ADVERTISEMENT

തങ്കം വളഞ്ഞു, എസ്കേപ്പ്..

 

പിറ്റേന്നും കച്ചവടം മോശമായില്ല. തോമുട്ടിക്കും കിട്ടി ഒരു കോംപ്ലിമെന്‍റ് ഓര്‍ഡര്‍. വരാമെന്ന് പറഞ്ഞ് പോന്നെങ്കിലും ലോനുവിനൊപ്പം പോകേണ്ടി വരുമെന്നതിനാല്‍ തോമുട്ടിയതു മിണ്ടിയില്ല. സ്റ്റീഫന്‍ മൂന്നെണ്ണം എടുത്തു. ലോനു രണ്ട്. കുഞ്ഞാലിക്കും കിട്ടി ഒന്ന്. അതും ലോനു കൊണ്ടുപോയി കൊടുത്തു.തട്ടിപെറുക്കി രണ്ടായിരം രൂപ ആ വീട്ടില്‍ നിന്ന് വാങ്ങി.   പേടിയുണ്ടെങ്കിലും കാശു കിട്ടുന്നതു കാണുമ്പോള്‍ വേണ്ടെന്നു വെക്കാനും തോമുട്ടിക്ക് തോന്നിയില്ല. തോമുട്ടി എടുത്തുവരുന്ന കിടക്കകള്‍ക്കാകട്ടെ കാര്യമായ വിലയും കിട്ടിയിരുന്നില്ല. വൈകുന്നേരമായപ്പോഴേക്കും വണ്ടി പാതിയായി. എന്തായാലും നാളത്തെ ഒരു കളി കൂടി തീര്‍ത്ത് രാത്രി പോകാമെന്ന് തോമുട്ടി കണക്കുകൂട്ടി. അന്ന് ഒരു ഫുള്ളും പൈന്‍റും കൂടി വാങ്ങിച്ചു. അതൊട്ടും അധികമായില്ല. ആദ്യത്തെ ദിനം കുടിക്കാതിരുന്ന കുഞ്ഞാലി, ഹറാമാണെങ്കിലും കുടിക്കാതിരുന്നതുകൊണ്ട് കാര്യമില്ലെന്ന് പറഞ്ഞ് വലിച്ചു കേറ്റി. അവന്‍റെ കുടി കണ്ടപ്പോള്‍ വാളുവെക്കുമെന്ന് തോന്നിയെങ്കിലും കുഴപ്പമുണ്ടാക്കിയില്ല.  

 

മൂന്നാംദിവസം ഉച്ചയൂണു കഴിഞ്ഞിരിക്കുന്ന നേരത്താണ് സംഗതി ഗുലുമാലായത്. ചേരാനെല്ലൂര്‍ ഭാഗത്തായിരുന്നു കച്ചവടം. ഊണു കഴിഞ്ഞ് എല്ലാവരും അല്നേരം മയങ്ങിയ ശേഷം ഓരോ വഴിക്ക് ഇറങ്ങിയിരുന്നു. തോമുട്ടി കച്ചവടക്കാശും സാധനങ്ങളുടെ കാശുമൊക്കെ കണക്കുകൂട്ടി കുറേനേരം മേട്ടസീറ്റില്‍ ഇരുന്നു. എന്തായാലും അന്നുവൈകീട്ട് തിരിക്കാന്‍ തീരുമാനിച്ചു. നാളെയ്ക്ക് നിന്നാല്‍ സാധനം തികഞ്ഞെന്നു വരില്ല. മാത്രമല്ല വേഗം തന്നെ കിടയ്ക്കാട് തിരിച്ചെത്തി ഞാനൊരു മേട്ടയായി ഇതാ തിരിച്ചുവന്നിരിക്കുന്നു എന്നുറക്കെ പറയണമെന്ന് തോന്നി. അതും വിചാരിച്ച് അങ്ങനെ നടക്കുമ്പോഴാണ് എതിരെ നിന്നും ഷര്‍ട്ടിടാത്ത, കഴുത്തില്‍ കറുത്തുരുണ്ട മണികളുള്ള കൊന്തയിട്ട ഒരാള്‍ തന്‍റെ നേരെ വരുന്നത് കണ്ടത്. കടന്നുപോകാന്‍ നില്ക്കും നേരം അയാള്‍ തടഞ്ഞു.  

‘‘അവിടെ നിന്നേ, എങ്ങോട്ടാ നീ പോകുന്നേ...?’’

 

തോമുട്ടി കാര്യമറിയാതെ ആളെ പകച്ചുനോക്കി. ഇന്നേവരെ എവിടേയും കണ്ടുപരിചയമൊന്നും തോന്നുന്നില്ല. ഇനി എവിടേയെങ്കിലും വെച്ച് കിടയ്ക്കയോ മിക്സിയോ താന്‍ കൊടുത്തിട്ടുണ്ടാകുമോ? എത്ര ആള്‍ക്കാരെ ദിവസവും കണ്ടുകടന്നുപോകുന്നതാണ്. അതില്‍ ഒരാളെ കണ്ടാല്‍ പെട്ടെന്ന് തിരിച്ചറിയുന്നതെങ്ങനെ?

‘‘എന്തേ ചേട്ടാ, ഞാന്‍ കിടയ്ക്കേം സോഫേം വിക്കണ ആളാണ്.’’

‘‘നെന്‍റെയൊരു കിടക്കേം സോഫേം. നിനക്ക് എന്നെ അറിയില്ല അല്ലേ. നോക്കഡാ എന്‍റെ മൊഖത്തേക്ക്...’’

 

അയാളുടെ മുഖമപ്പോള്‍ കത്തുകയാണെന്ന് തോന്നി. ജീവനോടെയുള്ള ഒരു പിസര്‍ തന്‍റെ മുന്നില്‍ നില്ക്കുകയാണെന്ന് തിരിച്ചറിഞ്ഞു. ഏതു നിമിഷവും അയാള്‍ തല്ലിയേക്കുമെന്ന് തോന്നി.  

 

‘‘നീയ്യിവിടെ തന്നെ ഉണ്ടാവില്ലേ. നിനക്ക് ഉള്ളത് ഞാന്‍ തരാമെടാ....’’

അത്രയും പറഞ്ഞ് അയാള്‍ വന്നവഴിക്ക് തിരിച്ചുവിട്ടു. തോമുട്ടിയുടെ ചങ്കുകത്തിപ്പോയി, വയറ്റിനുള്ളില്‍ നിന്നുയര്‍ന്ന ഒരാളലില്‍. അയാള്‍ ആളെ വിളിക്കാന്‍ പോകുകയാണെന്നതില്‍ സംശയമില്ലായിരുന്നു. ആളെ വിളിച്ചു കൂട്ടിയാല്‍ എല്ലാവരും കൂടി വളഞ്ഞിട്ട് തല്ലും. ശേഷം സ്റ്റേഷനില്‍ ഏല്പിക്കുകയും ചെയ്യും. അവസാനം കയ്യിലുള്ളതെല്ലാം കൊടുത്തുള്ള ഒത്തുതീര്‍പ്പ്. വാങ്ങിയവനും വാങ്ങാത്തവനും ഒക്കെ അക്കൂട്ടത്തില്‍ വന്നു നില്ക്കും. തോമുട്ടി ചുറ്റും നോക്കി. ലോനുവിനേയും കൂട്ടരേയും കാണാനില്ല. വിളി കേള്‍ക്കുന്നതിനുമൊക്കെ അകലെ കുഞ്ഞാലി ഇരുതോളിലും പാരയേറ്റി നടക്കുന്നുണ്ട്. പാരയും താങ്ങിപ്പിടിച്ച് അവനെത്തുമ്പോഴേക്കും ആള്‍ക്കാര്‍ വന്ന് വണ്ടി വളയും. ഹാര്‍ട്ട് അറ്റാക്ക് വന്നപോലെ തോമുട്ടിയാകെ നിന്ന് വിയര്‍ത്തു. കയ്യും കാലും വിറക്കുന്നുണ്ടെങ്കിലും ഒരു വിധത്തല്‍ തോമുട്ടി ക്രിസ്തുരാജനടുത്തെത്തി. തൊണ്ടയാകെ വറ്റിപോയിരിക്കുന്നു. നാവൊന്നും പേരുന്നില്ല. എങ്കിലും ഒരു വിധത്തില്‍ ഡ്രൈവര്‍ സീറ്റിലിരുന്ന് മയങ്ങുന്ന ലോനപ്പേട്ടനോട് പറഞ്ഞു:

 

‘‘ലോനപ്പേട്ടാ. വണ്ടി വിട്ടോ.. പിസറ്...... പിസറ്...... പിസറ്....’’

‘‘പിസറോ. അപ്പോ മറ്റവന്‍മാരോ?’’

‘‘അവരൊക്കെ തപ്പാന്‍ പോയേക്കാണ്. അവരെ കാത്തുനിന്നാ കാര്യം ശരിയാവില്ല.’’

‘‘അവരെ ഇവിടെ ഇട്ടേച്ച് പൂവ്വേ...’’

‘‘വണ്ടി തല്ലി പൊളിക്കുംന്ന് പറഞ്ഞിട്ടാ ഒരു കല്ലന്‍ പോയേക്കണത്. ലോനപ്പേട്ടന് വണ്ടി വേണോ അതോ...’’

 

തോമുട്ടിക്ക് മുഴുമിപ്പിക്കേണ്ടി വന്നില്ല. ക്രിസ്തുരാജ ഒന്നു മുരണ്ടു. ഏതു ഗിയറിലാണ് വീണതെന്ന്   എന്നൊന്നും അറിഞ്ഞില്ല. ഒരൊറ്റ കുതിക്കലാണ്. ലോനപ്പേട്ടന്‍റെ കണ്ണും മുഖവുമൊക്കെ ചുവന്നു. മുന്നില്‍ കണ്ടത് ഹൈവേയാണെന്ന് മാത്രമേ പുള്ളിക്കറിയൂ. തൃശ്ശൂര്‍ക്കോ കൊല്ലത്തേക്കോ എന്നൊന്നും നോക്കിയില്ല. ഇന്നേവരെ ഒരോട്ടോറിക്ഷയെ പോലും ഓവര്‍ടേക്ക് ചെയ്യാന്‍ ഭാഗ്യം സിദ്ധിച്ചിട്ടില്ലാത്ത ക്രിസ്തുരാജ തമിഴന്‍ ലോറികളെപോലും പുച്ചിച്ചു പരിഹസിച്ചാണ് കുതിച്ചുകൊണ്ടിരുന്നത്. തോമുട്ടി അമ്പരന്ന് സ്പീഡോ മീറ്ററിലേക്ക് നോക്കി. എന്‍റെ ക്രിസ്തുവേ!!!  

ചലനമറ്റ് ചത്തുകിടന്ന സൂചി നില്ക്കുന്നത് നൂറിനപ്പുറത്തേക്ക്. വണ്ടിയിടിച്ചു ചത്താലും കുഴപ്പമില്ലെന്നു കരുതി തോമുട്ടി കണ്ണുകളിറുക്കിയടച്ചിരുന്നു. വണ്ടി ഓടിക്കുന്നതിനിടയില്‍ ലോനപ്പേട്ടന്‍ കിതച്ചുകൊണ്ട് ചോദിച്ചു:

‘‘എങ്ക്ടാ വിടണ്ടേ....’’

‘‘നേരെ തങ്കത്തിലേക്ക്. റൂം ഒഴിഞ്ഞ് വേഗം വിടണം. അവരൊക്കെ എങ്ങനെയെങ്കിലും നാട്ടിലെത്തിക്കൊള്ളും....’’

‘‘പിസറോള് ഇനി പിന്നാലെ വന്ന് തങ്കത്തിലേക്കെത്ത്വോ?’’

‘‘ഇല്ല. തങ്കം വളേന് മുന്നേ നമുക്ക് രക്ഷപ്പെടണം.’’

വല്ലാത്തൊരു ഇരമ്പലോടെ പാര്‍ക്കിങ്ങ് ഏരിയയില്‍ ഒരു വണ്ടി വന്നുനില്ക്കുന്നത് കേട്ട് തങ്കത്തിന്‍റെ മാനേജര്‍ പുറത്തിറങ്ങി നോക്കി. തോമുട്ടിയേയും ലോനപ്പേട്ടനേയും കണ്ടപ്പോള്‍ നാവിന്‍തുമ്പില്‍ വന്ന ചീത്തയൊതുക്കി. റൂമിന്‍റെ ചാവി വാങ്ങി തോമുട്ടി നേരെ ഓടി. പിറകെ ലോനപ്പേട്ടനും. വാതില്‍ തുറന്ന പാടെ തോമുട്ടി നേരെ ബാത്ത് റൂമില്‍ക്കയറി. വല്ലാത്തൊരു പൊട്ടിത്തെറിയോടെ വയറിലുള്ളതെല്ലാം കുത്തിയൊലിച്ചുപോയി. അടുപ്പിച്ചടുപ്പിച്ച് മൂന്നാല് ഉരുള്‍പൊട്ടല്‍. പത്തിരുപത് മിനിട്ട് കഴിഞ്ഞാണ് ആശ്വാസത്തോടെ പുറത്ത് വന്നത്. മുറിയിലപ്പോള്‍ എല്ലാവരുടേയും ബാഗില്‍ സാധനങ്ങള്‍ നിറച്ച് കഴിഞ്ഞ്   ലോനപ്പേട്ടന്‍ എരിപൊരികൊണ്ട് നടക്കുകയായിരുന്നു. തോമുട്ടി ഇറങ്ങിയ ഉടനെ, ജാലകത്തിനരികില്‍ നിന്ന് റോഡിലേക്ക് ഒന്നെത്തിനോക്കി ലോനപ്പേട്ടന്‍ ബാത്ത് റൂമില്‍ കയറി. ചില്ലു ജാലകത്തിനപ്പുറം നിന്ന് തോമുട്ടി റോഡിലേക്ക് നോക്കി. റോഡ് പ്രത്യേകിച്ച് ഒന്നും സംഭവിക്കാത്തതുപോലെ പഴയപടി ഒഴുകുന്നു. പിന്നേയും പതിനഞ്ചു മിനിട്ട് കഴിഞ്ഞിട്ടാണ് ലോനപ്പേട്ടന്‍ ഇറങ്ങിയത്. അപ്പോഴേക്കും തോമുട്ടി ഒന്നു തണുത്തിരുന്നു. ശ്വാസമെല്ലാം നേരെയായിരിക്കുന്നു. ചെമന്ന തോര്‍ത്തുകൊണ്ട് മുഖം തുടച്ചു വന്ന ലോനപ്പേട്ടന്‍ ചോദിച്ചു:  

 

‘‘എന്താ ഇനി പരിപാടി?’’

‘‘എന്താ സംശയം. പൂവ്വാന്നെ...’’

‘‘കാലത്ത് കൊടുത്തേന്‍റെ ഒന്നും കാശ് കിട്ടീട്ടില്ല’’

‘‘എട്ട് കിടക്കേം നാലു മിക്സീം അല്ലേ. പിന്നെ രണ്ടു പാരേം...’’ തോമുട്ടി   കണക്കുകൂട്ടി

 

‘‘മാക്സിമം ഒരെട്ടായിരം ഉറുപ്പ്യ വരും. ലോനപ്പേട്ടന്‍റെ വണ്ടി തല്ലിപ്പൊളിച്ചാ എട്ടായിരം ഉറുപ്പ്യോണ്ട് തീര്വോ..’’ അതുകേട്ടതോടെ ലോനപ്പേട്ടന്‍റെ സകല നാഡികളും തളര്‍ന്നു. വേഗം തന്നെ എല്ലാ ബാഗുകളും ഒന്നിച്ചു കൂട്ടിയെടുത്തു. റൂം ബില്ലടച്ച് വീണ്ടും ക്രിസ്തുരാജ ഗിയറുമാറി കുതിക്കാന്‍ തുടങ്ങി. തോമുട്ടി നോക്കിയപ്പോള്‍ സൂചി എണ്‍പതിനും തൊണ്ണൂറിനും   ഇടയില്‍ കിടന്ന് പുളക്കുന്നു.  

 

ഈ സമയം പാവം ലോനുവും സ്റ്റീഫനും കുഞ്ഞാലിയും ഇതൊന്നുമറിയാതെ ഓര്‍ഡറുകള്‍ എടുത്തുകൊണ്ടിരുന്നു. മൂന്നുപേര്‍ക്കും ഓരോ ടിവി ഓര്‍ഡര്‍ കിട്ടി. മിക്സിയെടുക്കാന്‍   വന്നപ്പോള്‍ വണ്ടി എവിടെ. ആ സമയത്ത് ക്രിസ്തുരാജ എണ്‍പതില്‍ കിടന്ന് കിടയ്ക്കാടിനെ ലക്ഷ്യംവെച്ച് കുതിക്കുകയായിരുന്നു. സന്ധ്യയായപ്പോഴാണ് അവര്‍ക്ക് സംഗതിയുടെ കിടപ്പ് ഏകദേശം മനസ്സിലായത്. കാലത്ത് കൊടുത്തതിന്‍റെ കിട്ടാനുള്ള കാശ് അവര്‍ പിരിച്ചെടുത്തു. ഭാഗ്യത്തിന് പറഞ്ഞവര്‍ എല്ലാവരും കാശ് തയ്യാറാക്കി വെച്ചിരുന്നു. സന്ധ്യയായപ്പോള്‍ ഒരു ബൂത്തില്‍ കയറി ലോനു എല്‍ദോയുടെ കമ്പനിയിലേക്കു വിളിച്ചു. തോമുട്ടിയപ്പോള്‍ എല്‍ദോക്കടുത്തെത്തി കഥകളെല്ലാം പറഞ്ഞ് എല്‍ദോയേയും പേടിപ്പിച്ചു കളഞ്ഞിരുന്നു. എല്‍ദോ കരുതിയത്, ലോനു വിളിക്കുന്നത് സ്റ്റേഷനില്‍ നിന്നാണ്. എന്നാണ്. എന്നാല്‍ എല്‍ദോ കഥ പറഞ്ഞപ്പോഴേ പിസറിന്‍റെ നാട്ടില്‍ നില്ക്കുന്ന ലോനു സംഗതി അറിയുന്നതു തന്നെ. സമയം കളയാതെ ബസ് കയറി പോന്നുകൊള്ളാന്‍ എല്‍ദോ പറഞ്ഞു. ലോനുവും കൂട്ടരും തോമുട്ടിയെ കയ്യില്‍ കിട്ടിയാല്‍ അരച്ചു കുടിക്കുമായിരുന്നു. അവര്‍ തോമുട്ടിക്കിട്ടും കൊടുത്തു ഒരു പണി. ചേരാനെല്ലൂരില്‍ നിന്നും   കയറുന്നതിനു മുന്‍പേ കയ്യില്‍ കിട്ടിയ എണ്ണായിരം രൂപ അവര്‍ പങ്കിട്ടെടുത്തു. അപ്പോഴാണ് അവരുടെ കോപം അല്പമൊന്നു തണുത്തത്. ഇനി ഒരിക്കലും തോമുട്ടിയുടെ കൂടെ കച്ചവടത്തിനില്ലെന്ന് അവര്‍ തീര്‍ച്ചപ്പെടുത്തി. അവര്‍ തയ്യാറായാലും മേട്ടയായി തോമുട്ടി വരില്ലെന്നത് വേറെ കാര്യം.  

 

രണ്ടുദിനം കഴിഞ്ഞ് കിടയ്ക്കാട്ടെ ഷാപ്പില്‍വെച്ച് ലോനുവിനെയും സ്റ്റീഫനേയും കണ്ടപ്പോള്‍ സംസാരിക്കുന്ന കൂട്ടത്തില്‍ തോമുട്ടി കിട്ടാനുള്ള കാശിനെക്കുറിച്ച് തിരക്കി. അവര്‍ കൈമലര്‍ത്തി. തോമുട്ടിയോട് പോയി വാങ്ങിക്കൊള്ളാന്‍ പറഞ്ഞു. കാശുവാങ്ങാന്‍ പോയിട്ട്, ചേരാനെല്ലൂര്‍ എന്ന് കേക്കുമ്പോഴേ ഒരു വിറ തോമുട്ടിയിലൂടെ പാഞ്ഞു കയറിപോയി. ആ കാശ് പോട്ടെ എന്ന് തോമുട്ടി കരുതി. നഷ്ടം കുറേശ്ശെയായി എല്‍ദോക്ക് കൊടുത്തു തീര്‍ക്കാമെന്നുവെച്ചു. അവസാനം കണക്കുനോക്കി കിഴിച്ചെന്നു പറഞ്ഞ് തോമുട്ടി നൂറ് രൂപവീതം ലോനുവിനും സ്റ്റീഫനും നല്കി. അവരത് വാങ്ങാതിരുന്നുമില്ല.  

 

പിന്നെ കുറേക്കാലം തോമുട്ടി കച്ചവടത്തിനു പോയില്ല. ഓട്ടോയെടുത്ത് നാട്ടില്‍ തന്നെ കറങ്ങി. സാവകാശം പിസറിന്‍റെ കഥ മറന്നപ്പോള്‍, ഓട്ടോയില്‍ തന്നെ ഷോര്‍ട്ട് പോയി നഷ്ടപ്പെട്ട ധൈര്യം തിരിച്ചെടുത്തു. ധൈര്യം സംഭരിച്ച് മേട്ടയായി കച്ചവടത്തിനു പോകാനായി ആരെയെങ്കിലും വിളിക്കാന്‍ ചെന്നാല്‍ ഉടനെ അവര്‍ പറയും:

 

‘‘തങ്കം വളഞ്ഞു. എസ്കേപ്പ്...’’

അതോടെ മേട്ടയാകാനുള്ള ആഗ്രഹം തല്‍ക്കാലം തോമുട്ടി ഒതുക്കിവെക്കും. അപ്പോഴെല്ലാം ഒരിക്കല്‍കൂടി താന്‍ മേട്ടയായി വിലസുമെന്ന് തോമുട്ടി മനസ്സിലുറപ്പിക്കുമായിരുന്നു. അവന്റെ പ്രതീക്ഷ സിദ്ദുവിലായിരുന്നു.

തങ്കം വളഞ്ഞ് തോമുട്ടി എസ്കേപ്പു ചെയ്തെങ്കിലും എല്‍ദോയുടെ നഷ്ടത്തിലേക്ക് കാര്യമായൊന്നും തോമുട്ടി കൊടുത്തില്ല. എവിടെ നിന്ന് കൊടുക്കാനാണ്? ഇടയ്ക്കിടെ കുടിക്കാന്‍ കാശില്ലാതാകുമ്പോള്‍ എല്‍ദോ കച്ചവടക്കാര്‍ക്കു മുന്നില്‍ കൈനീട്ടും. ഒരിക്കലും ആരും കടമായി എല്‍ദോക്ക് ഒന്നും കൊടുത്തില്ല. എല്ലാവരും എല്‍ദോയുടെ കടക്കാരായിരുന്നല്ലോ. അവരൊക്കെ നൂറും അമ്പതുമായി എല്‍ദോക്ക് കൊടുത്തുകൊണ്ടിരുന്നു. തോമുട്ടിയുടെ ആ നഷ്ട ലോഡിനു ശേഷം എല്‍ദോ പിന്നെ കാര്യമായൊന്നും കമ്പനി തുറന്നില്ല. തമിഴന്‍ കടംകൊടുക്കുന്നത് നിര്‍ത്തി. എല്‍ദോ മിക്സിയിറക്കലും. എല്‍ദോ ഇല്ലെങ്കിലും കിടയ്ക്കാട് അപ്പോഴേക്കും ഇഷ്ടംപോലെ മിക്സി കച്ചവടക്കാര്‍ ആയിക്കഴിഞ്ഞിരുന്നു. ആര്‍ക്കും തന്നെ മിക്സിയും മറ്റും കിട്ടാതെ കച്ചവടത്തിന് പോകാതെ ഇരിക്കേണ്ടി വന്നില്ല. കടം വാങ്ങി മടുത്താല്‍, ആരെങ്കിലും തരാന്‍ മടിച്ചാല്‍ എല്‍ദോയും ഓര്‍ഡര്‍മാനായി ഏതെങ്കിലും വണ്ടിയില്‍ കയറിപ്പോകും. മിക്കപ്പോഴും എല്‍ദോ പോയിരുന്നത് ചക്കരക്കൊപ്പമായിരുന്നു. ആരുടെ കൂടെ പോയാലും ഏല്യാസിന്‍റെ കമ്പനിയില്‍ നിന്നുള്ള ലോഡില്‍ ഒരിക്കലും എല്‍ദോ പോയില്ല. കച്ചവടത്തിനു പോയപ്പോഴും പോകാത്തപ്പോഴും ഒക്കെ എല്‍ദോ കുടിച്ചുകൊണ്ടുതന്നെ നടന്നു. കുടിച്ചു വലിമുട്ടി വയ്യാതാകുമ്പോള്‍, ഇടയ്ക്ക് ഒരു ബോധോദയം ഉണ്ടാകുന്നതുപോലെ മുരിങ്ങൂര് ധ്യാനത്തിന് പോകും. പോയി വന്നാല്‍ ഒരു പത്തു ദിവസത്തേക്ക് ഒരു തുള്ളി തൊടാതെ കുടിക്കുന്നവരെയൊക്കെ ഉപദേശിച്ചു നേരെയാക്കാന്‍ നടക്കും. കൃത്യം പതിനൊന്നാം ദിനം ധ്യാനത്തില്‍ നിന്നു നേടിയ ശക്തിയൊക്കെ വറ്റിതീര്‍ന്ന് വീണ്ടും കുപ്പിക്കടിയില്‍ കിടക്കും. ഇങ്ങനെ ഏറെ കുടിച്ചും ഇടയ്ക്കൊക്കെ നിര്‍ത്തിയും എല്‍ദോ അങ്ങനെ കിടയ്ക്കാട് ജീവിച്ചു പോന്നു.  

 

‘‘കച്ചോടത്തിനോ നീ വര്ണില്ല്യാ, വാ നമുക്ക് ചീട്ടുകളി ഒന്നു കാണാം. കളിക്കാനല്ല വെറുതെ ഒരു തമാശക്ക്. അപ്പൊ നിനക്ക് മനസ്സിലാവും ഞാന്‍ പറഞ്ഞത് കാര്യംള്ളതാര്‍ന്നോന്ന്...’’ ഒരു ദിവസം ഷാപ്പില്‍ ഒന്നിച്ചിരുന്ന് കുടിച്ചിറങ്ങും നേരം തോമുട്ടി സിദ്ദുവിനെ വിളിച്ചു.  

താല്പര്യമില്ലാതിരുന്നിട്ടും തോമ നിര്‍ബന്ധിച്ചപ്പോള്‍ അവന് ഒഴിഞ്ഞുമാറാന്‍ കഴിഞ്ഞില്ല.  

 

അവര്‍ രുധിരാഴിയുടെ പടിഞ്ഞാറു ഭാഗത്തേക്ക് നടന്നു. കാട്ടിലൂടെ, മൊന്തക്കിടയിലൂടെ, കഷ്ടിച്ച് ഒരാള്‍ക്ക് നൂഴ്ന്നു പോകാന്‍ മാത്രം ഉള്ള വഴികളിലൂടെ അവര്‍ നീങ്ങിക്കൊണ്ടിരുന്നു. അവസാനം പെരുംകാടിനു നടുക്കു തന്നെ അഞ്ചുപത്തുപേര്‍ക്ക് വിശാലമായി ഇരുന്നു നിരങ്ങാന്‍ പാകത്തില്‍ വെളിവാക്കപ്പെട്ടിരിക്കുന്ന ഒരിടത്തെത്തി. അവിടെ അടുപ്പു കൂട്ടുന്നതിന്‍റെ അടയാളങ്ങളും ചില പാത്രങ്ങളും പരന്നു കിടന്നിരുന്നു. ഒരുമരത്തിനു കീഴെ ഒളിച്ചുവെച്ച വിധത്തില്‍ ഒരു പെട്രോ മാക്സ് കിടന്നിരുന്നു. ആരൊക്കെയോ മൂന്നാല് പേരിരുന്ന് കളിക്കുന്നുണ്ട്. തോമാ അവനെ ഒരു കൈകൊണ്ട് തടഞ്ഞ് മറഞ്ഞ് നിന്നുനോക്കി.  

 

‘‘ഇപ്പൊ അങ്ങ്ട് പോണ്ടാ. പരിചയം ഇല്ല്യാത്തോരാണ്. കളിക്കാനല്ലെങ്കി പിന്നെന്തിന് വന്നൂന്ന് ചോദിക്കും. ചെലപ്പോ അടീം കിട്ടും. പോലീസിനെ പേടിച്ചാ എല്ലാവരും കളിക്കണത്. പൊറത്ത്ന്ന് ഒരാള് കളിക്കാനല്ലാതെ ഇങ്ങ്ട് വരില്ല. ഞാന്‍ പിന്നെ ചക്കരേടെ കൂടെ രണ്ടുമൂന്ന് പ്രാവശ്യം ഇവിടെ വന്നിട്ടുണ്ട്..’’

‘‘നാലുപേരല്ലേ ഇപ്പൊ കളിക്കാനുള്ളൂ..’’

‘‘അതു നോക്കീട്ട് കാര്യംല്ല്യാ.. കാശ് മറേണത് പാതിരാക്കാ. മെയിന്‍ കളിക്കാരൊക്കെ വര്വാ അപ്പഴാ. ഇതു ചെലപ്പോ വേറെ പണീല്ലാത്ത കാരണം വെറുതെ ഇരുന്ന് കളിക്കണതാവും.’’

‘‘ആരൊക്കെയാണ് ഇവിട്ത്തെ മെയിന്‍ കളിക്കാര്?’’

‘‘മെയിന്‍ കളിക്കാര്ന്ന് പറയ്വാച്ചാ കൊറേ പേര്ണ്ട്. പോക്കറ്റ് നെറയെ കാശും കൊണ്ടുവന്ന് ചെലപ്പോ അതിലിരട്ടീടെ ഇരട്ടിയാക്കി ചെലോര് കൊണ്ട് പൂവും. ചെലോര് അത് മുഴുവനും ഇവിടെ തന്നെ കളഞ്ഞ് പോക്കറ്റ് കാലിയാക്കും.’’

‘‘തനിക്ക് കളിക്കാനറീല്ലല്ലോ. പിന്നെ താനെന്തിനാ ഇവടെ വരണെ..’’

‘‘കളിക്കാന്‍ അറിഞ്ഞില്ലെങ്കിലും കുഴപ്പംല്ല്യാ. കയ്യില് കാശുണ്ടായാ കളി കാണേം ചെയ്യാം, കളിക്കേം ചെയ്യാം‘‘

‘‘അതെങ്ങനെ?‘‘

‘‘അതിനൊക്കെ വഴീണ്ട്. കയ്യില് കാശുംകൊണ്ടുവന്നാ കളിക്കാന്‍ ഇരിക്കണ ആര്ടേങ്കിലും കൂടെ ചേര്വാ. കാശയാള്‍ക്കു കൊടുത്താ മതി. കിട്ട്യാ പാതി. പിന്നെ കളിക്കൂലി എന്തെങ്കിലും കൂടുതല് അറിഞ്ഞ് കൊടുക്ക്വാ. പോയാ പോയി.’’

‘‘തോമ കളിച്ചിട്ടുണ്ടോ?’’

‘‘ഒരു നാലു തവണ. മൂന്നുതവണ കിട്ടി. കിട്ടീന്ന് പറഞ്ഞാ പോരാ, നന്നായി കിട്ടി. നാലാം തവണ പോയി. വെറുതെ പോയീന്ന് പറഞ്ഞാ പോരാ. കിട്ടീതും അതിന്‍റെ എരട്ടീം പോയി. പിന്നെ കളിയില്‍ കാശിറക്കാന്‍ വന്നിട്ടില്ല. കളി കാണാനും. കളത്തില് കാശ് കിടന്ന് മറേണ കാണുമ്പോ എറക്കാന്‍ തോന്നും. കാശുപോയാ പിന്നെ ഒരാഴ്ചക്ക് സുഖം ണ്ടാവില്ല..’’

‘‘ആരായിരുന്നു പങ്കു കളിക്കാരന്‍...’’

‘‘ചോദിക്കാണ്ടോ. ചക്കരതന്നെ. കളിയറിയാത്ത, കളിയ്ക്കാന്‍ അപ്പീല്ല്യാത്ത, കയ്യില് കാശുള്ള ആരെങ്കിലും ണ്ടെങ്കി ചക്കരേ വിളിച്ചാ മതി. വരും, കച്ചോടത്തിന് പോലും പൂവ്വാണ്ട്...’’

‘‘ചക്കര എങ്ങന്യാ, നല്ല കളിക്കാരനാണോ?’’

 

‘‘ആണോന്നാ. ഏതുകളീലും ചക്കര കഴിഞ്ഞിട്ടേ ഇവിടെ ആളുള്ളൂ. പക്ഷേ ഒരു കൊഴപ്പംണ്ട്. കാശ്ന്ന് പറഞ്ഞാ അവന് പുല്ലാ. എത്രകാശ് കിട്ട്യാലും പോയാലും ഒരേ പോലെ. ഒരു ഇളിഞ്ഞ ചിരി. കളി തൊടങ്ങ്യാ, ഒന്നുങ്കീ കയ്യിലെ കാശു മുഴുവനും കഴിയണം. അല്ലെങ്കീ കളി നിക്കണം. കാശത്യാവശ്യം കിട്ടി, കളി നിര്‍ത്തി പോരാനുള്ള മിടുക്കില്ല്യാ. പല കേമന്‍മാരുംണ്ട്. കാശ് കൊറച്ച് പോക്കറ്റീ കേറ്യാ, വല്ല വയറുവേദന്യോ, തല ചുറ്റലാന്നോം പറഞ്ഞ് എണീക്കും. കാശ് പോയോര് ചെലപ്പോ വിടില്ല. പിന്നെ വഴക്കും തല്വാവും. ചക്കരേനെ പിന്നെ ആരും തല്ലാനും കുത്താനും ചെല്ലില്ല. നിങ്ങള് ചക്കരേ പരിചയപ്പെട്ടിട്ടുണ്ടോ?’’

 

‘‘പരിചയപ്പെട്ടിട്ടില്ല. പക്ഷേ കണ്ടിട്ട്ണ്ട്. അറിയ്വേം ചെയ്യും...‘‘

‘‘ചക്കരാന്ന് പറഞ്ഞാ ഒരു പ്രത്യേക ജാതിയാ. ചെലപ്പോ കയ്യില് നെറേ കാശായിട്ട് നടക്കണ് ണ്ടാവും. ചെലപ്പോ ഒരുറുപ്പ്യല്ല്യാണ്ടെ ആരോടെങ്കിലും കടം ചോദിക്ക്ണ് ണ്ടാവും. അല്ലെങ്കിലും, കിടയ്ക്ക കച്ചോടക്കാരൊക്കെ അങ്ങന്യാ. ള്ളപ്പൊ ണ്ട്. ല്ലെങ്കി ല്ലോ ഒന്നുംല്ല്യാ..’’

‘‘അപ്പൊ തോമേടേല് എങ്ങന്യാ കാശ്ണ്ടോ...’’

തോമ ഒന്നു ചൂളി. പറയാന്‍ അല്പം മടിക്കുന്നതുപോലെ.

 

‘‘ഞാനങ്ങനെ ഒരു കളിക്കും കൈവിട്ടിട്ട് ഇല്ല. കാശിനെ യ്ക്ക്പ്പഴും ബഹുമാനാ. അതങ്ങനെ തോന്ന്യോണം കളേണ്ടതല്ല. കാശ്ണ്ടാക്കാന്‍ ഒരു സമേത്തേ പറ്റൂ. കളേല് എപ്പ വേണമെങ്കിലും പറ്റും. അതോണ്ടല്ലേ ഞാന്‍ നെന്നോട് പറഞ്ഞത് കച്ചോടത്തിനിറങ്ങാന്‍. കാശ്ണ്ടാക്കി ഇട്ത്ത് വെക്കാന്‍ അറ്യോണോര്‍ക്ക് ഇതിനേക്കാള്‍ നല്ല വേറെ ഒരു പണീല്ല. ഞാന്‍ പറഞ്ഞാ ചെലപ്പോ മനസ്സിലായീന്ന് വരില്ല. ഒരു പ്രാവശ്യം ഒന്ന് വന്നുനോക്ക്. അപ്പൊ അറിയാം..’’

 

തോമായുടെ വിവരണം കഴിയുന്തോറും സിദ്ദുവിന് കച്ചവടത്തിനു പോയാലോന്ന് തോന്നി തുടങ്ങി. അവര്‍ നടന്നു കൊണ്ടേയിരുന്നു.

‘‘പിന്നാരോക്ക്യാ മെയിന്‍ കളിക്കാര്?’’

 

‘‘ചെമ്പോട്ടെ മീങ്കച്ചോടക്കാരന്‍ ഹനീഫ. ഒരു കായം സഞ്ചീല് നോട്ട്കള് കുത്തിനിറച്ചാ വര്വാ. പൂവമ്പളും അങ്ങനെ തന്നെ. പിന്നെ മരക്കച്ചോടക്കാരന്‍ ഒപ്പീസ് ഔസേപ്പുണ്യേട്ടന്‍ മൂപ്പര് കുടിക്കാത്ത ദിവസാച്ചാ കാശ്ണ്ടാക്കും. കുടിച്ചാ കളീല് ശ്രദ്ധണ്ടാവില്ല. വര്‍ത്തമാനം പറയാന്‍ ആരെയെങ്കിലും കിട്ട്യാ അവരെ കൊന്നു കൊലവിളിക്കും. അതിന് ഒപ്പീസ് ചൊല്ല്വാന്നാ പറയാ. എങ്കക്കാട്ന്ന് ഒരു സുലൈമാനിക്ക. മൂപ്പര് കാശില്ലാത്തപ്പോ ഗള്‍ഫീ പോവും. മക്കളൊക്കെ അവിടെയാണ്. അത്യാവശ്യം രണ്ടുമൂന്ന് മാസം കളിച്ച് നിക്കാനുള്ള കാശായ ഇങ്ങ്ട് പോരും. അതു തീരുന്നതുവരെ കള്യന്നെ. ഇനീ ഒരാള് ബ്ലേഡ് കമ്പനിക്കാരന്‍ മാത്തച്ചന്‍. പകല് മുഴുവന്‍ പലിശ പിരിവും കുറിയുമായിട്ട് നടക്കും. രാത്രി ആയാ കാടുപിടിച്ച് കളി തുടങ്ങുകയായി. ഒറക്കംല്ല്യാത്ത ഒരു പണപ്പിശാച്. ഇന്നേവരെ വല്യേ നഷ്ടങ്ങളൊന്നും ണ്ടായിട്ടില്ല, ലാഭങ്ങളല്ലാണ്ടെ. മെയിന്‍ മേട്ടകളാണ് ഇവര്. ഇവരില്ലാണ്ടെ കളി നടക്കില്ല. പിന്നെ അല്ലറ ചില്ലറ നുറുങ്ങ് കളിക്കാരാണ്. ചക്കര ഒഴിച്ചുള്ള കെടക്ക കച്ചവടക്കാരൊക്കെ അതില് പെടും. കച്ചോടക്കാരിലെ മെയിന്‍ ആളാണ് ചക്കര, പിന്നെ എല്‍ദോ. ചക്കരക്ക് ഷെയറ് കൊടുത്ത് കളിക്കും. പിന്നെ മയിൽ കൃഷ്ണനാണ്. ചേലക്കോട്ടു തറവാട്ടിലെ നല്ലൊരു പൊങ്ങിയാ. കാണണ്ട ഒരാളാ. കച്ചോടം കഴിഞ്ഞ് വന്നാ കാലത്ത് അങ്ങ്ട് ഇറങ്ങും. കണ്ണില്‍ കണ്ട കുടിയന്മാരെയൊക്കെ കൂട്ട്യോണ്ട് പോയി ബാറീ കേറും. ആര്ടേന്നും ഷെയറ് കാശ് വാങ്ങില്ല. എല്ലാര്‍ക്കും മൂക്കുമുട്ടെ തിന്നാനും കുടിക്കാനും വാങ്ങിക്കൊടുത്തിട്ട് അവരെ തന്നെ തെറി വിളിക്കും. അവര്ടേന്ന് ആളാമീതം തല്ല് മേടിച്ചാലേ തൃപ്തിയാവൂ. തല്ലി തല്ലി മടുത്തപ്പൊ നാണംള്ള ആരും മയില് കുടിക്കാന്‍ വിളിച്ചാ പൂവ്വാണ്ടായി. ഒരൂസം ചക്കരേന്നെ കിട്ടി. കുടിക്കഴിഞ്ഞ് ചക്കരടെ മെക്കട്ട് കേറീതേ ഓര്‍മ്മേള്ളൂ. ബോധംവരുമ്പോ ഓട്ടുപാറ ധര്‍മ്മാശുപത്രീലായിരുന്നു. ഇപ്പഴും കുടിക്കാനും തല്ലാനും ആളുണ്ടെങ്കി മയില് റെഡ്യാ. 

 

മയില് പെട്ടുപോയത് ഇതിലൊന്നുംല്ല. ഒരിക്കെ, പുഞ്ചകൃഷി ഇല്ലാത്ത കാലത്ത് പാടത്ത് ക്യാമ്പ് കെട്ടി സര്‍ക്കസുകാര്‍ വന്നു. രാത്രി 8 മണിക്ക് കളിതൊടങ്ങും. മാജിക്കും സര്‍ക്കസും കളിയുമൊക്കെയായി പന്ത്രണ്ടുമണി വരെ. കാണാന്‍ ഇഷ്ടംപോലെ ആള്‍ക്കാര്. ടിക്കറ്റൊന്നുംല്ല്യാ. ഇന്നതേ കൊടുക്കൂ എന്നും ഇല്ല. നല്ലതൊലി വെളുപ്പും മൊലക്കനോം തൊടതടേംള്ള പെണ്ണുങ്ങള്ണ്ടാര്‍ന്നു ഡാന്‍സ് കളിക്കാന്‍. പതിനൊന്നുമണി ആയാ പിന്നെ ഡാന്‍സ് മാത്രേള്ളൂ. രാജകൊട്ടാരത്തിലൊക്കെണ്ടാവാറില്ലേ. ആ സമയം ആവുമ്പോഴേക്കും കച്ചോടക്കാര് മുഴുവനും എത്തും. കയ്യ് നിറയെ കാശും തലനിറയെ കള്ളും. ഓരോ ചുവടിനും ഓരോ തുള്ളിക്കളിക്കലിനും കാശാണ്. കാശ് കിട്ടണേന് അനുസരിച്ച് അവര് ഓരോരുത്തര്‍ക്ക് ഓരോ പേരിട്ടു വിളിക്കും. വിന്‍സെന്‍റ് ഗോമസ്, താരാദാസ്, സാഗര്‍ ഏലിയാസ് ജാക്കി, ബല്‍റാമ്, മംഗലശ്ശേരി നീലകണ്ഠന്‍ എന്നൊക്കെ. മയില് മോഹന്‍ലാലിന്‍റെ വല്യേ ആരാധകനായിരുന്നു. മൂപ്പര്‍ക്ക് മംഗലശ്ശേരി നീലകണ്ഠന്‍ന്ന്ള്ള പേരന്നെ വേണം. എത്രകാശും അതിനുവേണ്ടി എന്നും എറിഞ്ഞു കളിക്കും. ജാക്കിക്കും മറ്റോര്‍ക്കും നോക്കി നിക്കാനേ പറ്റീള്ളൂ. കളിച്ച് കളിച്ച് കളി കാര്യായി. നീലകണ്ഠന്‍ അതിലെ ഒരു പെണ്ണിനെ പൂശിയിട്ടേ അടങ്ങൂന്നായി. കിട്ടില്ല്യാന്ന് സര്‍ക്കസുകാരും. അടിയായി. അടീന്ന് പറഞ്ഞാ പോരാ. പൂരത്തല്ല് തന്നെ. 

മംഗലശ്ശേരി നീലകണ്ഠനെ അടിച്ച് കൂറക്കിട്ട് രായ്ക്കുരാമാനം കിട്ടീത് എടുത്ത് സര്‍ക്കസ് ക്യാമ്പ് വിട്ടു. രണ്ടുമാസം നീലകണ്ഠന്‍ ചേലക്കോട്ട്   കെടന്നോടത്ത് കെടന്നായി തൂറലും മുള്ളലും. ആടുതോമേടെ ആട്ടിന്‍ ചോര കഷായം കഴിച്ചാണ് എഴുന്നേറ്റ് നടക്കാറായത്. പിന്നേ ഇതേവരെ നാടോടികള് സര്‍ക്കസായിട്ട് കിടയ്ക്കാട് എത്തീട്ടില്ല.  

 

അന്നത്തോടെ ഒന്നു തെളിഞ്ഞു. ആര്‍ക്കും എപ്പഴും തല്ലി പഠിക്കണമെങ്കി, തല്ലി ജയിക്കണമെങ്കി മയിലിനെ വിളിച്ചാ മതി. തൊടക്കം ഒട്ടും മോശംണ്ടാവില്ല. ഇന്നേവരെ മയില് ആരോടും തല്ലിജയിച്ചിട്ടില്ല. ന്നാലും ശരി, മംഗലശ്ശേരി നീലകണ്ഠന്‍ന്ന്ള്ള പേര് ആര്‍ക്കും വിട്ടുകൊടുത്തിട്ടില്ല. പിന്നെ ഉള്ള കാര്യം പറേണല്ലോ. കുടിക്കാതെ, സുന്ദരക്കുട്ടപ്പനായി കച്ചോടത്തിനിറങ്ങ്യാ നല്ലൊരു കച്ചോടക്കാരനാ. നല്ല മേട്ടേം. കമ്പനിക്കാര്‍ക്കൊക്കെ നല്ല മതിപ്പും. നഷ്ടംന്ന് പറേണത് മയില് കച്ചോടത്തിന് എറങ്ങ്യാണ്ടാവില്ല.

 

കേട്ടുനടന്നപ്പോള്‍ സിദ്ദുവിന് രസം തോന്നി. നടന്നുനീങ്ങുന്നത് അറിഞ്ഞില്ല. ഇത്രകാലവും താന്‍ ഊളിയിട്ടിറങ്ങിയതു മുഴുവന്‍ കിടയ്ക്കാടിന്‍റെ അറിയപ്പെടാത്ത ഉര്‍വ്വരതയിലേക്കായിരുന്നു. കിടയ്ക്കാടിനു മുകളില്‍ എപ്പോഴും ചലനാത്മകമായ ഒരു ജീവിതമുണ്ടായിരുന്നു എന്നോര്‍ത്തപ്പോള്‍ അവന് നിരാശതോന്നി. താനത് മുന്‍പ് കണ്ടില്ലല്ലോ എന്നോര്‍ത്തപ്പോൾ...   തോമുട്ടിയിലൂടെയോ അതോ മറ്റാരിലൂടെയോ എന്നവണ്ണം മുന്നില്‍ കിടയ്ക്കാട് നിവര്‍ന്നുകൊണ്ടിരുന്നു.  

 

കനാലിന്‍ പുറത്തുനിന്നിറങ്ങി അവര്‍ തുറസ്സായ ഒരിടത്തെത്തി. അവിടെ താല്ക്കാലികമായെന്ന പോലെ ഒരു ഷെഡ്ഡും കെട്ടിയിരുന്നു. അല്പം കൂടി അടുത്തു ചെന്നപ്പോള്‍ ഒരു ബാനര്‍ വലിച്ചുകെട്ടിയിരിക്കുന്നു. രുദ്രന്‍ സ്മാരക പകിടകളി മത്സരം. രണ്ടും മൂന്നും ടീമുകളൊക്കെയായി അവിടെ ആള്‍ക്കാര്‍ ഏറെയുണ്ടായിരുന്നു. ഏറെയും ചെറുപ്പക്കാര്‍. എല്ലാവരും നല്ല ഫോമില്‍. കളത്തിനു ചുറ്റും നാലു കളിക്കാര്‍ വട്ടമിട്ടിരിക്കുന്നുണ്ട്. ഒരാളുടെ കയ്യില്‍ പകിടയുണ്ട്. അയാള്‍ കുറേനേരം അത് നെഞ്ചത്ത് പിടിച്ചു ധ്യാനിച്ച് ശക്തമായി, വല്ലാത്തൊരലര്‍ച്ചയില്‍ ആരെയോ വിളിച്ച് കളത്തിലിട്ടു. കൂട്ടാളികള്‍ എല്ലാരും അവിടേക്കുറ്റുനോക്കി. അവരുടെ മുഖത്തെല്ലാം നിരാശ. പകിടയെറിഞ്ഞവനെ അവര്‍ തെറി പറഞ്ഞു. അയാളാകട്ടെ, ഉറക്കെയുറക്കെ തലയിലടിച്ചു. കാണുമ്പോള്‍ ഭയം തോന്നും. അടുത്ത ഒരു കളിക്കാരന്‍ പകിടയെടുത്ത് എവിടേയ്ക്കോ ഓടി. അയാള്‍ വെളിമ്പ്രദേശത്ത് വന്ന് ഏതൊക്കെയോ മൂര്‍ത്തികളെ വിളിച്ച് ഉറക്കെ കരഞ്ഞ് ഓടിവന്ന് കളത്തിലേക്ക് പകിടയിട്ടു. അവര്‍ ആഗ്രഹിച്ചതു തന്നെ വീണിരിക്കുന്നു. കൂട്ടമായി ഒരാര്‍പ്പുവിളിയുണ്ടായി. വീണ്ടും അയാള്‍ പകിടയെടുത്ത് പറമ്പിലേക്ക് നടന്നു. അവിടെ വൈദ്യുതി വിളക്കുകളും സജ്ജീകരണങ്ങളും ഉണ്ടായിരുന്നു. ഷെഡ്ഡിനോട് ചേര്‍ന്നുതന്നെ ചെറിയ ഒരു ചായക്കടപോലെ ഒന്നും. അതിനുള്ളില്‍ ചായയും പലഹാരങ്ങളും, ഇറച്ചി, കൊള്ളി, ബോട്ടി, ഓംലെറ്റ് എന്നിവയും ഉണ്ടായിരുന്നു. വിശാലമായ ഷെഡ്ഡിന്‍റെ മൂലയില്‍ വിരിച്ച പായകളില്‍ രണ്ടുമൂന്നുപേര്‍ കിടന്നുറങ്ങുന്നു.  

 

ഇതാണ് പകിടകളി. തോമായ്ക്ക് കളിയെക്കുറിച്ച് യാതൊരു വെളിവുമില്ല.   അത് തോമാ തന്നെ സമ്മതിക്കുന്നു. അല്പമൊരു സങ്കീര്‍ണ്ണതകളും കുറുക്കുവഴികളും കണക്കും ചേരുന്ന കളികള്‍ പണ്ടേ തനിക്കു പറ്റാറില്ലെന്ന് തോമ. ഒരു കണക്കിന് പകിടകളിയിലും ചീട്ടുകളിയിലുമൊന്നും താല്പര്യമില്ലാതിരിക്കുന്നതാണ് നല്ലത്. ചീട്ടുകളി പോട്ടെ, കാശു കുറേ പോകുമ്പോള്‍ നിര്‍ത്താം. അത് രാത്രി നേരത്ത് മാത്രമേയുള്ളൂ. പകല് എന്തെങ്കിലും പണിക്കുപോകാം. പകിടകളി അങ്ങനെയല്ല. പന്ത്രണ്ടും കളിച്ചിട്ടേ അത് വിട്ടൊഴിയൂ. അപ്പോഴേക്കും ചിലപ്പോള്‍ ആളുണ്ടായാല്‍ ഭാഗ്യം. ഈ കളിയുടെ കാര്യം തന്നെ നോക്കാം. തുടങ്ങിയിട്ട് മാസം ഒന്നു കഴിഞ്ഞു. എത്രനീളുമെന്ന് ഒരുറപ്പുമില്ല. ഈ കളി തീരാന്‍ ചുരുങ്ങിയത് മൂന്നുമാസം ഇനിയും എടുക്കും. കളിയ്ക്കാന്‍ വരുന്നവര്‍ പോകുക മിക്കവാറും കളികഴിയുമ്പോഴാണ്. അപ്പോഴേക്കും ഒന്നുരണ്ടുമാസം കഴിയും. അവരുടെ തീനും കുടിയും കിടപ്പും ഒക്കെ അവിടെ തന്നെ. ഭക്ഷണത്തിനു മുട്ടില്ല. കളി തുടങ്ങി അവസാനിക്കുന്നതുവരെ സ്ഥിരമായി ചായക്കട അവിടെയുണ്ടാകും. കിടയ്ക്കാട് രുധിരാഴിയുള്ളതുകൊണ്ട് കനാലിലൂടെ ഒഴുകുന്ന വെള്ളത്തിനും ക്ഷാമമില്ല. കിടക്കാന്‍ ഇഷ്ടംപോലെ പഞ്ഞിയും.   കിടയ്ക്കാട്ടെ പകിടകളി എന്നുപറഞ്ഞാല്‍ എവിടെ നിന്നും കളിക്കാരെത്തും. ടീം കുറഞ്ഞപേരില്‍ ഇതേവരെ കിടയ്ക്കാട്ടെ കളി നടക്കാതിരുന്നിട്ടില്ല. കിടയ്ക്കാട് ഒരു കളിവെച്ചാല്‍ മറ്റൊന്നും വേണ്ട. മലപ്പുറത്തുനിന്നും തിരൂരുനിന്നും മഞ്ചേരീന്നും ഒക്കെ ടീമുകളും കളിക്കാരും വരുന്നുണ്ട്. പോരാഞ്ഞ് കിടയ്ക്കാട്, ഓട്ടുപാറ, വടക്കാഞ്ചേരി, വിരുപ്പാക്ക എന്നിവിടങ്ങളില്‍ നിന്നും. എല്ലാ സ്ഥലങ്ങളിലും മിടുമിടുക്കുന്മാരായ പേരുകേട്ട കള്ളക്കൊത്തിനും മാട്ടിനും മന്ത്രത്തിനും കഴിവുള്ള കളിക്കാരുണ്ട്. തോമുട്ടിയുടെ അഭിപ്രായത്തില്‍ കണക്കിനേക്കാളും കളിയേക്കാളും പകിടയില്‍ കൂടുതല്‍ ചതിയും മാട്ടും മന്ത്രവുമാണുള്ളത്. മലപ്പുറം ഭാഗത്തെ തങ്ങളുമാര്‍ ഒരുറുക്കിട്ട് കെട്ടിയാല്‍ പിന്നെ ആ കെട്ടുപൊട്ടിക്കാന്‍ കളിച്ചോണ്ട് ആര്‍ക്കും പറ്റില്ല.   അതിന് മന്ത്രം വേണം. മാട്ടറിയാവുന്ന മന്ത്രവാദിതന്നെ വേണം. കിടയ്ക്കാട്ടെ കല്ല്ട്ട്മട കോളനി മാത്രം ശരണം.  

 

കിടയ്ക്കാട്ട് പകിടകളിക്കുവേണ്ടി ബുദ്ധിയും മനസ്സും ശരീരവും ജീവനും പൊലിച്ച ആളാണ് രുദ്രന്‍. കിടയ്ക്കാട് ഒരു പകിടകളി മത്സരം വെക്കുന്നെങ്കില്‍ അത് രുദ്രന്‍റെ പേരില്‍ തന്നെ ആവണം എന്ന് ആര്‍ക്കും എതിരഭിപ്രായം ഉണ്ടായിരുന്നല്ല.

 

തുടരും…

 

English Summary: ‘Kidaikattile Poolamarangal’ E-Novel written by P. Reghunath, Chapter 24

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com