ADVERTISEMENT

സോഫ ചില്ലറക്കാരനല്ല. കാരണം, വീട്ടിലേക്ക് കാലെടുത്തു വയ്ക്കുമ്പോൾ ആദ്യം കണ്ണിൽ പെടുന്നത് കക്ഷിയെയാണ്. ലിവിങ് റൂമിന് അഴകും വ്യക്തിത്വവുമേകുന്നതിൽ പ്രധാനി സോഫ (Sofa)  തന്നെ. അതുകൊണ്ടാണ് സോഫ തിരഞ്ഞെടുക്കുന്നതിൽ ഏവരും അതീവ ശ്രദ്ധ പുലർത്തുന്നത്.

 

അസിമട്രിക്കൽ ട്രെൻഡ്

 

മറ്റാർക്കുമില്ലാത്തതും ഇന്റീരിയറിന്റെ തീമിനിണങ്ങുന്നതുമായ സോഫ പണിയിക്കുന്നതാണ് ട്രെൻഡ്. മുറിയുടെ വലുപ്പത്തിനനുസരിച്ച് സോഫ പണിയാം എന്ന ഗുണവുമുണ്ട്. കടക്കാരും ആവശ്യാനുസരണം സോഫ കസ്റ്റംമെയ്ഡ് ചെയ്തു നൽകാറുണ്ട്. അസിമട്രിക്കൽ സോഫയാണ് ഇപ്പോൾ ട്രെൻഡ്. അതായത് 3+2+1 സീറ്റർ എന്നൊന്നും കൃത്യമായി നിർവചിക്കാൻ സാധിക്കാത്ത തരം സോഫകളാണ് ഇവ. കൃത്യമായ ആകൃതിക്കുള്ളിൽ ഇവയെ തളച്ചിടാനുമാവില്ല. ബാക്റെസ്റ്റ് ഇല്ലാത്ത സോഫകളും എത്തിത്തുടങ്ങിയിട്ടുണ്ട്.

Stylish room interior with comfortable furniture and plant near beige wall
Representative Image. Photo Credit : New Africa / Shutterstock.com

 

അപ്ഹോൾസ്റ്ററി രണ്ടുതരത്തിൽ

 

കവേഡ് (covered), ലൂസ് (loose) എന്നിങ്ങനെ രണ്ടുതരം അപ്ഹോൾസ്റ്ററി ചെയ്യാം. കവേഡ് അപ്ഹോൾസ്റ്ററിയിൽ സോഫയുടെയും കസേരയുടെയും കാലു മാത്രം കാണുന്ന രീതിയിൽ ബാക്കി ഭാഗങ്ങളെല്ലാം മൂടിയാണ് അപ്ഹോൾസ്റ്ററി ചെയ്യുക. അപ്ഹോൾസ്റ്ററി സോഫയോട് ചേർത്തു പിടിപ്പിച്ചിരിക്കുന്നതിനാൽ എടുത്തുമാറ്റാൻ സാധിക്കില്ല. കവേഡ് അപ്ഹോൾസ്റ്ററിയിൽ തടിക്കു പ്രാധാന്യമില്ലാത്തതിനാൽ തേക്കുപോലെ നല്ല തടി ഉപയോഗിക്കേണ്ട ആവശ്യമില്ല. ലൂസ് അപ്ഹോൾസ്റ്ററിയിൽ തടിക്കാണു പ്രധാന്യം. സീറ്റും കുഷനുകളുമെല്ലാം പ്രത്യേകം എടുത്തുമാറ്റാൻ സാധിക്കുന്ന രീതിയിലുള്ള ലൂസ് കുഷനുകളായിരിക്കും. തടിക്കു പ്രാധാന്യമുള്ളതിനാൽ നല്ല തടി ഉപയോഗിക്കണം. ലൂസ് അപ്ഹോൾസ്റ്ററി ചെയ്യാൻ കവേഡ് അപ്ഹോൾസ്റ്ററിയെക്കാൾ കുറച്ചു സമയം മതി. കവേഡ് അപ്ഹോൾസ്റ്ററിയെക്കാൾ ലൂസ് അപ്ഹോൾസ്റ്ററിയാണ് വൃത്തിയാക്കാൻ എളുപ്പം. കവർ ഊരിമാറ്റാവുന്ന വിധത്തിൽ തയ്പ്പിച്ചാൽ വൃത്തിയാക്കാൻ കൂടുതൽ എളുപ്പമായി.

 

സോഫയുടെ അഴകളവുകൾ

 

ഇരിക്കുമ്പോൾ കാൽ നിലത്തു കുത്താൻ പറ്റണം. ചാരിയിരിക്കുമ്പോൾ സുഖപ്രദമാകണം. സീറ്റും ഹെഡ്റെസ്റ്റും തമ്മിലുള്ള ചരിവ് കൃത്യമായാലേ ഇരിക്കാൻ സുഖമുണ്ടാകൂ. ഏഴ്–15 ഡിഗ്രി വരെ ചരിവാണ് വേണ്ടത്. 10 ഡിഗ്രിയാണ് സാധാരണഗതിയിൽ അനുയോജ്യം. താഴെനിന്നും ഇരിപ്പിടത്തിലേക്കുള്ള ഉയരം 38–45 സെമീ വേണം.

 

ചെറിയ കുടുംബത്തിന്

 

3+1+1 രീതിയിലുള്ള ക്രമീകരണമാണ് ചെറിയ കുടുംബത്തിന് യോജിച്ചത്. മൂന്നുപേർക്കിരിക്കാവുന്ന ഒരു ത്രീ സീറ്ററും ഓരോരുത്തർക്കിരിക്കാവുന്ന രണ്ട് സിംഗിളുകളുമാണ് ഇതിലുള്ളത്. ത്രീ സീറ്ററിൽ മൂന്നായി പകുത്ത് സീറ്റ് ഇടുന്നതിനു പകരം അതേ വലുപ്പത്തിൽ രണ്ടായി പകുത്താണ് ഇപ്പോൾ സീറ്റ് ഇടുന്നത്. കൂടുതൽ സ്ഥലം ലഭിക്കുമെന്നതാണ് പ്രയോജനം.

 

ചില ലെതർ കാര്യങ്ങൾ

 

സോഫാ വിപണിയിലെ വില കൂടിയ താരങ്ങളാണ് ലെതർ സോഫകൾ. വിന്റേജ്, മൊണ്ടാന തുടങ്ങി പല ടെക്സ്ചറിലുള്ള ലെതർ ലഭ്യമാണ്. യഥാർഥ ലെതർ കൊണ്ടുള്ള സോഫ വെള്ളം ഉപയോഗിച്ചു തുടച്ചാലും കുഴപ്പമില്ല. ലെതർ സോഫ വാങ്ങുമ്പോൾ കാഴ്ചയിൽ ലെതർ പോലുള്ള റെക്സിൻ ആണോ എന്നു ശ്രദ്ധിക്കണം. റെക്സിൻ സോഫകളും വിപണിയിൽ സുലഭമാണ്. ചൂടു കൂടുതലാണ് എന്നതാണ് ഇതിന്റെ പോരായ്മ. പല നിലവാരത്തിലുള്ള ലെതർ ലഭ്യമാണ്. അതിനാൽ ലെതറിന്റെ ഗുണനിലവാരം ഉറപ്പാക്കുക. ആർട്ടിഫിഷ്യൽ ലെതർ സോഫകളും ഉണ്ട്. അവ വൃത്തിയാക്കാൻ ഷാംപൂ വാഷ് ചെയ്യാം.

 

ഇരിക്കാം, കിടക്കാം

 

ഒരുഭാഗം നീണ്ട ‘എൽ’ ആകൃതിയിലുള്ള സോഫകൾക്ക് ആരാധകരേറെയാണ്. ഇവ കൂടുതലും ഫാമിലി ലിവിങ്ങിലേക്കാണ് ഇണങ്ങുന്നത്. ടിവി കാണാനും വിശ്രമിക്കാനുമൊക്കെയായി കിടക്കുകയും ചെയ്യാം എന്നതാണ് മെച്ചം.

 

ചെറിയ സ്ഥലത്തേക്ക്

 

സ്ഥലം കുറവുള്ള വീടുകളിൽ മുഴുവനായി അപ്ഹോൾസ്റ്ററി ചെയ്ത സോഫ അത്രയ്ക്കു ചേരില്ല. അവ കൂടുതൽ സ്ഥലം കളയുമെന്ന പ്രതീതിയുണ്ടാക്കും. സ്ഥലം കുറവാണെങ്കിൽ കൈപ്പിടി, കാലുകൾ എന്നിവയുടെ തടിഭാഗം പുറത്തേക്കു കാണുന്നതാണു നല്ലത്. ഫ്ലാറ്റ് പോലെ പരിമിതമായ സ്ഥലമുള്ളയിടങ്ങളിൽ ‘എൽ’ ആകൃതിയിലുള്ള സോഫ നല്ലതാണ്. ഒറ്റ യൂണിറ്റായി ലഭിക്കുന്ന ഇവ വേർപെടുത്തി ഉപയോഗിക്കാനും സാധിക്കും.

ബജറ്റ് വീടുകളുടെ വിഡിയോ കാണാം

 

Content Summary : Things you need to consider before buying sofa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com