വീടുകളിൽ പ്രചാരമേറി BLDC ഫാനുകൾ: ശരിക്കും ലാഭകരമാണോ?

Mail This Article
ഒരു വീട് വയ്ക്കുമ്പോൾ ഫാനുകൾ ആവശ്യമാണല്ലോ, ഇന്ന് നമുക്ക് മാർക്കറ്റിൽ പലതരം ഫാനുകൾ വാങ്ങാൻ കിട്ടും. അതിൽത്തന്നെ നമ്മൾ കേൾക്കുന്ന ഒരു പേരാണ് BLDC ഫാനുകൾ.
എന്താണ് BLDC ഫാനുകൾ?
Brushless Direct Current ഫാനുകൾ അഥവാ BLDC ഫാനുകൾ, ഫാനുകളിൽ മൂന്നാം തലമുറക്കാരൻ ആണ്. സാധാരണ ഫാനുകളെ അപേക്ഷിച്ചു വൈദ്യുതിയുടെ ഉപഭോഗം കുറവാണ് എന്നതാണ് ഇതിന്റെ ആകർഷണീയത. സാധാരണ നമ്മൾ ഉപയോഗിക്കുന്ന ഫാനുകളെക്കാൾ 60% വരെ വൈദ്യുതി ലാഭിക്കുന്നവയാണ് ഇവ.
BLDC ഫാനിന്റെ നല്ല വശങ്ങൾ
ആകർഷണീയമായ ഡിസൈനുകളിൽ വളരെ ഭംഗിയുള്ളവയാണ് ഈ ഫാനുകൾ. ഫാനുകൾ പ്രവർത്തിപ്പിക്കുവാൻ റിമോട്ട് കണ്ട്രോൾ ഉണ്ടാവും. ഇതിന്റെ ഏറ്റവും പ്രാധാന്യം ഉള്ള ഫീച്ചർ പവർ സേവിങ് തന്നെയാണ്. കേവലം 28 Watts മാത്രമുള്ള BLDC മോട്ടർ ആണ് ഈ ഫാനുകളിൽ ഉപയോഗിച്ചിരിക്കുന്നത്. സാധാരണ നമ്മൾ ഉപയോഗിക്കുന്ന ഇൻഡക്‌ഷൻ മോട്ടർ ഫാൻ ഏകദേശം 80 Watts ഉപയോഗിക്കുന്നിടത്താണ് BLDC ഫാനുകൾ 28 വാട്ട്സിൽ പ്രവർത്തിക്കുന്നത്. DC ബ്രഷ്ലെസ്സ് ഓപ്പറേഷനാണ് ഇവയുടെ മെയിൻ ടെക്നോളജി. സാധാരണ ഫാനുകളെ അപേക്ഷിച്ചു ഈ ഫാനുകൾക്ക് ഏകദേശം 1500 രൂപ മുതൽ 2000 രൂപ വരെ വാർഷിക ലാഭം നേടിത്തരാൻ കഴിയുന്നു.
പ്രവർത്തനത്തിന് കുറഞ്ഞ വൈദ്യുതി ചെലവ് മാത്രം ഉള്ളതിനാൽ ഇൻവെർട്ടർ ഫ്രണ്ട്‌ലിയാണ് ഈ ഫാനുകൾ. അതിനാൽതന്നെ ഇവ ഇൻവെർട്ടറിൽ കൂടുതൽ നേരം പ്രവർത്തിക്കുന്നു. സാധാരണ ഫാനുകൾ പ്രവർത്തിക്കുമ്പോൾ ഒരു ഹമ്മിങ് സൗണ്ട് ഉണ്ടാകാറുണ്ട്, പ്രത്യേകിച്ച് ഇൻവെർട്ടറിൽ പ്രവർത്തിക്കുമ്പോൾ. എന്നാൽ BLDC ഫാനുകളിൽ നമുക്ക് ആ ഒരു പ്രശ്നം അനുഭവപ്പെടുന്നില്ല, കാരണം ഇത് ശബ്ദരഹിതമായ പ്രവർത്തനത്തിന് വേണ്ടി ഡിസൈൻ ചെയ്തവയാണ്. പ്രവർത്തനസമയത്ത് ചൂട് പിടിക്കാത്തതിനാൽ ഇവയ്ക്കു സാധാരണ ഫാനുകളെക്കാൾ ആയുസ്സ് കൂടുതലാണ്.
BLDC ഫാനിന്റെ മോശം വശങ്ങൾ
വില താരതമ്യേന കൂടുതലാണ് എന്നുള്ളതാണ് ഒരു പോരായ്മ. അടിസ്ഥാന മോഡലുകൾക്ക് പോലും സാധാരണ ഫാനുകളെക്കാൾ ഏകദേശം ഇരട്ടി വില കൊടുക്കേണ്ടിവരുന്നുണ്ട്. ഈ ഫാനുകൾ റിമോട്ടിലാണ് പ്രവർത്തിക്കുന്നത്. റിമോട്ടിലും സ്വിച്ചിലും ഒരുപോലെ പ്രവർത്തിക്കുന്ന പുതിയ മോഡലുകളുണ്ട്. നിങ്ങളുടെ അഭിരുചിയും സാമ്പത്തികവും അടിസ്ഥാനപ്പെടുത്തി തീരുമാനമെടുക്കുക.
വിവരങ്ങൾക്ക് കടപ്പാട്
ആലപ്പി കാർത്തിക്- ശ്യാം