ADVERTISEMENT

ക്ഷേത്രഗോപുരത്തിനു മുകളിൽ പൂർണ്ണ ചന്ദ്രോദയം. നിലാവിൽ പ്രകൃതിയുടെ നിഴൽനാടകം. അത്ര വേഗത്തിലല്ലാതെ വരുന്ന കുതിരപ്പുറത്ത് ദൃഢഗാത്രനായ ഒരു യുവാവിന്റെ രൂപം കാണാം. തോളറ്റം വരെ നീണ്ട മുടിയും കുതിരയുടെ കുഞ്ചിരോമങ്ങളും മെല്ലെ ഇളകുന്നുണ്ട്. ഇരുൾമരങ്ങളിലേക്ക് അലിയുകയും തുറസ്സുകളിലേക്ക് വെളിവാകുകയും ചെയ്യുന്ന അശ്വാരൂഢൻ തോൽപ്പാവക്കൂത്തിലെന്നപോലെ ചലന കൗതുകമുണ്ടാക്കി. ഗോപുരദ്വാരത്തിന് അല്പം അകലെ വേടുകൾ ഞാന്ന ഒരു വടവൃക്ഷത്തിനു ചുവട്ടിൽ കുതിര നിന്നു. യുവാവ് കുതിരപ്പുറത്തുനിന്ന് ഇറങ്ങി. അസ്പഷ്ടമായൊരു ശബ്ദമുണ്ടാക്കിയപ്പോൾ കുതിര ഇരുട്ടിലേക്ക് അലിഞ്ഞു തീർന്നു. 

 

ഗോപുരമാളികയ്ക്കു താഴെയുണ്ടായിരുന്ന ആയുധധാരികളായ കാവൽ ഭടന്മാരെ ശ്രദ്ധിക്കാതെ അയാൾ മുന്നോട്ടു നടന്നു. കുംഭാകൃതിയിലുള്ള ഉയർന്ന മതിൽക്കെട്ട് അനായാസം ചാടിക്കടന്നു. നാടകശാലയുടെ ചുമർവിളക്കുകൾ നിറഞ്ഞു കത്തുന്നു. അകത്തുനിന്ന് വീണാ വേണു മൃദംഗങ്ങളുടെ മൃദുസ്വരങ്ങൾ ഒഴുകി വരുന്നുണ്ട്. പടിക്കെട്ടുകൾക്കു താഴെ പ്രമാണിമാരുടെ നിരന്നു കിടക്കുന്ന വാഹനങ്ങൾ. വില്ലു വച്ച കാളവണ്ടികളും പല്ലക്കുകളും. വിശ്രമിക്കുന്ന ഒറ്റക്കുതിരകളെയും കാണാം. തണ്ടു വിളക്കുകളുടെ വെളിച്ചത്തിൽ യജമാനന്മാരെക്കാത്ത് ഉറക്കം തൂങ്ങിയിരിക്കുന്ന വണ്ടിക്കാർക്കരികിലൂടെ യുവാവ് നാടകശാലയുടെ പടികൾ കയറി. 

 

അകത്ത് ആട്ടവിളക്കുകളുടെ അഭൗമപ്രഭയിൽ കുളിച്ച രംഗവേദി. സദസ്സിൽ ഇരു ഭാഗങ്ങളിലായി നിലത്തുവിരിച്ച ചീനപ്പട്ടു ജമുക്കാളത്തിൽ വിസ്തരിച്ചിരിക്കുന്ന പ്രഭുക്കന്മാരും ബ്രാഹ്‌മണ വരേണ്യരും. വാദ്യമേളങ്ങൾ ശ്രുതിയിലേക്കു വിലയിച്ചപ്പോൾ വിദൂഷകനെന്നു തോന്നിപ്പിക്കുന്ന ഒരാൾ അരങ്ങിലെത്തി സദസ്യരെ തൊഴുതു. പിന്നിലെ വാതിൽ കടന്ന്, അല്പം വൈകി വന്ന ആ യുവാവ് ശാലയിലേക്ക് പ്രവേശിച്ചു. ചുമരിലെ കൽവിളക്കുകളുടെ വെളിച്ചത്തിൽ അയാളുടെ രൂപം അഭിജാതമായിരുന്നു. വിരിഞ്ഞ മാറും ഒതുങ്ങിയ അരക്കെട്ടും വ്യായാമ സുദൃഢനായ യോദ്ധാവിന്റേതു പോലെ കാണപ്പെട്ടു. അരയിൽ ചുറ്റിയിരുന്ന കറുത്ത കച്ചയ്ക്കു മുകളിൽ നഗ്നമായിരുന്നു. മുകളറ്റം പഞ്ചലോഹം കെട്ടിയ ഒറ്റ പുലിനഖം ചരടിൽ കോർത്ത് കഴുത്തിലിട്ടിരുന്നതും പൂണൂലും മാത്രം. പിന്നിൽ  നിന്നിരുന്ന വാല്യക്കാരും സേവകരും യുവാവിന്റെ രാജസ പ്രൗഢി കണ്ട് ഒതുങ്ങി ആംഗ്യത്താൽ ഇരിക്കാൻ ക്ഷണിച്ചെങ്കിലും അതു വിനയപൂർവ്വം നിഷേധിച്ച് അയാൾ ചിത്രത്തൂൺ ചാരി നിന്നതേയുള്ളു. അരങ്ങിൽ വിദൂഷകൻ മുരടനക്കി ശബ്ദം തെളിച്ച് സദസ്സിനെ അഭിവാദ്യം ചെയ്തിട്ടു പറഞ്ഞുതുടങ്ങി: 

‘മാനവീമേനക എന്നു കവികൾ പുകഴ്ത്തുന്ന പ്രശസ്ത നർത്തകി തയ്യിൽ ഇളയച്ചിയുടെ ദാസിയാട്ടമാണ് ഇന്നു നമ്മുടെ കണ്ണുകൾക്കു വിരുന്ന്. ദേവദാസി വെറുമൊരു സ്ത്രീയല്ല. ദേവൻ താലിചാർത്തിയ വധുവാണ്. അക്ഷരാഭ്യാസമോ ലോകപരിചയമോ ഇല്ലാത്ത, അടുക്കളപ്പുക പിടിച്ച ഒരു സാധാരണ പെണ്ണല്ല അവൾ. സംഗീതം, സാഹിത്യം, നൃത്തം, വാദ്യങ്ങൾ, ചിത്രരചന, അമ്മാനാട്ടം തുടങ്ങി അറുപത്തിനാലു കലകളിലും പ്രാവീണ്യമുള്ള, സ്ത്രീസൗന്ദര്യത്തിന്റെ പരിപൂർണ്ണതയാണ്. അവളെ വെറുതെ ഒന്നു കാണുന്നതു പോലും മംഗളകരമാണ്. കാരണം ഒരിക്കലും താലിയഴിക്കേണ്ടാത്ത നിത്യ മംഗല്യവതിയാണവൾ. മഹാരാജാവിനൊപ്പമിരുന്ന് വെറ്റില മുറുക്കുവാൻ അവൾക്കവകാശമുണ്ട്. ഇവിടെയിതാ അംഗലാവണ്യത്തിന്റെ മകുട മാണിക്യമായ തയ്യിൽ ഇളയച്ചി.’

 

സദസ്യർ ഒന്നിളകിയിരുന്നു. ജ്വലിക്കുന്ന കർപ്പൂരനാളം പോലെ മാനവീ മേനക അരങ്ങിലേക്കു വന്നു. അവൾ സദസ്സിനെ തൊഴുത് അരമണ്ഡലത്തിൽ താഴ്ന്നു നിന്നു. ശിരസ്സിൽ കാകമുഖം കെട്ടി പിച്ചിമാല ചുറ്റിയിട്ടും, ഇരുളല പോലെ താഴേക്കു വിതിർന്ന ചുരുൾമുടി, നിതംബം കവിഞ്ഞു കിടന്ന് ചന്ദനനിറമുള്ള ദേഹത്തിന് തുടുപ്പും മിനുപ്പും വർദ്ധിപ്പിച്ചു. കാതോളം മുഴുത്ത തോടകളിലെ വൈരക്കൽ തിളക്കം കവിളിൽ പ്രതിബിംബിച്ചു. നാഗപടച്ചെറുതാലിക്കൂട്ടവും പാലക്കാമാലയും നിറമാറിലുയർന്നു ദേഹം തൊടാതെ ഇളകിയാടിനിന്നു. ചുണ്ടോളം ചുവന്ന ചെറിയ മുലക്കണ്ണുകളിൽ കുടുങ്ങി ശ്വാസ വേഗം കുറഞ്ഞ് സദസ്യർ നിശ്ശബ്ദരായിരുന്നു. അവൾ മെല്ലെ ചലിച്ചു തുടങ്ങി. മുന്തിരി വള്ളികൾ കൊത്തിയ ഇറുകിയ ഒഢ്യാണത്തിനു താഴെ, തോളുകൾക്കു പുറത്തേക്കു വിരിഞ്ഞ അണിവയറിനും നാഭിക്കും ചേർന്ന്, പവിഴക്കല്ലുകളിളകുന്ന കാശരഞ്ഞാണം. വാകപ്പൂങ്കരയും കസവും ഞൊറിഞ്ഞുടുത്ത വെൺപട്ടു ചേലയ്ക്കും പൊൻ പാദസര ങ്ങൾക്കുമിടയിൽ ഓരോ ചലനത്തിനും ഝംകാരം പകരുന്ന മുത്തുച്ചിലങ്കകൾ. പശ്ചാത്തല സംഗീതത്തിന്റെ താളലയങ്ങളിൽ നർത്തകിയുടെ അംഗചലനങ്ങൾ മാരധനാശി രാഗത്തിന്റെ ആന്ദോളനങ്ങളിൽ നിറഞ്ഞു. 

 

പിന്നണിയിൽ പാടുന്നതും പുല്ലാംകുഴൽ, ശരബത്ത്, മൃദംഗം തുടങ്ങിയ വാദ്യങ്ങൾ വായിക്കുന്നതും ദേവദാസികൾ തന്നെ. ആകെ ഒരു പുരുഷനുള്ളത് നട്ടുവർമാത്രം. അഴിച്ചു വിടർത്തിയിട്ട പിൻകുടുമയും ഭസ്മക്കുറിയുടെ ധാരാളിത്തത്തിനു നടുവിൽ സിന്ദൂരപ്പൊട്ടും തൊട്ട്, പാളസ്സാറും മുകളിൽ മിനുങ്ങുന്ന പട്ടു ജൂബ്ബയും നീലക്കടുക്കനും ധരിച്ച അയാൾ നർത്തകിയുടെ നിഴലായി പിന്നിൽ ചലിച്ചുകൊണ്ടിരുന്നു. നട്വാംഗത്തിൽ താളമിട്ടും വാശിയിൽ ജതികൾ പറഞ്ഞും ക്ലേശിക്കുന്ന അയാളെ പക്ഷേ ഒഴിവാക്കി നൃത്തം കാണാൻ ശീലമുള്ള സദസ്യരായിരുന്നു അവർ. നൃത്ത കരണങ്ങളുടെ ചടുലതയിൽ അംഗവടിവുകൾ മഴവില്ലുകൾ വിരചിച്ചുകൊണ്ട് ചലിച്ചു. സദസ്യർ മാരനിലാവിന്റെ മാസ്മര വലയിൽ കുടുങ്ങിവശായി. 

 

പിന്നണിക്കാർക്കു പിന്നിൽ പ്രേക്ഷകർ കാണാത്ത ഭാഗത്തു നിന്ന് പ്രൗഢയായ ഒരു സ്ത്രീ ആംഗ്യങ്ങൾകൊണ്ട് നർത്തകിയെ എന്തോ ഓർമിപ്പിക്കുവാൻ തത്രപ്പെടുന്നുണ്ട്. ഇളയച്ചിയുടെ അമ്മയാണത്. ഒളികണ്ണിൽ നർത്തകി ഇതു കാണുന്നുണ്ടെങ്കിലും എല്ലാം തനിക്കറിയാം എന്ന ഭാവമായിരുന്നു അവൾക്ക്. തന്റെ ഒരു നോട്ടത്തിൽ, ഒരു പുഞ്ചിരിയിൽ, ഒരു മാറിളക്കത്തിൽ കുലുങ്ങുന്ന പുരുഷസമൂഹ മനസ്സിനെ ചെറുവിരൽത്തുമ്പുകൊണ്ടു തൊട്ടെടുക്കാവുന്ന അകിൽപ്പുകയാക്കിയെന്നു ബോധ്യം വന്ന നിമിഷം അവൾ തിരിച്ചറിഞ്ഞു. 

 

‘തത്തളാങ്കു ധക ധകതി ത്തിന്നം താ ാ ാ ാഹ്’

കൈ വീശിയെടുത്ത ഒരു ജതിയിൽ അവളുടെ പവിഴ മൂക്കുത്തി തെറിച്ചു സദസ്യരുടെ ഇടയിലെങ്ങോ പോയി വീണു. അവൾ സ്തബ്ധയായി നിന്നു. വാദ്യമേളങ്ങൾ നിലച്ചു. സദസ്സിലുള്ളവർ തന്റെ മടിയിലോ സമീപത്തോ മൂക്കുത്തി വീണോ എന്നു മത്സരഭാവത്തിൽ പരതാൻ തുടങ്ങി. വാദ്യങ്ങൾ ശോകരാഗത്തിൽ മീട്ടാൻ തുടങ്ങി. ചുണ്ടു പിളർത്തി ബാലികാദുഃഖത്തിൽ ഇളയച്ചി അഭിനയിക്കുകയായി. 

‘മൂക്കുത്തി കാണലയേ - എന്നൊടയ -

മൂക്കുത്തി കാണലയേ’

title

എനിക്കു വളരെ പ്രിയപ്പെട്ട മൂക്കുത്തിയാണത്. കിട്ടുന്നവർ ദയവായി തിരിച്ചു തരണേ എന്നാണ് അഭ്യർഥന. അഭിനയിച്ചുകൊണ്ടുതന്നെ നർത്തകി സദസ്യരുടെ ഇടയിലേക്ക് ഇറങ്ങി. അവൾ ഓരോരുത്തരുടെയും അടുത്തു ചെന്ന് മൂക്കുത്തി തിരയാൻ തുടങ്ങി. അവരുടെ മടിയിലേക്കു ചാഞ്ഞും കിടന്നും ശൃംഗാരവും സങ്കടവും കലർന്ന് കൊഞ്ചി അഭ്യർഥിച്ചു. 

‘അങ്ങേയ്ക്കു കിട്ടിയിട്ടുണ്ട്. കള്ളം പറയല്ലേ, എനിക്കതു തരൂന്നേ’

അവസരം കിട്ടിയവർക്ക് അവളെയൊന്നു തലോടുവാനും പുണരാനും കിട്ടിയ സന്ദർഭം. അവരതു പാഴാക്കിയതുമില്ല. 

‘മൂക്കുത്തി പോയതു പോട്ടെ, ഈ നവവരത്‌ന മാല പകരം തരാം’

എന്നു പറഞ്ഞു പലരും സമ്മാനം നൽകി. അവളതു വാങ്ങി. പകരം ഒരാലിംഗനവും ചുംബനവും നൽകി. തിരച്ചിൽ അടുത്ത പ്രമാണിയിലേക്കായി. ചിലർ സമ്മാനം നീട്ടി അടുത്തേക്കു വിളിച്ചു. പിന്നണി ഗായിക മൂക്കുത്തിയുടെ നിരവലു പാടിത്തളർന്നു. പിന്നിലെ തൂണു ചാരി നിന്നിരുന്ന യുവാവ് സാവധാനം പിൻവാതിലിലൂടെ പുറത്തേ ക്കിറങ്ങി. 

 

ഈ സമയം വിചിത്രവേഷം ധരിച്ച ഒരാൾ വേദിയിലേക്കു വന്നു. അയാൾ തോളിൽ തൂക്കിയിരുന്ന കരടിക വാദ്യം കൊട്ടുവാൻ തുടങ്ങി. മാനവീ മേനകയിൽ കരലേഖനം നടത്തിയിരുന്നവർ, അലോസരപ്പെടുത്തുന്ന ഈ ശബ്ദം കേട്ട് അരങ്ങിലേക്കു നോക്കി. ചുവന്ന തലപ്പാവു ധരിച്ച്, പലവർണ്ണക്കരയുള്ള ഉത്തരീയം തോളിലിട്ട് അയാൾ തിമർത്തു കൊട്ടുകയാണ്. സ്വയം ആസ്വദിക്കും മട്ടിൽ ഉയർന്ന ശബ്ദത്തിൽ തലയും ദേഹവുമിളക്കി കരവിരുതോടെ കൊട്ടിക്കയറുകയാണ്. ശല്യപ്പെടുത്തിയ ആ രസംകൊല്ലിയെ ശ്രദ്ധിച്ചു തുടങ്ങിയ പ്രേക്ഷകർ ക്രമേണ അയാളുടെ ഹാസ്യരസപ്രദമായ അംഗചലനങ്ങളിൽ ആകൃഷ്ടരായി. ആവേശപൂർണ്ണമായ ഇരട്ടിക്കലാശത്തോടെ അയാൾ കൊട്ടി നിറുത്തി. എന്നിട്ട് അമിതചേഷ്ടകളോടെ ശബ്ദമുയർത്തി പറഞ്ഞു തുടങ്ങി:

‘കണ്ടതെല്ലാം അദ്ഭുതം! കാണാനിരിക്കുന്നതോ മഹാദ്ഭുതം! മഹാദ്ഭുതം!! വരപ്രമാണിമാരേ വന്ദനം! നിങ്ങളറിഞ്ഞില്ലേ വെണ്ണിലാവ് ഈ ഭൂമിയിൽ വന്നവതരി ച്ചിരിക്കുന്നു. സ്വർഗ്ഗം മനോഹരമാണെന്നു നിങ്ങൾക്കറിയാം. അപ്പോൾ സ്വർഗ്ഗപുത്രിയോ? അമ്മ ഇത്ര സുന്ദരിയാണെങ്കിൽ മകളെത്രയായിരിക്കും? അതെ, പുത്തൂര് തറവാട്ടിലെ ചാരുമതിയുടെ മകൾ. വിടരാൻ വെമ്പുന്ന താമരമൊട്ട്! പതിന്നാലു വയസ്സു തികയുന്നതേയുള്ളു. മേദിനീ വെണ്ണിലാവ്! ധനുമാസത്തിലെ ശുക്ലപക്ഷ ഏകാദശി മുതൽ അഞ്ചു ദിവസം കന്യകാവ്രതം നോറ്റവസാനിപ്പിച്ച്, പൗർണ്ണമിനാൾ ക്ഷേത്രത്തിൽ വച്ച് ദേവൻ അവൾക്കു താലി ചാർത്തുന്നു. അതു കഴിഞ്ഞാൽ പിന്നെ, ആരാദ്യം? ആരാരു പിന്നെപ്പിന്നെ?’

 

ജനങ്ങൾ അയാളുടെ വാചാടോപത്തിൽ ഭ്രമിച്ചു തുടങ്ങിയിരുന്നു. ഇളയച്ചിയെ തത്ക്കാലത്തേക്കവർ മറന്നു. അവൾ അരങ്ങിലെ വാചകക്കാരനെയും അയാളെ ശ്രദ്ധിക്കുന്ന സദസ്യരേയും ഈർഷ്യയോടെ നോക്കി. കിട്ടിയിടത്തോളം ഉപഹാരങ്ങൾ ചേല മടക്കിൽ പൊതിഞ്ഞ് മെല്ലെ പിൻവാങ്ങി. 

 

യുവാവ് നേരേ പോയത് അണിയറയിലേക്കാണ്. നാടകശാലയിൽ നിന്ന് ബഹളങ്ങൾ  കേൾക്കാം. ചമയ സഹായികളായുണ്ടായിരുന്ന ചിലരും അവിടേക്ക് എത്തിനോക്കാനുള്ള  തിരക്കിലായിരുന്നു. അയാൾ അവിടമാകെ പരതി നോക്കി. നിഴൽനോക്കി തന്ത്രപൂർവ്വം മറഞ്ഞു നിന്ന് അവിടെയുണ്ടായിരുന്ന അലമാരകളും പെട്ടികളും പരിശോധിക്കാൻ തുടങ്ങി. അഴയിൽ കിടന്ന ചില സ്ത്രീവസ്ത്രങ്ങൾ എടുത്ത് അല്പം മാറി മറ്റൊരുഭാഗത്ത് കൊണ്ടുചെന്ന് വിരിച്ചിട്ടു. പിന്നെ അയാളൊരു വിരിശ്ശീല എടുത്തു. മുന്നിൽ കിടന്ന വട്ടമേശ മേൽ അതു ഭംഗിയായി വിരിച്ചു. അവിടേക്ക് അമർത്തിച്ചവിട്ടി നടന്നു വരുന്ന ചിലമ്പൊലികൾ കേട്ടു. മിന്നൽ വേഗത്തിൽ അയാൾ വട്ടമേശയുടെ വിരിപ്പിനടിയിലേക്ക് മറഞ്ഞു. അരിശത്തോടെ നടന്നു വന്ന ഇളയച്ചി മടിക്കുത്തിലെ ആഭരണങ്ങൾ മേശ വിരിപ്പിലേക്കു ചൊരിഞ്ഞു. പിന്നെ നെറ്റിച്ചുട്ടിയും കണ്ഠാഭരണങ്ങളും മറ്റും ഊരിവച്ചു. നൃത്തത്തിനായണിഞ്ഞ പട്ടുവസ്ത്രം പാതിയഴിച്ച് മാറ്റപ്പുടവ തിരയുമ്പോൾ അഴയിലതുകാണാതെ ചുറ്റും നോക്കി. അകലെ മാറിക്കിടക്കുന്ന വസ്ത്രങ്ങൾക്കടുത്തേക്ക് അവൾ നീങ്ങിയപ്പോൾ ആഭരണങ്ങളിരുന്ന വട്ടമേശ മുകളിലേക്ക് ഉയർന്നു. അത് വേഗം വാതിലിനു വെളിയിലെ ഇരുട്ടിലേക്കു നടന്നു പോയി.

 

അരങ്ങിൽ തലപ്പാവുകാരൻ മേദിനീ വെണ്ണിലാവിനെ വർണ്ണിച്ചു കവിത ചൊല്ലുകയാണ്. അല്പം മാറിയൊരു ഭാഗത്ത് വെടിവട്ടവും മുറുക്കുമായിരുന്നു സംസാരിക്കുകയാണ് നീലമന ഇല്ലത്തെ പട്ടേരിയും കുറേ ബ്രാഹ്‌മണരും. ഇളയച്ചിയുടെ നൃത്തം തന്നെയാണവരുടെ വിഷയം. ഒരുവന് ശ്ലോകത്തിലാണ് കമ്പം. അയാൾ കഥകളിത്തിരനോട്ടം പോലെ രണ്ടാം മുണ്ടു വിരിച്ചു പിടിച്ചു കൈവിരൽ വിറപ്പിച്ചു. എന്നിട്ടു ശ്ലോകം നീട്ടിച്ചൊല്ലി തന്റെ ആധി പങ്കുവച്ചു:

‘ഏതുമരുതേതുമരുതേ, മലർ ശരാനേ -

റ്റാധിപെരുതാധിപെരുതാതുരതരോ ഞാൻ’

 

ശ്ലോകത്തിന്റെ ബാക്കി വരികൾ ചൊല്ലിക്കൊണ്ട് കാട്ടേടത്തു മനയിലെ ഭവത്രാതൻ നമ്പൂതിരി അവരുടെ അടുത്തേക്ക് എത്തി. 

‘മാതർമണി തയ്യിലിളയച്ചി പുണരാഞ്ഞോ

ചേതസി സഖേ കൊടിയ വേദന വരുന്നൂ?’

മറ്റുള്ളവർക്ക് ഉത്സാഹമായി.

‘ങാ വര്കാ. കാട്ടേടത്തോടു ചോദിക്കാം. ഭവത്രാതനാവുമ്പോ നല്ല അനുഭവജ്ഞാനം ഉണ്ടേനും’

തിരശ്ശീല പിടുത്തക്കാരൻ മറവിൽത്തന്നെ ചോദ്യമിട്ടു:

''അനുഭവത്തിന് ശ്ശി പണച്ചെലവ് ണ്ടേ. ദാസിയാട്ടം കണ്ടാ മദനവേദന തീര്വോ?''

പട്ടേരി അയാളുടെ രണ്ടാം മുണ്ടു തട്ടിമാറ്റി.

''മുണ്ടുമാറ്റീട്ടാവട്ടെടോ തന്റെ മദന വേദന''

കുടവയർ തിരുമ്മി ഒരു നമ്പൂരി തുടങ്ങി വച്ചു. 

''അല്ല കാട്ടേടം, ഈ ഏഭ്യൻ വേഷോം കെട്ടി വെണ്ണിലാവിന്റെ അവതാരം ന്നൊക്കെ വർണ്ണിച്ചു കൂട്ട്ണു. വല്ല സത്യോം ണ്ടോ? തനിക്കാവുമ്പോ ഇതിലൊക്കെ ഒരു ഒരു ഒരു പരിചയംണ്ടല്ലോ''

''ഓ, അതൊക്കെ പണ്ട്. പ്പോ അതിലൊന്നും അത്ര ഭ്രമം ല്ല്യ. ന്നാലും പറയാതെ വയ്യ. പുത്തൂരെ ചാരുമതി, അത് ശ്ശി കൂടിയ രംഭ ന്നെ. സംശ്യം ല്ല്യ. വാത്സ്യായനൻ കരണം അറുപത്തിനാലും പഠിച്ചത് ഇവൾടടുത്ത്ന്നാണോന്നാ ശങ്ക''

''ആ നിലക്ക് മോള് മോശാവാൻ വഴീല്ല്യ'' 

അയാൾ രസിച്ച് ചിരിച്ചു. കുടവയറ് മടിയിലിരുന്ന് കുലുങ്ങി. ഭവത്രാതൻ അലപം ഗൗരവമായിത്തന്നെ പറഞ്ഞു:

''ചാരുമതിക്ക് ആ കഴിവൊക്കെ എങ്ങനെ കിട്ടീന്നാ? ''

കേഴ്‌വിക്കാരും കാര്യ ഗൗരവത്തിലായി. ഭവത്രാതൻ തുടർന്നു:

''അവളെ ശാസ്ത്രം പഠിപ്പിച്ചതൊക്കെ ആരാ? അവൾടെ തള്ളണ്ട് ഒരുത്തി. കാമദേവന്റെ ഒടിഞ്ഞ ഒരു പഴവില്ല്''

ആകെ മൂന്നു മുടിയുടെ മുൻ കുടുമയുള്ള അസ്ഥിക്കാരന് ആ പ്രയോഗമങ്ങു സുഖിച്ചു. 

''ആയ കാലത്ത് പൂവമ്പ് കൊറേ എയ്തതാ! ''

ഭവതത്രാതന് നല്ല ഉറപ്പുണ്ട്.

''മുത്തശ്ശീടെ വൈഭവം കൊച്ചു മകൾക്കാ ശരിക്കും പകർന്നു കിട്ട്വാ. അവരായിരിക്കും വെണ്ണിലാവിനെ ചെറുപ്പം മുതല് വൈശികതന്ത്രം പഠിപ്പിക്കണത്. എന്നാലവളൊരു കസറു കസറും''

അസ്ഥികൂടം നമ്പൂതിരി സങ്കല്പിച്ച് ആസ്വദിച്ച് ഭവത്രാതനെ ഒന്നു പ്രോത്സാഹിപ്പിച്ചു.

 

''ന്താ കാട്ടേടം ഒന്നു പരിശ്രമിച്ചു നോക്കുന്നോ? ''

ഉടൻ വന്നു പട്ടേരിയുടെ മറുപടി:

''ന്തായാലും താൻ പരിശ്രമിക്കേണ്ട. തന്റെ അസ്ഥികൾക്കതു താങ്ങാൻ ള്ള കെല്പ് ണ്ടാവില്ല്യ ''

കൂട്ടച്ചിരി ഉയർന്നു. അതിൽ വാസ്തവമുണ്ടെന്നു ചിലർ. ഭവത്രാതൻ തുറന്നു പറഞ്ഞു:

''ചാരുമതിയെക്കൊണ്ട് നാം നിർത്തി. അതിനപ്പുറം ഒരു സ്വർഗ്ഗം ല്ല്യ. ന്റെ പണ്ടോം പണോം കുറച്ചോന്ന്വല്ല അവളു വിഴുങ്ങ്യേ. പ്പോ വേളി മൂന്നായി. താത്രിക്കുട്ടി നന്നേ ചെറുപ്പം. തത്ക്കാലം അതു മതി ''

കുടവയറുകാരൻ സ്വന്തം അവസ്ഥ തുറന്നു പറഞ്ഞു:

''പറമ്പും പണ്ടോം പണോം ഒന്നും ഒരു പ്രശ്‌നല്ല. അതു പൂർവ്വികര് ണ്ടാക്കി ഇട്ടിട്ട്ണ്ട്. ഈ ജീവിതം ഒന്നല്ലേള്ളു. അതും എന്നാ തീര്കാന്നറീല്ല്യ. ചത്തു ചെന്നാ സ്വർഗ്ഗം ഒന്നും കിട്ടില്ല്യാന്നുറപ്പാ. പിന്നെ പ്രശ്‌നം ന്താന്ന്വച്ചാ…. ''

ശേഷം ഭവത്രാതൻ പൂരിപ്പിച്ചു:

''പ്രശ്‌നം തന്റെ ഈ കുടവയറാ. സഹായത്തിന് വേറേ രണ്ടു പേരു കൂടെ വേണ്ടി വരും ''

അസ്ഥികൂടത്തിനൊരു പഴുതു കിട്ടി. 

''അതിനു വേണങ്കി നാം വന്നോളാം ''

''ഏയ്, ഭവത്രാതൻ ശ്രമിക്കാതിരിക്കണ്ടാ ട്ടോ'' പട്ടേരി പ്രോത്സാഹിപ്പിച്ചു. ''വേളി മൂന്നോ മുന്നൂറോന്ന് അവിടെ ചോദ്യല്ല്യ. പെട്ടീല് വരാഹൻ ത്ര ണ്ടെന്നേ ള്ളു.''

 

വലതു കയ്യിലെ ചെറുവിരലും പെരുവിരലുമുയർത്തി ശങ്കാ മുദ്ര വിറപ്പിച്ചു കൊണ്ട് ഭവത്രാതൻ കവിത ചൊല്ലി:

''ശ്രോണീ ഭാരാദലസഗമനാ സ്‌തോക നമ്രാ സ്തനാഭ്യാം ''

എല്ലാവരും ആർത്തു ചിരിച്ചു. കുടവയറിന്റെ അദ്ധ്വാനം പൂണൂല് താങ്ങി.

''ന്നെ അതിനു നോക്കണ്ടാ ട്ടോ. വേണ്ടാ. നിക്കൊള്ളതൊക്കെ ത്തന്നെ ധാരാളം''

ഭവത്രാതൻ അവിടെ നിന്ന് നടന്നു മാറി.

 

അണിയറയിൽ അല്പം അകന്നുുള്ള അഴയിൽ നിന്ന് മാറ്റപ്പുടവയെടുത്തു തോളിലിട്ട് ഇളയച്ചി നൃത്തവസ്ത്രം അഴിക്കാൻ തുനിയുമ്പോൾ അരങ്ങിൽ നിന്നു ധൃതിയിൽ അവളുടെ അമ്മ വന്നു. 

''മോളേ, നീ ചമയമഴിച്ചോ? അതുടനേ പാടില്ലെന്ന് അമ്മ പറഞ്ഞു തന്നിട്ടില്ലേ. പുല്ലംപടി വല്യ തമ്പുരാൻ നിന്നെ വേഷത്തോടെ കാണണമെന്നു കല്പിച്ചു''

ഇളയച്ചി നീരസത്തിലാണ്:

''എനിക്കു വയ്യ. ഒരുത്തൻ മറ്റവളെക്കുറിച്ചു വർണ്ണിച്ചു കേട്ടപ്പോ എല്ലാരും അങ്ങോട്ടോടി. ങഹും, അവൾ വെണ്ണിലാവിന്റെ അവതാരം പോലും!'' 

 

അനുഭവ സമ്പത്തിന്റെ പക്വതയിൽ ആയമ്മ ആശ്വസിപ്പിച്ചു:

''സാരല്ല്യ മോളേ, പഠിച്ച തന്ത്രങ്ങളൊക്കെ നീ മറന്നോ?''

മടുപ്പോടെ നിലത്തു ചവുട്ടി അവൾ ചിണുങ്ങി: 

''എനിക്കൊന്നു കുളിക്കണം''

എന്തോ മഹാപരാധം കേട്ടതു പോലെ അമ്മ പറഞ്ഞു:

''ശ്ശോ അങ്ങനെ പറയരുത്. ചില ഭ്രാന്തന്മാർക്കങ്ങനെയാ. നീയാ വിയർത്ത പുടവയും ആഭരണങ്ങളും അണിയൂ. ചിലപ്പോ ഇങ്ങട്ട് എഴുന്നള്ളും. വേഗം, വേഗം''

അമ്മ മറുപടിക്കു കാത്തു നിൽക്കാതെ മുഖം തുടച്ച് തിരികെ നടന്നു. ഇളയച്ചി ആലോചനയോടെ ഒന്നു പുഞ്ചിരിച്ചു. പിന്നെ കാഴ്ചക്കാരായി ആരുമില്ലാത്തതിലെ നാണം കൊണ്ടാവാം അംഗവസ്ത്രം പുതച്ച് അവൾ വട്ടമേശ കിടന്നിടത്തേക്കു വന്നു. അവിടം ശൂന്യമാണെന്നു കണ്ട് പരിഭ്രമത്തോടെ ചുറ്റും നോക്കി. എങ്ങും ആരെയും കാണാനില്ല. വാതില്ക്കലെ അരണ്ട വെളിച്ചത്തിൽ മിന്നായം പോലെ എന്തോ നീങ്ങുന്നതായി തോന്നി.  അവൾ വേഗം അങ്ങോട്ടേക്ക് ഓടി.

 

ഒറ്റ വിളക്കിന്റെ മുന്നിലിരുന്നു മുഖം തുടയ്ക്കുകയായിരുന്നു മേദിനീ വെണ്ണിലാവിന്റെ വർണ്ണനാകാരൻ. അല്പം ആശങ്കയോടെയാണെങ്കിലും ആ അലങ്കാര ശൂന്യതയിലേക്കു വന്ന ഭവത്രാതനെക്കണ്ട് അയാൾ ആദരവോടെ എഴുന്നേറ്റു. ശബ്ദം താഴ്ത്തി ഭവത്രാതൻ പറഞ്ഞു:

''ഏയ് പരിഭ്രമിക്കണ്ടാടോ. ഒരു കാര്യം അറിയണം.  താൻ പറഞ്ഞതൊക്കെ കേട്ടു. അതു തന്റെ തൊഴിൽ.''

അയാൾ ഒരിളിഭ്യച്ചിരിയോടെ മുഖം കുനിച്ചു. 

''അവിടുന്ന് കൃപയുണ്ടായി…. ''

തുടർന്നു പറയാനനുവദിക്കാതെ വിലക്കിക്കൊണ്ട് ഭവത്രാതൻ കാര്യത്തി ലേക്കു കടന്നു: ''താൻ പറഞ്ഞതൊക്കെ സത്യമാണോ? നേരിട്ടു കണ്ട്വോ ഈ വെണ്ണിലാവിനെ?''

 

അയാൾ അല്പമൊന്നു കുഴങ്ങി, മടിച്ച് മുഖത്തു നോക്കാതെ നിന്നപ്പോൾ ഭവത്രാ തൻ ഒരു മോതിരം ഊരി നീട്ടി. ചെറുനടുക്കത്തോടെ വർണ്ണനക്കാരൻ അതേറ്റുവാങ്ങി വിനയഭാരം കൊണ്ടു കുനിഞ്ഞു. ഏതാണ്ടു കരച്ചിലിന്റെ മട്ടോളമെത്തിയ അയാൾ പറഞ്ഞു:

''നേരു പറയാല്ലോ, ഒരിക്കൽ അടിയൻ കണ്ടു അവിടുന്നേ. ഈ വേദിയിൽ പറഞ്ഞതെല്ലാം വെറും വാക്കുകൾ. അതൊന്നും വാസ്തവമല്ല ''

ഭവത്രാതൻ പുച്ഛത്തിൽ മുഖം കോട്ടി.

''വയറു പിഴപ്പിന്റെ  കുനുഷ്ടു നാടകം ല്ലേ?''

''പൊറുക്കണം. അടിയനു പദസമ്പത്തു പോരാ. നല്ല ഭാഷയും കുറവ്. കവിത്വം അശേഷമില്ല. ഗണികകൾ പലരേയും കണ്ടിട്ടുണ്ട്. പണം വാങ്ങി വർണ്ണിച്ചിട്ടുണ്ട്. ഇല്ലാത്തതൊക്കെ പുകഴ്ത്തിയിട്ടുമുണ്ട്. പക്ഷേ ഇവൾ അതൊന്നുമല്ല. മിന്നൽക്കൊടി കണ്ണിൽ വീണതു പോലെ. ഒന്നേ നോക്കിയുള്ളു. പിന്നെ കുറേ നേരം കണ്ണിൽ ഇരുട്ടു കയറിയെന്നു തോന്നി. ദേവസുന്ദരീന്നൊക്കെ വെറുതേ പറയാം. ഇവൾ അതിലൊക്കെ മുകളിൽ. ഇന്നോളം പറഞ്ഞ അലങ്കാരങ്ങളൊന്നും പോരാ. ഭൂമിയിൽ വന്നു പിറന്ന ശരത് ചന്ദ്രികയെന്ന് വിശേഷിപ്പിക്കാം, മേദിനീ വെണ്ണിലാവെന്ന്  തീരെ പോരാ. ഇവളീ ലോകം കീഴടക്കും ''

മുഴുവൻ കേൾക്കാൻ നില്ക്കാതെ സ്വപ്നത്തിലെന്ന പോലെ ഭവത്രാതൻ നടന്നു പോയി. അതൊന്നുമറിയാതെ, കണ്ണീർ നിയന്ത്രിക്കാൻ കഴിയാതെ അയാൾ പറഞ്ഞു കൊണ്ടേയിരുന്നു.

 

അണിയറ വാതിലിനു വെളിയിലെ അരണ്ട വെട്ടത്തിൽ കിടന്ന വട്ടമേശയിൽ തട്ടി ഇളയച്ചി വീഴേണ്ടതായിരുന്നു. അതിനു മുകളിൽ വിരിശ്ശീല ഉണ്ടായിരുന്നില്ല. ക്ഷേത്ര മതിൽക്കെട്ടിനു മുകളിലേക്ക് ഒരാൾ കുതിച്ചു കയറുന്നതവൾ കണ്ടു. ഉയർന്നു നിന്ന പുരുഷരൂപത്തിന്റെ തോളിൽ ഒരു ഭാണ്ഡക്കെട്ടും ഉണ്ടായിരുന്നു. അയാൾ തിരിഞ്ഞു നോക്കി ഇളയച്ചിയെ കണ്ടെന്നു തോന്നി. കൈ വീശി എന്തോ ആംഗ്യം കാട്ടിയതു പോലെ. അയാൾ ഒരു ചെറിയ ശബ്ദം പുറപ്പെടുവിച്ചു. അതിനെന്തോ മറുശബ്ദവും കേട്ടു. സ്വബോധം വന്നതു പോലെ ഇളയച്ചി ഉറക്കെ വിളിച്ചു കൂവി:

''കള്ളൻ.കള്ളൻ.. ഓടി വരണേ, കള്ളൻ''

അയാൾ മതിലിനു വെളിയിലേക്കു ചാടി. താഴെ തയ്യാറായി നിന്നിരുന്ന കുതിരപ്പുറത്തേക്കാണയാൾ വന്നു വീണത്. കുതിര മുൻകാലിലുയർന്നു ചാടി. പിന്നെ നിലാവിൽ നിഴൽച്ചിത്രമായി കുതികുതിച്ചു.

(തുടരും)

English Summary : Chandrolsavam - E - Novel by Beeyar Prasad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com