ADVERTISEMENT

കാർഡ് കശക്കുന്ന ശബ്ദം മാത്രം മുഴങ്ങിയ നാരങ്ങാ ഗന്ധമുള്ള മുറിയിൽ ഒരാവശ്യവുമില്ലാതെ ആ കലഹം പൊട്ടിപ്പുറപ്പെട്ടു;  

‘‘സത്യം പറഞ്ഞാൽ.. തല പുകയ്ക്കുന്ന, ചലഞ്ചിങ് കുറ്റകൃത്യങ്ങളൊന്നും നമ്മുടെ നാട്ടിൽ നടക്കാറില്ല’’- നിരവധി കേസുകൾക്കു തുമ്പു കണ്ടെത്തിയ റിട്ട പൊലീസുദ്യേഗസ്ഥൻ ജെയിംസിനെ ചൊടിപ്പിച്ചു കൊണ്ടായിരുന്നു ഹർഷയുടെ ആ പ്രഖ്യാപനം. ചില ലോക്കൽ കേസുകളൊക്കെ ദൂരൂഹമെന്നൊക്കെ പറഞ്ഞു പൊലിപ്പിച്ച് ചാനലുകാരും പത്രക്കാരും കഥ പടച്ചു വിടുന്നെന്നേയുള്ളൂ, തന്റെ കൈയ്യിലിരുന്ന പത്രത്തിലെ ക്രൈം പേജിൽ സ്കെച്ച് പെൻ കൊണ്ടു മാർക്കു ചെയ്യുന്നതിനിടെയിൽത്തന്നെ ഹർഷ അതു പൂരിപ്പിച്ചതോടെ ഏവരും  ഉഷാറായി.  

 

ഏയ് അല്ല, ഉറപ്പായും അല്ല, ബുദ്ധിയുള്ളവരുടെ നാ‌ടല്ലേ നമ്മുടെ കേരളം. അപർണ തന്റെ കോക്ക്ടെയ്ൽ സിപ്പ് ചെയ്തശേഷം പിന്നോട്ട് ചാഞ്ഞിരുന്നു.  കഴിഞ്ഞ പത്ത് വർഷമായി ഞാൻ മീഡിയയിൽ ക്രൈം ന്യൂസുകൾ ചെയ്യുന്നു ‌ ചെറിയ ക്വട്ടേഷൻ, അല്ലെങ്കിൽ അബദ്ധത്തിൽ‌ ചെയ്തിട്ട് ഒളിപ്പിക്കാനുള്ള തത്രപ്പെടൽ. പിന്നെ ചില വിരലിലെണ്ണാവുന്ന ക്രൈംസ് ഉണ്ട്, അവയൊക്കെ താമസിയാതെ പിടിക്കപ്പെടുകയും ചെയ്യും. പൊലീസ് തെളിയിച്ച ക്രൈംസ് അത്ര ബ്രില്യന്റെന്ന് പറയാനാവുമോ? ഹർഷ തന്റെ ഗ്ലാസ് കാലിയാക്കി താഴെ വച്ചശേഷം  പറഞ്ഞു. ഏവരും ജെയിംസിനു നേരേ നോക്കി. 

 

ആരാ കൊന്നത്, മരിച്ചത് എന്നുപോലും തിരിച്ചറിയാത്ത സംഭവങ്ങൾ ഞങ്ങൾ അന്വേഷിച്ചു തെളിയിച്ചിട്ടുണ്ട് ഹർഷേ– റിട്ട. ഡിവൈഎസ്പി ജെയിസ് അൽപ്പം ദേഷ്യത്തോടെ പറഞ്ഞു. ഞാൻ ഉദ്ദേശിച്ചത് അങ്ങനെയൊരു ഴോണറല്ല ജെയിംസ് സാർ, ഒരു ക്ളീൻ കൊലപാതകം.. എന്നിട്ട് എല്ലാവരെയും മണ്ടന്മാരാക്കി കൊലപാതകി സ്വൈര്യവിഹാരം നടത്തും. ഒരു അഗതാ ക്രിസ്റ്റി, ഹിച്ച്കോക്കിയൻ സ്റ്റൈൽ കൊലപാതകം!– അപർണ്ണ സ്വരം താഴ്ത്തി ഭയപ്പെടുത്തുന്ന രീതിയിൽ പറഞ്ഞു. 

 

മ്..മ്.. ഒരു ലേഖനം എഴുതാനുള്ള തീമുണ്ട് സിനിമ ഇൻസ്പെർഡ് ക്രൈംസിനെക്കുറിച്ച്. ജെയിംസ് തന്റെ ചീട്ട് മേശപ്പുറത്തേക്കിട്ട ശേഷം പറഞ്ഞു റിയൽ ലൈഫ് മിസ്റ്ററിയും സിനിമയും–  നല്ല കോംബോയാണ്, ഒരു മാതിരി ക്രൈം കേട്ടാൽ ഞെട്ടാത്തവരെപ്പോലും വായിപ്പിക്കാൻ സിനിമാ മിക്സ് ചെയ്താൽ കഴിയും. പക്ഷേ യഥാർഥ ജീവിതത്തിലെ ക്രൈം സ്റ്റോറികളിൽ അങ്ങനെ നിറം പിടിപ്പിക്കാൻ നിങ്ങൾ മീഡിയക്കു മാത്രമേ കഴിയൂ. ഞങ്ങൾ പറയുമ്പോൾ ഫാക്ട് മാത്രമേ കാണൂ, സോ പൊതുജനങ്ങൾക്ക് നോ ഇന്ററസ്റ്റ്...

 

ജെയിംസ് സാർ അഗതാ ക്രിസ്റ്റിയുടെ ഒരു നോവലുണ്ട്. കൊല ചെയ്തിട്ട് സമൂഹത്തിൽ മാന്യന്‍മാരായി കഴിയുന്ന, കൊലപാതകികളെയും അന്വേഷണ ഉദ്യോഗസ്ഥരെയും ഒരു മുറിയിൽ ഒന്നിപ്പിക്കുന്നത് അവിടെവച്ച് ഒരാൾ കൊല്ലപ്പെടും. അതിന്റെ പേര്... അപർണ തന്റെ നെറ്റിയിലിടിച്ചു ആലോചിച്ചു... കാർഡ്സ് ഓൺ ദ ടേബിൾ. ഹർഷ പറഞ്ഞു. അവസാനം ആ ആതിഥേയൻ കൊല്ലപ്പെടുന്ന ആ കഥ...

 

അതെ.. അതുതന്നെ ഒരു പൊയ്റോ‌ട്ട് കഥ...

 

തേംസ് നദിയും കൗണ്ടി ഹൗസുമൊന്നും കാണില്ലായിരിക്കും, പക്ഷേ നമ്മുടെ നാട്ടിലെ ഞെട്ടിക്കുന്ന സംഭവങ്ങളുണ്ട്. പലരും അറിയാത്തവ. ജെയിംസ് സിപ്പ് ചെയ്യുന്നതിനിടെ അലസമായി പറഞ്ഞു... സുകുമാരക്കുറുപ്പ്, മാടത്തരുവി, മദ്രാസിലെ മോൻ പോലെയുള്ള  ചില സംഭവങ്ങള്‍ വായിച്ചിട്ടുണ്ട്.. ഒരു കഥ പറയൂ ജെയിംസ് സാർ... ഹ..ഹ..ചുളുവിൽ ഒരു ലേഖനം.. അല്ലേ... പക്ഷേ പലതും മർഡർ എന്നൊക്കെ പറഞ്ഞാൽത്തന്നെ ചിലപ്പോൾ അപകീർത്തിക്കേസില്‍  കുടുങ്ങും. പ്രധാനപ്പെട്ട പലരും നമ്മുടെ മൂക്കിൻതുമ്പിൽ മാന്യരായി ഇപ്പോഴുമുണ്ട്. 

 

അതു സാരമില്ല സാർ പേരൊക്കെ മാറ്റി പറയാം..

 

White-trumpate-murder--01

വർഷം 1988, ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗം. അടുത്തിടെ തുടങ്ങിയ ഒരു  ടെക്സ്റ്റൈൽ സ്റ്റോർ ശ്രദ്ധാകേന്ദ്രമായി മാറി. വിശ്വനാഥനെന്ന കോടീശ്വരനായിരുന്നു ഉടമ. സുന്ദരിമാരായ പെണ്‍കുട്ടികൾ സെയിൽസ് ഗേൾസായി നിൽക്കുന്ന, നല്ല വിലക്കുറവിൽ വസ്ത്രങ്ങൾ കിട്ടുന്ന ആ കടയിലേക്ക് ആളുകളുടെ പ്രവാഹമായിരുന്നു. അതിനാൽത്തന്നെ വിശ്വംഭരന്റെ വളർച്ചയും പെ‌‌ട്ടെന്നായിരുന്നു. പണത്തോടൊപ്പം സ്ഥാനമാനങ്ങളും അയാളെ തേടിയെത്തി. സ്വാഭാവികമായി നിരവധി ശത്രുക്കളും. ഒരു ലോക്കല്‍ ഡോണെന്നൊക്കെ പറയാവുന്ന രീതിയിലേക്ക് അയാള്‍ വളർന്നു.

 

പക്ഷേ നിർഭാഗ്യമോ, അതോ എന്തോ, അയാളുടെ ഭാര്യ വൈദ്യുതാഘാതത്തിൽ മരണമടഞ്ഞു. ദുഖകരമായ സംഭവമായിരുന്നു ഏവർക്കും. പക്ഷേ കാലക്രമേണ  വിശ്വനാഥന് മറ്റൊരു വഴിക്ക് ഗുണകരമായി മാറി. കോടീശ്വരിയായ ഭാര്യയുടെ പേരിലുള്ള സ്വത്തുക്കളെല്ലാം സ്വന്തമായി. പല കിംവദന്തികളും ഉയർന്നിരുന്നു. പക്ഷേ അതൊന്നും വക വയ്ക്കാതെ തന്റെ മൂന്നോ നാലോ വെള്ളി മുടിയിഴകൾ കറുപ്പിച്ചശേഷം, സ്ഥാപനത്തിലെ ഒരു ജീവനക്കാരിയെത്തന്നെ ഏതാനും മാസങ്ങൾക്കുള്ളിൽ വിവാഹം കഴിച്ചു. ആ ബന്ധത്തെക്കുറിച്ചും അക്കാലഘട്ടത്തിൽ വിവാദങ്ങളും പരാതികളുമൊക്കെ ഉയർന്നിരുന്നു. 

 

ഏകദേശം ഒരു മൂന്നുവർഷത്തിനുശേഷം വിശ്വനാഥന്‍ മരിച്ചു. മദ്യപിച്ച് അശ്രദ്ധമായി ബാൽക്കണിയിൽ ചാരിയപ്പോൾ കൈവരി ഒടിഞ്ഞു വീണുകേസന്വേഷിച്ച ഉദ്യോഗസ്ഥനു ചില സംശയങ്ങളുണ്ടായിരുന്നു. പക്ഷേ ഒന്നിനും തെളിവില്ലായിരുന്നു. പക്ഷേ വർഷങ്ങൾക്കുശേഷം ആരും വിചാരിക്കാത്ത ഒരാളായിരുന്നു ആ കേസിലെ പ്രതിയെന്നു പിന്നീട് കണ്ടെത്തി...

 

വർഷ ചോദിച്ചു.... ****** ടെക്സ്റ്റൈൽസ്...

 

മറുപടിയായി ജെയിംസ് പൊട്ടിച്ചിരിച്ചു....

 

ജെയിംസ് തന്റെ കൈകൾ ഞെരിച്ച് ഞൊ‌ട്ടയിട്ടു. നിശബ്ദതയെ തകർത്ത് അപർണ്ണ ചോദിച്ചു. ആരായിരുന്നു വിശ്വനാഥനെ കൊലപ്പെടുത്തിയത്. അതല്ലേ ക്ളൈമാക്സ്. ആദ്യം കടയിൽ നിൽക്കുന്ന ജോലിക്കാരി അവൾ എങ്ങനെ  വിശ്വനാഥന്റെ ഭാര്യയായി. അതിനെക്കുറിച്ച് ഒരു ഫ്ളാഷ്ബാക്ക്. ഞാനറിഞ്ഞ കഥയിൽ വിട്ടുപോയ ഭാഗങ്ങൾ അൽപ്പം എരിവും പുളിയും ചേർത്ത് ഞാൻ തന്നെ പൂരിപ്പിച്ചിട്ടുണ്ട്. തുടങ്ങാം–

 

1988 ജൂൺ 23, മഴ അപ്പോഴേക്കാണ് ഒന്ന് തോര്‍ന്നത്. അടുത്തമഴക്ക് മുമ്പ് വീട്ടിലേക്കെത്താന്‍ തിടുക്കപ്പെട്ടു വൈറ്റ് ട്രംപറ്റ് ടെക്സ്റ്റൈൽസിലെ ജീവനക്കാരൊക്കെ ഒറ്റയ്ക്കും കൂട്ടായുമൊക്കെ ഇറങ്ങിക്കൊണ്ടിരുന്നു. വിശ്വനാഥന്റെ ടേബിളിനടുത്തേക്ക് ഒരു യുവതി എത്തി. വിശ്വനാഥന്‍ അവളെ സൂക്ഷിച്ച് നോക്കി. ലക്ഷ്മി, എന്താ കാര്യം?. സാർ അമ്മയ്ക്കു സുഖമില്ല, അടുത്ത മാസത്തെ ശമ്പളം അഡ്വാൻസ് കിട്ടിയിരുന്നെങ്കില്‍. അവൾ ഒന്നു നിർത്തി അയാളെ ദയനീയമായി നോക്കി. 

 

ഞാന്‍ ഫിനാൻസിൽ വിളിച്ചു പറയാം. പൊയ്ക്കോളൂ. അവള്‍ പോകുന്നത് നോക്കി ഒന്നു ദീര്‍ഘനിശ്വാസം വിട്ടശേഷം വിശ്വനാഥൻ ഫയലിലേക്ക് വീണ്ടും മുഖം പൂഴ്ത്തി. സാരിത്തുമ്പൊന്നുയർത്തി, ഇടംകൈയ്യിലേക്ക് കുട മാറ്റി അവൾ മഴയിലേക്കിറങ്ങി. പെട്ടെന്ന് അടുത്തെവിടെയോ ഇടി മുഴങ്ങി. അവൾ അകത്തേക്ക് വീണ്ടും കയറിനിന്നു. മുൻവശത്തെ ഷട്ടർ വീഴുന്ന ശബ്ദം അവൾ കേട്ടു.  താക്കോലുമായി സെക്യൂരിറ്റി പിന്നിലേക്ക് വന്നു. പിൻവാതിൽ പൂട്ടിയശേഷം വിശ്വനാഥനെ സെക്യൂരിറ്റി താക്കോൽ ഏൽപ്പിക്കും. ബ്രീഫ്കേസുമായി അയാൾ ഇറങ്ങിവന്നു.

 

കാറിനടുത്തേക്കു നടക്കാനാഞ്ഞ അയാൾ ഒന്നുനിന്നു. ലക്ഷ്മിയെ നോക്കി... എന്താ കുട്ടി പോയില്ലാരുന്നോ?.. സർ  മഴ....സെക്യൂരിറ്റി പിൻവാതിലടച്ച് താക്കോൽ വിശ്വനാഥനെ ഏൽപ്പിച്ചു. വരൂ ഞാൻ ബസ് സ്റ്റോപ്പിലേക്ക് ഇറക്കാം... അവള്‍ മടിച്ചു നിന്നു. വീണ്ടും വെള്ളിടി മുഴങ്ങി. വിശ്വനാഥൻ തുറന്നുപിടിച്ച സീറ്റിലേക്ക് കടന്ന് അവള്‍ ചാരിയിരുന്നു.. വൈപ്പർ ചലിച്ചു. കാർ നീങ്ങുന്നത് നോക്കി സെക്യൂരിറ്റി സല്യൂട്ട് ചെയ്തു...

 

English Summary: White Trempate Murder, novel written by Sanu Thiruvarppu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com