വിരിച്ച ടൈലുകൾ പൊങ്ങിവരുന്നു, ചവിട്ടുമ്പോൾ ശബ്ദം കേൾക്കുന്നു: പരാതി വ്യാപകം; അബദ്ധം ഒഴിവാക്കാം

Mail This Article
നടൻ ഹരിശ്രീ അശോകന്റെ വീട്ടിൽ വിരിച്ച ടൈലുകൾ പൊങ്ങിവന്നതും പൊളിഞ്ഞതും കേസായത് വാർത്തയായിരുന്നല്ലോ. ഇത് ഒറ്റപ്പെട്ട സംഭവമല്ല, കേരളത്തിൽ പലയിടത്തും വീടുകളിൽ വിരിച്ച ടൈലുകൾ ഇളകിവരുന്നു എന്ന പരാതി ഇപ്പോൾ വ്യാപകമാണ്. പലവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടാമെങ്കിലും ടൈലുകൾ തിരഞ്ഞെടുക്കുന്നതിലെയും വിരിക്കുന്നതിലെയും അപാകതയാണ് മൂലകാരണം. അതിനാൽ ടൈൽ വിരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ പറയാം.
1. ബജറ്റ് അനുസരിച്ച് ഏത് ടൈൽ വാങ്ങിയാലും മിനിമം നിലവാരം ഉള്ളത് തിരഞ്ഞെടുക്കുക. വശങ്ങൾ ഒരേകട്ടിയും ബെൻഡ് ഇല്ലാത്തതുമായ ടൈൽ തിരഞ്ഞെടുക്കുക. ഒരേ ബാച്ച് നമ്പറിലുള്ളവ ടൈൽ തന്നെ വാങ്ങുക അല്ലെങ്കിൽ നേരിയ വ്യത്യാസങ്ങൾ ഉണ്ടായേക്കാം. ഭാവിയിലേക്കുള്ള കരുതൽ എന്ന നിലയിൽ 5% അധികം വാങ്ങി സൂക്ഷിക്കുക. അല്ലാത്തപക്ഷം പിന്നീട് ഏതെങ്കിലും ഭാഗത്ത് ടൈൽ മാറ്റേണ്ടി വന്നാൽ അതേ മോഡൽ കിട്ടണമെന്നില്ല.
2. പറ്റിയാൽ ടൈൽ ലേ ഔട്ട് (Tile Layout) വരച്ചുനോക്കി എങ്ങനെ വേസ്റ്റേജ് കുറയ്ക്കാൻ പറ്റുമെന്ന് നോക്കിയതിന് ശേഷം പണി തുടങ്ങുക. ഇതിലൂടെ ടൈൽ വിരിച്ചു കഴിയുമ്പോൾ പലയിടത്തുമുണ്ടാകുന്ന തർക്കങ്ങൾ (കട്ട് ചെയ്ത ടൈൽസ് ഇടേണ്ടത് അവിടല്ല, ഇവിടല്ലേ എന്നുതുടങ്ങിയ) ഒഴിവാക്കാം.
3. ഉപയോഗിക്കുന്നതിന് മുൻപ് രണ്ട് മണിക്കൂറെങ്കിലും ടൈൽ വെള്ളത്തിൽ കുതിർത്തു വയ്ക്കുക. വിരിക്കാൻ ഗുണനിലവാരമുള്ള സിമന്റും മണലും ഉപയോഗിക്കുക. Cement mortar, Cement അനുപാതം കൂട്ടുന്നതാണ് നല്ലത്. 10 മുതൽ 12ൽ ഒന്ന് എന്ന ക്രമത്തിൽ മതിയാകും, ഗ്രൗട്ട് (Grout) ഒഴിക്കുമ്പോൾ പാകത്തിന് ആയിക്കോളും.

4. പലയിടത്തും വിരിച്ച ടൈലുകൾ പൊങ്ങിവരുന്നു, ചവിട്ടുമ്പോൾ ശബ്ദം കേൾക്കുന്നു തുടങ്ങിയ പരാതികൾ വ്യാപകമാണ്. വിരിക്കുന്നതിലെ അപാകതയാണ് ഇതിനു പ്രധാനകാരണം. ടൈലുകൾക്ക് സ്പേസർ വച്ച് വിടവ് ഇട്ട് ചെയ്യുന്നതാണ് പൊങ്ങാതിരിക്കാൻ നല്ലത്. തറയിൽ ചെയ്യുമ്പോൾ Cement mortar അഥവാ ചാന്ത്/പരുക്കൻ നന്നായി ലെവൽ ചെയ്ത് അതിനു മുകളിൽ ലൂസ് ആയ ഗ്രൗട്ട് (grout) ഒഴിച്ച് കരണ്ടി ഉപയോഗിച്ച് അടുത്തടുത്ത് വരഞ്ഞു ടൈൽ വച്ചു നന്നായി മുട്ടി അടിയിലെ Air പോയി എന്ന് ഉറപ്പുവരുത്തണം. ഭിത്തികളോട് ചേർക്കാതെ ചെറിയ Gap ഇടാനും മണൽ നിറയ്ക്കാനും ശ്രദ്ധിക്കുക.
5. ടൈൽ ജോയിന്റഫ്രീ ആയി ചേർത്തു ചെയ്താൽ ഭിത്തിയിൽ കൊള്ളിക്കാതെ നിർത്തണം. അരികിൽ ഭിത്തിയോട് ചേർന്ന് നല്ല മണൽ ഇടുന്നതാവും നല്ലത്. എക്സ്പാൻഷൻ വരുമ്പോൾ പൊങ്ങാതിരിക്കാൻ ഇത് ഉപകരിക്കും.
6. ടൈൽ ശരിയായി ഒട്ടിയിലെങ്കിൽ മുട്ടുമ്പോൾ ഹോളൊ സൗണ്ട് കേൾക്കാം. നന്നായി വിരിച്ച ടൈലിൽനിന്ന് 'സോളിഡ് സൗണ്ട്' കേൾക്കണം എന്നാണ് പറയുക. ആ ശബ്ദം എങ്ങനെ മലയാളത്തിൽ എഴുതി ഫലിപ്പിക്കും എന്നൊരു വർണ്യത്തിൽ ആശങ്ക ഇല്ലാതില്ല!