വളർച്ച മുരടിച്ച വിളർച്ച ബാധിച്ച പോത്തിൻകിടാക്കൾ: സൈലന്റ് കില്ലറാണ് പാരാകൂപ്പേറിയ
Mail This Article
ഭാഗം–1
നല്ല വളർച്ച നിരക്കുള്ള പോത്തിൻകിടാക്കളാണ് മാംസത്തിനായുള്ള പോത്തുവളർത്തൽ സംരംഭങ്ങളുടെ മുതൽക്കൂട്ട്. വേഗത്തിലുള്ള വളർച്ചയും നല്ല വിപണിയും ലക്ഷ്യമാക്കി വളർത്തുന്ന പോത്തിൻ കിടാക്കളിൽ വളർച്ചയുടെ തോത് കുറയുകയും വിളർച്ച ഉൾപ്പെടെ പല രോഗങ്ങൾ പിടിപെടുകയും ചെയ്താൽ സംരംഭം നഷ്ടത്തിലേക്കു വീഴുമെന്നുറപ്പ്. പരിപാലനമുറകളിൽ അൽപ്പം ശാസ്ത്രീയതയും ശ്രദ്ധയുമായാൽ ഇത്തരം പ്രശ്നങ്ങൾ ഒരു പരിധി വരെ കുറയ്ക്കാം.
പോത്തിൻകിടാക്കളെയും എരുമക്കിടാക്കളെയും വളർത്തുമ്പോൾ കരുതലെടുക്കേണ്ട പ്രധാന രോഗമാണ് പാരാകൂപ്പേറിയ വിരബാധ. പോത്തിൻ കിടാക്കളുടെ നിശ്ശബ്ദ കൊലയാളി എന്ന് വിളിക്കപ്പെടുന്ന വിരയാണ് പാരാകൂപ്പേറിയ നോഡുലോസ എന്ന ഉരുണ്ട വിരകൾ.
വളർച്ച മുരടിച്ച വിളർച്ച ബാധിച്ച പോത്തിൻകിടാക്കൾ
പാരാകൂപ്പേറിയ വിരകളെ പോത്തിൻ കിടാക്കളുടെ നിശബ്ദ കൊലയാളി എന്ന് വെറുതെ വിളിക്കുന്നതല്ല. ശരീരത്തിനുള്ളിൽ കയറിക്കൂടിയാൽ പോത്തിൻ കിടാക്കളുടെ ശരീരം ക്ഷയിപ്പിച്ച് ജീവനെടുക്കാൻ ഈ വിരകൾക്കു കഴിയും. 4 - 6 മാസത്തിനിടയിൽ പ്രായമുള്ള കിടാക്കളിലാണ് രോഗബാധ കൂടുതലായി കാണുന്നത്. കിടാക്കളെ മാത്രമല്ല വലിയ പോത്തുകളെയും ഈ വിരകൾ ബാധിക്കും. പോത്തുകളുടെ ചെറുകുടൽ ഭിത്തിയിൽ അനേകം വലിയ മുഴകളുണ്ടാക്കിയാണ് വിരകളുടെ ആക്രമണരീതി. തീറ്റയുടെ ദഹനവും പോഷകാഗിരണവുമെല്ലാം വിരകൾ തടസ്സപ്പെടുത്തും. മഴക്കാലത്തു രോഗനിരക്ക് പൊതുവെ കൂടുതലാണ്. പോത്തുകളിൽ ഉന്മേഷക്കുറവ്, വിളര്‍ച്ച, മെലിച്ചില്‍, തീറ്റയോട് മടുപ്പ്, ഇടവിട്ടുള്ള വയറിളക്കം, വയറുസ്തംഭനം, പരുപരുത്ത ത്വക്ക് എന്നിവയെല്ലാം പാരാകൂപ്പേറിയ
വിരബാധയുടെ പൊതുവായ ലക്ഷണങ്ങളാണ്. പാരാകൂപ്പേറിയ വിരകൾ പോത്തുകളുടെ സ്വാഭാവിക പ്രതിരോധശേഷി ഗണ്യമായി കുറയ്ക്കുന്നതിനാൽ രോഗംബാധിച്ച പോത്തുകൾക്ക് സാൽമോണല്ല അടക്കം മറ്റ് സാംക്രമിക രോഗങ്ങൾ പിടിപെടാനും സാധ്യത കൂടുതലാണ്. പോത്തിന്‍കുട്ടികളുടെ വളര്‍ച്ചനിരക്ക് കുറയുന്നതിനും അകാല മരണത്തിനും വിരബാധ വഴിയൊരുക്കും.
പോത്തിൻകിടാക്കളെ വിരകളിൽ നിന്ന് കരുതേണ്ടതെങ്ങനെ?
ആറു മാസം പ്രായമെത്തുന്നതുവരെ മാസത്തില്‍ ഒരു തവണ നിര്‍ബന്ധമായും വിരമരുന്ന് നല്‍കണം. പിന്നീട് ഒന്നരവയസ്സ് വരെ 2 മാസം ഇടവിട്ടോ ചാണക പരിശോധന നടത്തിയോ വിരമരുന്ന് നല്‍കിയാല്‍ മതിയാവും. ഇതരസംസ്ഥാനങ്ങളില്‍നിന്ന് കൊണ്ടുവരുന്ന പോത്തിന്‍കുട്ടികളില്‍
പാരാകൂപേറിയ വിരബാധ വളരെ കൂടുതലായാണ് പൊതുവെ കാണാറുള്ളത്. പോത്തിൻകുട്ടികളെ വാങ്ങി ഫാമിലെത്തിച്ചതിന് മൂന്നോ നാലോ ദിവസങ്ങൾ കഴിഞ്ഞയുടൻ പാരകൂപ്പേറിയ അടക്കമുള്ള ആന്തര പരാദങ്ങളെ നശിപ്പിക്കാനുള്ള വിരമരുന്നുകൾ നൽകണം. ഒരാഴ്ചത്തെ ഇടവേളകളില്‍ ഡോക്ടറുടെ നിർദ്ദേശപ്രകാരം രണ്ടു തരം ആന്തര പരാദനാശിനികള്‍ ഉപയോഗിച്ച് വിരയിളക്കുന്നതാണ് അഭികാമ്യം.
നാളെ: പോത്തിലെ ആദായവഴി; പോത്തുകൃഷിയിൽ ശ്രദ്ധിക്കാൻ പത്തുകാര്യങ്ങൾ
English summary: Rearing Buffaloes for Meat Production-Importance of Deworming