ADVERTISEMENT

സംസ്ഥാനത്ത് വീണ്ടും ആഫ്രിക്കൻ പന്നിപ്പനി (എഎസ്എഫ്) റിപ്പോർട്ട് ചെയ്തു തുടങ്ങിയിരിക്കുന്നു. തൃശൂർ മാടക്കത്തറ കാടിലപ്പൂവത്ത് കഴിഞ്ഞ ദിവസം എഎസ്എഫ് സ്ഥിരീകരിച്ച ഫാമിലെ 310 പന്നികളെ കൊന്നൊടുക്കി മറവു ചെയ്തു. പിന്നാലെ ഭീതി ജനിപ്പിക്കുംവിധമുള്ള വാർത്തകൾ ‘വാട്സാപ് യൂണിവേഴ്സിറ്റി അമ്മാവന്മാർ’ പ്രചരിപ്പിച്ച് രംഗത്തിറങ്ങുകയും ചെയ്തു. തൃശൂരിൽ ആഫ്രിക്കൻ പന്നിപ്പനി ബാധിച്ച പന്നികളെ വെടിവച്ചു കൊന്നു, രോഗം മനുഷ്യർക്കും പകരും, പത്തു കിലോമീറ്റർ ചുറ്റളവിലെ പന്നികളെ കൊന്നു, വില കുറയ്ക്കണം തുടങ്ങിയ രീതികളിലുള്ള പ്രചരണങ്ങൾ വ്യാപകമായുണ്ടായിരുന്നു. ഇതിനെതിരേ കർഷകർ രംഗത്തെത്തുകയും ചെയ്തു.

Also read: ആഫ്രിക്കൻ പന്നിപ്പനി: ആശങ്ക വേണ്ട, മനുഷ്യരിലേക്ക് പകരില്ല

നിലവിലെ സാഹചര്യത്തിൽ കേരളത്തിലെ പന്നി വളർത്തൽ മേഖല നാളെയെന്ത് എന്ന ഭീതിയോടെയാണ് മുൻപോട്ടു പോകുന്നത്. എപ്പോൾ വേണമെങ്കിലും രോഗം പിടിപെടാം എന്ന ഭീതിയോടെ മുൻകരുതലുകളും ജൈവസുരക്ഷയും കർശനമായി പാലിച്ച് മുൻപോട്ടു പോകുന്ന കർഷകരുണ്ട്. എന്നാൽ, ചിലർ വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ലെന്നു പറയാതെ വയ്യ. മിച്ചഭക്ഷണത്തിൽക്കൂടിയും രോഗം ഫാമിൽ എത്തുമെന്നതിനാൽ അവ വേവിച്ച് നൽകാൻ കർഷകർ ശ്രദ്ധിക്കണം. നേരത്തെ അതിർത്തി കടന്നുള്ള പന്നി വരവിനുള്ള നിരോധനം നീക്കിയതോടെ സംസ്ഥാനത്ത് പന്നിപ്പനി ഭീഷണി കൂടുതലാണെന്ന് കർഷകശ്രീ മുന്നറിയിപ്പ് നൽകിയിരുന്നു. ഇക്കാര്യങ്ങൾ ‘നിരോധനം നീങ്ങി, അതിർത്തി കടന്ന് പന്നികളെത്തി: വൈകാതെ പോർക്ക് വില 500ലെത്തും!’ എന്ന ലേഖനത്തിൽ കൃത്യമായി സൂചിപ്പിച്ചിരുന്നു. 

Also read: ലോകചരിത്രത്തില്‍ വളര്‍ത്തുമൃഗസമ്പത്തിനുണ്ടായ മഹാനാശം, പിടിതരാതെ പടര്‍ന്ന് എഎസ്എഫ് 

african-swine-fever-culling
ഫയൽ ചിത്രം

ദയാവധം

ആഫ്രിക്കൻ പന്നിപ്പനി, പക്ഷിപ്പനി തുടങ്ങി വൈറസ് രോഗങ്ങൾ റിപ്പോർട്ട് ചെയ്താൽ റിപ്പോർട്ട് ചെയ്ത ഫാമിലെയും അതിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പന്നി/പക്ഷിളെയും രോഗപ്പകർച്ച തടയുന്നതിനായി കൊന്നൊടുക്കുകയാണ് (കള്ളിങ്) ചെയ്യുക. അതിനു ചില നടപടിക്രമങ്ങളുണ്ട്. പന്നികളിൽ രോഗം റിപ്പോർട്ട് ചെയ്താൽ പന്നികളെ ഉയർന്ന വോൾട്ടേജിൽ ഇലക്ട്രിക് ഷോക്ക് നൽകി അബോധവസ്ഥയിലാക്കും. ചെവികൾക്കു പിറകിൽ പ്രത്യേകം ഇലക്ട്രിക് റോഡുകൾ ഘടിപ്പിച്ചാണ് ഇതു ചെയ്യുക. ഇലക്ട്രിക്കൽ സ്റ്റണിങ് എന്നാണ് ഈ രീതി അറിയപ്പെടുക. ഇങ്ങനെ മയക്കിയശേഷം ഹൃദയത്തിൽ മൂർച്ചയുള്ള കത്തി കുത്തിയിറക്കി രക്തം വാർക്കും. സ്റ്റിക്കിങ് എന്നാണ് ഇതറിയപ്പെടുന്നത്. കുറഞ്ഞ അളവിൽ മാത്രം രക്തം വാർക്കുന്നതിനു വേണ്ടിയാണ് ഹൃദയത്തിൽ കുത്തുന്നത്. ഇങ്ങനെ കൊന്നൊടുക്കിയ പന്നികളെ ആഴത്തിൽ കുഴിയെടുത്ത് കുമ്മായം വിതറിയശേഷം മറവു ചെയ്യുന്നു. കുഴിയുടെ വലുപ്പവും ആഴവും തീരുമാനിക്കുന്നത് മൃഗങ്ങളുടെ എണ്ണം അനുസരിച്ചാണ്.

Also read: പന്നിവരവിന് വീണ്ടും നിയന്ത്രണം; സർക്കാർ ഫാമുകൾക്ക് രണ്ടുകിലോമീറ്റർ ചുറ്റളവിൽ പന്നിവളർത്തലിന് കർശനനിരോധനം

ഇനി അടുത്തകാലത്തൊന്നും വില കുറയില്ല

ആഫ്രിക്കൻ പന്നിപ്പനിഭീതി ഇനിയും വിട്ടുപോകാത്ത സാഹചര്യത്തിൽ ഇനി ഉടനെയൊന്നും വില കുറയുമെന്ന പ്രതീക്ഷ വേണ്ട. നിലവിൽ സംസ്ഥാനത്ത്  380–420 രൂപയിലാണ് ഒരു കിലോ പന്നിയിറച്ചിയുടെ വില. കുഞ്ഞിന് 6000–7000 രൂപയും വില എത്തി. കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും പന്നിസമ്പത്തിൽ ഗണ്യമായ കുറവ് വന്നതാണ് ഇത്തരത്തിലൊരു വിലവർധനയ്ക്കു കാരണം. പന്നിപ്പനി വീണ്ടും റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ എണ്ണത്തിലുള്ള വർധന സാധ്യമാകണമെങ്കിൽ ഇനിയും വർഷങ്ങളെടുക്കും. അതുകൊണ്ടുതന്നെ ജാഗ്രതയും കരുതലും മുഖ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com