പാദങ്ങളിലെ നീര് വൃക്കരോഗത്തിന്റെ മാത്രം ലക്ഷണമോ?

Mail This Article
ചോദ്യം: ഏതാണ്ട് രണ്ടു മാസം മുൻപാണ് എന്റെ പിതാവിന്റെ രക്തസമ്മർദം വർധിച്ചതായി കണ്ടെത്തിയത്. ഡോക്ടറുടെ നിർദേശപ്രകാരം ദിവസേന രണ്ടുതവണ അമ്ലോഡൈപീൻ (Amlodipine) എന്ന മരുന്നു കഴിച്ചു തുടങ്ങി. കഴിഞ്ഞ പത്തു ദിവസമായി അദ്ദേഹത്തിന്റെ പാദങ്ങളിൽ നീര് കാണുന്നു. ഇത് വൃക്ക രോഗലക്ഷണമാണോ ഡോക്ടർ?
ഉത്തരം: പാദങ്ങളിൽ നീരു വരുന്നത് സിസ്റ്റമിക് കിഡ്നിരോഗലക്ഷണം തന്നെയാണ്. ഹൃദയത്തിനും കരളിനും രോഗം ബാധിച്ചാലും ഈ അവസ്ഥ ഉണ്ടായേക്കും. എന്നാൽ, നിങ്ങളുടെ പിതാവിന്റെ കാര്യത്തിൽ ഇതു സംഭവിച്ചത് രക്തസമ്മർദം നിയന്ത്രിക്കുവാൻ കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നിന്റെ പാർശ്വഫലമാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ചികിത്സിക്കുന്ന ഡോക്ടറോട് ഈ വിവരം പറഞ്ഞാല്‍ മരുന്നു മാറ്റിത്തന്നേക്കും. ചിലപ്പോൾ പാദങ്ങളിൽ നീരു വരുന്നത് ചില മരുന്നുകൾ ഉപയോഗിക്കുന്നതിന്റെ പാർശ്വഫലം കൊണ്ടാവാം. രക്തസമ്മർദം നിയന്ത്രിക്കുവാൻ അമ്ലോഡെപീനും ക്ലോണിഡെപീനും (Clonidepine) പ്രമേഹത്തിന് പൈയോഗ്ലിറ്റസോണും (Pioglitazone) ഉപയോഗിക്കുമ്പോഴും ചിലർക്ക് പാദങ്ങളിൽ നീരു വരുന്നതായി കണ്ടിട്ടുണ്ട്. ന്യൂറോപ്പതി ചികിത്സയ്ക്ക് ഗാബപെന്റിൻ (Gabapentin) ഉപയോഗിച്ചാലും ഈ അവസ്ഥ ഉണ്ടായേക്കാം. അതുപോലെ തന്നെയാണ് ഉടൽ വേദനയ്ക്ക് ഡൈക്ലോഫെനൽ(Diclofenal) ഉപയോഗിച്ചാലും വിഷാദരോഗത്തിനും പാർക്കിൻസൺ ഡിസീസിനും ഉപയോഗിക്കുന്ന മരുന്നുകളും ഇതേ പാർശ്വഫലം ഉണ്ടാക്കിയേക്കാം. പ്രിസ്ക്രൈബ് ചെയ്ത മരുന്നുകൾ പാദങ്ങളിൽ നീരു വരുത്തുകയാണെങ്കിൽ ഡോക്ടർക്ക് അതേ ചികിത്സയ്ക്കു മരുന്നുകൾ മാറ്റി നിർദേശിക്കാനാകും, നീരും അപ്രത്യക്ഷമാകും.
കിഡ്നിയെ കാക്കാം കരുതലോടെ – വിഡിയോ
(ലേഖിക നെഫ്രോളജി അസോസിയേഷൻ ഒാഫ് കേരള പ്രസിഡന്റാണ്)