വേനൽക്കാലത്തെ കരുതിയിരിക്കാം; കൃഷിയിടം തണുപ്പിക്കാൻ തിരിനന സംവിധാനം

Mail This Article
മട്ടുപ്പാവുകൃഷിയിൽ നന എളുപ്പമാക്കുന്ന രീതിയാണ് തിരിനന അഥവാ Wick Irrigation. ജലലഭ്യത കുറഞ്ഞയിടത്തും ഗ്രോ ബാഗ്/ചെടിച്ചട്ടികൾ പരിപാലിക്കുന്നിടത്തും പറ്റിയ രീതിയാണിത്. ജലത്തിന്റെ കേശികത്വം (capillary action) എന്ന തത്വമാണ് ഇതിൽ ഉപയോഗിക്കുന്നത്. ചെടികൾക്ക് ആവശ്യമുള്ളത്ര വെള്ളം ചെടി നേരിട്ട് വേരുകൾ വഴി പിവിസി പൈപ്പിൽനിന്നോ ചെറിയ ടാങ്കുകളിൽനിന്നോ തിരികൾ മുഖേന വലിച്ചെടുക്കുകയാണു ചെയ്യുന്നത്. വെള്ളം ഒരിക്കലും ടെറസിൽ വീഴുകയില്ല എന്ന മെച്ചവുമുണ്ട്. ഇതിനായുള്ള രണ്ടു മാതൃകകൾ പരിചയപ്പെടാം.
ബിഡബ്ല്യുആര്‍ഡിഎം(CWRDM) മോഡൽ: കോഴിക്കോട് ജലവിഭവ വികസന വിനിയോഗകേന്ദ്രം രൂപപ്പെടുത്തിയതാണ് ഈ രീതി. ഗ്രോബാഗ് /ചെടിച്ചട്ടിയുടെ അടിയിൽ ചെറിയ ദ്വാരമുണ്ടാക്കി അതിലൂടെ 1.5 ഇഞ്ച് വ്യാസവും 30 സെ.മീ. നീളവുമുള്ള തിരികൾ കടത്തിവിട്ടാണ് ഇതിൽ ജലലഭ്യത ഉറപ്പു വരുത്തുന്നത്. തിരിയുടെ ഒരു ഭാഗം ഗ്രോബാഗിലും മറ്റേ ഭാഗം ജലസ്രോതസ്സിലും ഘടിപ്പിച്ചിരിക്കുന്നു. ഇതിൽ ഗ്ലാസ് വൂൾ തിരികളാണ് ഉപയോഗിക്കുന്നത്. ഗ്ലാസ് നാരുകൊണ്ടുള്ള തിരികൾ പകുതിനീളം ഗ്രോബാഗിനുള്ളിലാണു വയ്ക്കുന്നത്. പിവിസി പൈപ്പിന്റെ ഒരറ്റം എൻഡ് ക്യാപ് വച്ചടയ്ക്കണം. മറ്റേ അറ്റത്തുകൂടി വെള്ളം പിവിസി പൈപ്പിലേക്ക് ഒഴിച്ചുകൊടുക്കാം. ഗ്ലാസ് വൂൾ തിരിക്കു പകരം കോട്ടൺ തുണിയും ചകിരിച്ചോറും ഉപയോഗിച്ചും തിരികൾ നിർമിക്കുന്നുണ്ട്. ഇത് പൂർണമായും പരിസ്ഥിതിസൗഹൃദപരമാണ്. 25 ഗ്രോ ബാഗിനുള്ളതിന് 1,500 രൂപ ചെലവ് വരും. സബ്സിഡി ലഭ്യമാണ്. ഫോണ്‍: 0495-2351800 e-mail-ed@cwrdm.org
നവീകരിച്ച മാതൃക: രണ്ടാഴ്ചവരെ വെള്ളം സംഭരിച്ചു നിർത്താൻ കഴിയുന്ന തിരിനന യൂണിറ്റാണ് ഇത്. ആദ്യ മാതൃകയിൽ പിവിസി പൈപ്പിൽനിന്നാണ് വെള്ളം ലഭ്യമാക്കുന്നതെങ്കിൽ ഇതില്‍ ജലസംഭരണിയാണുള്ളത്. 8 ലീറ്റർ വരെ വെള്ളം കൊള്ളുന്ന പാത്രത്തിനു മുകളിലാണ് ഗ്രോബാഗ് വയ്ക്കുന്നത്. ടെറസിൽ ഒട്ടും വെള്ളം കെട്ടിനിൽക്കുകയില്ല എന്ന മെച്ചവുമുണ്ട്. ഗ്രോബാഗുകളും 10 പാത്രങ്ങളുമടക്കം 1,440 രൂപയാണു വില. തിരികൾ നൈലോണും കോട്ടണും ചേർന്നതാകയാൽ ദീർഘകാലം ഉപയോഗിക്കാം.
ഫോൺ: 9847475672