ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

എം.ടി. വാസുദേവൻ നായരുടെ 1962 ൽ പ്രസിദ്ധീകരിച്ച നോവലാണ് ‘അസുരവിത്ത്.’ അതു കഥാകാരന്റെ ജന്മഗ്രാമത്തെ അനുസ്മരിപ്പിക്കുന്ന, പുഴയോരഗ്രാമത്തിലെ തകർച്ചയുടെ നെല്ലിപ്പലക കണ്ട ഒരു നായർത്തറവാടിനെ കേന്ദ്രീകരിച്ചുള്ള, കൃതിയാണ്. ആ തറവാട്ടിലെ ഇളമുറക്കാരനായ ഗോവിന്ദൻകുട്ടി എന്ന ഇരുപത്തിരണ്ടുകാരനെ മുൻനിർത്തിയാണ് ആഖ്യാനം പുരോഗമിക്കുന്നത്. നോവലിന്റെ അടിസ്ഥാനപ്രമേയം മതത്തെ മറയാക്കി സാധാരണ മനുഷ്യരെ ചൂഷണം ചെയ്യുകയും അവരുടെ മേൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന സമൂഹത്തിലെ ഇരുണ്ട ശക്തികൾക്കെതിരെയുള്ള പ്രതിരോധമാണ്. ആ തമോശക്തികളെ നേരിടുന്നതു മാനവികതയുടെ ആന്തരികബലം നിശ്ശബ്ദമായി ഉള്ളിലുള്ള ഒറ്റപ്പെട്ട മനുഷ്യരാണ്. 

മതവൈരത്തിന്റെ രോഗാണുക്കൾ മനുഷ്യരെ വിഭജിക്കാൻ ശ്രമിക്കുന്ന കിഴക്കുമ്മുറിഗ്രാമം ഒരർഥത്തിൽ ഇന്ത്യയുടെ  മിനിയേച്ചർ രൂപമാണ്. അല്ലെങ്കിൽ നോവലിൽ ആ ഗ്രാമം ആനുകാലിക ഇന്ത്യയുടെ പ്രതിരൂപമായി പ്രവചനശക്തിയോടെ വളരുകയാണ്. സാമൂഹികജീവിതത്തിൽ പിൽക്കാലത്ത് കൂടുതൽ രൂക്ഷമായിത്തീർന്ന മതവൈരം എന്ന പ്രതിലോമയാഥാർഥ്യത്തെ അന്നുതന്നെ തിരിച്ചറിഞ്ഞ കൃതിയാണ് ‘അസുരവിത്ത്.’ എംടിയുടെ മാനവികമായ സാമൂഹികദർശനത്തെ ഏറ്റവും നന്നായി, സാർഥകമായി ആവിഷ്കരിക്കുന്ന കൃതിയാണത്. സ്വാർഥലാഭത്തിനു വേണ്ടി, മതത്തിന്റെ മറയിട്ടുകൊണ്ട് സാമൂഹികസംഘർഷം സൃഷ്ടിക്കുന്ന സ്ഥാപിതതാൽപര്യക്കാരുടെ ഇരയായിത്തീരുന്ന മനുഷ്യനാണ് ഗോവിന്ദൻകുട്ടി. ദുരന്തത്തിനിടയിലും അയാളുടെ ഉള്ളിൽ പുലരുന്ന സഹജമായ നന്മ സമൂഹത്തിനു പ്രതിസന്ധിഘട്ടത്തിൽ ഉപയുക്തമാകുന്നതിന്റെ ചിത്രമാണ് നോവലിലുള്ളത്. കുഞ്ഞരയ്ക്കാർ എന്ന പൗരുഷമൂർത്തി, വ്യക്തിയെന്ന നിലയിൽ തികഞ്ഞ മതബോധം പുലർത്തുമ്പോൾത്തന്നെ, മനുഷ്യബന്ധങ്ങളിൽ മതത്തെക്കാൾ മാനവികത ഉയർത്തിപ്പിടിക്കുന്ന കഥാപാത്രമാണ്.

സ്വന്തം വീടിനെക്കാൾ ഗോവിന്ദൻകുട്ടി വൈകാരികമായി ആശ്രയിക്കുന്ന കുടുംബമാണ് കുഞ്ഞരയ്ക്കാരുടേത്. ഗോവിന്ദൻകുട്ടി കുഞ്ഞരയ്ക്കാരുടെ വീട്ടിൽ പോകുന്നതാണ് അളിയൻ ശേഖരൻ നായർക്കും ജ്യേഷ്ഠൻ കുമാരൻ നായർക്കുമുള്ള ആക്ഷേപം. ഒരു സന്ദർഭത്തിൽ അതിനെ സൂചിപ്പിച്ചുകൊണ്ടു കുമാരൻ നായർ ‘നീ പൊയി തൊപ്പിയിടെടാ’ എന്നു ദേഷ്യപ്പെട്ടു പറയുന്നുണ്ട്. ഗർഭിണിയായ മീനാക്ഷിയെ ഗോവിന്ദൻകുട്ടിയെക്കൊണ്ടു ശേഖരൻ നായർ ചതിവിൽ വിവാഹം കഴിപ്പിച്ചു. കാര്യം മനസ്സിലായ ഗോവിന്ദൻകുട്ടി, തന്നോടു കാട്ടിയ ചതിക്കെതിരെ ശേഖരൻ നായരോടു പരസ്യമായി ഏറ്റുമുട്ടി. രാത്രിയിൽ ശേഖരൻ നായരുടെ കൂലിത്തല്ലുകാർ ഗോവിന്ദൻകുട്ടിയെ നേരിട്ടപ്പോൾ രക്ഷയ്ക്കെത്തിയത് കുഞ്ഞരയ്ക്കാരാണ്. അതൊരു വർഗീയസംഘർഷമായി വളർത്താൻ തൽപരകക്ഷികൾ ശ്രമിച്ചു. അതിന്റെ പിന്നിലെ കെണി മനസ്സിലാക്കാതെ ഉടൻ പ്രതികരണമായി ഗോവിന്ദൻകുട്ടി പൊന്നാനിയിൽ പോയി തൊപ്പിയിട്ടു മുസ്‌ലിം ആയി. കിഴക്കുമ്മുറിയിൽ തിരിച്ചെത്തിയ അബ്ദുള്ള എന്ന ഗോവിന്ദൻകുട്ടി പ്രതീക്ഷിച്ചത് കുഞ്ഞരയ്ക്കാരുടെ അഭിനന്ദനമാണ്. എന്നാൽ ഗോവിന്ദൻകുട്ടിയുടെ ആ അപക്വമായ പ്രവൃത്തിയോടുള്ള കുഞ്ഞരയ്ക്കാരുടെ പ്രതികരണം രൂക്ഷമായിരുന്നു. മേലാൽ തന്റെ വീട്ടിൽ വന്നുപോകരുത് എന്നായിരുന്നു അയാളുടെ ആജ്ഞ.

മതംമാറ്റം ഗോവിന്ദൻകുട്ടിയുടെ ജീവിതം കൂടുതൽ അസ്വസ്ഥമാക്കി. തുടക്കത്തിൽ ആഘോഷത്തോടെ കൊണ്ടുനടന്നവർ പിന്നീടയാളെ കൈയ്യൊഴിഞ്ഞു. മതംമാറ്റത്തിന്റെ നിരർഥകതയെക്കുറിച്ചു തിരിച്ചറിവുണ്ടായപ്പോൾ ആത്മനിന്ദ അയാളെ കീഴടക്കി. ഒരു സമൂഹഭ്രഷ്ടനെപ്പോലെ ഗോവിന്ദൻകുട്ടിക്കു നാട്ടിൽ ആലംബമില്ലാതെ കഴിയേണ്ടി വന്നു. ആ ഘട്ടത്തിൽ നാട്ടിലുണ്ടായ കോളറാവ്യാപനം അയാളുടെ ജീവിതത്തിനു പുതിയ അർഥം കൊടുത്തു. മരിച്ചുവീഴുന്നവരെ കുഴിച്ചിടാൻപോലും തയാറാകാതെ ആളുകൾ പേടിച്ചു പിൻവാങ്ങിയപ്പോൾ അയാൾ ഒറ്റയ്ക്കിറങ്ങി തന്നാലാവുംവിധം മൃതദേഹങ്ങൾ മറവുചെയ്തു. ഗോവിന്ദൻകുട്ടിയുടെ മറ്റൊരു മുഖം ഗ്രാമീണർ കാണുകയായിരുന്നു. 

എങ്കിലും നാട്ടിൽ രോഗം ശമിച്ചുകഴിയുമ്പോൾ അയാൾ നാടു വിടുന്നു. തിരിച്ചുവരാൻ വേണ്ടിയുള്ള യാത്രയാണതെന്നു പറഞ്ഞുകൊണ്ടാണ് അയാൾ പോകുന്നത്. തനിക്ക് അതിജീവിക്കാൻ കഴിയാത്ത സമൂഹത്തിൽനിന്നു വിട്ടുപോകുന്ന ആ കഥാപാത്രം തിരിച്ചു വരുമെന്ന പ്രഖ്യാപനത്തിലൂടെ മാറുന്ന ലോകത്തെ സ്വപ്നം കാണുന്നുണ്ട്. ആ നിലയിൽ ഗോവിന്ദൻകുട്ടി എന്ന കഥാപാത്രത്തിൽ അബോധപൂർവമായി മാനവികതയുടെ മൂല്യങ്ങളെ സാക്ഷാത്കരിക്കാൻ ശ്രമിക്കുന്ന ഒരു മനുഷ്യനുണ്ട്. പിൽക്കാലത്തു കേരളത്തിലും ഇന്ത്യയിലും മാത്രമല്ല, ലോകമൊട്ടാകെത്തന്നെ കൂടുതൽ കൂടുതൽ രൂക്ഷമായി പടർന്നുകൊണ്ടിരിക്കുന്ന വർഗീയതയുടെ മനുഷ്യവിരുദ്ധതയെക്കുറിച്ചുള്ള ഒരു പ്രവചനരേഖയായി ‘അസുരവിത്ത്’ എന്ന നോവൽ മാറി.

നോവലിനെ ആഴവും വ്യാപ്തിയുമുള്ള ഒരു സാമൂഹികരേഖയായി കാണുന്ന സമീപനമാണ് ‘അസുരവിത്തി’ൽ എഴുത്തുകാരൻ സ്വീകരിച്ചിട്ടുള്ളത്. കേരളത്തിന്റെ കാർഷികജീവിതം അതിന്റെ ആഖ്യാനരാശിയിൽ പ്രബലവിതാനമായി വർത്തിക്കുന്നു. വിരിപ്പും മുണ്ടകനുമായി മാറിമാറി വരുന്ന കൃഷിയോടു ബന്ധപ്പെട്ടാണ് നോവലിലെ ആന്തരികാലത്തിന്റെ ചലനഗതി. രചനയിലെ പ്രത്യക്ഷവൽക്കരണംകൊണ്ടു വായനക്കാർക്കു ദൃശ്യപ്രതീതിയുണ്ടാകുകയും കഥാപാത്രങ്ങളുടെ മാനസികചലനങ്ങളെ പിന്തുടരുന്ന രീതികൊണ്ടു വൈകാരികമായ താദാത്മ്യം ലഭിക്കുകയും ചെയ്യുന്നു.

Content Summary: Remembering the novel Asuravithu by M. T. Vasudevan Nair

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com