ADVERTISEMENT

മികച്ച കൃതികള്‍ എല്ലാക്കാലത്തും വായനക്കാരെ ആകര്‍ഷിക്കുന്നതും സ്വാധീനിക്കുന്നതും കീഴ്പ്പെടുത്തുന്നതും അവയിലടങ്ങിയ സംഘര്‍ഷത്തിന്റെ കരുത്തിലാണ്. കൃത്യമായ ഒരു തീരുമാനത്തില്‍ എത്താന്‍ കഴിയാത്ത അനിശ്ചിതത്വങ്ങളാല്‍. തെറ്റെന്നു തിരിച്ചറി‍ഞ്ഞിട്ടും ചിലതൊന്നും ഉപേക്ഷിക്കാനാവില്ല എന്ന ധര്‍മസങ്കടത്തില്‍. ശരിയാണെന്ന് ഉത്തമബോധ്യമുണ്ടെങ്കിലും വാരിപ്പുണരാനാവാത്ത യാഥാര്‍ഥ്യങ്ങളുടെ നേരേ മുഖം തിരിക്കുമ്പോള്‍. അസ്വസ്ഥതകളിലേക്കാണു പോകുന്നതെന്നു തിരിച്ചറിഞ്ഞിട്ടും അത്തരം യാത്രകള്‍ ഒഴിവാക്കാനാകാതെ വരുമ്പോള്‍. ഷേക്സ്പിയറുടെ ഹാംലറ്റിന്റെ പ്രശസ്തമായ ആ മാനസികാവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ – വേണോ വേണ്ടയോ, ചെയ്യണോ ചെയ്യാതിരിക്കണോ. ആഗ്രഹിച്ചിട്ടും ചില ദൗത്യങ്ങള്‍ ഏറ്റെടുക്കാനാകാതെ വരുമ്പോള്‍. ആഗ്രഹത്തിന്റെ തീക്ഷ്ണതയും പ്രാവര്‍ത്തികമാക്കുന്നതിന്റെ നിസ്സഹായതയും ഏറ്റുമുട്ടുമ്പോള്‍. ഇങ്ങനെ ഒന്നിലേറെ തലങ്ങളില്‍ തുടരുന്ന, ആവര്‍ത്തിക്കുന്ന, നിരന്തരമായ സംഘര്‍ഷങ്ങള്‍ ഹാംലറ്റില്‍ മാത്രമല്ല, ലോകത്തെ മികച്ച സാഹിത്യ സൃഷ്ടികളിലെല്ലാമുണ്ട്. 

 

ദസ്തയേവ്സ്കിയുടെ ലോകോത്തര കൃതി കുറ്റവും ശിക്ഷയും വായിക്കുമ്പോള്‍ റസ്കോള്‍നിക്കോഫിന്റെ, ഹാംലറ്റിനു സമാനമായ മാനസികാവസ്ഥയിലൂടെ വായനക്കാര്‍ കടന്നുപോകും. കൊലപാതകം തെറ്റെന്ന് അറിഞ്ഞിട്ടും അതു ചെയ്യേണ്ടിവരുന്ന മാനസികാവസ്ഥ. തെറ്റ് ഏറ്റുപറയുന്നതാണ് മനുഷ്യത്വം എന്നറിഞ്ഞിട്ടും അതു നീട്ടിക്കൊണ്ടുപോകുന്ന മനുഷ്യാവസ്ഥ. റസ്കോള്‍നിക്കോഫും ഹാംലറ്റും ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ നേരിടുന്ന സവിശേഷ സാഹചര്യവുമായി താരതമ്യം ചെയ്യാനാവില്ലെങ്കിലും ജി.ആര്‍. ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധയിലുമുണ്ട് സംഘര്‍ഷങ്ങള്‍. ജീവിതത്തിന്റെ അടിസ്ഥാന പാഠങ്ങളെ വെല്ലുവിളിക്കുന്ന പ്രത്യേക സാഹചര്യങ്ങള്‍. വായനക്കാരെ ധര്‍മസങ്കടത്തിലേക്കും ആശയക്കുഴപ്പത്തിലേക്കും നയിക്കുന്ന കഥാ മുഹൂര്‍ത്തങ്ങള്‍. ഇത്തരം സംഘര്‍ഷങ്ങളാണ് വിലായത്ത് ബുദ്ധയെ ഇന്ദുഗോപന്റെ മികച്ച രചനകളിലൊന്നാക്കി മാറ്റുന്നത്. വായനയെ രസപൂര്‍ണമാക്കുന്നത്, വായിക്കുക എന്ന പ്രവൃത്തിയെ ആനന്ദകരമാക്കുന്നത്; ഒപ്പം അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നതും. 

 

സാഹിത്യരചനയുടെ പതിവു മാനദണ്ഡങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ് ഇന്ദുഗോപന്റെ എഴുത്ത് മലയാള സാഹിത്യത്തില്‍ സ്വന്തം വഴി കണ്ടെത്തിയതും വലിയൊരു ആരാധക വൃന്ദത്തെ സൃഷ്ടിച്ചതും. മുന്‍പേ നടന്നവര്‍ വെട്ടിത്തെളിച്ച വഴിയിലൂയെടയല്ല ഇന്ദുഗോപന്‍ എന്ന കഥാകൃത്ത് നടക്കുന്നത്. അദ്ദേഹം സ്വയം കണ്ടെത്തുന്ന വഴിയാകട്ടെ അത്രയ്ക്കൊന്നും അപരിചിതവുമല്ല. എന്നാല്‍, സാഹിത്യത്തില്‍നിന്ന് അകലം പാലിച്ചും കഥയുടെ പ്രാഥമിക ലക്ഷ്യത്തില്‍നിന്ന് അകലം പാലിക്കാതെയും അദ്ദേഹം കണ്ടെത്തുന്ന എഴുത്തുവഴിക്ക് സൗന്ദര്യമുണ്ട്. കൗതുകമുണ്ട്. അവഗണിക്കാനാവാതെ ഇന്ദുവിന്റെ വാക്കുകള്‍ വായനക്കാരെ കൂടെക്കൂട്ടുന്നുമുണ്ട്. ഈ വസ്തുതയുടെ ഏറ്റവും നല്ല ഉദാഹരണമാണ് വിലായത്ത് ബുദ്ധ എന്ന ചെറുനോവല്‍. 

 

സഘര്‍ഷങ്ങളാല്‍ സമൃദ്ധമാണ് വിലായത്ത് ബുദ്ധ. അവ ജീവിതത്തിന്റെ അടിസ്ഥാനത്തെ കുലുക്കിയുണര്‍ത്തുന്നില്ലെങ്കിലും ചെറുതല്ലാത്ത രസവും സന്തോഷവും ആകാംക്ഷയും ഉത്കണ്ഠയും ഉണര്‍ത്തി വായനയെ ആഹ്ലാദപൂര്‍ണമാക്കുന്നു. കഥയുടെ രസത്തില്‍ മാത്രം നിര്‍ത്തണമെന്നുള്ളവര്‍ക്ക് അങ്ങനെ ചെയ്യാം. അതല്ല, ജീവിതത്തിന്റെ അടിസ്ഥാന സമസ്യകളെക്കുറിച്ച് ആലോചിക്കണം എന്നാഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള വഴിയും വിലായത്ത് ബുദ്ധ തുറക്കുന്നുണ്ട്. ഈ നിഗൂഢത തന്നെയാണ് വിലായത്ത് ബുദ്ധയുടെ ആകര്‍ഷണീയത. ചന്ദനമരങ്ങളിലെ ഒറ്റപ്പെട്ട രത്നമായി വിലായത്ത് ബുദ്ധ അറിയപ്പെടുന്നതുപോലെ എഴുത്തിന്റെ ലോകത്തിലെ വ്യതിരിക്ത രചനയായി ബുദ്ധ ഉള്‍പ്പെടെ ഇന്ദുഗോപന്റെ സമീപകാല കഥകള്‍ മാറുന്നതും. 

 

ചോലയ്ക്കലെ ചെമ്പകം അച്ചടിഭാഷ പറഞ്ഞാണു ഭാസ്കരന്‍ സാറിനെ അദ്ഭുതപ്പെടുത്തുന്നത്. ഏതോ ഇംഗ്ലിഷ് വിദ്വാനുമായിട്ടായിരിക്കും എവളുടെ പുതിയ സംസര്‍ഗം എന്നാണ് ഗുഡ് നൈറ്റും ഗുഡ് ഈവനിങ്ങും തമ്മിലുള്ള വ്യത്യാസം ചെമ്പകം വിശദീകരിക്കുമ്പോള്‍ ഭാസ്കരന്‍ സാറ് ആശ്വസിക്കുന്നത്. എന്നാല്‍ ചെമ്പകം ഇംഗ്ലിഷ് വാക്കുകള്‍ ഉള്‍പ്പെടെ അച്ചടിവടിവില്‍ സംസാരിക്കുന്നതിന്റെ കാരണം ഭാസ്കരന്‍ സാറുമായുള്ള സംസര്‍ഗ്ഗമാണെന്നാണു നാട്ടുകാര്‍ വിചാരിക്കുന്നത്. ഈ സംഘര്‍ഷമാണ് തുടക്കത്തില്‍ വിലായത്ത് ബുദ്ധയിലേക്കു വായനക്കാരെ ആകര്‍ഷിക്കുന്നത്. എന്നാല്‍ കഥ പുരോഗമിക്കുംതോറും സംഘര്‍ഷങ്ങള്‍ എണ്ണമില്ലാതെ കൂടുന്നു. അവയെക്കുറിച്ചു ചിന്തിച്ച് അസ്വസ്ഥരാകാന്‍ അവസരം തരാതെ ഇന്ദുഗോപന്‍ അതിവേഗം കഥയെ മുന്നോട്ടുകൊണ്ടുപോകുന്നു. 

 

ഡബിള്‍ മോഹനന്‍ എന്ന സാന്‍ഡല്‍ മോഹനന്റെ വ്യക്തിത്വത്തിലുമുണ്ട് ഒന്നിലധികം സംഘര്‍ഷങ്ങള്‍. ഹിംസയുടെ മാര്‍ഗത്തില്‍ സഞ്ചരിക്കുന്ന മോഹനന്‍ വിലായത്ത് ബുദ്ധയ്ക്കു മുന്നിലെത്തുമ്പോള്‍ അഹിംസയുടെ പ്രവാചകനാകുന്നു. രക്തച്ചൊരിച്ചിലിനു മടിയില്ലാത്ത ആളാണെങ്കിലും വിലായത്ത് ബുദ്ധയുമായി ബന്ധപ്പെട്ട ഒരു ഇടപാടിലും രക്തം ചിന്തരുത് എന്നയാള്‍ ആഗ്രഹിക്കുന്നു. അതിനുവേണ്ടി തീവ്രമായി സഹിക്കുന്നു. അയാളുടെ വ്യക്തിത്വത്തിലെ ഈ വൈരുധ്യങ്ങള്‍ തന്നെയാണ് ഒരു കഥാപാത്രമെന്ന നിലയില്‍ മോഹനനെ വളര്‍ത്തുന്നതും നിലനിര്‍ത്തുന്നതും.

 

ഭാസ്കരന്‍ സാറും മകന്‍ അനിയും ചെമ്പകവും ചൈതന്യവും ഉതുപ്പാനും ഉള്‍പ്പെടെ വിലായത്ത് ബുദ്ധ വരെയും സ്വഭാവത്തിലെയും പെരുമാറ്റത്തിലെയും സംസാരത്തിലെയും പ്രവൃത്തികളിലെയും വൈരുധ്യങ്ങളാല്‍ നിറഞ്ഞുനില്‍ക്കുന്നതാണ് വിലായത്ത് ബുദ്ധയുടെ കരുത്ത്. ഒരു നോവല്‍ എങ്ങനെയായിരിക്കണം എന്നും ഏതൊക്കെ പ്രമേയങ്ങളാണു നോവലിനു വിഷയമാകേണ്ടത് എന്നുമൊക്കെയുള്ള പ്രശ്നങ്ങള്‍ തല്‍ക്കാലത്തേക്കു മാറ്റിവച്ച് വിലായത്ത് ബുദ്ധ വായിച്ചാസ്വദിക്കുക എന്നതുമാത്രമാണ് തല്‍ക്കാലത്തേക്കു വായനക്കാര്‍ക്കു ചെയ്യാവുന്നത്. അതു സന്തോഷകരമായി പൂര്‍ത്തിയാവുന്നതോടെ വലിയ ചര്‍ച്ചകളിലേക്കു കടക്കുക എന്നതുതന്നെ അപ്രസക്തമാകുന്നു. 

 

ഹേ, വിലായത്ത് ബുദ്ധാ ! 

അങ്ങ് അഹിംസ പറഞ്ഞ ആളല്ലേ. ഞാന്‍ ഹിംസയ്ക്കില്ല. 

 

English Summary: Vilayath Buddha Novel by G R Indugopan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com