പോര്‍ച്ചുഗീസുകാരില്‍ പേടിസ്വപ്നം വിതച്ച കടൽക്കൊള്ളക്കാരന്റെ കഥ; ഒപ്പം ഒരു യുവാവിന്റെ പ്രണയവും...

Mail This Article
സ്പാന്യാഡ് (കുഞ്ഞാലി ചരിത്രം)
ജയിംസ് സേവിയര്‍
കറന്റ് ബുക്സ്, തൃശൂര്‍
വില 330 രൂപ
ഡോം പെഡ്രോ റോഡ്രിഗസ്. സ്പാന്യാഡ്. കടല്ക്കൊള്ളക്കാരന്. ചരിത്രം വളരെക്കുറച്ചു മാത്രം പറഞ്ഞ് വിസ്മൃതിയില്‍ ഉപേക്ഷിച്ച ധീരയോദ്ധാവ്. പറങ്കികളുടെ തടവറിയില്‍ മൃഗീയമായി പീഡിപ്പിക്കപ്പെട്ട യുവാവ്. അറബിക്കടലിലും കോറമണ്ഡലത്തിലും സിംഹളദേശത്തും പോര്‍ച്ചുഗീസുകാരില്‍ പേടിസ്വപ്നം വിതച്ച മനുഷ്യന്. അയാളെ ദേശാഭിമാനിയെന്നു വാഴ്ത്തുന്നവരുണ്ട്. മനുഷ്യത്വം നശിച്ച കടല്ക്കൊള്ളക്കാരന് എന്ന് ആക്ഷേപിക്കുന്നരുണ്ട്. ചരിത്രം അവശേഷിപ്പിച്ച മൗനത്തില്നിന്ന് യഥാര്‍ഥ ഡോമിനെക്കണ്ടെത്താനുള്ള ശ്രമമാണ് ജയിംസ് സേവ്യറിന്റെ ‘സ്പാന്യാഡ്’ എന്ന നോവല്‍.
എന്നാല്‍ ഡോമിന്റെ മാത്രം കഥയുമല്ല നോവല്‍. വാസ്കോഡി ഗാമയുടെ ഭാരതത്തിലേക്കുള്ള വരവിനെ ത്തുടര്‍ന്ന് അശാന്തിയുടെ തീരങ്ങളായി മാറിയ മലബാറില്‍ സംഭവിച്ച സാമൂഹികവും രാഷ്ട്രീയവുമായ മാറ്റങ്ങളും വിദേശ ശക്തിക്കെതിരെ പോരാടിയ ഒരു ജനതയുടെ ചുടുരക്തത്തില്‍ കുളിച്ച യുദ്ധപ്രതിരോധ ത്തിന്റെ ചരിത്രവുമാണിത്.
കുഞ്ഞാലി മരക്കാര്‍മാരുടെയും സാമൂതിരിമാരുടെയും കൊച്ചിരാജവംശത്തിന്റെയും ചരിത്രമുണ്ട്. ഒപ്പം ഒരു യുവാവിന്റെ പ്രണയത്തിന്റെ, പ്രതികാരത്തിന്റെ , സഹനത്തിന്റെ സാഹസികതയുടെ കഥയും. കഥകളായും ഉപകഥകളായും ചരിത്രമായും വിരേതിഹാസമായുമെല്ലാം കുഞ്ഞാലി മരയ്ക്കാര്‍ നിറഞ്ഞുനില്ക്കുന്ന ചരിത്രത്തില്‍ നിന്ന് മറ്റൊരു ജ്വലിക്കുന്ന കഥാപാത്രം. തുടക്കം വ്യക്തമെങ്കിലും 42 വയസ്സിനുശേഷം ഇന്നും ദുരൂഹതയില്തുടരുന്ന ഒരു മലയാളി യുവാവിന്റെ ജീവിതകഥ.
സിംഹളദേശത്തെ കോട്ടയില്‍ കോണ്‍സ്റ്റാന്റിനോ ഡി സ ഡി നൊറോണ അസ്വസ്ഥനായിരുന്നു. അദ്ദേഹത്തിന്റെ നോട്ടം നേരിടാനാവാതെ സേനാധിപന്മാര് തല കുനിച്ചു. കോണ്സ്റ്റാന്റിനോയുടെ അസ്വസ്ഥതയുടെ കാരണം ഒരു ചെറുപ്പക്കാരനാണ്. ഡോം പെഡ്രോ റോഡ്രിഗ്സ്. വെറുമൊരു മലബാര്‍ കടല്ക്കൊള്ളക്കാരന്.
ഗോവയിലെ തടവറയില്‍നിന്ന് 10 വര്‍ഷം മുമ്പ് രക്ഷപ്പെട്ട് അന്നുമുതല്‍ പോര്‍ച്ചുഗീസുകാരുടെ സമാധാനം കെടുത്തുന്നവന്. ഒരു രാജാവോ സേനാധിപനോ സൈനിക ശക്തിയോ അല്ല ഡോം. ഒരു വ്യക്തി മാത്രം. അയാള്‍ക്കുവേണ്ടി എന്തും ചെയ്യാന്‍ നിലയുറപ്പിച്ചിരിക്കുന്ന ഏതാനും സുഹൃത്തുക്കളും. വെറും അഞ്ചു പടകുകള്‍ മാത്രമാണ് ഡോമിന്റെ സമ്പാദ്യം. എന്നിട്ടും വിദേശ ശക്തികള്‍ അവന്റെ മുന്നില്‍ മുട്ടുവിറച്ചു നില്ക്കുന്നു.
ഡോമിനെ പേടിച്ച് നാവിക യാത്ര തന്നെ ഉപേക്ഷിക്കുന്നു. അസാധാരണ ചങ്കൂറ്റം കുടികൊള്ളുന്ന, പേടി സ്വപ്നമായ ഡോമിനെ പരാജയപ്പെടുത്താന്‍ ഒടുവില്‍ ഗോവയില്‍ നിന്ന് വൈസ്രോയി നേരിട്ട് ഉത്തരവിട്ടിരിക്കുന്നു. അവസാനത്തെ യുദ്ധത്തില്‍ ഡോമിനെ തോല്പിക്കാന് പദ്ധതി മെനയുന്ന രംഗം ഒന്നുമാത്രം മതി അയാളുടെ ശക്തി മനസ്സിലാക്കാന്‍.
യഥാര്‍ഥത്തില്‍ ഡോം എന്നൊരു വ്യക്തിയുണ്ടായിരുന്നോ എന്നൊരു ചോദ്യത്തിനു പ്രസക്തിയുണ്ട്. ഉണ്ട് എന്നു തന്നെയാണുത്തരം. എന്നാല്‍ ഡോമിനെക്കുറിച്ച് ആധികാരിക വിവരങ്ങള്‍ കുറവ്. വേലായുധന് പണിക്കശ്ശേരി എഴുതിയ സഞ്ചാരികള്‍ കണ്ട കേരളം എന്ന പുസ്തകത്തില്‍നിന്നാണ് ജയിംസ് സേവ്യര്‍ ആദ്യം ഡോമിനെക്കുറിച്ച് അറിയുന്നത്. കൂടുതല്‍ അറിയാന്‍ വേണ്ടി നടത്തിയ യാത്രകളുടെ സാഫല്യമാണ് സ്പാന്യാഡ് എന്ന നോവല്‍. 90 ശതമാനം ചരിത്രവും 10 ശതമാനം ഭാവനയും നിറഞ്ഞ ഹിസ്റ്റോറിക്കല്‍ ഫിക്ഷന്‍.
സമഗ്രവും ആധികാരികവുമായ ഗവേഷണം തന്നെയാണ് സ്പാന്യാഡ് എന്ന നോവലിന്റെ കരുത്ത്. എന്നാല്‍ ഭാഷയിലും ആഖ്യാനത്തിലുമുള്ള ചില വൈകല്യങ്ങള്‍ വായനയില്‍ കല്ലുകടിയാകുന്നുമുണ്ട്. അവ കൂടി ഒഴിവാക്കിയാല്‍ മലയാളത്തിലെ ശ്രദ്ധേയമായ നോവലുകളിലൊന്നാകും സ്പാന്യാഡ്.
English Summary : Spaniard: Kunjali Charithram Book By James Xavier