ADVERTISEMENT

തരക്കേടില്ലാത്ത ഒരു വീട്/ ഹോംസ്റ്റേ കുറച്ചുദിവസത്തേക്ക്  വാടകയ്‌ക്കെടുക്കണമെങ്കിൽപോലും പതിനായിരങ്ങൾ ചെലവാകും. അപ്പോൾ ആഡംബരവീടുകളുടെ കാര്യം പറയാനുണ്ടോ? എന്നാൽ വമ്പൻവീടുകളിൽ വാടക നൽകാതെ യഥേഷ്ടം താമസിക്കാനുള്ള വഴി കണ്ടെത്തിയിരിക്കുകയാണ് യുകെ സ്വദേശിനിയായ ഫോൾ എന്ന വനിത. 'താമസത്തിന് പണം മുടക്കേണ്ട' എന്നുമാത്രമല്ല അവിടെ താമസിക്കുന്നതിന് വീട്ടുകാർ ഫോളിന് ഇങ്ങോട്ട് പണം നൽകുന്നുണ്ട് എന്നതാണ് എടുത്തുപറയേണ്ട കാര്യം. വീട്ടുടമകൾ സ്ഥലത്തില്ലാത്ത സമയത്ത് വീട് സ്വന്തംപോലെ ഏറ്റെടുത്ത് പരിപാലിക്കുകയാണ് ഇവരുടെ ജോലി.

ഇപ്പോൾ അത്യാഡംബര വീടുകളിൽ താമസിക്കാനായി രാജ്യത്തുടനീളം സഞ്ചരിക്കുകയാണ് ഫോൾ. വെസ്റ്റ് ലണ്ടൻ, കോൺവാൾ, ഡെവൻ തുടങ്ങിയ പ്രമുഖ നഗരങ്ങളിലെ വലിയ വീടുകളിലൊക്കെ ഇവർ സൗജന്യമായി താമസിച്ചിട്ടുണ്ട്. വ്യത്യസ്തത നിറഞ്ഞ ജീവിതരീതിയെക്കുറിച്ചും ജോലിയെക്കുറിച്ചും ഇവർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. കുട്ടികളെ പരിപാലിക്കാനുള്ള ചുമതല ഏറ്റെടുക്കുന്നവരെ 'ബേബി സിറ്റർ' എന്നുവിളിക്കുംപോലെ, തന്നെ 'ഹൗസ് സിറ്റർ' എന്ന് വിളിക്കാമെന്ന് ഇവർ പറയുന്നു.

മൂന്നുമാസത്തിനിടെ ആറ് വീടുകളിൽ വരെ താമസിക്കാനുള്ള അവസരം ഫോളിന് ലഭിച്ചു. താമസിക്കുന്ന സമയത്ത് വീട്ടിലെ സൗകര്യങ്ങളെല്ലാം ഇവർക്ക് ഉപയോഗിക്കാം. മാസം 800 പൗണ്ട് (66,000  രൂപ) നൽകിയിരുന്ന ഫ്ലാറ്റിൽനിന്നുമാണ് മുഴുവൻ സമയം ഹോം സിറ്റർ ജോലിക്കായി ഫോൾ ഇറങ്ങിത്തിരിച്ചത്. 

ജൂലൈ മുതൽ ഇതുവരെയുള്ള ചെലവ് കണക്കിലെടുക്കുമ്പോൾ ഇതിനോടകം ആയിരക്കണക്കിന് പൗണ്ട് ലാഭിക്കാൻ സാധിച്ചിട്ടുണ്ടെന്ന് ഫോൾ പറയുന്നു. വീട്ടുടമസ്ഥരിൽ പലരും ആഹാരത്തിനുള്ള മാർഗം ഒരുക്കി നൽകുന്നതിനാൽ  അതിനും ചെലവില്ല.

വീടുമാത്രമല്ല ചില അവസരങ്ങളിൽ വളർത്തുമൃഗങ്ങളെയും നോക്കാനുള്ള ചുമതല ലഭിക്കും. ഏറെ സന്തോഷത്തോടെയാണ് ആ ഉത്തരവാദിത്വവും ഫോൾ ഏറ്റെടുക്കുന്നത്. ഹോം സിറ്ററായുള്ള ജീവിതത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ ധാരാളമാളുകളാണ് ഇതിൽ താൽപര്യമറിയിച്ചുകൊണ്ട്  മുന്നോട്ടുവരുന്നത്. 

English Summary:

Woman stays in Luxury homes for free as caretaker, Experience- News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com