ഏത് ആശയത്തിനും പറ്റിയ ഉൽപന്നങ്ങൾ റെഡി; കേരളത്തിൽ പ്രചാരമേറി ഹൗസ് റൂഫിങ് വിപണി
Mail This Article
വീടിനു മഴയിൽ നിന്നും വെയിലിൽ നിന്നുമെല്ലാം സംരക്ഷണം നൽകുന്ന കുടയാണ് റൂഫിങ്. വീടിന്റെ ഭംഗിയെ ബാധിക്കാതെ, ചെലവു ചുരുക്കി, മികച്ച മെറ്റീരിയലിൽ, ട്രെൻഡിനനുസരിച്ച് റൂഫിങ് ചെയ്യാൻ പറ്റണം. വീട്ടുകാരുടെ ഏത് ആശയത്തിനും യോജിക്കുന്ന റൂഫ് മെറ്റീരിയൽ ഇന്നു ലഭ്യമാണ്.
ചൂടു കുറയ്ക്കാൻ മാത്രമല്ല, റൂഫിനെ വീടിന്റെ യൂട്ടിലിറ്റി ഏരിയയായി മാറ്റുന്ന രീതിയാണു കണ്ടു വരുന്നത്. ജിം, റീഡിങ് പഴ്സനൽ സ്പേസ്, കുട്ടികൾക്കുള്ള പ്ലേ ഏരിയ, പെറ്റ്സിനുള്ള ഏരിയ അങ്ങനെ സ്പേസ് മാനേജ് ചെയ്ത് പല ആവശ്യങ്ങൾക്കു വേണ്ടി റൂഫിങ് ചെയ്യാം.
അലൂമിനിയം ഷീറ്റു കൊണ്ടോ ആസ്ബറ്റോസ് കൊണ്ടോ മാത്രം ചെയ്തിരുന്ന റൂഫിങ് രംഗത്തേക്ക് ഇന്നു പുതുമയുള്ള മെറ്റീരിയലുകൾ വന്നിരിക്കുന്നു. തീക്ഷ്ണമായ കാലാവസ്ഥയെ, പ്രത്യേകിച്ച് കാറ്റിനെ പ്രതിരോധിക്കാൻ കഴിയുന്ന ചൂട് അനുഭവപ്പെടാത്ത മെറ്റീരിയലുകളാണ് ആളുകൾ നോക്കുന്നത്. ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ മാത്രം തിരഞ്ഞെടുക്കുക.
അന്തരീക്ഷം ഊഷ്മളമാക്കുന്ന, ചൂടിലും കുളിർമ നൽകുന്ന ക്ലേ ടൈലുകൾ മുതൽ മെറ്റൽ റൂഫിങ് മെറ്റീരിയല്‍ വരെ റൂഫിങ്ങിനായി ലഭ്യമാണ്. സെറാമിക് ഓടുകൾ, ഷിംഗിൾസ്, മെറ്റാലിക് ഷീറ്റുകൾ എല്ലാക്കാലത്തും ഡിമാൻഡുള്ളവയാണ്.
മരങ്ങൾ ഏറെയുള്ള സ്ഥലമാണെങ്കിൽ സെറാമിക് ടൈലുകളുടെ ആയുസ്സ് അപകടത്തിലാകും. മരക്കൊമ്പുകൾ, തേങ്ങ–മാങ്ങ പോലുള്ള ഫലങ്ങൾ എന്നിവ വീഴാൻ സാധ്യതയുളള സ്ഥലമെങ്കിൽ മെറ്റാലിക് ഷീറ്റുകൾ തിരഞ്ഞെടുക്കുന്നതായിരിക്കും അഭികാമ്യം. മെറ്റാലിക് ഷീറ്റുകളാണെങ്കിൽ പോക്കറ്റില്‍ ഒതുങ്ങുമെന്ന പ്രത്യേകതയുമുണ്ട്. വേഗത്തിൽ പണി പൂർത്തിയാകുന്നതിനാൽ പണിക്കൂലിയിനത്തിൽ ലാഭം പ്രതീക്ഷിക്കാം. എന്നാൽ ശബ്ദശല്യം തീരെ പാടില്ലെങ്കിൽ മെറ്റാലിക് ഷീറ്റുകൾ ഒഴിവാക്കണം. അലുമിനിയം ഷീറ്റുകൾക്കു മഴവെള്ളം വീഴുമ്പോൾ ശബ്ദം കൂടുതലായിരിക്കും. ഗാൽവനൈസ്ഡ് അയൺ ഷീറ്റുകൾക്കാണ് ഈ വിഭാഗത്തിൽ ആവശ്യക്കാർ ഏറെ. ഭാരക്കുറവാണ് പ്രധാന ആകർഷണം.
ഷിംഗിൾസ്
ഭാരക്കുറവാണ് ഷിംഗിൾസിന്റെ മികവ്. ആസ്ഫാൾട്ട് മെറ്റീരിയലും ഫൈബറും കൂട്ടിച്ചേർത്താണ് ഷിംഗിൾസ് നിർമിക്കുന്നത്. ചൂടു തട്ടുമ്പോൾ ഷിംഗിൾസിലെ സ്റ്റിക്കിങ് കംപോണന്റ് ഉരുകി മേൽക്കൂരയിൽ ഉറയ്ക്കുന്നു. അതോടെ ഷിംഗിൾസ് മേൽക്കൂരയുടെ ഭാഗമായി മാറും. അൾട്രാവയലറ്റ് രശ്മികളെ തടയാനുള്ള കഴിവുണ്ടെന്നതു നേട്ടമാണ്. ക്ലൈമാറ്റിക് കൺട്രോൾ ഷീറ്റ് ഉപയോഗിക്കുന്നവരും ധാരാളമാണ്. മേൽക്കൂരയിലെ ഓടിനോ, മെറ്റൽ ഷീറ്റിനോ അടിയിൽ വിരിക്കുന്ന കനം കുറഞ്ഞ ഷീറ്റാണ് ക്ലൈമാറ്റിക് കൺട്രോൾ ഷീറ്റ്. പോളി പ്രൊപ്പലീന്‍, പോളി കാർബൺ തുടങ്ങിയ പദാർഥങ്ങൾ കൊണ്ടു നിർമിച്ച ഇതിനു ചൂടിനെ ഫലപ്രദമായി ചെറുക്കാനാവും.
ഉറപ്പോടെ കോൺക്രീറ്റ് ടൈലുകള്‍
ടെറാക്കോട്ട ടൈലുകൾക്ക് ഒരു അപരൻ എന്ന നിലയ്ക്കാണ് കോൺക്രീറ്റ് ടൈലുകൾ വിപണിയിൽ ഇടംപിടിച്ചിരിക്കുന്നത്. മാറ്റ്, ഗ്ലോസി ഫിനിഷുകളിൽ കോൺക്രീറ്റ് ടൈലുകൾ ലഭ്യമാണ്. റൂഫിനു മുകളിലായി പല നിറങ്ങളിൽ ഭംഗിയോടു കൂടി ഇതു ഘടിപ്പിക്കാൻ കഴിയും. ഇതു ചൂടിനെ ആഗിരണം ചെയ്യുന്നതു കൊണ്ടു വീടിനുള്ളിൽ ചൂടു കൂടാനുള്ള സാധ്യതയുണ്ട്.