ബോളിവുഡിലെ മിന്നും താരം; പക്ഷേ സ്വന്തമായി വീടില്ല; താമസം വാടകവീട്ടിൽ!
Mail This Article
സിനിമയിൽ ഒരു സ്ഥാനം നേടാനായാൽ അധികം വൈകാതെ ഇന്ത്യയിലെ നഗരങ്ങളിൽ എവിടെയെങ്കിലും ഒരു വീട് വാങ്ങുന്നത് താരങ്ങൾക്കിടയിൽ പതിവാണ്. കരിയറിലെ വളർച്ചയ്ക്കനുസരിച്ച് വീടുകളുടെ എണ്ണവും വർധിച്ചുകൊണ്ടിരിക്കും. എന്നാൽ നാല് പതിറ്റാണ്ടായി ഇന്ത്യൻ ചലച്ചിത്ര ലോകത്ത് നിറഞ്ഞുനിൽക്കുമ്പോഴും ബോളിവുഡ് താരം അനുപം ഖേറിന് ഇപ്പോഴും സ്വന്തമായി ഒരു വീടില്ല. ഇപ്പോഴും താൻ വാടകവീട്ടിൽ തന്നെയാണ് കഴിയുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
എന്തുകൊണ്ടാണ് വീട് വാങ്ങാൻ തീരുമാനിക്കാതിരുന്നത് എന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. കരിയറിൽ വിജയം കൊയ്തെങ്കിലും ഒരിക്കലും ഒരു വീട് സ്വന്തമായി ഉണ്ടാവണമെന്ന തോന്നൽ ഉണ്ടായില്ല എന്നത് തന്നെയാണ് പ്രധാന കാരണം. ജോലിയിൽ നിന്ന് ലഭിക്കുന്ന വരുമാനം സമ്പാദിച്ചു വയ്ക്കുന്നതിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. ഒരു പ്രോപ്പർട്ടിയിലേക്ക് പണം നിക്ഷേപിക്കുന്നതിലും മെച്ചം മാസാമാസം വാടക നൽകുന്നതാണെന്നും അനുപം ഖേർ വിശ്വസിക്കുന്നുണ്ട്.
ഇതിനെല്ലാം പുറമേ താൻ ആർക്കുവേണ്ടിയാണ് വീട് വാങ്ങേണ്ടത് എന്ന് ചോദ്യവും അദ്ദേഹം സ്വയം ചോദിക്കുന്നു. വീടു വാങ്ങാൻ പണമുണ്ടെങ്കിൽ അത് ബാങ്കിൽ നിക്ഷേപിച്ചാൽ അതിൽ നിന്നുള്ള വരുമാനം കൊണ്ടുതന്നെ വാടക അടഞ്ഞുപോകും. ലക്ഷങ്ങളോ കോടികളോ മുടക്കി വമ്പൻ ബംഗ്ലാവ് വാങ്ങുന്നതിനു പകരം ആ പണം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കോ അല്ലെങ്കിൽ ഫലപ്രദമായ മറ്റെന്തെങ്കിലും കാര്യങ്ങൾക്കോ നീക്കി വയ്ക്കാം എന്നാണ് അനുപം ഖേറിന്റെ കാഴ്ചപ്പാട്. അതിനുമപ്പുറം ഒരാളുടെ ജീവിത കാലത്തിന് ശേഷവും ആളുകൾ ഓർത്തിരിക്കത്തക്ക വിധത്തിൽ എന്തെങ്കിലും കാര്യങ്ങൾ ചെയ്യുന്നതാണ് വീട് വാങ്ങുന്നതിനേക്കാൾ പ്രധാനമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
കാലശേഷം നിങ്ങൾ സമ്പാദിച്ച വീടിനുവേണ്ടി മറ്റുള്ളവർ കലഹിക്കുന്നതിനേക്കാൾ നല്ലത് ആ പണം വിതരണം ചെയ്യുന്നതാണ്. വീട് വേണ്ട എന്ന തീരുമാനത്തോട് ഭാര്യ കിരൺ ഖേറിന് തുടക്കത്തിൽ പൊരുത്തപ്പെടാൻ പ്രയാസമായിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ ഇപ്പോൾ തന്റെ അഭിപ്രായത്തോട് അവർക്കും യോജിപ്പാണ്.
ലളിതമായ ഈ ജീവിതശൈലി തിരഞ്ഞെടുക്കാൻ അനുപം ഖേറിന് പ്രചോദനമായത് രത്തൻ ടാറ്റയാണ്. പണവും പ്രശസ്തിയുമെല്ലാം ആവശ്യത്തിലധികം ഉണ്ടായിട്ടും താരതമ്യേന ചെറിയ ഒരു വീട്ടിൽ സാധാരണ വാഹനത്തിൽ സഞ്ചരിച്ചാണ് അദ്ദേഹം ജീവിച്ചത്. അത്തരം ഒരു ജീവിതമാണ് താരവും ആഗ്രഹിക്കുന്നത്.
അതേസമയം തന്റെ അമ്മയ്ക്കു വേണ്ടി ഷിംലയിൽ എട്ടു കിടപ്പുമുറികളുള്ള വീട് അദ്ദേഹം വാങ്ങിയിരുന്നു. ഏഴു വർഷങ്ങൾക്ക് മുൻപ് അമ്മയ്ക്ക് എന്തെങ്കിലും ആഗ്രഹമുണ്ടെങ്കിൽ തന്നോട് ആവശ്യപ്പെടാൻ പറഞ്ഞിരുന്നു. ഒന്നും വേണ്ട എന്ന് മറുപടിയാണ് പ്രതീക്ഷിച്ചതെങ്കിലും ഷിംലയിൽ ഒരു വീട് വേണമെന്ന ആഗ്രഹമാണ് അമ്മ പ്രകടിപ്പിച്ചത്. അച്ഛനൊപ്പം ഷിംലയിൽ കഴിഞ്ഞ നാളുകളിലെല്ലാം വാടകവീട്ടിലായിരുന്നു അമ്മയുടെ താമസം. അവിടെ സ്വന്തമായി ഒരു വീട് വേണമെന്ന അമ്മയുടെ ആഗ്രഹത്തിന്റെ വ്യാപ്തി മനസ്സിലായതിനാൽ അത് സാധിച്ചു കൊടുക്കുകയും ചെയ്തു.