അധിക്ഷേപം, കേസ്, കസ്റ്റഡി: വാർത്തകളിൽ വീണ്ടും നിറഞ്ഞ് ഹണിയും ബോചെയും വീടുകളും; വിഡിയോ

Mail This Article
ദ്വയാർഥപ്രയോഗത്തിലൂടെ തന്നെ നിരന്തരമായി അപമാനിച്ചുവെന്നുള്ള പരാതി നിയമയുദ്ധത്തിലേക്ക് കടന്നതോടെ വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ് ഹണി റോസും ബോബി ചെമ്മണ്ണൂരും. സമൂഹമാധ്യമങ്ങളിൽ നിരവധി പേർ പിന്തുടരുന്ന ഇരുവരുടെയും വീട്ടുവിശേഷങ്ങൾ നേരത്തെ മനോരമവീട് ചാനലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേസും വാർത്തകളും സജീവമായതോടെ സമൂഹമാധ്യമത്തിൽ ഇരുവരുടെയും വീടുകൾ വീണ്ടും നിരവധിയാളുകൾ തിരഞ്ഞു കാണുന്നുണ്ട്. ഇതുവരെ കാണാത്തവർക്കായി ആ വിശേഷങ്ങളിലേക്ക് ഒന്നുകൂടി പോയിവന്നാലോ...
ഹണി റോസിന്റെ വീട്
തൊടുപുഴ മൂലമറ്റത്താണ് ഹണിറോസിന്റെ സുന്ദരമായ വീട്. ഒറ്റവാചകത്തിൽ വീടിനെ 'പച്ചപ്പിനുള്ളിലെ വൈറ്റ് ഹൗസ്' എന്നുവിളിക്കാം. കാരണം വീടിനകവും പുറവും ഏതാണ്ട് പൂർണമായും വെള്ളനിറത്തിലാണ് ഒരുക്കിയിട്ടുള്ളത്. പോർച്ച്, ലിവിങ്, ഡൈനിങ്, കിച്ചൻ, നാലു ബെഡ്റൂമുകൾ, വർക് സ്പേസ് എന്നിവയാണ് വീട്ടിലെ ഇടങ്ങൾ. ചുവരും നിലവും ഫർണീച്ചറുമെല്ലാം തൂവെള്ള നിറത്തിന്റെ പ്രഭയിലാണ്. വീടിനെ പൊതിഞ്ഞുനിൽക്കുന്ന പച്ചപ്പാണ് മറ്റൊരു ഹൈലൈറ്റ്. മതിലിനുസമീപം കോട്ടപോലെ മുള പടർന്നുപന്തലിച്ചു നിൽക്കുന്നു. ഇതിൽ ചീവീടുകൾ കലപില വയ്ക്കുന്നു. നിരവധി അപൂർവ ഫലവൃക്ഷങ്ങൾ തണൽവിരിക്കുന്ന പഴത്തോട്ടമാണ് മറ്റൊരു ഹൈലൈറ്റ്. ഇതിൽ കിളികളും അണ്ണാനുമെല്ലാം യഥേഷ്ടം വിഹരിക്കുന്നു.

മുകൾനിലയിലെ ബാൽക്കണിയിൽനിന്നാൽ ഫ്രൂട്ട് ഗാർഡന്റെ മനോഹരകാഴ്ചകൾ ആസ്വദിക്കാം. ഹണിയുടെ വർക്ക്ഔട്ട് സ്‌പേസും ഇവിടെയാണ്. വീടിനോട് ചേർന്ന് ബാത് സ്ക്രബറിന്റെ പ്രൊഡക്‌ഷൻ യൂണിറ്റും പ്രവർത്തിക്കുന്നുണ്ട്.

വെള്ള നിറത്തിലുള്ള വീട് പരിപാലിക്കാൻ നല്ല പാടാണ്. പക്ഷേ നമ്മൾ അത്യാവശ്യം വൃത്തിയാക്കി ഇടുകയാണെങ്കിൽ എപ്പോഴും പുതിയ വീടായിട്ട് ഫീൽ ചെയ്യും. അമ്മയാണ് വീടിന്റെ ഓൾ ഇൻ ഓൾ. വീട്ടിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട ഇടം ഫ്രൂട്ട് ഗാർഡനാണ്. ചീവിടുകളും കിളികളുമെല്ലാമുള്ള ഒരു ചെറിയ കാടാണിത്. ഹണി പറയുന്നു.

അടുത്തിടയ്ക്ക് ഹണി റോസ് മറൈൻ ഡ്രൈവിൽ ആഡംബര ഫ്ലാറ്റ് വാങ്ങിയിരുന്നു. മറൈൻ ഡ്രൈവിന്റെ വിശാലമായ കാഴ്ചകളിലേക്ക് തുറക്കുന്ന ബാൽക്കണിയാണ് ഇതിന്റെ ഹൈലൈറ്റ്. ഷൂട്ടും ഉദ്‌ഘാടനങ്ങളും ഉള്ളപ്പോൾ ഇവിടെയാണ് താമസം. ഇനിയുമുണ്ട് വിശേഷങ്ങൾ. അതിനായി വിഡിയോ കാണുമല്ലോ...
ബോബി ചെമ്മണ്ണൂരിന്റെ വീട്
കോഴിക്കോട് പാലാഴിയിലാണ് ബോബി ചെമ്മണ്ണൂരിന്റെ പല വീടുകളിലൊന്ന് സ്ഥിതിചെയ്യുന്നത്. സ്വച്ഛസുന്ദരമായ കുന്നിൻപുറത്തുള്ള വില്ല പ്രോപ്പർട്ടിയാണിത്. വീടിനുള്ളിൽ പല കൗതുകങ്ങളും നിറച്ചിരിക്കുന്നു. അകത്തേക്ക് കയറുമ്പോൾ ആകാശത്തിന്റെ തീമിലുള്ള മേൽക്കൂരയിലാണ് ആദ്യം കണ്ണുടക്കുക. അഗ്നിപർവതം പൊട്ടി വരുന്ന ലാവയിൽനിന്ന് നിർമിച്ച വോൾ ടൈലുകളാണ് മറ്റൊരു സവിശേഷത. മുറിയിൽ എന്തെങ്കിലും നെഗറ്റിവ് എനർജിയോ ദുർഗന്ധമോ ഉണ്ടെങ്കിൽ ഇത് ടൈൽ വലിച്ചെടുക്കും എന്ന് ബൊചെ പറയുന്നു.

വിശാലമായ ഹാളിലാണ് ലിവിങ്, ഡൈനിങ് എന്നിവയുണ്ട്. ഇവിടെ വശത്തെ ഭിത്തിയിൽ ബോചെയുടെ കുടുംബത്തിന്റെ ചിത്രങ്ങൾ വലുതായി പ്രിന്റ് ചെയ്തിരിക്കുന്നു.

ഹാളിൽനിന്ന് സ്ലൈഡിങ് ഗ്ലാസ് ഡോർ വഴി ബാൽക്കണിയിലേക്കിറങ്ങാം. താഴെ രണ്ടു കിടപ്പുമുറികളാണുള്ളത്. മാസ്റ്റർ ബെഡ്റൂമിന്റെ സീലിങ്ങിൽ സ്വർഗത്തെ ഓർമിപ്പിക്കുന്ന ഒരു തീമാണ് കൊടുത്തിരിക്കുന്നത്. കൊളോണിയൽ ദേവാലയങ്ങളിലെ സീലിങ്ങിനെ ഓർമിപ്പിക്കുന്ന ഡിസൈൻ.

വീട്ടിലെ ഏറ്റവും വലിയ ഹൈലൈറ്റ് ധ്യാനിച്ചിരിക്കാനായി ഒരുക്കിയ ഗുഹയും ഫൗണ്ടനുമാണ്. മൂന്നു വർഷമെടുത്താണ് ഇത് ഏകദേശം പൂർത്തിയാക്കിയത്. ഇനിയുമുണ്ട് വിശേഷങ്ങൾ. അതിനായി വിഡിയോ കാണുമല്ലോ...