കൃത്രിമ ഗര്‍ഭധാരണത്തിന് മുന്‍പ് നടത്തുന്ന പരിശോധനകള്‍ അറിയാം
Mail This Article
സ്വാഭാവിക രീതിയില്‍ കുട്ടികളുണ്ടാകാതെ വിഷമിക്കുന്നവര്‍ക്ക് ഇന്ന് കൃത്രിമ ഗര്‍ഭധാരണത്തിനായി ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍(ഐ.വി.എഫ്) പോലുള്ള വഴികള്‍ മുന്നിലുണ്ട്. എന്നാല്‍ ദൈര്‍ഘ്യമേറിയതും പടിപടിയായി പൂര്‍ത്തിയാക്കേണ്ടതുമായ ഒരു പ്രക്രിയയാണ് ഐ.വി.എഫ്.
നിരവധി അണ്ഡങ്ങള്‍ ഉത്‌പാദിപ്പിക്കാന്‍ അണ്ഡാശയത്തെ ഉത്തേജിപ്പിച്ചു കൊണ്ടാണ് ഈ പ്രക്രിയ ആരംഭിക്കുന്നത്. ഒരു ചെറിയ ശസ്‌ത്രക്രിയയിലൂടെ ഈ അണ്ഡങ്ങള്‍ പുറത്തെടുത്ത് ലാബില്‍ ബീജവുമായി സംയോജിപ്പിക്കും. ഇതിനെ തുടര്‍ന്നുണ്ടാകുന്ന ഭ്രൂണത്തെ അഞ്ച് നാള്‍ നിരീക്ഷിച്ച് അതിന്റെ ആരോഗ്യം ഉറപ്പാക്കും. ആരോഗ്യമുള്ള ഒന്നോ രണ്ടോ ഭ്രൂണത്തെയാണ് പിന്നീട് സ്‌ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്നത്.
ഐവിഎഫിലേക്ക് കടക്കും മുന്‍പ് ഇനി പറയുന്ന പരിശോധനകള്‍ നടത്തേണ്ടതാണെന്ന് മുംബൈ നോവ ഐവിഎഫിലെ ഫെര്‍ട്ടിലിറ്റി കണ്‍സള്‍ട്ടന്റ് ഡോ. സൗമ്യ ഷെട്ടി എച്ച്‌ടി ലൈഫ്‌സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
1. ട്രാന്‍സ് വജൈനല്‍ അള്‍ട്രാസൗണ്ട്
അണ്ഡാശയത്തിന്റെ വിശദമായ പരിശോധനയ്‌ക്കും ഒവേറിയന്‍ ഫോളിക്കിളുകളുടെ എണ്ണം അറിയുന്നതിനും ഗര്‍ഭപാത്രത്തിന്റെ ആകൃതി, അതിന്റെ കട്ടി എന്നിവയെല്ലാം നിര്‍ണ്ണയിക്കുന്നതിനുമാണ് ട്രാന്‍സ് വജൈനല്‍ അള്‍ട്രാസൗണ്ട് നടത്തുന്നത്. ഗര്‍ഭപാത്രത്തിന് എന്തെങ്കിലും അസാധാരണത്വമുണ്ടോ എന്നും ഡോക്ടര്‍മാര്‍ പരിശോധിക്കും.
2. ഹോര്‍മോണ്‍ തോത്
ഫോളിക്കിള്‍ സ്‌റ്റിമുലേറ്റിങ് ഹോര്‍മോണ്‍, ലൂട്ടനൈസിങ് ഹോര്‍മോണ്‍, എസ്‌ട്രാഡിയോള്‍, ആന്റി-മുള്ളേറിയന്‍ ഹോര്‍മോണ്‍ എന്നിങ്ങനെ സ്‌ത്രീകളുടെ ശരീരത്തിലെ വിവിധ ഹോര്‍മോണുകളുടെ തോതും പരിശോധിക്കേണ്ടതാണ്. അണ്ഡാശയത്തിന്റെ പ്രവര്‍ത്തനത്തെ കുറിച്ചും അണ്ഡത്തിന്റെ നിലവാരത്തെ കുറിച്ചുമെല്ലാം ഇത് സൂചന നല്‍കും.
3. ടൂബല്‍ പേറ്റന്‍സി ടെസ്റ്റ്
ഗര്‍ഭപാത്രത്തിന്റെയും ഫാലോപ്യന്‍ ടൂബുകളുടെയും വിശദമായ എക്‌സ്‌റേ പരിശോധനയ്‌ക്കായാണ് ഈ ടെസ്റ്റ് നടത്തുന്നത്. ഫാലോപ്യന്‍ ടൂബുകളില്‍ എന്തെങ്കിലും തടസ്സങ്ങളുണ്ടോ എന്നും അവ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്നും ഡോക്ടര്‍മാര്‍ പരിശോധിക്കും. കൃത്യമായ ദൃശ്യങ്ങള്‍ ലഭിക്കുന്നതിനാല്‍ ഒരു കോണ്‍ട്രാസ്‌റ്റ് ഏജന്റും ഫാലോപ്യന്‍ ടൂബിലേക്ക് കുത്തിവയ്‌ക്കും.
4. ബീജത്തിന്റെ നിലവാരനിര്‍ണ്ണയം
ബീജത്തിന്റെ ആകൃതി, ചലനക്ഷമത, സാന്ദ്രത എന്നിവയും ഐ.വി.എഫിന് മുന്‍പായി പരിശോധിക്കപ്പെടും. പുരുഷ വന്ധ്യത കണ്ടെത്തിയാല്‍ ഏറ്റവും ആരോഗ്യമുള്ളതും കാര്യക്ഷമമായതുമായ ബീജം ഐ.വി.എഫിന് ഉപയോഗിക്കാന്‍ പ്രത്യേക ചികിത്സകള്‍ നടത്തും.
5. പ്രോലാക്ടിന്‍ ടെസ്‌റ്റ്
മുലപ്പാല്‍ ഉത്‌പാദനവും പ്രത്യുത്‌പാദനവുമായി ബന്ധപ്പെട്ട ഹോര്‍മോണുകളുടെ തോതും വിലയിരുത്തേണ്ടത് അത്യാവശ്യമാണ്. പ്രോലാക്ടിന്റെ ഉയര്‍ന്ന തോത് ഗര്‍ഭധാരണത്തെ തടസ്സപ്പെടുത്തും. ഓരോ സ്‌ത്രീക്കും അനുയോജ്യമായ ചികിത്സ പദ്ധതി നിര്‍ണ്ണയിക്കാന്‍ ഈ പരിശോധന ഡോക്ടര്‍മാരെ സഹായിക്കും.
6. തൈറോയ്‌ഡ് പ്രവര്‍ത്തനം
തൈറോയ്‌ഡ് പ്രവര്‍ത്തനത്തിലെ താളപ്പിഴകള്‍ പ്രത്യുത്‌പാദനശേഷിയെ ബാധിക്കാം. ഇതിനാല്‍ തൈറോയ്‌ഡ് പ്രവര്‍ത്തനവും ടിഎസ്‌എച്ച്, ഫ്രീ ടി3, ഫ്രീ ടി4 പോലുള്ള തൈറോയ്‌ഡ് ഹോര്‍മോണുകളുടെ തോതും ഡോക്ടര്‍മാര്‍ ഐ.വി.എഫിന് മുന്‍പ് പരിശോധിക്കും.
7. എച്ച്‌ഐവി പോലുള്ള രോഗങ്ങള്‍ക്കുള്ള പരിശോധന
എച്ച്‌ഐവി, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, സിഫിലിസ്, ക്ലമീഡിയ, റൂബെല്ല, വാരിസെല്ല പോലുള്ള രോഗങ്ങള്‍ക്കായുള്ള പരിശോധനയും ഐ.വി.എഫിന് മുന്‍പ് നടത്തും. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം ഉറപ്പാക്കുന്നതിനായാണ് ഇത്.
8. രക്ത പരിശോധനകള്‍
സിബിസി, എഫ്‌ബിഎസ്, പിപിബിഎസ്, എസ്.ക്രിയാറ്റിന്‍, രക്ത ഗ്രൂപ്പ് തുടങ്ങിയ രക്തപരിശോധനകളും മൂത്ര പരിശോധനയും ഐ.വി.എഫിന് മുന്‍പ് നടത്താറുണ്ട്. മാതാപിതാക്കളുടെ പൊതുവേയുള്ള ആരോഗ്യ നിര്‍ണ്ണയത്തിനാണ് ഇത്.
9. മോക്ക് എംബ്രിയോ ട്രാന്‍സ്‌ഫര്‍
ഐ.വി.എഫ് പ്രക്രിയയോടുള്ള ശരീരത്തിന്റെ പ്രതികരണം മനസ്സിലാക്കുന്നതിനായി ശരിക്കുള്ള ഭ്രൂണം വയ്‌ക്കും മുന്‍പ് ഒരു മോക്ക് എംബ്രിയോ ട്രാന്‍സ്‌ഫര്‍ ചില കേസുകളില്‍ നടത്താറുണ്ട്. ഇതൊരു ഓപ്‌ഷണല്‍ പ്രക്രിയയാണ്.
10. ജനിതക പരിശോധന
കാര്യോടൈപിങ്, കരിയര്‍ സ്‌ക്രീനിങ് പോലുള്ള പരിശോധനകള്‍ വഴി ജനിതകപരമായ അസ്വാഭാവികതകള്‍ കണ്ടെത്തുന്നതും ഭാവിയിലെ കുഞ്ഞിന്റെ ആരോഗ്യം ഉറപ്പാക്കാന്‍ സഹായിക്കും.
ഐ.വി.എഫ് പ്രക്രിയയുടെ വിജയസാധ്യത വര്‍ധിപ്പിക്കാനായാണ് ഈ പരിശോധനകള്‍ നടത്തുന്നത്. ഈ പരിശോധനാ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ വേറെയും ചില പരിശോധനകള്‍ നിര്‍ദ്ദേശിക്കപ്പെട്ടെക്കാമെന്നും ഡോ. സൗമ്യ കൂട്ടിച്ചേര്‍ത്തു.
സ്ത്രീകൾ ചെയ്യേണ്ട വ്യായാമങ്ങൾ: വിഡിയോ