ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

നടൻ ഹരിശ്രീ അശോകന്റെ അഭിനയജീവിതത്തിലെ വഴിത്തിരിവായിരുന്നു പഞ്ചാബി ഹൗസിലെ രമണൻ എന്ന കഥാപാത്രം. കഷ്ടപ്പാടുകളിലൂടെ കടന്നുവന്ന് വർഷങ്ങൾക്കുശേഷം ജീവിതത്തിൽ സാമ്പത്തിക പുരോഗതി ഉണ്ടായപ്പോൾ കൊച്ചിയിൽ നിർമിച്ച സ്വപ്നവീടിനും അദ്ദേഹം 'പഞ്ചാബി ഹൗസ്' എന്നാണ് പേരുനൽകിയത്. പക്ഷേ വീട് വിചാരിച്ച പോലെ ഹിറ്റായില്ല. ഫ്ലോറിങ്ങിലെ അപാകതകൾമൂലം വീടിന്റെ അവസ്ഥ ശോചനീയമായി. ഒടുവിൽ താരം ഉപഭോക്‌തൃ കോടതിയിൽ നൽകിയ കേസിന്റെ വിധിയിലൂടെ വീണ്ടും വാർത്തകളിൽ നിറയുകയാണ് 'പഞ്ചാബി ഹൗസ്'. ഹരിശ്രീ അശോകൻ അനുഭവം വിവരിക്കുന്നു.

ഓർമവീട്

അച്ഛനും അമ്മയും ഒൻപത് മക്കളും അടങ്ങുന്ന കുടുംബത്തിലാണ് ഞാൻ ജനിച്ചുവളർന്നത്. നിരവധി പരാധീനതകളുള്ള രണ്ടുമുറി വീട്ടിലാണ് ഞങ്ങളെല്ലാം ദീർഘകാലം ജീവിച്ചത്. പിന്നീട് ഞാൻ മിമിക്രി വഴി സിനിമയിലെത്തി. രാവും പകലുമെന്നില്ലാതെ കഷ്ടപ്പെട്ടു. കൊച്ചിയിലെ കണ്ണായ സ്ഥലങ്ങളിലൊന്നായ ചെമ്പുമുക്കിൽ 10 സെന്റ് സ്ഥലം വാങ്ങി. മകളുടെ ആഗ്രഹമായിരുന്നു നല്ലൊരു വീട് വച്ചതിനുശേഷം മതി വിവാഹമെന്നത്. അങ്ങനെ ഞങ്ങൾ സ്വപ്നം പോലെയൊരു വീട് വച്ചു. പഴയ തറവാട്ടിൽനിന്ന് കൂടെക്കൂട്ടിയത് അമ്മയെ മാത്രമാണ്. അമ്മയും എന്റെ കുടുംബവുമായി കുറച്ചുകാലം സന്തോഷമായി ജീവിക്കണമെന്നുണ്ടായിരുന്നു. പക്ഷേ ആ സന്തോഷത്തിന് അധികകാലം ആയുസ്സുണ്ടായിരുന്നില്ല...

Harisree-Ashokan-home

പ്രശ്നങ്ങൾ തുടങ്ങുന്നു...

ഒരു മനുഷ്യായുസ്സിലെ സമ്പാദ്യവും സ്വപ്നവും കൊണ്ടാണ് ഒരാൾ വീടുപണിയുന്നത്. പക്ഷേ വീടുപണിയിൽ സംഭവിച്ച പിഴവുമൂലം ഞാനും കുടുംബവും അനുഭവിച്ച മാനസികവ്യഥ വിവരിക്കാവുന്നതിലും അപ്പുറമാണ്.

harisree-ashokan-house-tile

വീടിന്റെ ഫർണിഷിങ്- ഫ്ലോറിങ് ഘട്ടത്തിൽ സംഭവിച്ച പിഴവാണ് തലവേദനയായത്. ഫർണിഷിങ് പൂർത്തിയായി കുറച്ചുവർഷം കഴിഞ്ഞപ്പോള്‍ ഒരു രാത്രിയിൽ പടക്കം പൊട്ടുന്ന പോലെയൊരു ശബ്ദം കേട്ട് എല്ലാവരും ഞെട്ടിയുണർന്നു. മുകളിൽ കയറി നോക്കുമ്പോൾ ഒരു ഫ്ലോർ ടൈൽ പൊട്ടി പൊങ്ങിനിൽക്കുന്നതാണ് കണ്ടത്. പണി ചെയ്തയാളെ വിളിച്ചുപറഞ്ഞു. പക്ഷേ മാസങ്ങൾ കഴിഞ്ഞാണ് അവർ വന്നത്. വന്നവർ വീണ്ടും ലേബർ ചാർജും മെറ്റീരിയൽ ചാർജും ചോദിച്ചു. ഞാൻ വിസമ്മതിച്ചു. അവർ മടങ്ങി. അങ്ങനെയാണ് കൺസ്യൂമർ കോടതിയിൽ പരാതി കൊടുക്കുന്നത്.

Harisree-Ashokan-floor

അപ്പോഴേക്കും മറ്റിടങ്ങളിലെ ടൈലുകളും നിറംമങ്ങി പൊട്ടിപ്പൊളിയാൻ തുടങ്ങി. വിടവുകളിൽക്കൂടി വെള്ളവും മണ്ണും ഉപരിതലത്തിലേക്കെത്തി. കാലക്രമേണ വീട്ടിലെ ഒരുവിധം എല്ലാമുറികളിലെയും ടൈലുകൾ ഇളകി, നടക്കാൻ പോലും ബുദ്ധിമുട്ടായി. അടുക്കളയിലെ വോൾ ടൈലുകൾ വിരിച്ചതിലെ അപാകത മൂലം ഈർപ്പം ഇറങ്ങി കബോർഡുകൾ എല്ലാം നശിച്ചു. ഞാൻ  കമ്പനികളെ പലവട്ടം സമീപിച്ചുവെങ്കിലും പരിഹാരമുണ്ടായില്ല. തുടർന്നാണ് ഉപഭോക്തൃകോടതിയെ സമീപിച്ചത്. 

Harisree-Ashokan-kitchen

കൺസ്യൂമർ കോർട്ട് കമ്മീഷനെ വച്ചു. അവർ വന്ന് വീട് പരിശോധിച്ച് ടൈൽ സാംപിൾ ശേഖരിച്ച് കൊണ്ടുപോയി. സർക്കാർ ലാബിൽ ടെസ്റ്റ് ചെയ്തു. ടൈൽ വിരിച്ചസമയത്തുണ്ടായ ഗുരുതരമായ പിഴവാണ് ഇതിനുകാരണമെന്നാണ് അവരുടെ കണ്ടെത്തൽ. ഒടുവിൽ വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം എനിക്ക് അനുകൂലമായി വിധിലഭിച്ചു.

ഇനിയെന്ത്?...

ഈ കാലയളവിൽ എന്റെ രണ്ടു മക്കളുടെയും വിവാഹം കഴിഞ്ഞു, കുട്ടികളുണ്ടായി. ആ കുട്ടികൾ ഈ വീട്ടിൽ ഒന്ന് മുട്ടിലിഴഞ്ഞിട്ടില്ല, ഓടിനടന്നിട്ടില്ല. ഒരു പരിപാടികളും വീട്ടിൽ നടത്താൻ സാധിച്ചിട്ടില്ല. സിനിമാചർച്ചകൾക്ക് ആരെങ്കിലും വിളിച്ചാലും വീട്ടിലേക്ക് ക്ഷണിക്കാനുള്ള മാനസികബുദ്ധിമുട്ടുകൊണ്ട്  'ഞാൻ വീട്ടിലില്ല, ഹോട്ടലിൽ വച്ചു കാണാം' എന്ന് കള്ളംപറയുമായിരുന്നു.ഇവിടെ താമസിക്കാനുള്ള ബുദ്ധിമുട്ട് മൂലം മകൻ അർജുനും കുടുംബവും ഇവിടെയടുത്ത് മറ്റൊരു വീട്ടിലാണ് താമസം.

ഇനി കോടതിയുടെ അനുമതിയോടുകൂടി വീണ്ടും അറ്റകുറ്റപണികൾ നടത്തി, വീണ്ടും പാലുകാച്ചൽ നടത്തി പുതിയൊരു ജീവിതം തുടങ്ങണമെന്നാണ് ആഗ്രഹം. അതിനായി കാത്തിരിക്കുകയാണ് ഞാനും കുടുംബവും. 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com