മികച്ച വിലയിൽ ഇടപാടുകൾ നടന്ന് കുരുമുളക്; ഏലക്ക ഉൽപാദനം അടുത്ത വർഷം ഇടിയും: ഇന്നത്തെ (18/2/25) അന്തിമ വില

Mail This Article
ഉയർന്ന കൃഷിച്ചെലവുകളും ബാങ്ക് വായ്‌പാ കാലാവധികൾ അടുക്കുന്നതും മുന്നിൽ കണ്ട് തിരിച്ചടവിനുള്ള തയാറെടുപ്പിലാണ് ചെറുകിട കുരുമുളക് കർഷകർ. സാമ്പത്തികബാധ്യതകൾ ലഘൂകരിക്കാൻ വിവിധ ഭാഗങ്ങളിലെ ഉൽപാദകർ കുരുമുളക് വിൽപനയ്‌ക്ക് ഇറക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലെ ചെറുകിട വിപണികളിൽ ചരക്കുവരവ് മാസത്തിന്റെ ആദ്യ പകുതിയെ അപേക്ഷിച്ച് ഉയർന്നു. കൊച്ചി വിപണിയിൽ പ്രതിദിനം ശരാശരി 45 ടൺ മുളക് വിൽപ്പനയ്‌ക്ക് ഇറങ്ങുന്നുണ്ടെങ്കിലും ഇതിൽ പഴയ ചരക്കും ഉൾപ്പെടും. കുരുമുളക് വിപണിയുടെ ചരിത്രം പരിശോധിച്ചാൽ പത്തു വർഷത്തിനിടയിൽ ആദ്യമായാണ് സീസൺ കാലയളവിൽ ഉൽപ്പന്ന വില കിലോ 650 രൂപ റേഞ്ചിൽ ഇടപാടുകൾ നടക്കുന്നത്. സാധാരണ വിളവെടുപ്പിന് തുടക്കം കുറിക്കുന്ന തക്കത്തിൽ വില ഇടിച്ച് ചരക്ക് കൈക്കലാക്കുന്ന തന്ത്രം ഉത്തരേന്ത്യൻ ഇടപാടുകാർ പ്രയോഗിച്ചിരുന്നു. ഇക്കുറി ആഭ്യന്തര വിദേശ വിപണികളുടെ ഓരോ ചലനങ്ങളും അതേവേഗത്തിൽ കർഷകരുടെ കരങ്ങളിൽ ‘മനോരമ ഓൺലൈൻ കർഷകശ്രീ’ക്ക് എത്തിക്കാൻ കഴിയുന്നതിനാൽ തിടുക്കത്തിൽ ചരക്ക് ഇറക്കാതെ കുരുമുളക് വിൽപനയിൽ അവർ കൂടുതൽ സംയമനം പാലിക്കുന്നുണ്ട്. അതിനാൽ അന്തർസംസ്ഥാന വാങ്ങലുകാർ വില ഉയർത്താൻ നിർബന്ധിതരായി. അൺ ഗാർബിൾഡ് 65,600 രൂപ.

ജപ്പാൻ എക്‌സ്‌ചേഞ്ചിൽ റബർ അവധി നിരക്കുകൾ ഉയരുമെന്ന പ്രതീക്ഷ നിക്ഷേപകർ നിലനിർത്തുമ്പോഴും ചൈനീസ് വ്യവസായികളിൽനിന്നുള്ള വാങ്ങൽ താൽപര്യം ഉയരാഞ്ഞത് രാജ്യാന്തര വ്യാപാര രംഗത്തു മ്ലാനത പരത്തുന്നു. യെന്നിന്റെ മൂല്യം കരുത്തു നേടിയത് റബറിന് താങ്ങ് പകരുമെന്ന് ഒരു വിഭാഗം കണക്കു കൂട്ടിയെങ്കിലും ഉൽപന്നത്തെ ബാധിച്ച പ്രതിസന്ധി വിട്ടുമാറുന്നില്ല. ബാങ്കോക്കിൽ റബർ 20,851 രൂപയിലാണ്. കൊച്ചിയിൽ നാലാം ഗ്രേഡ് 19,000 രൂപയിൽ മാറ്റമില്ലാതെ വിപണനം നടന്നു.
വിവിധ വിളകളുടെ വിലനിലവാരം ജില്ലതിരിച്ച് വിശദമായി അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഹൈറേഞ്ചിലെ കാലാവസ്ഥയിൽ വർഷങ്ങളായി അനുഭവപ്പെടുന്ന മാറ്റം കാർഷികോൽപാദനത്തിൽ വിള്ളലുളവാക്കുന്നു. വേനൽ ശക്തിപ്രാപിച്ചതും മഴയുടെ അളവ് കുറഞ്ഞത് മലയോര മേഖലയിലെ ജലസോത്രസിനെ ബാധിക്കുന്നു. സുഗന്ധവ്യഞ്‌ജനങ്ങളിൽ കാലാവസ്ഥയിലെ ഈ മാറ്റം ഏറ്റവും കൂടുതൽ ബാധിച്ചത് ഏലത്തെയാണ്. നിലവിലെ ഉയർന്ന പകൽ താപനിലയും മഴയുടെ അഭാവവും മൂലം ഒട്ടുമിക്ക തോട്ടങ്ങളിലും ശരങ്ങൾ കരിഞ്ഞ് ഉണങ്ങുന്നത് അടുത്ത വർഷം ഉൽപാദനം കുറയാൻ ഇടയാക്കുമെന്നാണ് കാർഷിക മേഖലയുടെ വിലയിരുത്തൽ. ഇതിനിടെ രാവിലെ നടന്ന ലേലത്തിൽ 61,445 കിലോഗ്രാം ഏലക്ക വിൽപ്പനയ്‌ക്ക് വന്നതിൽ 55,829 കിലോയും ഇടപാടുകാർ ശേഖരിച്ചു. വലുപ്പം കൂടിയ ഇനങ്ങൾ കിലോ 3146 രൂപയിലും ശരാശരി ഇനങ്ങൾ 2945 രൂപയിലും കൈമാറി.