വെയിലില്‍ നിന്ന് സംരക്ഷണം വേണ്ടേ? ആരോഗ്യമുള്ള ചർമത്തിന് സൺസ്ക്രീൻ ഇങ്ങനെ തിരഞ്ഞെടുക്കാം
Mail This Article
കനത്ത വേനലില്‍ നിന്ന് സംരക്ഷണത്തിന് നേരിട്ട് വെയില്‍ കൊള്ളുന്നത് പരമാവധി ഒഴിവാക്കണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം. പക്ഷേ, ജോലിക്കും പഠനത്തിനും മറ്റാവശ്യങ്ങള്‍ക്കുമായിട്ട് പലര്‍ക്കും പുറത്തിറങ്ങാതെ വയ്യ താനും. ഇത്തരം സന്ദര്‍ഭങ്ങളില്‍ പുറത്ത് വെയിലത്തേക്കിറങ്ങുന്നവര്‍ നിര്‍ബന്ധമായും ഉപയോഗിക്കേണ്ട ഒന്നാണ് സണ്‍സ്‌ക്രീന്‍.
സൂര്യന്റെ അത്യന്തം ഹാനികരങ്ങളായ രശ്‌മികളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കാന്‍ സണ്‍സ്‌ക്രീന്‍ സഹായിക്കും. വെയിലേറ്റുള്ള പൊള്ളല്‍, അകാലത്തില്‍ ചര്‍മ്മത്തിന് പ്രായമാകല്‍, ചര്‍മ്മ അര്‍ബുദം പോലുള്ള പ്രശ്‌നങ്ങളെ ഒഴിവാക്കാനും സണ്‍സ്‌ക്രീന്‍ നല്ലതാണ്. എന്നാല്‍ വിപണിയില്‍ പല കമ്പനികളുടെ വ്യത്യസ്‌തമായ സണ്‍സ്‌ക്രീന്‍ ഉത്‌പന്നങ്ങള്‍ ലഭ്യമായതിനാല്‍ ഏത് വാങ്ങണമെന്ന് പലര്‍ക്കും ആശയക്കുഴപ്പം ഉണ്ടാകാറുണ്ട്.
സണ്‍സ്‌ക്രീന്‍ വാങ്ങുമ്പോള്‍ ഏറ്റവുമധികം ശ്രദ്ധിക്കേണ്ട കാര്യമാണ് അതിന്റെ എസ് പി എഫ് അഥവാ സണ്‍ പ്രൊട്ടക്ഷന്‍ ഫാക്ടര്‍. അള്‍ട്രാ വയലറ്റ് ബി രശ്‌മികളില്‍ നിന്ന് ചര്‍മ്മത്തെ എത്ര നേരത്തേക്ക് സംരക്ഷിക്കാന്‍ കഴിയുമെന്നതിന്റെ അടയാളപ്പെടുത്തലാണ് എസ്‌പിഎഫ്. എസ്‌പിഎഫ് 30 ഉള്ള സണ്‍സ്‌ക്രീന്‍ പുറത്തെ വെയിലില്‍ സണ്‍ ബേണ്‍ വരാതെ 300 മിനിട്ടത്തേക്കെങ്കിലും ചര്‍മ്മത്തെ സംരക്ഷിക്കുമെന്ന് കരുതപ്പെടുന്നു.
എസ്‌പിഎഫ് കുറഞ്ഞത് 30 എങ്കിലുമുള്ള സണ്‍സ്‌ക്രീന്‍ തിരഞ്ഞെടുക്കുന്നതാണ് അഭികാമ്യമെന്ന് ചര്‍മ്മ രോഗ വിദഗ്‌ധര്‍ പറയുന്നു. ചില സണ്‍സ്‌ക്രീനുകളില്‍ എസ്‌പിഎഫിന് പുറമേ ++ ചിഹ്നങ്ങളും കാണപ്പെടാറുണ്ട്. അള്‍ട്രാവയലറ്റ് ബി, അള്‍ട്രാവയലറ്റ് എ രശ്‌മികളില്‍ നിന്നെല്ലാം അവയ്‌ക്ക് സംരക്ഷണം നല്‍കാന്‍ സാധിക്കുമെന്നാണ് ഈ ++ചിഹ്നത്തിന്റെ അര്‍ത്ഥം. നീന്തുകയും ധാരാളം വിയര്‍ക്കുകയും ചെയ്യുന്നവര്‍ വാട്ടര്‍ റെസിസ്‌റ്റന്റ് ആയിട്ടുള്ള സണ്‍സ്‌ക്രീന്‍ തിരഞ്ഞെടുക്കാനും ശ്രദ്ധിക്കണം.
എസ്‌പിഎഫ് എത്ര ഉയര്‍ന്നതാണെങ്കിലും സണ്‍സ്‌ക്രീന്‍ ശരിയായി ഇട്ടില്ലെങ്കില്‍ ഉദ്ദേശിക്കുന്ന പ്രയോജനം ലഭിക്കില്ല. വെയിലിലേക്ക് ഇറങ്ങുന്നതിന് 15 മിനിട്ട് മുന്‍പെങ്കിലും സണ്‍സ്‌ക്രീന്‍ പുരട്ടണം. എങ്കില്‍ മാത്രമേ ശരീരത്തിന് അത് വലിച്ചെടുത്ത് സംരക്ഷണം നല്‍കാന്‍ സാധിക്കുള്ളൂ. ഒരു ഔണ്‍സ് സണ്‍സ്‌ക്രീനെങ്കിലും മുതിര്‍ന്നയൊരാള്‍ക്ക് ആവശ്യമാണ്. ശരീരത്തില്‍ വസ്‌ത്രം കൊണ്ട് മറയ്‌ക്കാന്‍ സാധിക്കാത്ത ഇടങ്ങളില്‍ ഇത് പുരട്ടേണ്ടതാണ്. കഴുത്ത്, മുഖം, ചെവി, കൈകള്‍ എന്നിങ്ങനെ ആവശ്യമുള്ളയിടത്തെല്ലാം സണ്‍സ്‌ക്രീന്‍ പുരട്ടണം. തുടര്‍ച്ചയായി വെയിലത്ത് നില്‍ക്കേണ്ടി വരുന്നവര്‍ ഓരോ രണ്ട് മണിക്കൂര്‍ കൂടുമ്പോഴും സണ്‍സ്‌ക്രീന്‍ വീണ്ടും തേയ്‌ക്കേണ്ടതാണ്.
ഓര്‍ക്കുക, വെയിലില്‍ നിന്ന് സംരക്ഷണത്തിന് സണ്‍സ്‌ക്രീനിനെ മാത്രം ആശ്രയിക്കരുത്. തൊപ്പി, കണ്ണുകളുടെ സംരക്ഷണത്തിന് സണ്‍ഗ്ലാസ്, കുട, ശരീരം മൂടുന്ന വസ്‌ത്രങ്ങള്‍ എന്നിവയും ഇക്കാര്യത്തില്‍ സഹായകമാണ്.
കുടവയർ കുറയ്ക്കാൻ മൂന്ന് വഴികൾ: വിഡിയോ