സ്ത്രീകളിൽ എൻഡോമെട്രിയോസിസ് കൂടുന്നു; ലക്ഷണവും ചികിത്സയും അറിയാം

Mail This Article
സ്ത്രീകളിൽ എൻഡോമെട്രിയോസിസ് കേസുകൾ ഗണ്യമായി വർധിക്കുന്നു. 20 നും 40 നും വയസ്സിനിടയിലുള്ള സ്ത്രീകളിലാണ് ഈ രോഗാവസ്ഥ കൂടുതലായി കാണപ്പെടുന്നത്. രോഗത്തിന്റെ തീവ്രതയും വന്ധ്യതയ്ക്കുളള സാധ്യതകളും കുറയ്ക്കുന്നതിന് കൃതൃമായ ഇടപെടലും അവബോധവും കൊണ്ട് സാധിക്കുന്നതാണ്. ആരോഗ്യകരമായ ജീവിതശൈലി, കൃത്യസമയത്തുള്ള രോഗനിർണയം, ചികിത്സ എന്നിവ കൊണ്ട് ഈ രോഗാവസ്ഥയെ വേഗം മറികടക്കുവാൻ സാധിക്കുന്നതാണ്.
സ്ത്രീകളിൽ എൻഡോമെട്രിയോസിസ് കേസുകളിൽ 10 ശതമാനം വർധനവുണ്ട്. പ്രതിമാസം 10 സ്ത്രീകളിൽ ഒരാൾക്ക് ഈ അവസ്ഥ കണ്ടെത്തുന്നു. വൈകാതെയുള്ള ഇടപെടലും ബോധവൽക്കരണവും വേദന നിറഞ്ഞ ഈ അവസ്ഥയുമായി ബന്ധപ്പെട്ട സങ്കീർണതകൾ കുറയ്ക്കാൻ സഹായിക്കും. വർഷങ്ങളായി പലപ്പോഴും രോഗനിർണയം നടത്താതെ പോകുന്ന എൻഡോമെട്രിയോസിസ്, ചികിത്സിച്ചില്ലെങ്കിൽ സ്ത്രീകളുടെ ജീവിത നിലവാരത്തെയും പ്രത്യുൽപാദനക്ഷമതയെയും സാരമായി ബാധിക്കുമെന്ന് ഗൈനക്കോളജിസ്റ്റ് ഡോ. പൂജ മാധവ് പറഞ്ഞതായി എക്കണോമിക് ടൈസ് റിപ്പോർട്ട് ചെയ്യുന്നു.
എന്താണ് എൻഡോമെട്രിയോസിസ്
ഗർഭാശയത്തിന്റെ ഉള്ളിലെ പാടയാണ് എൻഡോമെട്രിയം. ഗർഭധാരണം നടക്കാത്ത മാസങ്ങളിൽ ആർത്തവരക്തത്തോടൊപ്പം എൻഡോമെട്രിയം അടർന്നുപോകും. അടുത്ത ആർത്തവസമയത്ത് ഹോർമോണുകളുടെ സഹായത്തോടെ പുതിയ ഉൾപ്പാട ഗർഭപാത്രത്തിൽ രൂപപ്പെടുകയും ചെയ്യും. എന്നാൽ ചിലപ്പോൾ ഗർഭപാത്രത്തിലല്ലാതെ മറ്റ് ശരീരഭാഗങ്ങളിൽ എൻഡോമെട്രിയം കോശങ്ങൾ വളരാം. ഗർഭാശയ പാളിക്ക് സമാനമായ ടിഷ്യു ഗർഭായശയത്തിന് പുറത്ത്, സാധാരണയായി അണ്ഡാശയങ്ങൾ, ഫാലോപിയൻ ട്യൂബുകൾ അല്ലെങ്കിൽ പെൽവിക് ലൈനിംഗിൽ വളരുമ്പോളാണ് എൻഡോമെട്രിയോസിസ് എന്ന അവസ്ഥ ഉണ്ടാകുന്നത്. ഈ ടിഷ്യു ഹോർമോൺ മാറ്റങ്ങളോട് പ്രതികരിക്കുകയും വേദന, വീക്കം, പാടുകൾ എന്നിവയ്ക്ക് കാരണമാകുകയും ചെയ്യുന്നു.

ലക്ഷണങ്ങൾ
എൻഡോമെട്രിയോസിസിന്റെ പ്രധാന ലക്ഷണങ്ങൾ കഠിനമായ പെൽവിക് വേദന, വേദനാജനകമായ ആർത്തവം, ക്ഷീണം, ചില കേസുകളിൽ വന്ധ്യത എന്നിവയാണ്. സാധാരണയായി ആർത്തവത്തിന് മുൻപുള്ള ദിവസങ്ങളിലും ആർത്തവത്തോട് അനുബന്ധിച്ചും ഉണ്ടാകുന്ന കഠിനമായ വയറുവേദന (ഡിസ്മെനോറിയ) 80- 90 ശതമാനം സ്ത്രീകളിലും കാണപ്പെടാറുണ്ട്. ആർത്തവത്തിന്റെ ആദ്യത്തെ ദിവസം ശക്തമായ വേദനയും പിന്നീടുള്ള ദിവസങ്ങളിൽ വേദന കുറഞ്ഞുവന്ന് പതുക്കെ ഇല്ലാതാവുകയുമാണ് ചെയ്യുക. എന്നാൽ എൻഡോമെട്രിയോസിസിന്റെ വേദന അല്പം വ്യത്യാസമുള്ളതാണ്. സെക്കൻഡറി ഡിമെനോറിയ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.
ആർത്തവത്തിന് ദിവസങ്ങൾക്ക് മുൻപ് വേദന തുടങ്ങുകയും ഓരോ ദിവസവും വേദനയുടെ കാഠിന്യം കൂടുകയും ചെയ്യും. ലൈംഗികബന്ധ സമയത്ത് ഉണ്ടാകുന്ന വേദന, വന്ധ്യത, സ്ഥിരമായുള്ള അടിവയർ വേദന എന്നിവയൊക്കെ എൻഡോമെട്രിയോസിസിന്റെ ലക്ഷണങ്ങളാണ്. ആർത്തവസമയത്തെ മലബന്ധം, മല–മൂത്രവിസർജന സമയത്ത് ശക്തമായ വേദന, മൂത്രത്തിൽ രക്തം എന്നിവയും കാണാറുണ്ട്. ഗർഭപാത്രത്തിന്റെ എൻഡോമെട്രിയൽ കോശങ്ങൾ എവിടെയാണോ രൂപപ്പെടുന്നത് ആ അവയവത്തെയാണ് രോഗം ബാധിക്കുക. അതിനാൽതന്നെ ലക്ഷണങ്ങൾ കാണുന്നതും അത്തരത്തിലായിരിക്കും. ഇത്തരം അവസ്ഥ സ്ത്രീകളിൽ ഉത്കണ്ഠ, സമ്മർദ്ദം, മാനസികാവസ്ഥയിലെ മാറ്റങ്ങൾ, വിഷാദം എന്നിവയിലേക്ക് പോലും നയിച്ചേക്കാം. എൻഡോമെട്രിയോസിസ് പ്രത്യുത്പാദന അവയവങ്ങളെ നശിപ്പിച്ച് സ്ത്രീകളുടെ പ്രതൃുൽപാദന ശേഷിക്ക് ദോഷം വരുത്തും. ഈ മാറ്റങ്ങൾ അണ്ഡോത്പാദനം, ബീജസങ്കലനം അല്ലെങ്കിൽ ഗർഭപാത്രത്തിൽ ഭ്രൂണത്തെ സ്ഥാപിക്കൽ എന്നിവയിൽ സങ്കീർണതകൾ സൃഷ്ടിക്കാനും സാധൃതയുണ്ട്. സ്ത്രീകളുടെ ശരീരത്തിൽ അമിതമായി ഈസ്ട്രജൻ ഹോർമോൺ കൂടുന്നതും ഈ അവസ്ഥയിലേക്ക് നയിക്കും
ചികിൽസ
ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുന്നത് രോഗത്തെ നിയന്ത്രിക്കുവാൻ സഹായകമാകും. വ്യക്തിശുചിത്വം പാലിക്കുക, പതിവായി വ്യായാമം ചെയ്യുക, സമീകൃത ആഹാരം കഴിക്കുക, മാനസിക സമ്മർദ്ദം നിയന്ത്രിക്കുക, പതിവായ ആരോഗ്യ പരിശോധനകൾക്ക് പോകുക തുടങ്ങിയ ശീലങ്ങൾ അതിൽ ഉൾപ്പെടുന്നു. രോഗത്തിന്റെ തീവ്രതയെയും രോഗലക്ഷണങ്ങളെയും രോഗിയുടെ പ്രായത്തെയും ആശ്രയിച്ചാണ് സാധാരണയായി ചികിത്സ. വേദനസംഹാരി ഉപയോഗിച്ച് വേദനകുറച്ച് ലാപ്രോസ്കോപ്പി വഴി എൻഡോമെട്രിയോസിസ് കോശങ്ങളെ നീക്കം ചെയ്യാം. ചിലർക്ക് ഹോർമോൺ ചികിത്സ ആവശ്യമായി വരാറുണ്ട്. മരുന്നുകൾ ഉപയോഗിച്ച് ആർത്തവദിനത്തിൽ വരുന്ന വേദന ലഘൂകരിക്കുന്ന ചികിത്സാരീതികളുണ്ട്.നേരത്തേ തന്നെ സൂചിപ്പിച്ചതുപോലെ ലാപ്രോസ്കോപ്പിയുടെ സഹായത്തോടെ എൻഡോമെട്രിയോസിസ് ബാധിച്ച ഭാഗങ്ങൾ നീക്കം ചെയ്യുകയോ കരിച്ചുകളയുകയോ ചെയ്യും. ഭൂരിഭാഗം വ്യക്തികളിലും വന്ധ്യതയ്ക്ക് കാരണം ഇത്തരം തടസ്സങ്ങളാണ്. അതിസങ്കീർണ്ണമായ ചില രോഗികളിൽ, പ്രസവം നിർത്തിയതിനു ശേഷം ശസ്ത്രക്രിയയിലൂടെ എൻഡോമെട്രിയോസിസ് ബാധിച്ച അണ്ഡാശയവും ഗർഭാശയവും പരിപൂർണ്ണമായി നീക്കം ചെയ്യേണ്ടതായും വരാറുണ്ട്.