കാലിലെ ഈ അഞ്ച് പ്രശ്നങ്ങൾ നിങ്ങൾക്കുണ്ടാവാറുണ്ടോ? എങ്കിൽ അടിയന്തരമായി ചികിത്സ തേടണം
Mail This Article
നമ്മളെ ജീവിതത്തില്‍ വഴി നടത്തി കൊണ്ടിരിക്കുന്ന സുപ്രധാന അവയവങ്ങളാണ് കാലുകള്‍. നമ്മുടെ ശരീരഭാരം താങ്ങി, ചലനത്തെ സാധ്യമാക്കുന്ന കാലുകള്‍ക്കു വരുന്ന പല പ്രശ്നങ്ങളെ പലരും അവഗണിക്കാറാണ് പതിവ്. കാലുകള്‍ക്ക് വരുന്ന ചില പ്രശ്നങ്ങളൊക്കെ വീട്ടില്‍ തന്നെ ഇരുന്ന് പരിഹാരം കാണാമെങ്കിലും, എല്ലാം അങ്ങനെയല്ല. ചില പ്രശ്നങ്ങള്‍ക്ക് ഉടനെ ഡോക്ടറെ കണ്ടേ തീരൂ. അത്തരത്തില്‍ അടിയന്തിരമായി ചികിത്സ തേടേണ്ട, കാലുകളെ ബാധിക്കുന്ന ചില പ്രശ്നങ്ങള്‍ ഇവയാണ്.
1. പെട്ടെന്നുണ്ടാകുന്ന കടുത്ത വേദന
ദീര്‍ഘനേരം നടക്കുകയോ ഓടുകയോ നീന്തുകയോ ഒക്കെ ചെയ്യുമ്പോള്‍ കാലുകള്‍ക്ക് വേദന വരുന്നത് സാധാരണമാണെങ്കിലും പെട്ടെന്നുണ്ടാകുന്ന കടുത്ത വേദനകള്‍ സൂക്ഷിക്കണമെന്ന് ദ്വാരക മണിപ്പാല്‍ ആശുപത്രിയിലെ വാസ്കുലര്‍ സര്ജന് ഡോ. തപിഷ് സാഹു പറയുന്നു. പുകവലിക്കാരിലും പ്രമേഹക്കാരിലും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും ഉള്ളവരിലും പെട്ടെന്നുണ്ടാകുന്ന കാല് വേദനയും ശരീര താപനിലയില്‍ ഉണ്ടാകുന്ന കുറവും രക്തധമനിയിലെ ബ്ലോക്കിന്റെ ലക്ഷണമാകാം. കാലില്‍ ചിലപ്പോള്‍ നിറം മാറ്റവും ഇതിന്റെ ഭാഗമായി വരാം. ഇത് ശ്രദ്ധയില്‍പ്പെട്ടാല്‍ വൈദ്യസഹായം തേടാന്‍ വൈകരുത്.
2. പ്രമേഹബാധിതരുടെ കാലില്‍ വരുന്ന അള്‍സര്‍
നാഡീവ്യൂഹത്തിന് വരുന്ന ക്ഷതം മൂലവും മോശം രക്തചംക്രമണം മൂലവും പ്രമേഹബാധിതരില്‍ കാലുകള്‍ക്ക് പ്രശ്നമുണ്ടാകാറുണ്ട്. ചെറിയ മുറിവോ പരുവോ പോലും ഗുരുതരമായ അള്‍സറായി മാറാം. പ്രമേഹബാധിതരില്‍ കാലുകള്‍ക്കുണ്ടാകുന്ന ചുവപ്പ്, നീര്, കാലിലെ മുറിവില്‍ നിന്നുണ്ടാകുന്ന പഴുപ്പ് എന്നിവയെല്ലാം ഉടനെ ചികിത്സ തേടേണ്ട സംഗതികളാണ്. നേരത്തെയുള്ള ചികിത്സ അണുബാധയും കാല് മുറിച്ചു മാറ്റേണ്ട അവസ്ഥയും ഒഴിവാക്കാന്‍ സഹായിക്കും.
3. കാല്‍വണ്ണയിലെ വേദന
പ്രത്യേകിച്ച് യാത്രയിലോ ആശുപത്രി വാസത്തിലോ മറ്റോ കാല് ദീര്‍ഘനേരം അനക്കാതെ വയ്ക്കുന്നതിനെ തുടര്‍ന്ന് കാല്‍വണ്ണയില്‍ വരുന്ന പെട്ടെന്നുള്ള വേദനയും നീരും കാലിലെ ഞരമ്പില്‍ ക്ലോട്ടുണ്ടാകുന്നതിന്റെ ലക്ഷണമാകാം. ചികിത്സ വൈകിയാല്‍ ഈ ക്ലോട്ട് കാലില്‍ നിന്ന് രക്തപ്രവാഹത്തിലൂടെ ഹൃദയത്തിലെത്തി മറ്റ് സങ്കീര്‍ണ്ണതകള്‍ ഉണ്ടാക്കാം. അടിയന്തിര ചികിത്സ ഇത്തരം കേസുകളില്‍ ആവശ്യമാണ്.
4. കാല്‍വിരലിലെ കറുപ്പ് നിറം
പുകവലിക്കാരിലും പ്രമേഹക്കാരിലും കാലിനുണ്ടാകുന്ന ചെറിയ പരുക്ക് ഗാംഗ്രീന്‍ എന്ന അവസ്ഥയിലേക്ക് നയിക്കാം. കാലിലേക്ക് രക്തയോട്ടം നിലച്ച് ആ ഭാഗം കറുപ്പ് നിറമായി മാറുന്നതാണ് ഗാംഗ്രീന്‍. ഗാംഗ്രീന്‍ വരുന്നതിന് മുന്‍പ് നടക്കുമ്പോള്‍ കാല്‍വണ്ണയ്ക്ക് വേദന പോലുള്ള ലക്ഷണങ്ങള്‍ പ്രത്യക്ഷമാകാം. ഒന്ന് വിശ്രമിക്കുമ്പോള്‍ അപ്രത്യക്ഷമാകുന്ന ഈ വേദന വീണ്ടും നടക്കുമ്പോള്‍ ആരംഭിക്കാം. ഇത്തരം മുന്നറിയിപ്പ് സൂചനകള്‍ അവഗണിക്കാതെ ചികിത്സ തേടേണ്ടത് കാലുകളെ രക്ഷിച്ചെടുക്കാന്‍ അത്യാവശ്യമാണ്.
5. പെട്ടെന്ന് കാലിനുണ്ടാകുന്ന ശക്തിക്ഷയം
ശരീരത്തിന്റെ ഒരു ഭാഗത്തെ പുറം കാലിനുണ്ടാകുന്ന ശക്തിക്ഷയം, ബാലന്‍സ് പ്രശ്നം എന്നിവയെല്ലാം തലച്ചോറിലേക്ക് രക്തമെത്തിക്കുന്ന ധമനികളിലെ ക്ലോട്ടിന്റെ ലക്ഷണമാകാം. ഇത്തരം ലക്ഷണങ്ങളെയും നിസ്സാരമായി അവഗണിക്കരുത്.
ജോലിക്കിടയിലെ കഴുത്ത് വേദന അകറ്റാനുള്ള വ്യായാമം: വിഡിയോ