ഒരു കോടി നേട്ടം; ഹെലിക്കോണിയ നമ്മൾ ഉദ്ദേശിച്ച ആളല്ല സർ; കൃഷിക്ക് മഹാരാഷ്ട്രയിൽ പോയ മലയാളി

Mail This Article
വർഷങ്ങൾക്കു മുൻപ് ആലപ്പുഴയിലെ ഒരു സുഹൃത്തു നൽകിയ 5 തൈകൾ നട്ടുകൊണ്ടാണ് കാഞ്ഞിരപ്പള്ളിക്കു സമീപം കൂവപ്പള്ളി മുക്കിലിക്കാട്ട് വീട്ടിലെ റെജിയും ഭാര്യ ലിൻസിയും ഹെലിക്കോണിയക്കൃഷി തുടങ്ങിയത്. ഇന്ന് അവയുടെ പൂക്കളും മറ്റ് അലങ്കാരസസ്യങ്ങളുടെ തൈകളും വഴി വര്‍ഷംതോറും ഇവർ നേടുന്നത് ഒരു കോടി രൂപ! കേരളത്തിൽനിന്ന് മഹാരാഷ്ട്രയിലേക്ക് പറിച്ചുനട്ടതോടെയാണ് റെജിയുടെ പുഷ്പക്കൃഷി ഹിറ്റായത്. ജലസമൃദ്ധിക്കു കുപ്രസിദ്ധമായ സംസ്ഥാനത്തുനിന്ന് അവിടേക്കു പോകാൻ കാരണമോ, ജലദൗർലഭ്യവും!
ഹെലിക്കോണിയ പൂക്കൾക്ക് വിപണിയുണ്ടെന്നറിഞ്ഞതോടെ വീട്ടുവളപ്പിലെ ചെടികളുടെ എണ്ണം വർധിപ്പിച്ച് 2007 മുതൽ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിയാക്കി. എന്നാൽ, ജലദൗർലഭ്യം തലവേദനയായപ്പോൾ കാഞ്ഞിരപ്പള്ളിയിൽ സ്ഥലം പാട്ടത്തിനെടുത്തു ഹെലിക്കോണിയ നട്ടു. അക്കാലത്ത് കാഞ്ഞിരപ്പള്ളിയിൽനിന്നു മുംബൈയിലേക്കും ബെംഗളൂരുവിലേക്കുമൊക്കെ ബസിലും ട്രെയിനിലും പൂക്കൾ കയറ്റി അയയ്ക്കുകയും ചെയ്തു. എന്നാൽ പുതിയ സ്ഥലത്തും വേണ്ടത്ര വെള്ളം കിട്ടാതെവന്നു. മികച്ച വിപണി കണ്ടെത്താനായെങ്കിലും വേനൽക്കാലത്തെ രൂക്ഷമായ ജലക്ഷാമം തിരിച്ചടിയായപ്പോള്‍ ജലവും വിശാലമായ കൃഷിയിടവും അന്വേഷിച്ച ഇരുവരും ചെന്നെത്തിയത് മഹാരാഷ്ട്രയിലെ സാവന്ത്‌വാടിയില്‍. ഗോവയ്ക്കു സമീപമുള്ള അവിടെ 2011 അവസാനം 20 ഏക്കറിൽ അലങ്കാരപുഷ്പക്കൃഷി ആരംഭിച്ചു. അവിടെയും തടസ്സങ്ങൾ ഉണ്ടായെങ്കിലും ഓരോന്നായി മാറിക്കിട്ടി. നിരപ്പായ ഭൂമിയും വേണ്ടത്ര ജലവും വിപണിസാമീപ്യവുമൊക്കെ വിജയത്തിലേക്കു നയിച്ചു.

മികച്ച ആദായം നൽകുന്ന സംരംഭമാണിതെന്നു റെജി ചൂണ്ടിക്കാട്ടി. ഡൽഹിയിലും മുംബൈയിലും ബെംഗളൂരിലുമൊക്കെയാണ് പ്രധാന വിപണി. കൊൽക്കത്ത, പുണെ, അഹമ്മദാബാദ് തുടങ്ങിയ പ്രമുഖ നഗരങ്ങളിലെല്ലാം തന്നെ പൂവെത്തിക്കുന്നുണ്ട്. ഇപ്പോൾ ഒരു വർഷം ഒരു കോടി രൂപയോളം വിറ്റുവരവുണ്ടെന്ന് റെജി പറഞ്ഞു. നവംബർ മുതൽ ജൂൺ വരെയാണ് ഹെലിക്കോണിയ സീസൺ. ഉത്തരേന്ത്യൻ വിവാഹാഘോഷങ്ങൾ പ്രധാനമായും ഇക്കാലത്താണ്. നവംബറിലാണ് വലിയ ഡിമാൻഡ്. എത്ര ഡിമാൻഡ് എപ്പോൾ വന്നാലും കൃത്യമായി പൂക്കൾ എത്തിക്കുന്നതിലാണ് ഈ സംരംഭത്തിലെ മിടുക്കെന്നു റെജി. ആവശ്യപ്പെടുന്ന ഇനങ്ങൾ ആവശ്യപ്പെടുന്ന തോതിൽ നിശ്ചിത സമയത്തുതന്നെ എത്തിക്കണം. 2014ൽ ഹോളണ്ടിലെ ആംസ്റ്റർഡാമിലുള്ള പ്രശസ്തമായ ഫ്ലവർ ഓക്‌ഷൻ സെന്ററിൽ ലേലത്തിനുള്ള ഹെലിക്കോണിയ പൂക്കൾ എത്തിക്കാനും റെജിക്കു കഴിഞ്ഞു. വളരെ നല്ല അനുഭവമായിരുന്നു അതെന്ന് റജി പറയുന്നു. എന്നാൽ സീസൺ മാറി പൂക്കളുടെ നിലവാരം മോശമായതിനാൽ പിന്നീട് കയറ്റുമതി നടന്നില്ല.
ഏക്കറിൽ 300–400 ചെടികൾവരെ നടാം. ചെടികൾ തമ്മിൽ 10 അടി അകലമാണ് റെജി നല്‍കുന്നത്. നട്ടാൽ എഴാം മാസം പൂവ് വന്നു തുടങ്ങും. 2 വർഷമെത്തുമ്പോഴേക്കും പൂർണ തോതിൽ ഉൽപാദനം പ്രതീക്ഷിക്കാം. ഒരു ചുവട് ഹെലിക്കോണിയിൽനിന്ന് ഒരു സീസണിൽ 100 പൂക്കൾവരെ മുറിച്ചെടുത്തിട്ടുണ്ടെന്നു റെജി പറഞ്ഞു. ശരിയായ പരിചരണം നൽകിയാൽ ഇത് നേടാവുന്നതയേയുള്ളൂ. ഒരു സെക്സി പിങ്ക് ഹെലിക്കോണിയ പൂവിന് ഇപ്പോൾ 60 രൂപ വിലയുണ്ടത്രെ.
ഉൽപാദനമെടുക്കുന്നതിന് അനുസരിച്ച് വളം നൽകണം. ചാണകം, കോഴിക്കാഷ്ഠം തുടങ്ങിയ ജൈവ വളങ്ങളാണ് കൂടുതലായും നൽകുക. വർഷത്തിൽ 2 തവണ എൻപികെ വളങ്ങൾ ചുവട്ടിൽ നൽകും. 24 ഏക്കറിലെയും ചെടികൾക്ക് റെയിൻ ഗണ്‍ ഉപയോഗിച്ചുള്ള തളിനനയാണ് നൽകുന്നത്. പൂക്കളിൽനിന്നുള്ള വരുമാനത്തിന്റെ മൂന്നിലൊന്നോളം വളപ്രയോഗത്തിനും മറ്റു പരിപാലനമുറകൾക്കുമായി ചെലവഴിക്കും. പരിപാലനം മെച്ചപ്പെടുന്നതനു സരിച്ച് വരുമാനം കീശയിലെലെത്തും. എന്നാൽ ഓഫ് സീസണായ 6 മാസം വരുമാനം തീരെയില്ലെന്നത് ഹെലിക്കോണിയയുടെ പരിമിതിയാണ്.
കേരളത്തിൽ മാത്രമാണ് പുഷ്പക്കൃഷി ഇനിയും വിജയിക്കാത്തതെന്നു റെജി. ഇവിടെ കൃഷി ആരംഭിച്ച പലർക്കും വിപണിയുടെ ഡിമാൻഡ് അനുസരിച്ചുള്ള തോതിലും കൃത്യസമയത്തും പൂക്കൾ എത്തിക്കാൻ കഴിഞ്ഞിരുന്നില്ല. അരയേക്കറിലും ഒരേക്കറിലുമൊക്കെ കൃഷി ചെയ്യുന്നതുകൊണ്ടുള്ള പ്രശ്നമാണിത്. ഡിമാൻഡുള്ള ഒന്നിലധികം ഇനങ്ങൾ കൃഷി ചെയ്യുന്നതും ഉചിതമാവും, എങ്കിലേ കസ്റ്റമറുടെ ഇഷ്ടങ്ങൾ ക്കനുസരിച്ച് ഓർഡർ സ്വീകരിക്കാനാകൂ. സാവന്ത് വാടിയിൽ തങ്ങൾ 24 ഇനം ഹെലിക്കോണിയ കൃഷി ചെയ്യുന്നുണ്ടെന്ന് റെജി ചൂണ്ടിക്കാട്ടി. തുടക്കം മുതൽ ഇപ്പോൾവരെ ഏറ്റവുമധികം ഡിമാൻഡ് ഹെലിക്കോണിയകളിലെ റാണിയായ സെക്സി പിങ്ക് ഇനത്തിനു തന്നെ. സെക്സി പിങ്കിനു പുറമേ ഐറിസ് 5 ഇനങ്ങൾ, ടോർച്ച് ജിഞ്ചര്‍ 3 ഇനങ്ങൾ, കലാത്തിയ ലൂട്ടിയ, റാറ്റിൽ സ്നേക്ക്, ബാംബൂ ജിൻജർ, ഷാംപൂ ജിൻജർ തുടങ്ങിയവയും സാവന്ത്‌വാടിയിലെ തോട്ടത്തിലുണ്ട്. ഈ രംഗത്തു ശക്തമായ മത്സരമുണ്ടെന്നതു ശരിതന്നെ. എന്നാൽ 2–3 ഏക്കറിലെങ്കിലും കൃഷി ചെയ്താൽ നല്ല വരുമാനം നേടാം. ഒരേക്കർ ഹെലിക്കോണിയക്കൃഷിയിൽനിന്ന് ശരാശരി 3 ലക്ഷം രൂപ അറ്റാദായം പ്രതീക്ഷിക്കാമെന്ന് അദ്ദേഹം അവകാശപ്പെട്ടു.

പുഷ്പക്കൃഷിയോടൊപ്പം വീടിനോടു ചേർന്ന് അലങ്കാരസസ്യങ്ങളുടെ നഴ്സറി തുടങ്ങിയിട്ട് 8 വർഷമായി. നഴ്സറികൾക്കുള്ള മൊത്തവ്യാപാരമാണ് പ്രധാനം. ഇപ്പോൾ ലാൻഡ് സ്കേപ്പിങ് സംരംഭകരും ചെടി വാങ്ങാൻ എത്തുന്നുണ്ട്. വലിയ അവസരങ്ങൾ ഈ മേഖലയിലും ഒളിഞ്ഞു കിടക്കുകയാണെന്ന് റെജി ചൂണ്ടിക്കാട്ടി. ആന്ധ്രപ്രദേശ്, പുണെ എന്നിവിടങ്ങളിൽനിന്ന് വൻതോതിൽ അവയുടെ തൈകൾ ഇവിടേക്ക് എത്തുന്നുണ്ട്. ഈ ബിസിനസിന്റെ വലിയ വിഹിതം നമുക്ക് സ്വന്തമാക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൂവപ്പള്ളിയിലെ അലങ്കാര നഴ്സറി വിപുലമാക്കാനുള്ള തയാറെടുപ്പിലാണ് റെജിയും ഭാര്യ ലിൻസിയും. അലങ്കാരച്ചെടികളുടെ വൈവിധ്യമാർന്ന വന്‍ ശേഖരം ഇവിടെ തയാര്‍.