1000 കോടി ആസ്തി: ദുബായിൽ 16 കോടിയുടെ ആഡംബര വില്ല; സമ്പത്തിന്റെ സാമ്രാജ്യം തീർത്ത താരദമ്പതികൾ
Mail This Article
ബോളിവുഡിലെ അതിസമ്പന്നരായ താരജോഡികളിൽ മുൻനിരയിലാണ് അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായിയുടെയും സ്ഥാനം. ഏകദേശം 1056 കോടിയാണ് ഇരുവരുടെയും ഒരുമിച്ചുള്ള ആസ്തി. ഏറിയ പങ്കും റിയൽ എസ്റ്റേറ്റിലാണ് ഇരുവരും നിക്ഷേപിച്ചിരിക്കുന്നത്. ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി നിരവധി പ്രോപ്പർട്ടികളും വീടുകളും ഐശ്വര്യയും അഭിഷേകും സ്വന്തമാക്കിയിട്ടുണ്ട്. ദുബായിലെ ജുമൈറ ഗോൾഫ് എസ്റ്റേറ്റിൽ സ്ഥിതിചെയ്യുന്ന കോടികൾ വിലമതിക്കുന്ന ആഡംബര വില്ലയാണ് അവയിലൊന്ന്.
സാങ്ച്വറി ഫോൾസ് എന്ന പോഷ് മേഖലയിൽ സ്ഥിതിചെയ്യുന്ന വില്ല 2015ലാണ് താരങ്ങൾ സ്വന്തമാക്കിയത്. 16 കോടി രൂപയാണ് വസതിയുടെ വില. അത്യാധുനിക സജ്ജീകരണങ്ങളുള്ള ഹോം ഓട്ടമേഷൻ, ഹോം തിയറ്റർ, സ്വിമ്മിങ് പൂൾ തുടങ്ങിയ ആഡംബരങ്ങൾ എല്ലാം ഇവിടെയുണ്ട്. അവധിക്കാല വസതി എന്ന നിലയിലാണ് വില്ല താരങ്ങൾ ഉപയോഗിക്കുന്നത്.
റിസോർട്ടിന്റെ മാതൃകയിലുള്ള 97 വില്ലകളാണ് സാങ്ച്വറി ഫോൾസ് പദ്ധതിയിൽ ഉള്ളത്. ഷാറൂഖ് ഖാൻ, ശിൽപ ഷെട്ടി തുടങ്ങി അനന്ത് അംബാനി വരെയുള്ള പ്രമുഖർ ഇവിടെ വസതികൾ വാങ്ങിയിട്ടുണ്ട്.
ദുബായിലെ വില്ലയ്ക്ക് പുറമേ ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ താരങ്ങൾക്ക് വീടുകളുണ്ട്. ബച്ചൻ കുടുംബത്തിൻ്റേതായി അഞ്ച് ആഡംബര ബംഗ്ലാവുകളാണ് മുംബൈയിൽ മാത്രമുള്ളത്. ഇതിനുപുറമേ ബാന്ദ്ര- കുർള കോംപ്ലക്സിൽ ഒരു പ്രോപ്പർട്ടിയും വർളിയിലെ സ്കൈലാർക്ക് ടവേഴ്സിലും ബാന്ദ്രയിലെ സിഗ്നേച്ചർ ഐലന്റിലും അപ്പാർട്ട്മെന്റുകളും അഭിഷേകും ഐശ്വര്യയും ചേർന്ന് സ്വന്തമാക്കിയിട്ടുണ്ട്. ഈ വർഷം ഒക്ടോബറിൽ അഭിഷേകും അമിതാഭ് ബച്ചനും ചേർന്ന് മുംബൈയിലെ മുലുന്ദ് മേഖലയിൽ 24.95 കോടി രൂപ മുടക്കി 10 ആഡംബര അപ്പാർട്ട്മെന്റുകൾ വാങ്ങിയിരുന്നു.