72000 കിലോമീറ്റർ; ലോകത്തിൽ ഏറ്റവും യാത്രചെയ്ത വീട് ഇതാകാം!
Mail This Article
രണ്ടര കൊല്ലമായി അമേരിക്ക ചുറ്റിക്കണ്ട് ലോകത്തിലെ തന്നെ ഏറ്റവും 'യാത്രചെയ്ത വീട്' എന്ന പ്രത്യേകപദവി സ്വന്തമാക്കിയിരിക്കുകയാണ് അലക്സിസിന്റെയും ക്രിസ്റ്റ്യന്റെയും ഈ ചെറിയ-വലിയ വീട്..സാഹസികതയും ലളിതജീവിതവും ഇഷ്ടപ്പെടുന്ന ഈ ദമ്പതികൾ അതിനുള്ള മാർഗ്ഗമെന്നോണമാണ് സഞ്ചരിക്കുന്ന ഈ വീട് ഉണ്ടാക്കിയെടുത്തത്. 9 മാസം എടുത്താണ് നിർമ്മാണം പൂർത്തിയായത്.
സാധാരണ സഞ്ചാരികൾ വാഹനത്തിനുള്ളിൽ അന്തിയുറങ്ങാൻ സാധിക്കുന്ന വിധത്തിൽ ക്യാബിനുകൾ ഒരുക്കുമെങ്കിലും എല്ലാ സൗകര്യങ്ങളും ഉൾപ്പെടുത്തി ഒരു വീടുതന്നെ കൂടെ കൊണ്ടു നടക്കുന്നവർ അപൂർവ്വമാണ്.130 ചതുരശ്ര അടിയാണ് ഈ കുഞ്ഞൻ വീടിന്റെ ആകെ വിസ്തീർണ്ണം. ക്രിസ്റ്റ്യൻ തന്നെയാണ് വീടിൻറെ രൂപകല്പനയും നിർമ്മാണവും വഹിച്ചത്.
സാധാരണ വീട് പോലെ തന്നെ അടുക്കളയും കിടപ്പുമുറികളും ലിവിങ് ഏരിയയും ബാത്റൂമുമെല്ലാം സഞ്ചരിക്കുന്ന വീടിനുള്ളിൽ ഒരുക്കിയിട്ടുണ്ട്. ഏറ്റവും മുൻഭാഗത്തായി ഒരു സിറ്റൗട്ടും ഒരുക്കിയിരിക്കുന്നു. ഒരിഞ്ചു പോലും പാഴാക്കാതെ പരമാവധി ഉപയോഗപ്പെടുത്തിയാണ് രൂപകല്പന. ഉദാഹരണത്തിന് തുണികൾ വയ്ക്കാൻ ഉപയോഗിക്കുന്ന അലമാര ഒരു സ്റ്റെയർകെയ്സ് കൂടിയാണ്. അതേപോലെ പോലെ ഇരിക്കാൻ ഒരുക്കിയിരിക്കുന്ന ബെഞ്ച് ബുക്ക് ഷെൽഫായും ഉപയോഗപ്പെടുത്തുന്നു.
പ്രധാന കിടപ്പ് മുറിയൽ ക്വീൻ സൈസ് ബെഡാണ് ഉള്ളത്. മകനുള്ള കിടപ്പുമുറിയിൽ മടക്കിവെക്കാവുന്ന ഒരു ഫോം ബെഡും ഡെസ്ക്കും ടോയ് ബാസ്ക്കറ്റും ഒരുക്കിയിരിക്കുന്നു. കളിപ്പാട്ടങ്ങൾ കിടപ്പുമുറിയിലേക്കും താഴെ ലിവിങ് ഏരിയയിലേക്കും ഉയർത്തുകയും താഴ്ത്തുകയും ചെയ്യാവുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.
അടുക്കളയിലും മറ്റും ഒരു സമയം ഒരാൾക്ക് മാത്രമേ നിൽക്കാനാവൂ എന്നതിനാൽ കുറച്ച് അഡ്ജസ്റ്റ് ചെയ്യേണ്ടി വരുമെന്നത് ഒഴിച്ചാൽ ഈ വീട്ടിലെ ജീവിതം തങ്ങൾക്ക് ഏറ്റവും സൗകര്യപ്രദമാണെന്ന് ഈ കുടുംബം പറയുന്നു. അമേരിക്കയിലെ 36 സംസ്ഥാനങ്ങളും ഒരു കനേഡിയൻ പ്രൊവിൻസും ഈ കുഞ്ഞൻ വീട്ടിൽ യാത്ര ചെയ്ത് കുടുംബം കണ്ടുകഴിഞ്ഞു.
English Summary- House on Wheels; Most Travelled House