വാസ്തുപ്രകാരം ഗെയ്റ്റ്, പടിപ്പുര, മതിൽ എന്നിവയ്ക്ക് സ്ഥാനമുണ്ടോ?
Mail This Article
പടിപ്പുരയെന്ന് ഉദ്ദേശിക്കുന്നതു പടിപ്പുരവാതിലാണോ വാഹനങ്ങൾ കയറി ഇറങ്ങുവാൻ ഉപയോഗിക്കുന്ന പ്രധാന കവാടമാണോ?
നമ്മുടെ വാസ്തുവിലേക്ക് കടക്കുന്ന ദ്വാരം എന്നേ അർഥമുള്ളൂ. അതു വാഹനം കടക്കാനായാലും ആളുകൾക്കു കടക്കാനായാലും എല്ലാം ഒന്നുതന്നെയാണ്.
ഗെയ്റ്റ് മൂല ചേർന്നുവന്നാൽ ദോഷമുണ്ടോ?
ദോഷമാണ്. ഗൃഹത്തിനനുസൃതമായി സമചതുരമോ, ദീർഘചതുരമോ ആയി വാസ്തു തിരിക്കുമ്പോൾ, ആ വാസ്തുവിന്റെ ദീർഘത്തിന്റെയോ വിസ്താരത്തിന്റെയോ, ഒമ്പതിലൊന്ന്, മൂലകളിൽ നിന്നു വിട്ടിട്ടു വേണം െഗയ്റ്റ് വയ്ക്കാൻ.
പുര പണി കഴിഞ്ഞശേഷം ചുറ്റുമതിൽ നിർമിക്കുമ്പോൾ തർക്കഭൂമിയായ അതിരുകൾ നിശ്ചിതസ്ഥാനം മാറിയാൽ എന്തു ചെയ്യണം?
പുര തെക്കുപടിഞ്ഞാറു ഭാഗത്തോ വടക്കുകിഴക്കു ഭാഗത്തോ വരുന്ന വിധത്തിൽ ഉൾവശത്ത് വീണ്ടും ഒരു ചെറുമതിൽ കെട്ടേണ്ടി വരും.
ഓരോ ദിശയിലേക്കും ദർശനമുള്ള വീടുകളുടെ ഗെയ്റ്റിന്റെ സ്ഥാനം എവിടെയായിരിക്കണം? അതിനെ ഗൃഹത്തിന്റെ മുൻവാതിലുമായി ബന്ധപ്പെടുത്തേണ്ടതുണ്ടോ?
പ്രധാന വാതിലുമായി ബന്ധപ്പെടുത്തേണ്ടതില്ല. ഗെയ്റ്റ് നാലു വശത്തും വയ്ക്കാവുന്നതാണ്. കിഴക്കാണെങ്കില്‍ ഇന്ദ്രപദത്തിൽ വയ്ക്കണം. തെക്ക് ഭല്ലാടപദത്തിലും പടിഞ്ഞാറ് പുഷ്പദന്തപദത്തിലും വയ്ക്കണം. തെക്കാണ് ഗെയ്റ്റ് വയ്ക്കുന്നതെങ്കിൽ തെക്കുകിഴക്കേ മൂലയിൽ നിന്നു വടക്കോട്ട് നാലാമത്തെ പദത്തിൽ വേണം. വടക്കാണെങ്കിൽ വടക്കു പടിഞ്ഞാറേ മൂലയിൽ നിന്നു കിഴക്ക് നാലാമത്തെ പദത്തിൽ വേണം. അപ്പോൾ നാലും നാലും എട്ടു പദം കൂടിയാൽ നടുക്ക് ഒരു പദമുണ്ടാകും. രണ്ടാമത്തെ പദത്തിൽ മുന്നിൽ നിന്നു നോക്കിക്കഴിഞ്ഞാൽ ഗെയ്റ്റ് കുറച്ച് ഇടത്തോട്ടു മാറിക്കാണും. മധ്യത്തിൽ വരില്ല. മധ്യത്തിനോടു ചേർന്ന് വരും.