ഐസിയുവിന് മുന്നിൽ അമ്മ; അച്ഛനെക്കുറിച്ച് തിരക്കുന്നതിനു പകരം അവൻ അമ്മയോട് ചോദിച്ചത്...
Mail This Article
ജീവിച്ചിരുന്നപ്പോഴും രുദ്രന്‍ ആര്‍ക്കും പിടികൊടുത്തില്ല. ആള്‍ക്കൂട്ടത്തിലും ഒറ്റപ്പെട്ട് നടക്കും. ഓരോന്ന് ആലോചിച്ച്, കിടയ്ക്കാട്ടിലെ ചായക്കടയിലും, ചാരായഷാപ്പിലും ബാര്‍ബര്‍ഷോപ്പിലും ഇരിക്കുന്നതു കാണാം. ആരോടും മിണ്ടാതെ, എന്തെങ്കിലും ചോദിച്ചാല്‍ മറുപടിപോലും പറയാതെ ഒരൊറ്റ ചിന്തയിലാണ്. അങ്ങനെ ഇരുന്നും നടന്നും കഴിയുന്ന രുദ്രന്‍റെ താടിയും മീശയും വളര്‍ന്ന് ഒരു സന്യാസിയെപോലെ ആയി. പ്രായം കുറഞ്ഞ ഒരു മുനിവര്യനാണെന്നേ തോന്നൂ. കിടയ്ക്കാട്ടെ ബാര്‍ബര്‍ ലൂയിസേട്ടന്‍ ഫ്രീയായിട്ട് താടിയും മുടിയും ശരിയാക്കിതരാമെന്നു പറഞ്ഞപ്പോഴൊക്കെ പുച്ഛിച്ചുചിരിച്ചു തള്ളി. ഒന്നിനും ഏതിനും സമയമില്ലാതെ രുദ്രന്‍ ആലോചിച്ചുകൊണ്ടിരുന്നതും ചൂഴ്ന്നുകൊണ്ടിരുന്നതും തന്നിലേക്കു തന്നെയാണെന്ന് ആരും അറിഞ്ഞില്ല. തന്നില്‍തന്നെ കുടിയിരിക്കുന്ന കുണ്ഡലിനി ശക്തിയെ ഉണര്‍ത്തി ബോധസീമകള്‍ കയറി മനുഷ്യജന്മത്തിലെ പരമപദം പ്രാപിക്കുന്നതിനാണ് രുദ്രന്‍ ഈ പെടാപാടൊക്കെ പെട്ടിരുന്നതെന്ന് ആരും അറിഞ്ഞില്ല.
കിടയ്ക്കാട്ടെ ബോധിവൃക്ഷമെന്ന് രുദ്രന് തോന്നിയ വലിയൊരു പൂളമരത്തിന്‍റെ കീഴെ, ബസ് മുട്ടി ചത്ത ആടിന്‍റെ തോലു വാങ്ങിയുണക്കിയെടുത്ത് വിരിച്ച് അതില്‍ പത്മാസനത്തില്‍ ഏറെനേരം ഇരുന്ന് ഇതാ ബോധോദയം ആയി എന്നു തോന്നിച്ച നിമിഷത്തിലാണ് നാട്ടുകാരും കൂട്ടുകാരും ചേര്‍ന്ന് കൈകാല്‍കെട്ടി ഒരു സൈക്യാട്രിസ്റ്റിനെ കാണിച്ചത്. സൈക്യാട്രിസ്റ്റിനു പക്ഷേ രുദ്രനില്‍ കുഴപ്പമൊന്നും കാണാനായില്ല. അതോടെ രുദ്രന് പ്രാന്താണെന്ന് പറഞ്ഞവര്‍ പറച്ചില്‍ നിര്‍ത്തി. വേണ്ടവിധത്തില്‍ കുണ്ഡലിനി ഉണരാന്‍ മാര്‍ഗങ്ങള്‍ വേറെയും രുദ്രന്‍ നോക്കി നടന്നു. മൂക്കുമുട്ടെ പട്ടയും വിദേശിയും മാറിമാറിയും മിക്സ്ചെയ്തും കുടിച്ചു. കള്ളും ചാരായവും ബ്രാണ്ടിയും ഒന്നിച്ചൊഴിച്ച് കുടിച്ചതിനൊപ്പം ഒരു കഞ്ചാവ് ബീഡികൂടി വലിച്ചുവിട്ടു. കുണ്ഡിലിനി ഇളകിയില്ലെങ്കിലും തലയിലെ സകല ഓടുകളും ഇളകി പറിഞ്ഞുവീണു. ആ ഒരു കിക്കില്‍ തലയ്ക്കടികൊണ്ടപോലെ വാ പൊളിച്ച് നിസ്സംഗനായി ഏറെ നാള്‍ നടന്നു. ഒരിക്കല്‍ നടന്ന് നടന്ന് കാലുതെറ്റി രുധിരാഴിയുടെ ഒരു കയത്തില്‍ ചെന്നുവീണു. കണ്ടവര്‍ ചത്തെന്നു വിചാരിച്ചുവെങ്കിലും കരയ്ക്ക് കയറ്റിയിട്ട് വയറ് അമര്‍ത്തി വെള്ളം കളഞ്ഞപ്പോള്‍ കണ്ണുതുറന്നു. ചുറ്റും കുറച്ചുനേരം മിഴിച്ചുനോക്കി കിടന്നു. പിറ്റേന്ന് കാലത്ത് ലൂയിസേട്ടൻ കടതുറക്കാന്‍ വരുംനേരം രുദ്രനുണ്ട് നിരപലകയില്‍ ചാരിയിരിക്കുന്നു.
ഒരു മണിക്കൂര്‍ നേരത്തെ കഠിന പ്രയത്നത്തിനുശേഷം ലൂയിസേട്ടൻ രുദ്രനെ മനുഷ്യക്കോലത്തില്‍ ആക്കിയെടുത്തു. ആ ഒരൊറ്റ ഷേവിങ്ങിലും കട്ടിങ്ങിലും ഒരു സെറ്റ് ബ്ലേഡും ഒരു കത്രികയുമാണ് മൂര്‍ച്ചപോയ സിംഹങ്ങളെന്നും പറഞ്ഞ് ലൂയിസേട്ടനു മാറ്റിവയ്ക്കേണ്ടിവന്നത്. രുദ്രന്‍ നേരേ എല്‍ദോക്കടുത്തേക്കു വിട്ടു. കിടയ്ക്കാട്ടെ ആദ്യകാല കിടക്ക കച്ചവടക്കാരില്‍ ഒരാളായിരുന്നു രുദ്രനും. വായില്‍ എപ്പോഴും സരസ്വതി. നുണ പറയില്ല. സത്യം പറഞ്ഞു തന്നെ കിടക്ക വില്ക്കാന്‍ കഴിയുമെങ്കില്‍ പിന്നെന്തിന് നുണ പറയണം? ഓര്‍ഡര്‍മാനില്‍ നിന്ന് മേട്ടയും മേട്ടയില്‍ നിന്ന് കമ്പനിക്കാരനുമൊക്കെയായി വളരെ വേഗത്തില്‍ വളര്‍ന്നു. ചെറുപ്പത്തില്‍ കീറിയ ഷര്‍ട്ടും ട്രൗസറുമിട്ട്, പഴങ്കഞ്ഞികുടിച്ച് സ്കൂളില്‍ പോയിരുന്ന രുദ്രന്‍ ജീന്‍സും ടീഷര്‍ട്ടുമിട്ട് ചിക്കന്‍ ബിരിയാണി കഴിച്ചു നടന്നു. പത്തിന്‍റെ ഒരുനോട്ടുപോലും കാണാതിരുന്ന പോക്കറ്റ് നൂറിന്‍റെയും അഞ്ഞൂറിന്‍റെയും നോട്ടുകള്‍ക്ക് കലവറയായി. ജീവിതത്തില്‍ സ്വപ്നം കണ്ടതും കൊതിച്ചതുമൊക്കെ കിട്ടിക്കഴിഞ്ഞപ്പോഴാണ് അതിലൊന്നും വലിയ കാര്യമില്ലെന്നു രുദ്രനു തോന്നിയത്. ആത്മാവിന്‍റെ മോക്ഷം എന്നത് കാശും പണവും തീറ്റയും വസ്ത്രങ്ങളുമൊന്നുമല്ലെന്ന് ഒരു രാത്രി രുദ്രന് വെളിപാടുണ്ടായി. അതോടെ കച്ചവടം നിര്‍ത്തി മോക്ഷപദം തേടി കുണ്ഡലിനിയെ ഉണര്‍ത്താനുള്ള പെടാപാടിലായി.
രുധിരാഴിയില്‍ കാല്‍ തെറ്റിവീണ് ചാവാതെ ജീവിത തീരത്ത് അടിഞ്ഞപ്പോള്‍, മനുഷ്യക്കോലത്തിലെത്തിയപ്പോള്‍ പിന്നെയും രുദ്രന് കച്ചവടം ചെയ്തു പുലരണമെന്നായി. രാജ്യം പോയാലും രാജാവ് രാജാവ് തന്നെയാണല്ലോ. രുദ്രന് ലോഡുകൊടുക്കാന്‍ ആരും റെഡി. പിന്നേയും പൂക്കുന്ന മരംപോലെ വീണ്ടും കച്ചവടം, കാശ്..... അങ്ങനെ പോയി കാര്യങ്ങള്‍. പക്ഷേ സ്വഭാവങ്ങള്‍ക്കൊന്നും ഏറെനാള്‍ മറഞ്ഞിരിക്കാന്‍ സാധിച്ചില്ല. കുടിയായാലും വലിയായാലും അവ തിരിച്ചെത്താന്‍ തുടങ്ങി. കുടിച്ചും വലിച്ചും മനസ്സുവിട്ട് പാറിനടന്ന രുദ്രന്‍ മിക്കവാറും പകിട കളിക്കുന്നിടത്ത് എത്തിപ്പെടും. ചെറുപ്പം മുതലേ പകിട കളിയെന്നുവെച്ചാല്‍ രുദ്രന് ശ്വാസമാണ്. കളിക്കാരനായാലും കാഴ്ചക്കാരനായാലും ഊണും ഉറക്കവുമില്ലാതെ എത്രനാള്‍ വേണമെങ്കിലും അതില്‍ മുഴുകിയിരുന്നുകൊള്ളും. മനസ്സ് നിറയെ, കണക്കുകളും കളികളും പ്രാര്‍ത്ഥനകളും മാത്രമായി നിറയുന്നു. ചിന്തയിലും ഏകാഗ്രതയിലും പകിടകള്‍ മാത്രം.
പകിട കളിക്കും നേരം, ഒരു ദിവസം പകിട വീഴും നേരം തന്‍റെ കുണ്ഡലിനി ഉണര്‍ന്നതായി രുദ്രനു തോന്നി. തന്നിലെ മോക്ഷം കുടിയിരിക്കുന്നത് പകിടകളിലാണെന്ന് രുദ്രനറിഞ്ഞു. അതിനുവേണ്ടിയാണ് ജന്മങ്ങളായി താന്‍ അലഞ്ഞുകൊണ്ടിരുന്നതെന്ന് അവനുതോന്നി. മോക്ഷവഴിയിലെ രുദ്രന്‍റെ കര്‍മ്മരംഗം പകിടകള്‍ക്കൊത്തായി. കാഴ്ചക്കാരനായി തുടങ്ങിയ രുദ്രന്‍ കളിക്കാരനായി. വെറും കളിക്കാരനല്ല. ഉള്ളം കയ്യിലിട്ട് തിരുപ്പിടിക്കുന്ന പകിടകള്‍ രുദ്രന്‍റെ മനസ്സറിഞ്ഞു. രുദ്രന്‍റെ പകിടകള്‍ അയാള്‍ പറയുന്നതു മാത്രം കളിച്ചു. മറ്റൊരു കളിക്കാരനേയും അനുസരിക്കാതിരുന്ന പകിടകളുടെ കടിഞ്ഞാണുകള്‍ രുദ്രന്‍റെ ഉള്ളംകയ്യിലായി.
കിടയ്ക്കാട് പകിട പന്ത്രണ്ട് എന്നതിന്‍റെ പര്യായം രുദ്രനായി. മലപ്പുറത്തും തിരൂരിലും മഞ്ചേരിയിലും പോയി രുദ്രന്‍ പകിടയെറിഞ്ഞ് മറ്റെല്ലാവരേയും വീഴ്ത്തി. രുദ്രന്‍ കൂടെയുള്ളപ്പോള്‍ കിടയ്ക്കാട് എന്തുകൊണ്ട് ടൂര്‍ണ്ണമെന്‍റായിക്കൂടാ എന്ന് കുറച്ച് കിടക്ക കച്ചവടക്കാരും പകിടകളിക്കാരും ആലോചിച്ചു. അങ്ങനെ പ്രത്യേകിച്ച് ഒരു പേരൊന്നും ഇല്ലാതെ കിടയ്ക്കാട് പകിട ടൂര്‍ണമെന്‍റു തുടങ്ങി. ആദ്യത്തെ രണ്ടുകൊല്ലവും കപ്പ് കിടയ്ക്കാട്ടുനിന്ന് കൊണ്ടുപോകാന്‍ ആരെക്കൊണ്ടുമായില്ല. രുദ്രന്‍ അക്കാലത്ത് കച്ചവടം മറന്നു. കണ്ണിലും കരളിലും പകിട മാത്രം. ഇടയ്ക്കിടെ ലൂയിസേട്ടൻ വന്ന് താടിയും മുടിയും കത്രിച്ചുകൊടുക്കും. മൂന്നാംകൊല്ലം ഹാട്രിക് അടിക്കുന്ന ഘട്ടത്തില്‍ പക്ഷേ കളി മാറി. ആദ്യമായി രുദ്രന്‍ പറയുന്നിടത്ത് പകിടകള്‍ മലരാതെയായി. കലിതുള്ളിയ രുദ്രന്‍ തെറിയഭിഷേകം ചെയ്ത് പകിടകള്‍ വലിച്ചെറിഞ്ഞു. എന്നിട്ടും ഭയന്നോ നൊന്തോ പകിടകള്‍ രുദ്രനെ കൂട്ടാക്കിയില്ല. കളി പാതിയെത്തിയപ്പോഴാണ് മലപ്പുറത്തെ ഒരു തങ്ങള് രുദ്രനെ ഉറുക്കും നൂലുമിട്ട് കെട്ടിയിരിക്കുകയാണെന്നറിഞ്ഞത്.
മലപ്പുറത്തുകാര്‍ക്ക് വെച്ചടി മുന്നേറ്റവും. അവസാനം മാട്ടിന് മറുമാട്ടെ മാര്‍ഗ്ഗമുള്ളൂ എന്നായി. സംശയിക്കാതെ രുദ്രന്‍ ആരൊക്കെയോ പറഞ്ഞതനുസരിച്ച് കല്ല്ട്ട്മട കോളനിയില്‍ കയറി. അവിടുത്തെ പെരിയ മന്ത്രവാദിയെ കണ്ടു. സംശയമില്ല. ഊക്കന്‍ കെട്ടുതന്നെ. കാശ് ചെലവുണ്ട്. മന്ത്രവാദി പരിഹാരവും നിര്‍ദ്ദേശിച്ചു. കാശ് എത്രവേണമെങ്കിലും ചെലവാക്കാം. കെട്ടഴിയണം. കളി ജയിക്കണം. രണ്ടും മന്ത്രവാദി സമ്മതിച്ചു. അവസാന കളിയില്‍ പകിടകള്‍ രുദ്രന്‍റെ ചൊല്പടിയിലായി. മലപ്പുറത്തെ തങ്ങള്‍ പഠിച്ചപണി പതിനെട്ടും പയറ്റി. രക്ഷയില്ല. രുദ്രന്‍റെ കിടയ്ക്കാടിനു തന്നെ മൂന്നാംതവണയും ട്രോഫി. പക്ഷേ തങ്ങളുടെ കെട്ടുവിട്ടെങ്കിലും മന്ത്രവാദിയുടെ കെട്ടുവിട്ടില്ല. വേണ്ടതിനും വേണ്ടാത്തതിനും അയാള്‍ രുദ്രനെക്കൊണ്ട് പരിഹാരകര്‍മ്മങ്ങള്‍ കഴിപ്പിച്ചു. കച്ചവടം ഒരു ലോഡ് നഷ്ടമായാല്‍, കാശ് കിട്ടാതായാല്‍, അങ്ങനെ എല്ലാത്തിനും.
പിന്നീട് രുദ്രന് മനസ്സ് ഒന്നിലും ഉറക്കാതായി. ഏകാഗ്രതയും ശക്തിയും എങ്ങോ പോയിരിക്കുന്നു. മനസ്സിനെ വരുതിയിലാക്കാന്‍, കള്ളും ചാരായവും കഞ്ചാവും ഒന്നിച്ചു കയറ്റി. സിരകളിലെ സകല ചുമരുകളും തകര്‍ന്നുവീണു. എന്നിട്ടും കയ്യിലിരുന്ന് വിറച്ച പകിടകള്‍ പറഞ്ഞതു കളിച്ചില്ല. തന്‍റെ കയ്യിലിരുന്ന പകിടകള്‍ രുദ്രന് അന്യന്മാരായി.
രണ്ടുമൂന്നു ദിവസം രുദ്രനെ കാണാതിരുന്നപ്പോള്‍ അന്വേഷിച്ചു ചെന്നവര്‍ അടഞ്ഞുകിടക്കുന്ന വാതില്‍ കണ്ടു. വാതില്‍ ചവിട്ടിപൊളിച്ച് അകത്ത് കാലെടുത്തുവെക്കുന്നതിനു മുന്‍പ് കണ്ടു, ഉത്തരത്തില്‍ നിന്നും കീഴോട്ടിറങ്ങി നില്ക്കുന്ന രുദ്രന്‍റെ ശരീരം. തൂങ്ങിക്കിടന്ന ഇരുകാലുകളിലും ചാക്കുനൂലുകൊണ്ടു കെട്ടിയ രണ്ടുപകിടകള്‍ ഇളകിക്കൊണ്ടിരുന്നു. സാധാരണ തൂങ്ങി മരിക്കുമ്പോള്‍, മരണവെപ്രാളത്തില്‍ ഇരുതുടയിടുക്കുകളും മാന്തിപൊളിച്ച് വികൃതമായ മുഖത്തോടെ നാക്കുകടിച്ച് പുറത്തിടുന്നതാണ്. എന്നാല്‍ രുദ്രന്‍റെ ശരീരത്തില്‍ യാതൊരു വൈകൃതവുമില്ല. മുഖം കണ്ടാല്‍ കയറില്‍തൂങ്ങി ഉറങ്ങുകയാണെന്നേ തോന്നൂ. അതുകൊണ്ടുതന്നെ ഇന്നേവരെ ഉറക്കത്തില്‍ നിന്നാരും രുദ്രന്‍റെ ശരീരം കണ്ട് ഞെട്ടി പിടഞ്ഞെഴുന്നേറ്റിട്ടില്ല. ഇപ്പോഴും ആഘോഷമായിത്തന്നെ കിടയ്ക്കാട് പകിടകളി നടക്കുന്നു. ഇപ്പോഴത് ഓര്‍മകള്‍ ഉണര്‍ത്താനായി രുദ്രന്‍റെ പേരിലാണ് നടന്നുപോകുന്നത് എന്നുമാത്രം.
കിടയ്ക്കാട് സെന്‍ററിലെത്തിയപ്പോള്‍ ഒരു ചായകുടിച്ചാലോ എന്ന് സിദ്ദുവിനു തോന്നി. തോമുട്ടിക്ക് ചായയേക്കാള്‍ താല്പര്യം ചാരായത്തിലായിരുന്നു. ഈ സമയത്ത് ഷാപ്പില്‍ ചെന്നാല്‍ കള്ള് കിട്ടും. കള്ളവാറ്റ് ഉള്ളിടത്ത് നടന്നുചെന്നാല്‍ തന്നെ കിട്ടിയെങ്കിലായി. പിന്നെയുള്ളത് ബാറാണ്. ഓട്ടോ വിളിച്ചു പോകുക എന്നൊക്കെ വെച്ചാല്‍... തോമുട്ടി ആലോചിച്ചുനിന്നു. ആ സമയത്താണ് തെക്കുനിന്നും വന്നിരുന്ന ഒരു മറ്റഡോര്‍ 305 മുന്നില്‍ ചവിട്ടി നിന്നത്. നോക്കുമ്പോള്‍ ഓന്തിന്‍റെ പോലുള്ള കഴുത്തുനീട്ടി, രണ്ടുമൂന്നു പല്ലുകള്‍ പോയ വിടവുള്ള തൊണ്ണുകാട്ടി, ആ വിടവുകളിലൂടെ കാറ്റൂതിവിട്ടുകൊണ്ട് ഡികോര്‍ണി തങ്കപ്പേട്ടന്‍ ഇരുന്നു ചിരിക്കുന്നു. മുഖം തുടുത്ത്, കണ്ണുകള്‍ രണ്ടും കലങ്ങി ചുവന്നിരിക്കുന്നു.
‘‘എന്തടാ തോമേ നീയിങ്ങനെ അന്തംവിട്ട് നിക്കണത്. കേറ് നീയ്യ്. നമുക്കൊന്നു കറങ്ങാം. .. ദ് ആരാ കൂട്ടുകാരനാ. അവനേം കേറ്റിക്കോ...’’
തുറന്ന വാതിലൂടെ തോമയും സിദ്ദുവും വണ്ടിയില്‍ കയറി. വണ്ടി കാലിയാണ്. ലോഡു കഴിഞ്ഞു വരുന്ന വരവാണ്. മേട്ടയുടെ സീറ്റില്‍ ഡികോര്‍ണിയാണ്. തോമുട്ടിക്കൊന്നും മനസ്സിലാകുന്നില്ല.
‘‘നിനക്കൊന്നും മനസ്സിലാവില്ല. അതാണീ ഡികോര്‍ണി തങ്കന്‍. കെടക്ക കച്ചോടംന്ന് പറഞ്ഞാ എന്താ.... അത് നിനക്കറിയ്വോ. അതും നിനക്കറിയില്ല....’’
തോമായ്ക്ക് തരിച്ചുവരുന്നുണ്ട്. കിടക്ക എന്താണെന്നുപോലും അറിയാത്ത കാലത്ത്, ഡികോര്‍ണിയെ വിളിച്ച് കച്ചവടത്തിന് ഓര്‍ഡര്‍മാനായി കൊണ്ടുപോയത് തോമയാണ്. ഓര്‍ഡറെടുക്കാന്‍ ഡികോര്‍ണി മിടുക്കനാണ്. വയസ് അമ്പത്തഞ്ചു കഴിഞ്ഞെങ്കിലും പാന്‍റും ഷര്‍ട്ടുമിട്ട് ചാടിചാടി നടന്ന് ചെന്നാല്‍ ഓര്‍ഡറെടുത്തിട്ടേ പോരൂ. അതും നല്ല അമ്മായിമാരുള്ള വീട്ടില്‍. അമ്മായി സ്പെഷലിസ്റ്റാണ് ഡികോണി സ്വതവേ. കിടയ്ക്കാട് ഒരു പ്രസ്സേ ഉണ്ടായിരുന്നുള്ളൂ. അത് ഡികോര്‍ണി നടത്തുന്ന കളേഴ്സ് പ്രസാണ്. അച്ചുകളില്‍ ഓരോ അക്ഷരങ്ങള്‍ നിരത്തി ഭീമാകാരനായ മെഷ്യന്‍റെ കയ്യും കാലും ചവുട്ടി തിരിക്കുന്ന ഡികോര്‍ണിയെ കണ്ടാല്‍ രുധിരാഴി ഡാമില്‍ വെള്ളചവിട്ടില്‍ നില്ക്കുകയാണെന്നു തോന്നും. എത്രവൃത്തിയായി, എത്ര കോപ്പി അടിച്ചാലും അക്ഷരപ്പിശാചില്ലാതെ ഒരു നോട്ടീസും ഒരു കല്യാണക്കുറിയും ഒരടിയന്തിരവും ഇന്നേവരെ ഡികോര്‍ണി അടിച്ചിട്ടില്ല.
പലപ്പോഴും കല്യാണവും ചരമവും തീയതി മാറി നിരത്തി, ചോദിക്കാൻ ആള്‍ക്കാര്‍ വരുമ്പോള്‍ കടയടച്ച് ഡികോർണി ഓടിപ്പോയിട്ടുണ്ട്. സ്ഥിരമായി കളേഴ്സിലെ പ്രൂഫ് നോക്കിയിരുന്നത് കിടയ്ക്കാട്ടെ ചായക്കടയില്‍ പേപ്പറു വായിക്കാന്‍ വരുന്ന റിട്ടയേര്‍ഡ് അധ്യാപകൻ രാമകൃഷ്ണന്‍ മാഷാണ്. എത്ര തിരുത്തി നന്നായി പ്രൂഫ് ശരിയാക്കി കൊടുത്താലും ശരി, ഡികോര്‍ണി അച്ചുനിരത്തുമ്പോള്‍ അക്ഷരങ്ങള്‍ അങ്ങുമിങ്ങും നീങ്ങികളിച്ച് മൂപ്പരെ പറ്റിക്കുന്നുണ്ടാകും. അച്ച് നിരത്തുന്നത് തിരുത്താന്‍ രാമകൃഷ്ണന്‍ മാഷെ വിളിക്കാന്‍ പറ്റില്ലല്ലോ.
അച്ച് നിരത്താതെ, പ്രസ്സിലിരുന്ന് അക്ഷരങ്ങള്‍ കട്ടകുത്തി. പ്രസ്സുകൊണ്ട് കാര്യങ്ങള്‍ മുന്നോട്ടുപോകില്ലെന്നറിഞ്ഞപ്പോഴാണ് ഡികോര്‍ണി കച്ചവടത്തിനിറങ്ങിയത്. അംഗീകൃതമായ രീതിയില്‍ രണ്ടുഭാര്യമാരും അവരിലായി അഞ്ചുമക്കളും രണ്ടിടത്തായി ഡികോര്‍ണിക്കുണ്ട്. അവര്‍ക്കടുത്ത് പട്ടും വളേം മാലേം കിട്ടിയ കഥകളൊന്നും ചെലവാകില്ല. മാസാമാസം നോട്ടുകള്‍ തന്നെ വേണം. അങ്ങനെയാണ്, ഒരിക്കല്‍ കച്ചോടത്തിന് പോകാന്‍ ആളില്ലെന്ന് പറഞ്ഞ് കറങ്ങിയ തോമുട്ടിയുടെ വണ്ടിയില്‍ ആദ്യമായി ഡികോര്‍ണി കയറുന്നത്.
അന്നേ ഡികോര്‍ണിയെക്കുറിച്ചുള്ള സകല കഥകളും തോമുട്ടിക്കറിയാം. സ്ത്രീവിഷയത്തിലാണ് മൂപ്പരുടെ വീക്ക്നെസ്സും എന്നും ഏതു സ്ത്രീകളേയും മിനിട്ട് വെച്ച് വീഴ്ത്തുമെന്നും കേട്ടിട്ടുണ്ട്. രണ്ടാമത്തെ ദിവസം തന്നെ അത് അനുഭവിച്ചറിഞ്ഞു. ഒരു വീട്ടില്‍ ഓര്‍ഡറെടുക്കാന്‍ ഡികോര്‍ണി കയറുന്നത് തോമുട്ടി കണ്ടു. ഒരരമണിക്കൂര്‍ കഴിഞ്ഞ് ഡികോര്‍ണി വേഗത്തില്‍ വരുന്നതുകണ്ടു. വണ്ടിക്കടുത്ത് നിന്ന തോമുട്ടിയോട് ഒന്നും പറയാതെ കിടക്ക ഒന്നെടുത്തുപോയി. ഇതെന്ത് കൂത്ത് എന്ന മട്ടില്‍ തോമുട്ടി പിറകെ വെച്ചുപിടിച്ചു. തോമുട്ടി ചെല്ലുമ്പോഴേക്കും വാതിലടഞ്ഞു. കുറച്ചുനേരം അവിടെ ചുറ്റിക്കറങ്ങി സംഗതി ചിലപ്പോള്‍ തല്ലുകിട്ടുമെന്നായപ്പോള്‍ തോമാ തിരികെ പോന്നു. ഒരരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഡികോര്‍ണി ആയിരം രൂപയുമായി വന്നു. ചിരിച്ചുവന്ന ഡികോര്‍ണി പറഞ്ഞു.
‘‘കാര്യംവിട്ട്ള്ള കളി ഇല്ലല്ലോ. കാര്യോം നടന്നു, കളീം നടന്നു. എന്താ പോരേ...’’
തോമുട്ടി നോക്കുമ്പോള്‍ കാണാന്‍ മോശമില്ലാത്ത ഒരു മധ്യവയസ്ക പുറത്തിറങ്ങി നിന്ന് മുടി വിതര്‍ത്തുന്നു. ഡികോര്‍ണി വീണ്ടും തോമുട്ടിയെ നോക്കി ഒന്നു ചിരിച്ചു. ഒരു പരിചയവും ഇല്ലാത്ത ഒരു പെമ്പ്രന്നോത്തിയെ വളച്ചെടുക്കാന്‍ ഇത്രനേരമേ വേണ്ടൂ എന്ന് തോമുട്ടി അമ്പരന്ന് നില്ക്കുകയായിരുന്നു അപ്പോള്‍, പിറ്റേന്നും വേറൊരിടത്ത് അതാവര്‍ത്തിച്ചു. ഈ നിലയ്ക്ക് പോയാല്‍ തല്ല് ഉറപ്പാണെന്ന് തോമുട്ടി ഭയന്നു. ഡികോര്‍ണിയില്ലാത്ത നേരത്ത് മേട്ട വര്‍ഗീസിനോട് തോമുട്ടി കാര്യം പറഞ്ഞു. വര്‍ഗീസ് ഒന്നും പറയാതെ മൂളികേട്ടു. പിറ്റേ ലോഡില്‍ കയറാനായി വസ്ത്രങ്ങളുള്ള കവറും തൂക്കി പാട്ടുപാടിവന്ന ഡികോര്‍ണിയെ വണ്ടിയില്‍ കയറുന്നതിനു മുന്‍പേ വര്‍ഗ്ഗീസ് തടഞ്ഞു: ‘‘ഇതെങ്ങോട്ടാ...’’
ഡികോര്‍ണിക്ക് അത്ഭുതമായി. ‘‘കച്ചോടത്തിന്, അല്ലാതെങ്ങോട്ടാ...’’
‘‘അതെ. ഇത് കച്ചോടത്തിനു പോണ വണ്ട്യാ. അല്ലാതെ മറ്റേ പരിപാടിക്കല്ല. ഡികോര്‍ണി വേറെ വണ്ടി നോക്കിക്കോ...’’
അപമാനിതനായ ഡികോര്‍ണി തോമുട്ടിയെ ഒന്നിരുത്തി നോക്കി. തോമുട്ടിയപ്പോള്‍ ഒന്നും അറിയാത്ത ഭാവത്തില്‍ വേറൊരിടത്തേക്ക് നോക്കിയിരുന്നു. ഡികോര്‍ണിക്ക് പിഴച്ചുപോകാന്‍ ആ വണ്ടി തന്നെ വേണമെന്നില്ലായിരുന്നു. ഇഷ്ടംപോലെ വണ്ടികള്‍ വേറെയും കച്ചവടത്തിനു പോകുന്നുണ്ടല്ലോ. ഒന്നില്‍ കയറി അപ്പോള്‍ തന്നെ ഡികോര്‍ണി വിട്ടു. ആ ഡികോര്‍ണിയാണ് ഇന്ന് ഈ നിലയില്‍ മുന്നില്‍ അവതരിച്ചിരിക്കുന്നത്.
ഡികോര്‍ണി ആവശ്യത്തിലധികം കുടിച്ചിട്ടുണ്ട്. സംസാരിക്കുമ്പോള്‍ പല്ലില്ലാത്ത തൊണ്ണിനിടയിലൂടെ തുപ്പലും പതയും സമൃദ്ധമായി പുറത്തേക്ക് തെറിക്കുന്നു. വണ്ടി നീങ്ങുന്നത് സാവകാശത്തിലാണ്. അതുകൊണ്ട് കുപ്പിയില്‍ നിന്നും ഗ്ലാസ്സിലേക്ക് മദ്യം പകരുമ്പോള്‍ തുളുമ്പിപോകുന്നില്ല. ഇഷ്ടംപോലെ ഗ്ലാസ്സുകള്‍ അവിടവിടെ ചിതറിക്കിടപ്പുണ്ടായിരുന്നു. ആരൊക്കെയോ കമ്പനി കൂടിക്കഴിഞ്ഞതിന്‍റെ അവശിഷ്ടങ്ങള്‍. വെള്ളവും മദ്യവും നിറഞ്ഞ ഒരു ഗ്ലാസ്സ് തോമുട്ടിക്കുനേരേ നീണ്ടു. മറ്റൊന്നും സിദ്ദുവിന് നേരെയും. തോമുട്ടി ഭൂതവും ചരിത്രവമൊന്നും ആലോചിക്കാന്‍ മെനക്കെട്ടില്ല. വണ്ടിയില്‍ കയറിയ സ്ഥിതിക്ക് ഇനി അയാള്‍ പറയുന്നതു മുഴുവന്‍ കേള്‍ക്കേണ്ടിവരും. നല്ലതായാലും ചീത്തയായാലും.
‘‘കുടിക്കെടാ തോമേ. ഇത്രനല്ല സാധനം നീയ് സ്വപ്നത്തില് പോലും കുടിച്ചിട്ടുണ്ടാവില്ല. നെന്‍റെ വെട്ടിരുമ്പല്ല ഇത്. ഇബ്രായി ഖത്തറീന്ന് വന്നപ്പൊ കൊണ്ടന്ന സ്കോച്ചാ. എന്ന് വെച്ച് ഡികോര്‍ണിക്ക് ഓസിന് കിട്ടീതല്ലട്ടോ. കാശൊന്നും വേണ്ടാന്ന് അവന്‍ പറഞ്ഞു. ഇക്കവന്‍റെ ചക്കാത്തൊന്നും വേണ്ട. കയ്യില് ഇഷ്ടംപോലെ കാശ്ള്ളപ്പൊ എന്തിനാ വല്ലോന്‍റേം ചക്കാത്ത്....’’
തന്‍റെ ഗ്ലാസ്സ് ഒറ്റയടിക്ക് ഡികോര്‍ണി തീര്‍ത്തു.
കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ തോമുട്ടി ശ്രദ്ധിച്ചു. ടേസ്റ്റ് വേത്യാസമുണ്ട്. യാതൊരു കുത്തും ചവിട്ടുമില്ല. കണ്ണുതുറന്നുവെച്ചുതന്നെ കുടിക്കാം. കുപ്പീല് നോക്കിയപ്പോള്‍ പരിചയമില്ലാത്ത എന്തൊക്കെയോ എഴുത്തുകളും ചിഹ്നങ്ങളും. ഇടയ്ക്കൊക്കെ കണ്ടുപരിചയമുള്ള ഇംഗ്ലിഷ് അക്ഷരങ്ങളിലല്ല എഴുത്ത്.
‘‘ഞാന്‍ നിന്നെ നോക്കി കറങ്ങ്വായിരുന്നു. നെന്നെ ഒന്നു സത്ക്കരിക്കണംന്ന് വിചാരിച്ചിട്ട് എത്രനാളായി. ഇപ്പളാ ഒന്നു കയ്യില് കിട്ടീത്. എന്താ വേണ്ടെ നെനക്ക്. പറ. ഡികോര്‍ണിക്കതൊക്കെ പുല്ലാടാ...’’
‘‘എന്താപ്പൊ ന്നെ സല്ക്കരിക്കാണ്ട്. വല്ല ലോട്ടറീം അടിച്ചോ?...’’
‘‘ലോട്ടറിയടിച്ചാ എന്‍റെ പട്ടി നിന്നെ സല്ക്കരിക്കും. ഇതതൊന്നുംല്ല കാര്യം. നീ ചെലപ്പൊ മറന്നിട്ടുണ്ടാവും. എന്‍റെ കളേഴ്സ് പൂട്ടി എന്താ ചെയ്യാന്ന് വിചാരിച്ച് നില്ക്കുമ്പളാ, നീയെന്നെ കച്ചോടത്തിന് കേറ്റിക്കൊണ്ടോയത്. സംഗതി ഒറ്റ ലോഡേ വന്നിട്ടുള്ളുവെങ്കിലും അതിലെനിക്ക് കാര്യം പിടികിട്ടി. രണ്ടാമത്തെ ലോഡായപ്പോഴേക്കും നീയെനിക്കിട്ട് ഒന്നു തോണ്ടി. അതുപോട്ടെ. ഞാന്‍ ക്ഷമിച്ചു..’’
രണ്ടാമത്തെ പെഗ്ഗും തോമുട്ടി കയറ്റിക്കഴിഞ്ഞിരുന്നു, സിദ്ദുവും. മൂന്നാമത്തേത് ഒരു മടിയുംകൂടാതെ ഡികോര്‍ണി ഒഴിക്കുന്നു. സാധനം വണ്ടിയില്‍ ഇഷ്ടംപോലെയുണ്ടെന്ന് മനസ്സിലായി. ഇതിനിടെ ഒരെണ്ണം ഒഴിച്ച് ഡ്രൈവര്‍ക്കും നീട്ടി. തോമുട്ടി അപ്പോഴാണ് ഡ്രൈവറെ കാണുന്നത് ആട് സുലൈമാന്‍. ഇപ്പോള്‍ അധികമാരും വിളിക്കുന്നില്ല. മിക്ക ട്രിപ്പും കച്ചവടം കഴിഞ്ഞ് വരുമ്പോള്‍ കച്ചവടക്കാര്‍പോലും അറിയാതെ വഴിയില്‍നിന്നും ആടിനേയും നല്ലയിനം പട്ടിയേയും പിടിച്ചുകൊണ്ടുവരും. ഒരിക്കല്‍ പിടിച്ചത് ഒരു മുന്തിയ ഇനം പട്ടിയെയായിരുന്നു.അതൊരു സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ വീട്ടിലെ പട്ടിയായിരുന്നു. ലോഡ് വണ്ടി കിടയ്ക്കാട് എത്തുമ്പോള്‍ അവരെ കാത്ത് പോലീസുവണ്ടിയും ഉണ്ടായിരുന്നു. തൊണ്ടിസഹിതം സുലൈമാനും കച്ചവടക്കാരും ജീപ്പില്‍ കയറി. അങ്ങനെ എളുപ്പത്തിലൊന്നും കേസ് ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കിളിന് ധൃതിയില്ലായിരുന്നു. ഏഴുദിവസം സുലൈമാനും നിരപരാധികളായ കച്ചവടക്കാരും വിയ്യൂര് ജയിലില്‍ കിടന്നു. അപ്പോഴാണ് അതുവരെ ആരുമറിയാത്ത സുലൈമാന്‍റെ പല ആടുകഥകളും പട്ടിക്കഥകളും പുറത്തുവന്നത്. അതില്‍ പിന്നീട് ഒരുമാതിരിപ്പെട്ട ആരും സുലൈമാനെ ഡ്രൈവറായി വിളിച്ചിട്ടില്ല. ഈനാം പേച്ചിക്ക് മരപ്പട്ടി കൂട്ട്. തോമുട്ടി ഒന്നിരുത്തി മൂളി. ഡികോര്‍ണി തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
‘‘ഇനിയ്ക്ക് നെന്നെക്കുറിച്ചോര്‍ക്കുമ്പോ വെഷമം തോന്നും. ഇത്രേം കാലം കച്ചോടത്തിന് നടന്നിട്ടും നല്ലൊരു മേട്ടയായി മാറാന്‍ നിനക്കായില്ലല്ലോ. എന്നുംങ്ങനെ അടിമകളെപ്പോലെ ഓര്‍ഡര്‍മാനും ഡ്രൈവറുമായിട്ട് നടക്കാനാണല്ലോ നെന്‍റെ വിധി... ’’
‘‘തങ്കപ്പേട്ടാ, താനെനിക്ക് സ്കോച്ചൊഴിച്ചു തന്നൂന്ന്ള്ളത് നേര് തന്നെ. എന്നുവെച്ച് എന്തുംപറയാംന്ന് വിചാരിക്കണ്ട. തനിക്ക്ന്‍റെ അപ്പന്‍റെ പ്രായംണ്ട്. ന്നെക്കൊണ്ട് കുരുത്തക്കേട് ചെയ്യിക്കരുത്...’’
‘‘എന്താ. നീയെന്നെ തല്ലോ. തല്ലിക്കോ. ന്നാലും എനിക്ക് പറയാനുള്ളത് ഞാന്‍ പറയും. നീയിപ്പളും കച്ചോടക്കാരനും ഓര്‍ഡര്‍മാനുമായി തെണ്ടുമ്പോ ഞാനേ, മേട്ടയാ, മേട്ട.. അറിയ്വോ...’’
കുടിച്ചതിന്‍റെ ലഹരിമുഴുവന്‍ ഒരൊറ്റ നിമിഷംകൊണ്ട് ശരീരത്തില്‍ നിന്നും ആവിയായി ഏതൊക്കെയോ വഴിയിലൂടെ എരിഞ്ഞുപോയി. അജയനും വിജയനും മേട്ടയായി മുന്നില്‍വന്ന് കച്ചോടത്തിന് പോകാന്‍ തന്നെ വിളിച്ചാലും തോമുട്ടി ഇത്രമാത്രം തകര്‍ന്നുപോകില്ലായിരുന്നു.
‘‘ന്നെ ഒരു പെണ്ണുപിടിയനാന്ന് പറഞ്ഞ് രണ്ടാമത്തെ ലോഡ് നീയെറക്കി വിട്ടു. ഇപ്പൊ നോക്കെടാ ആ ഞാനിപ്പൊ കയ്യ് നെറയെ കാശ്ള്ള മേട്ടയാ. ഒന്നുംരണ്ടും ലോഡൊന്നുമല്ല, പൊട്ടാത്ത പത്ത് ലോഡ് പോയിവന്നു. കണ്ണ് നെറയെ കാശ് കാണണെങ്കി കണ്ടോ..’’
ഡികോര്‍ണി മുണ്ടുപൊക്കി ഡ്രോയറിനടിയില്‍ നിന്നും നോട്ടുകെട്ടുകള്‍ എടുത്തു. അഞ്ഞൂറിന്‍റെയും നൂറിന്‍റേയും നോട്ടുകള്‍. തോമുട്ടിയുടെ കണ്ണഞ്ചിപ്പോയി. ഡികോര്‍ണിയുടെ കയ്യില്‍ അത്രയും പണമോ?
‘‘എത്രയാ നെന്‍റെ വെല. പറയ്. ഞാന്‍ നിനക്ക് തരാം, നീ പറണേക്കാളും നൂറ് ഉറുപ്പ്യ കൂടുതല്. പറേഡാ...’’
തോമുട്ടിയുടെ സകല നിയന്ത്രണങ്ങളും വിട്ടു. ഇയാള്‍ ആ കുരുത്തകേട് തന്‍റെ തലയില്‍ വെച്ചിട്ടേ അടങ്ങൂ എന്ന് ഉറപ്പായി. പിന്നൊന്നും ആലോചിക്കാതെ ശക്തിയില്‍ ഒന്നു ചവിട്ടാന്‍ തോമുട്ടി കാലുയര്‍ത്തി. ചവിട്ടേണ്ടി വന്നില്ല. അതിനു മുന്‍പേ ആടു സുലൈമാന്‍ ബ്രേക്കെന്നു കരുതി ആക്സിലേറ്ററില്‍ അമര്‍ത്തി ചവിട്ടി. മുന്നില്‍ നിന്ന ഒരു പൂളമരത്തില്‍ ചെന്ന് ഊക്കില്‍ ഇടിച്ചുനിന്നു. പിന്നെ കുറച്ചുനേരത്തേക്ക് വണ്ടിക്കകത്ത് കൂട്ടനിലവിളിയായിരുന്നു. അവിടുന്നും ഇവിടുന്നുമൊക്കെ ആരൊക്കെയോ ഓടിക്കൂടി. ഡികോര്‍ണിയും ആടും രക്തത്തില്‍ കുളിച്ച് മുന്‍സീറ്റില്‍. ഒരു പോറല്‍പോലും പറ്റാതെ തോമുട്ടിയും സിദ്ദുവും സൈഡ് ഡോര്‍ തുറന്ന് പുറത്തിറങ്ങി. ഓടിക്കൂടിയ ആള്‍ക്കാര്‍ തന്നെ അതുവഴിവന്ന ഒരോട്ടോയില്‍ കയറ്റി അവരെക്കൊണ്ടുപോയി. അപ്പോഴും ഡികോര്‍ണിയുടെ കൈകളില്‍ നോട്ടുകള്‍ ഞെരിഞ്ഞമര്‍ന്നിരിപ്പുണ്ടായിരുന്നു. രക്തപ്രളയമാണെങ്കിലും രണ്ടുപേര്‍ക്കും ബോധക്ഷയമൊന്നുമില്ല. സ്കോച്ചിന്‍റെയും മുകളിലായിരുന്നു വേദനയെന്നതിനാല്‍ കരച്ചിലിന് ഒട്ടും കുറവുമുണ്ടായിരുന്നില്ല.
തോമുട്ടിയുടെ മുഖം കല്ലിച്ചുവീര്‍ത്തിരുന്നു. ഉള്ളിലെന്തെങ്കിലും പറ്റിയിട്ടുണ്ടോ എന്ന് സിദ്ദുവിന് സംശയമായി.
‘‘എന്താ തോമേ, തനിക്കെന്തെങ്കിലും പറ്റിയോ? പുറത്തേക്കൊന്നും കാണാനില്ലല്ലോ. ഉള്ളിലെന്തെങ്കിലും പറ്റ്യോ..’’
‘‘പറ്റീതൊക്കെ ഉള്ളില് തന്നെ. പക്ഷേ അതിപ്പൊ പറ്റീതൊന്നും ല്ല. ഇന്നും ഇന്നലേം പറ്റീതല്ല...’’ ആദ്യമായാണ് ആ രീതിയില്‍ അര്‍ത്ഥംവെച്ച് തോമുട്ടി സംസാരിക്കുന്നത്. ആ സംസാരത്തിനും രീതിക്കും ഒരു ഗൗരവം കൈവരത്തക്ക രീതിയില്‍ ആരെയും കാത്തുനില്ക്കാതെ തിരിഞ്ഞുനടന്നു. സിദ്ദുവിന് നടക്കണമെന്നുണ്ടായിരുന്നെങ്കിലും കാലുകള്‍ നിലത്തുറക്കുന്നുണ്ടായിരുന്നില്ല. സ്കോച്ചും വെട്ടിരുമ്പുംകൂടി തന്‍റെ കാഴ്ചയെ മുകളിലേക്കും താഴേക്കുമായി കളിപ്പിക്കുന്നത് അവനറിഞ്ഞു. ഒരടി മുന്നോട്ടുവെയ്ക്കാന്‍ പറ്റില്ലെന്നായപ്പോള്‍ സിദ്ദു തണല്‍ വിരിച്ചു വിലസി നില്ക്കുന്ന ഒരു പൂളമരത്തിന്‍റെ ചുവട്ടില്‍ നീണ്ടുനിവര്‍ന്നു കിടന്നു. കിടന്നതു മാത്രമേ അവന്‍റെ ഓര്‍മ്മയില്‍ ഉണ്ടായിരുന്നുള്ളൂ. പിന്നെ എഴുന്നേല്ക്കുന്നത് തലവെട്ടി പൊളിക്കുന്ന വേദനയോടെയാണ്. എഴുന്നേല്ക്കാന്‍ കഴിയുന്നുണ്ട്. നടക്കാനും കുഴപ്പമേതുമില്ല. തലക്കകത്ത് എല്ലാവശത്തുനിന്നും സൂചിമുനകള്‍ കുത്തിയിറങ്ങിക്കൊണ്ടിരിക്കുന്നു.
കണ്ണുതുറക്കാന്‍ വിഷമം. ഇരുട്ടിലൂടെ അവന്‍ തപ്പിതപ്പി നടന്നു. കുറേ നടന്നപ്പോള്‍ എന്തിലോ ചവിട്ടി. കുനിഞ്ഞു നോക്കിയപ്പോള്‍, അരണ്ടനാട്ടു വെളിച്ചത്തില്‍ കണ്ടു, തോമുട്ടി സുഖമായി, കൂര്‍ക്കം വലിച്ചുറങ്ങുന്നു. കുലുക്കി വിളിച്ചിട്ടും പ്രയോജനമൊന്നുമുണ്ടായില്ല. മുഖം പിടിച്ചു തിരിച്ചു. അപ്പോള്‍ വിരലുകളില്‍ എന്തോ നനഞ്ഞു. തോമുട്ടിയുടെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി. അവന്‍റെ കണ്ണുകളില്‍ നിന്ന് അപ്പോഴും കണ്ണീര് ധാരയായി ഒഴുകുന്നുണ്ടായിരുന്നു. അത് കിടയ്ക്കാട്ടെ മണ്ണിലേക്ക് ഒഴുകി പരക്കുന്നു. ഒരു പക്ഷേ കിടയ്ക്കാട് പുതിയ ഒരു നദി ഉണ്ടായേക്കുമോ എന്ന് സിദ്ദു സംശയിച്ചു. എഴുന്നേല്ക്കുന്നില്ലെങ്കിലും തോമുട്ടിയെ അവിടെയിട്ട് പോകാന്‍ സിദ്ദുവിന് കഴിഞ്ഞില്ല. അല്പം ബുദ്ധിമുട്ടിയാണെങ്കിലും സിദ്ദു തോമുട്ടിയെ ചുമലിലെടുത്തിട്ടു നടന്നു. തോമുട്ടിയും സിദ്ദുവും എന്നല്ല കണ്ടാലും പറഞ്ഞാലും അത്രയും പോന്ന തോമുട്ടിയെ അത്രപോലുമില്ലാത്ത സിദ്ദു, വേതാളത്തെ വിക്രമാദിത്യ രാജാവ് തോളിലിട്ടു കൊണ്ടു പോകുന്ന പോലെ നടന്നു എന്നു പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല.
തോമുട്ടിയെ അവന്‍റെ വീടിനുമ്മറത്ത് കിടത്തി സിദ്ദു നേരെ വീട്ടിലേക്ക് കയറി. ഉമ്മറത്ത് ലൈറ്റുണ്ടെങ്കിലും അകത്ത് വെളിച്ചമൊന്നുമില്ല. എല്ലാവരും ഉറങ്ങിയിരിക്കും. വാതില്‍ വെറുതെ ചാരിയിടുകയാണ് പതിവ്. തള്ളാന്‍ തുടങ്ങിയപ്പോഴാണ് അറിഞ്ഞത് വാതില്‍ പുറത്തുനിന്നും പൂട്ടിയിരിക്കുന്നു. പൂട്ടീട്ട് തന്നെ. സിദ്ദു ആകെയൊന്നു നോക്കി. ഫലമില്ലെന്നറിഞ്ഞിട്ടും അവന്‍ കോളിംഗ്ബെല്‍ അമര്‍ത്തി നിന്നു. ഈ പാതിരാത്രിയില്‍ വീടടച്ച് എല്ലാവരും എവിടെ പോയി എന്നവന്‍ ആലോചിച്ചു നിന്നു. കോളിംഗ് ബെല്ലിന്‍റെ ശബ്ദം കേട്ടിട്ട് വീടിനകത്തുനിന്നും ആരും വന്നില്ലെങ്കിലും അപ്പുറത്തുനിന്നും അന്നമ്മചേടത്തി വന്നു.
‘‘ങ് ഹാ മോനെത്ത്യോ. അച്ഛന് പെട്ടെന്ന് ഒരു നെഞ്ചത്ത് വേദന. എല്ലാവരും കൂടി ഒരു കാറ് വിളിച്ച് പോയിട്ടുണ്ട്...’’
സിദ്ദുവിന്‍റെ ഉള്ളൊന്ന് ആളി. കുറച്ചുനേരത്തേക്ക് എന്താണ് ചോദിക്കേണ്ടതെന്ന് അവനറിയാതായി.
‘‘പേടിക്കാനുള്ളതൊന്നുംല്യാ. വല്ല ഗ്യാസിന്‍റ്യാവും. ഇബ്ട്ന്ന് പൊറിഞ്ചേട്ടനും പോയിട്ട്ണ്ട്...’’
‘‘കുറേ നേരമായോ പോയിട്ട്? എവിടേക്കാ പോയിരിക്കുന്നത് എന്നറിയുമോ?’’
‘‘പോയിട്ട്പ്പൊ ഒന്നൊന്നര മണിക്കൂറായിട്ട്ണ്ട്. തൃശൂര്‍ക്കാവും പോയത്..’’
എന്തുചെയ്യണമെന്ന് സിദ്ദുവിന് ഒരു രൂപവുമില്ലാതെയായി. ഈ പാതിരായ്ക്ക് ഒരു വണ്ടിപോലും കിട്ടില്ല. ആരെയെങ്കിലും വിളിച്ചുണര്‍ത്താമെന്നു വെച്ചാല്‍ ആരെയാണ്.. അന്നമ്മ ചേടത്തി കൊടുത്ത താക്കോലുകൊണ്ട് സിദ്ദു വാതില്‍ തുറന്നു. ആദ്യമായി ആ വീട്ടിനകത്ത് കയറിയപ്പോള്‍ അവന് വല്ലാത്ത ശൂന്യത തോന്നി. അവന്‍ വേഗത്തില്‍ കുളിച്ച് വസ്ത്രം മാറി. വസ്ത്രം മാറുന്നതിനിടയില്‍ പുറത്ത് ഒരു കാറിന്‍റെ ശബ്ദം. പൊടുന്നനെ അവന്‍ ഉമ്മറത്തെത്തി. കാറില്‍ നിന്ന് മുത്തശ്ശനും പൊറിഞ്ചേട്ടനും ഇറങ്ങുന്നു.
സിദ്ദുവിനെ കണ്ടപ്പോള്‍ മുത്തശ്ശന്‍റെ മുഖം ഒന്നു പ്രകാശിച്ചു. പെട്ടെന്നു തന്നെ എന്തോ തടഞ്ഞെന്ന പോലെ ആ പ്രകാശം എങ്ങോ പോയ് മറഞ്ഞു.
‘‘നീയെവിട്യാര്‍ന്നു. ഒരത്യാവശ്യ സമേത്തല്ലേ അട്ത്ത്ണ്ടാവണ്ടത്....’’
‘‘അച്ഛനെവിട്യാ... എന്താ പറ്റീത്...’’
‘‘കൊഴപ്പം ഒന്നുംല്യാന്നാ പറഞ്ഞേ. എന്തായാലും ഒരൂസം കെടക്കാന്‍ പറഞ്ഞു. ഒന്നു രണ്ട് ടെസ്റ്റുകള് ചെയ്തിട്ട് പൂവ്വാംന്ന്. ആശുപത്രിക്കാരല്ലേ. കിട്ട്യാപിന്നെ വെറുതെ വിട്വോ?..’’
‘‘എവിടാ കെടത്തിയിരിക്കണത്...’’
‘‘ടൗണിലെ ഹൈടെക്കില്...’’
‘‘ഞാന് ഇപ്പതന്നെ അവിടേക്ക് പൂവ്വാം ഈ കാറില് തന്നെ...’’
സിദ്ദു വേഗം കാറില്‍ കയറിയിരുന്നു. തടയാന്‍ തോന്നിയെങ്കിലും പിന്നെന്തോ മുത്തശ്ശന്‍ വേണ്ടെന്നു വെച്ചു.
ആശുപത്രിയിൽ എത്തി ഇറങ്ങുംനേരമാണ്, തന്‍റെ കയ്യില്‍ കാശൊന്നുമില്ലല്ലോ എന്ന് സിദ്ദു ഓര്‍ത്തത്. അവന്‍ പോക്കറ്റില്‍ കയ്യിടുന്നതായി കാണിച്ചു.
‘‘അയ്യോ, കാശെടുത്തില്ല... നാളെ തന്നാ മത്യോ?’’
‘‘എന്‍റെ ചേട്ടാ, രാത്രി ഉറക്കം കളഞ്ഞ് ഓടണതാ. ഇങ്ങനെ പറയാന്‍ തോന്ന്ണ് ണ്ടല്ലോ...’’
സിദ്ദു വല്ലാതായി. അവിടെ നില്ക്കാന്‍ പറഞ്ഞ് അവന്‍ ആശുപത്രിയിലേക്ക് നടന്നു, വേഗത്തില്‍. കുറേ നേരം അലഞ്ഞതിനു ശേഷമാണ് അമ്മയെ കണ്ടത്. സി.സി.യുവിന്‍റെ മുന്നില്‍ ഒരു കസേരയില്‍ ഉറങ്ങാതെ അമ്മയിരിക്കുന്നു. അവനെ കണ്ടപ്പോള്‍ അമ്മയിലുണ്ടായ ആശ്വാസം അവനെ വല്ലാതെ ഉലച്ചു. അച്ഛനെക്കുറിച്ച് തിരക്കുന്നതിനു പകരം അവന്‍ അമ്മയില്‍ നിന്ന് ഇരുന്നൂറ് രൂപ ചോദിച്ചു.
‘‘കാര്‍ ഡ്രൈവറ് അവിടെ കാത്ത് നില്ക്ക്വാണ്. ആളെ വിട്ട് ഞാന്‍ വരാം...’’
തപ്പിപിടിച്ച് അമ്മ അവന് കാശെടുത്തുകൊടുത്തു. ചെല്ലുമ്പോള്‍ അവിടെയെങ്ങും ഡ്രൈവര്‍ ഉണ്ടായിരുന്നില്ല. ആകെ നടന്നു നോക്കി. കാത്തുനിന്ന് അക്ഷമനായി ദേഷ്യംവന്ന് എന്തെങ്കിലും പിരാകി കൊണ്ട് അയാള്‍ പോയിരിക്കണം. കിടയ്ക്കാട് അയാളെ കണ്ടുപരിചയമുണ്ട്. നാളെ കാലത്ത് കാണുമ്പോള്‍ കൊടുക്കാമെന്നു കരുതി തിരിഞ്ഞു നടന്നു. കുറച്ചുനേരം ആ നോട്ടുകളില്‍ നോക്കിയശേഷം ഭദ്രമായി അത് പോക്കറ്റില്‍ മടക്കിവെച്ചു.
എന്‍ട്രന്‍സ് ഡോര്‍ തള്ളിതുറന്ന് അകത്തുകടന്നപ്പോള്‍ തണുത്ത വായു തന്നെ വന്നുപൊതിഞ്ഞത് അവനറിഞ്ഞു. നോക്കുന്നിടത്തെല്ലാം വിലകൂടിയ ബള്‍ബുകള്‍. ചുവരുകളും നിലവും ഒന്നുപോലെ വെള്ളി വിതറിയപോലെ. താന്‍ എത്തപ്പെട്ടിരിക്കുന്നത് ആശുപത്രിയിലാണോ ചില്ലുകൊട്ടാരത്തിലാണോ എന്നവന്‍ ശങ്കിച്ചു.
സി.സി.യുവില്‍ കിടക്കുന്ന പേഷ്യന്‍റിന്‍റെ ആള്‍ക്കാര്‍ക്ക് വിശ്രമിക്കാന്‍ തൊട്ടുതന്നെ മുറിയുണ്ടായിരുന്നു. അതും വെളിച്ചത്തിന്‍റെ മറ്റൊരു ലോകം. ചുവരില്‍ തൊടാനും തറയില്‍ ചവിട്ടാനും മടി തോന്നും. അത്രക്ക് തിളക്കം. ആ വഴി ഇടയ്ക്കിടെ കടന്നുപോയിക്കൊണ്ടിരുന്ന സിസ്റ്റേഴ്സും സുന്ദരികളായിരുന്നു. താന്‍ താമസിച്ചിരുന്ന, തന്‍റെ നാട്ടില്‍ ഇങ്ങനേയും ഒരു ലോകമുണ്ടായിരുന്നോ എന്ന് സിദ്ദു അത്ഭുതപ്പെട്ടു. ശീതീകരിച്ച ആ മുറിയില്‍ സുഖമായി ഒന്നു കിടന്നുറങ്ങാന്‍ തോന്നിയെങ്കിലും ഉറക്കം വളരെ അകലത്തെങ്ങോ വരാന്‍ മടിച്ച് കൂടുകൂട്ടി കിടന്നു. ചുമരില്‍ ചാരിയിരുന്ന് തന്നെ സൂക്ഷിച്ചുനോക്കിയിരിക്കുന്ന അമ്മയെ നോക്കിനില്ക്കാന്‍ സിദ്ദുവിന് മടി തോന്നി. അവന്‍ ആ മുറിയില്‍ തന്നെ വെറുതെ അങ്ങുമിങ്ങും നടന്നു. എന്താണ് തനിക്കുള്ളില്‍ കൂടിക്കുഴഞ്ഞു കിടക്കുന്നതെന്ന് അവനുപോലും അപ്പോള്‍ നിശ്ചയമില്ലായിരുന്നു. അമ്മയുടെ കണ്ണുകള്‍ അപ്പോഴും തന്നെ വിടാതെ പിന്തുടരുന്നുണ്ടെന്ന് അങ്ങോട്ടുനോക്കാതെ തന്നെ അവനുറപ്പായിരുന്നു. ആകെ കൂടി, ആ മുറിയിലെ ശീതികരണത്തേക്കാള്‍ മുകളിലായി ഒരുതരം വീര്‍പ്പുമുട്ടല്‍ തന്നെ വന്ന് പൊതിയുന്നതായി അവന്‍ അറിഞ്ഞു
(തുടരും)
English Summary: ‘Kidaikattile Poolamarangal’ E-Novel written by P. Reghunath, Chapter 25