വിസർജന രീതികളിൽ മാറ്റം
∙കടുത്ത മലബന്ധവും അതിസാരവും
∙വയറിൽ വീക്കം
∙ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നൽ.
ഈ മൂന്ന് അർബുദങ്ങളും നേരത്തേ ലക്ഷണങ്ങൾ പ്രകടമാക്കില്ല. എന്നാൽ ഈ പറഞ്ഞ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ വൈദ്യസഹായം തേടുന്നതിലൂടെ രോഗം നേരത്തേ കണ്ടെത്താനും ഫലപ്രദമായ ചികിത്സ തേടാനും സാധിക്കും.
പ്രമേഹവും കാൻസറും - വിഡിയോ
Content Summary : 3 Silent cancers that you need to keep an eye on