ഇനി നാട്ടിൽ കിടപ്പാടമില്ല; ഉടഞ്ഞ മനസ്സുമായി സെൻ മടങ്ങുന്നു
Mail This Article
‘‘നാടിനോടുള്ള വിശ്വാസം പോയി, രാത്രി ഉറങ്ങാൻ പറ്റുന്നില്ല, അനുഭവങ്ങളുടെ തീവ്രത മനസ്സിൽ നിന്നു മായുന്നില്ല. നാട്ടിൽ ജീവിക്കണമെന്ന മോഹം കളഞ്ഞ് ഞാൻ നാടുപേക്ഷിക്കുകയാണ്’’– പൊളിച്ചു തുടങ്ങിയ ആൽഫ സെറീൻ കെട്ടിടത്തിലെ 15 സി ഫ്ലാറ്റിന്റെ ഉടമ സെൻ ഈപ്പന്റെ വാക്കുകൾ:
‘‘ജീവിതകാലം മുഴുവൻ കഠിനാധ്വാനം ചെയ്തു സമ്പാദിച്ച തുക കൊണ്ടു വാങ്ങിയ പാർപ്പിടം ഒരു തെറ്റും ചെയ്യാതെ നശിച്ചു. കിടപ്പാടമില്ലാത്ത കുടുംബമായി. ഫ്ലാറ്റ് ഒരിക്കലും പൊളിക്കേണ്ടി വരില്ലെന്നു മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉറപ്പു നൽകിയതാണ്. എല്ലാറ്റിലും വിശ്വാസം നശിച്ചത് അതുകൊണ്ടു കൂടിയാണ്’’.
തിരുവല്ല പുറമറ്റം കണ്ണേത്തുപാറയ്ക്കൽ സെൻ ഈപ്പൻ 40 വർഷം അബുദാബിയിലായിരുന്നു. ആദ്യം പെട്രോളിയം കമ്പനിയിലും പിന്നെ സർക്കാർ സർവീസിലും. മികച്ച സേവനത്തിനു ഗവൺമെന്റിന്റെ അവാർഡ് അബുദാബി ഡപ്യൂട്ടി പ്രധാനമന്ത്രിയിൽ നിന്നു നേടിയിട്ടുള്ള സെൻ പിന്നീടു കാനഡയിലേക്കു കുടിയേറി.
മകനും മകളും അവിടെയാണ്. കാനഡയിൽ താമസിക്കാം എന്നു മക്കൾ നിർബന്ധിച്ചപ്പോൾ ജനിച്ചുവളർന്ന നാട്ടിൽ തന്നെ അവസാനകാലം ജീവിക്കണം എന്ന മോഹത്തിൽ കൊച്ചിയിൽ വന്നു കൂടു വച്ചതാണ്. ഫ്ലാറ്റ് 2012ൽ ലഭിക്കുമ്പോൾ 75 ലക്ഷം രൂപ വിലയും ഇന്റീരിയർ പണികളും ചേർന്ന് ഒരു കോടിയിലേറെ ചെലവായി.
ബാങ്കിലെ സ്ഥിരനിക്ഷേപത്തിന്റെ പലിശയാണ് ഏതു പ്രവാസിയെയും പോലെ വരുമാനം. നാടായ തിരുവല്ലയിൽ സ്ഥലമോ വീടോ ഇല്ല.
ആൽഫ സെറീൻ ഇടിച്ചു തകർക്കുന്നതു കാണാൻ നിൽക്കാതെ സെൻ ഈപ്പൻ കാനഡയിലേക്കു മടങ്ങുകയാണ്. ഉപേക്ഷിച്ച കനേഡിയൻ പൗരത്വം തിരികെ ലഭിക്കാൻ അപേക്ഷ നൽകും. ഭാര്യ നിമ്മി മക്കളുടെ അടുത്തേക്കു പോയിക്കഴിഞ്ഞു.
നഷ്ടപരിഹാരം നൽകുന്ന ജസ്റ്റിസ് ബാലകൃഷ്ണൻനായർ കമ്മിറ്റിയുടെ ഔപചാരികതകൾ തീർക്കുന്നതിനു മാത്രമാണ് സെൻ വാഴക്കാലയിലെ വാടക ഫ്ലാറ്റിൽ തുടരുന്നത്.
ഇനി കാനഡയിലേക്കു മടങ്ങണം. അവിടെ വീടെടുക്കണം. ക്രിസ്മസിനു മുൻപു സെൻ ഈപ്പൻ പോകും, ഉടഞ്ഞ മനസ്സും ഉറങ്ങാത്ത കണ്ണുകളുമായി അങ്ങു ദൂരെ അന്യ നാട്ടിലേക്ക്. ഇവിടെ നിന്നു മാറിയാലേ ഇതു മനസ്സിൽ നിന്നു പോകൂ, ഉറക്കം കിട്ടൂ...
English Summary- Maradu Flat Owner Bitter Experience