ഉയരങ്ങളിലെത്താന്‍ വിജയികളുടെ വഴികള്‍

Mail This Article
ഉയരങ്ങൾ കീഴടക്കാം
സെബിന്‍ എസ്. കൊട്ടാരം
ബിയോണ്ട് ബുക്‌സ്
വില 145
എവറസ്റ്റ് കീഴടക്കാന്‍ ഒരുങ്ങുന്നയാളും ആദ്യം യാത്ര തുടങ്ങുന്നത് സമതലനിരപ്പില്‍ നിന്നാണ്. ഒന്നുമില്ലായ്മയില്‍ നിന്ന് ചുവടുവച്ചവരാണ് ഇന്ന് ലോകത്ത് വിവിധ മേഖലകളില്‍ വിജയിച്ചവരില്‍ ഭൂരിഭാഗവും. ശരിയായ ചുവടുകള്‍ വയ്ക്കുമ്പോഴാണ് ആഗ്രഹിച്ച ലക്ഷ്യത്തിലെത്തിച്ചേരാന്‍ സാധിക്കുക. ആ യാത്രയില്‍ കോവിഡ് പോലുള്ള പല പ്രതിന്ധികളും കടന്നുവന്നേക്കാം. സാമ്പത്തിക പ്രതിസന്ധികള്‍, തൊഴില്‍ നഷ്ടം, അപമാനം, രോഗം, തിരസ്‌കരണം, ഏകാന്തത എന്നിവയൊക്കെ മുന്നോട്ടുള്ള പ്രയാണത്തിന് താല്‍ക്കാലികമായി തടസ്സമായേക്കാം. എന്നാല്‍ ഈ പ്രതിസന്ധികളിലും ശുഭപ്രതീക്ഷ നിലനിര്‍ത്തിക്കൊണ്ട് പ്രവര്‍ത്തിക്കുന്നവരാണ് വന്‍ ഉയരങ്ങള്‍ കീഴടക്കുക. അതിനുള്ള വഴികള്‍ തുറന്നുതരുന്ന പുസ്തകമാണ് ഉയരങ്ങള്‍ കീഴടക്കാം.
വിത്ത് എത്ര നല്ലതായാലും അത് നല്ല നിലത്ത് വിതച്ചാലെ മികച്ച ഫലം നല്‍കൂ. മക്കളുടെ കാര്യവും ഇത് തന്നെയാണ് ശരിയായ പരിചരണം ലഭിച്ചാല്‍ മാത്രമാണ് അവരുടെ നന്‍മയും മികവും പുറത്തെടുക്കാന്‍ സാധിക്കുക. ഓരോ കുട്ടിയും വളര്‍ന്നുവരുന്ന കാലഘട്ടത്തില്‍ ശരിയായ പരിചരണം മാനസിക, വൈകാരിക, വ്യക്തിത്വ, ആത്മീയ, ബൗദ്ധിക തലങ്ങളില്‍ ആവശ്യമാണ്. അതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും ഈ പുസ്തകത്തിലുണ്ട്.
തങ്ങളുടെ കുട്ടികള്‍ മിടുക്കരാവണമെന്നാണ് ഓരോ മാതാപിതാക്കളും ആഗ്രഹിക്കുന്നത്. മിടുക്ക് എന്നത് പഠനത്തിലെ മികവ് മാത്രമല്ല. സ്വഭാവത്തിലെ വൈശിഷ്ട്യം കൂടിയാണത്. അതിനാല്‍ തന്നെ മികച്ച സ്വഭാവം വാര്‍ത്തെടുക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും മൊബൈല്‍ അഡിക്ഷന്‍ ഒഴിവാക്കാനും അമിത ദേഷ്യം നിയന്ത്രിക്കാനുമുള്ള വഴികളേക്കുറിച്ചും ഈ പുസ്തകത്തില്‍ വിശദമാക്കുന്നു.
ഏതെങ്കിലും ഒരു പരമ്പരാഗത കോഴ്‌സ് പഠിച്ചതുകൊണ്ടു മാത്രം ഇന്ന് മികച്ച ജോലി ലഭിക്കുകയില്ല. അതിന് കാലഘട്ടത്തിന് അനുസരിച്ചുള്ള മികച്ച കോഴ്‌സുകള്‍ മികച്ച കോളജുകളില്‍ പഠിക്കണം. ഇന്ത്യയിലെ മികച്ച കോഴ്‌സുകളിലേക്കും കോളജുകളിലേക്കും പ്രവേശനം ലഭിക്കാനായി നടത്തുന്ന പ്രധാന എന്‍ട്രന്‍സ് പരീക്ഷകളേക്കുറിച്ചുള്ള വിവരങ്ങളും ഈ ഗ്രന്ഥത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
മികച്ച ശമ്പളവും പെന്‍ഷനും പ്രമോഷനുമെല്ലാം ഉള്ളതിനാല്‍ ഇന്ന് സര്‍ക്കാര്‍ ജോലി ഏതൊരു സാധാരണക്കാരന്റെയും സ്വപ്നമാണ്. പക്ഷെ, മികച്ച സര്‍ക്കാര്‍ ജോലികള്‍ക്കായി പ്രത്യേക പരീക്ഷകള്‍ പാസാകേണ്ടതുണ്ട്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളിലെ മികച്ച ജോലികളിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന പ്രധാനപ്പെട്ട മല്‍സരപ്പരീക്ഷകളുടെ വിവരങ്ങളും ഉയരങ്ങള്‍ കീഴടക്കാമെന്ന ഈ പുസ്തകത്തില്‍ കൊടുത്തിരിക്കുന്നു.
യുവജനങ്ങളുടെ ഇന്നത്തെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നാണ് അമേരിക്കയിലോ യൂറോപ്പിലോ ഒരു ജോലി. നല്ല കാലാവസ്ഥയും മികച്ച ശമ്പളവും സാമൂഹിക സുരക്ഷാപദ്ധതികളുമെല്ലാം പാശ്ചാത്യ രാജ്യങ്ങളിലെ ആകര്‍ഷണഘടകങ്ങളാണ്. അതിനാല്‍ തന്നെ, പാശ്ചാത്യരാജ്യങ്ങളില്‍ ജോലി സ്വപ്നം കണ്ടുകൊണ്ട് ആ രാജ്യങ്ങളില്‍ വിവിധ കോഴ്‌സുകള്‍ക്ക് ചേരുന്ന മലയാളികളുടെ എണ്ണവും ഓരോ വര്‍ഷം ചെല്ലുന്തോറും വര്‍ധിച്ചുവരുന്നു. ഈയൊരു സാഹചര്യത്തില്‍ വിദേശത്ത് മികച്ച ജോലിക്കും കോഴ്‌സിനും ചേരാന്‍ വഴികാട്ടുന്ന അധ്യായത്തോടെ ഈ പുസ്തകം പൂര്‍ണമാവുന്നു.
English Summary : Uyarangal Keezhadakkam Book By Sebin.S.Kottaram