ഷിപ്പിങ് കണ്ടെയിനർ കൊണ്ട് അദ്ഭുതവീടുകൾ; ചെലവും കുറവ്!
Mail This Article
ഷിപ്പിങ് കണ്ടെയിനറുകൾ കൊണ്ട് വീടും ഓഫീസും എന്നല്ല എന്തും നിര്‍മ്മിച്ച് നല്‍കുന്നവരാണ് ധാര കബാരിയയും സോണാലി ഫഡ്കെയും. 'സ്റ്റുഡിയോ ആള്‍ട്ടര്‍നെറ്റീവ്സ്' എന്ന ഇവരുടെ സംരംഭം ഇത്തരത്തില്‍ ഉപയോഗശൂന്യമായ കണ്ടയിനറുകള്‍ കൊണ്ടാണ് ആവശ്യക്കാരുടെ ഇഷ്ടാനുസരണം വീടുകള്‍ ,ഓഫീസുകള്‍ എന്നിവ നിര്‍മ്മിച്ച് നല്‍കുന്നത്.
സുസ്ഥിരവും പോര്‍ട്ടബിളുമായ നിര്‍മ്മിതികളാണ് ഇവരുടേത്. 2009 ലാണ് ഇരുവരും സംരംഭം ആരംഭിക്കുന്നത്. കൂടുതലും അപ്പ്‌സൈക്കിള്‍ ചെയ്ത വസ്തുക്കള്‍ കൊണ്ടായിരുന്നു ധാര ഓരോന്നും ഡിസൈന്‍ ചെയ്തിരുന്നത്. 2014 ലാണ് കണ്ടയിനറുകള്‍ വീടുകളും ഓഫീസും മറ്റുമായി നിര്‍മ്മിച്ച് നൽകിക്കൂടെ എന്ന ആശയം ഉടലെടുക്കുന്നത്. ഷിപ്പിങ് കണ്ടയിനര്‍ കൊണ്ട് ഒരു ഹോട്ടല്‍ നിര്‍മിച്ചു നല്‍കാന്‍ ഒരാള്‍ സമീപിച്ചതാണ് തുടക്കം. പിന്നീട് ആവശ്യക്കാര്‍ ഏറിയപ്പോള്‍ കൂടുതല്‍ കണ്ടയിനര്‍ വീടുകള്‍ ഇവര്‍ നിര്‍മിച്ചു നല്‍കി തുടങ്ങി. ഏതാണ്ട് 43 ഓളം പ്രോജക്റ്റുകള്‍ ഇതുവരെ ചെയ്തുകഴിഞ്ഞു.
കണ്ടൈനറുകള്‍ ആദ്യം സെറ്റ് ചെയ്തു കഴിഞ്ഞാല്‍ തുടര്‍ന്ന് പെയിന്റിങ്, ടൈലിങ്, ഫര്‍ണിഷിങ് വര്‍ക്കുകള്‍, ബാത്ത്റൂം , അടുക്കള അങ്ങനെ എല്ലാം ഇവര്‍ തന്നെ തീര്‍ത്ത് കൊടുക്കും. ചുരുക്കി പറഞ്ഞാല്‍ ധാരയുടെയും സോണാലിയുടെയും കണ്ടൈനര്‍ വീടുകളും ഓഫീസും കണ്ടാല്‍ ആരും പറയില്ല ഇവ എന്തുകൊണ്ടാണ് നിര്‍മ്മിച്ചത് എന്ന്. എവിടേക്ക് വേണമെങ്കിലും മാറ്റാം എന്നതാണ് ഈ നിര്‍മ്മിതികളുടെ ഏറ്റവും വലിയ ഗുണം എന്ന് ധാരയും സോണാലിയും പറയുന്നു.
English Summary- Shipping Container House Model