എത്ര വേഗം - അനീഷ് കെ. അയിലറ എഴുതിയ കവിത

Mail This Article
ഒരു വരിയിൽ
ഒളിപ്പിച്ചു വച്ച കവിത
എത്ര വേഗമാണ്
രഹസ്യങ്ങൾ കുടഞ്ഞ്
ജീവിതവും തോളിലിട്ട്
നടന്നു വരുന്നത്.
ശൂന്യതയിൽ നിന്നു
ശുദ്ധസംഗീതമായി
ഓർമകളെ ഒപ്പിയെടുത്ത്
കുമ്പസാരങ്ങളിൽ
ചേക്കേറുന്നത്.
മറന്നിട്ട മനസ്സുതേടി
തലയിൽ മുണ്ടിട്ട്
തെണ്ടാനിറങ്ങുന്നത്.
ഒരു വിത്തിൽ
ഒളിപ്പിച്ചുവച്ച വൃക്ഷം
എത്ര വേഗമാണ്
ഭൂമിയിലേയ്ക്കാഴ്ന്ന്
ഉള്ളറകളിൽ
പൊള്ളിപ്പടർന്നു
മഴവില്ലുകൾ
വാരിയെടുത്തത്.
വെയിലുകൊണ്ടു
കരിഞ്ഞു
തണലായി തളരുന്നത്.
എത്ര വേഗമാണ് നീ
എന്റെ വിത്തിലൊളിപ്പിച്ച
കവിതയാകുന്നത്?
അവസാനം
എല്ലാം മറന്ന്
തണലും ചുരുട്ടി
ഉള്ളുനിറയെ പൊള്ളലുകൾ

തന്നിട്ടു
പോകുന്നത്.
Content Summary: Ethra Vegam, Malayalam poem written by Anish K Ayilara