ഓർമ്മയിൽ നോവുന്നത് - അനിൽ നീണ്ടകര എഴുതിയ കവിത

Mail This Article
കൂട്ടുകാരന്റെ കവിതയിലെ
മുറിവേറ്റ
സ്ത്രീചിത്രങ്ങളോർത്ത്
കസേരയിൽ നൊന്തിരിക്കുമ്പോൾ
ഓർമ്മ പഴയൊരു വേലിപ്പുറത്ത്
പറന്നുപറ്റുന്നു.
നാലു വയസ്സെനിക്കു കാണും .
പറമ്പിലെ പൂവരശ്ശിന്റെ ചോട്ടിൽ
പീപ്പിയുണ്ടാക്കി ഊതി നോക്കുന്നു.
തൃപ്തി തോന്നാതെ
മറ്റൊരിലയ്ക്കു കൈ നീട്ടുമ്പോൾ
പെട്ടെന്നൊരാൾപ്പെരുമാറ്റം.
ശിവരാമന്റെ
ചകിരിക്കളത്തിൽ നിന്ന്
പെണ്ണുങ്ങൾ ഓടി വരുന്നതാണ്.
എന്നെ ഗൗനിക്കാതവർ
വേലിക്കു നേരേ നിരന്നു
ചെളിമുണ്ടുയർത്തി മൂത്രമൊഴിക്കയായ്.
കാര്യം കഴിഞ്ഞു, പഴേപടി
പിന്തിരിഞ്ഞോടുന്ന നേരം,
തലയിലുമ്മവയ്ക്കാറുള്ള
കമലേച്ചിയോടു ഞാൻ
വിളിച്ചു ചോദിച്ചു:
‘‘പെണ്ണുങ്ങൾ ഇരുന്നല്ലേ പെടുക്കുക ?’’
ഓട്ടം നിർത്താതെ കമലേച്ചി
എനിക്കു മറുപടി തരുന്നു:

‘‘ഒന്നിരുന്നു പെടുക്കാൻ
ഞങ്ങൾക്കുമുണ്ടെടാ മോഹം .
നീ പ്രാർത്ഥിക്ക്,
വരും ജന്മമെങ്കിലും ഞങ്ങൾക്ക് ......’’
Content Summary: Ormmayil Novunnath, Malyalam poem written by Anil Neentakara