27 നിലകളുള്ള ആന്റിലിയ: അംബാനി താമസിക്കുന്നത് ഏത് നിലയിലാകും?
Mail This Article
മുകേഷ് അംബാനിയുടെ ആന്റിലിയ എന്ന വീട് ലോകപ്രശസ്തമാണ്. ലോകത്തിലെ ഏറ്റവും വിലമതിപ്പുള്ള സ്വകാര്യ വസതികളിൽ മുൻനിരയിലാണ് ആന്റിലിയയുടെ സ്ഥാനം. 15,000 കോടിയാണ് നിലവിൽ ഈ വസതിയുടെ വിലമതിപ്പ്. 27 നിലകളിലായി നാലുലക്ഷം ചതുരശ്ര അടിയിൽ ഒരുക്കിയിരിക്കുന്ന വിസ്മയം.
ഇത്രയധികം നിലകളുള്ള വീട്ടിൽ കുടുംബം ഏതുനിലയിലാവും താമസിക്കുക എന്നത് കൗതുകകരമായ കാര്യമാണ്. റിപ്പോർട്ടുകൾ പ്രകാരം ആന്റിലിയയിൽ അംബാനി കുടുംബത്തിന്റെ താമസം 27-ാം നിലയിലാണ്. മുകേഷ് അംബാനിയും നിത അംബാനിയും അനന്തും ആകാശും മരുമക്കളും കൊച്ചുമക്കളും എല്ലാം ഇതേ നിലയിലാണ് താമസം. കുടുംബത്തിന് താമസിക്കാനായി ഈ നില തിരഞ്ഞെടുത്തത് നിത അംബാനിയാണ്. പല ഘടകങ്ങൾ കണക്കിലെടുത്തായിരുന്നു നിതയുടെ തീരുമാനം.
വായുസഞ്ചാരം ഏറ്റവും അധികം ലഭിക്കുന്ന ഇടം എന്നതാണ് അതിൽ പ്രധാനം. അതേപോലെ സ്വാഭാവിക വെളിച്ചം ഓരോ മുറിയിലും ധാരാളമായി ലഭിക്കുന്നു എന്നതും ജീവിക്കാൻ ഏറ്റവും അനുയോജ്യമായ ഇടമാക്കി ഈ നിലയെ മാറ്റുന്നുണ്ട്. 27-ാം നിലയിലേക്ക് നിയന്ത്രിതമായി മാത്രമേ അംബാനി കുടുംബം പ്രവേശനം അനുവദിക്കാറുള്ളൂ. കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കാനും പൊതുജനങ്ങളുടെ കണ്ണിൽപ്പെടാതെ സ്വകാര്യത ആസ്വദിക്കാനും ഇതിലൂടെ സാധിക്കുന്നു. കുടുംബത്തിന് ഏറ്റവും ആസ്വദിക്കാവുന്ന വിധത്തിൽ സമാനതകളില്ലാത്ത സൗകര്യങ്ങളാണ് ഈ നിലയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
49 കിടപ്പുമുറികൾ, വിശാലമായ ബോൾ റൂം, അത്യാധുനിക രീതിയിൽ ഒരുക്കിയിരിക്കുന്ന ഹെൽത്ത് സ്പാ, ഒന്നിലധികം സ്വിമ്മിങ് പൂളുകൾ, സലൂൺ, ഡാൻസ് -യോഗാ റൂമുകൾ എന്തിനേറെ ഒരു സ്നോ റൂം പോലും |ആന്റീലിയയിലുണ്ട്. മുംബൈയിലെ കാലാവസ്ഥ ഏതുതരത്തിലായാലും അവയൊന്നും പ്രതികൂലമായി ബാധിക്കാത്ത തരത്തിലുള്ള സൗകര്യങ്ങളാണ് ഇവിടെയുള്ളത്.
വീട് വൃത്തിയാക്കാനും പരിപാലിക്കാനുമായി 600 പേരടങ്ങുന്ന സംഘം പ്രവർത്തിക്കുന്നു. ഒൻപത് ഹൈ സ്പീഡ് എലവേറ്ററുകളും സ്റ്റാഫുകൾക്കായി പ്രത്യേക സ്യൂട്ടുകളും ആന്റിലിയയിൽ ഒരുക്കിയിട്ടുണ്ട്.
പ്രകൃതി സൗന്ദര്യത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് വീടിന്റെ രൂപകൽപന. താമരയും സൂര്യനും അടക്കമുള്ള പ്രകൃതി ഘടകങ്ങൾ ഉൾപ്പെടുന്ന തീമിലാണ് വീടിന്റെ ഡിസൈൻ.
റിക്ടര്‍ സ്കെയിലിൽ എട്ടുവരെ രേഖപ്പെടുത്തുന്ന ഭൂചലനങ്ങളെ പ്രതിരോധിച്ച് നിൽക്കാനുള്ള ശേഷി ആന്റിലിയയ്ക്ക് ഉണ്ട്. ഇതിനു പുറമേ ലോകോത്തരമായ പല അത്യാധുനിക സുരക്ഷാ സാങ്കേതികവിദ്യകളും കെട്ടിടത്തിന്റെ സുരക്ഷ ഉറപ്പാക്കാനായി ഉൾപ്പെടുത്തിയിരിക്കുന്നു.