അസ്വഭാവികമായി ഒരു മരണം കൂടി, ആ ബംഗ്ലാവിൽ അന്ന് രാത്രി സംഭവിച്ചത്!
Mail This Article
വിശ്വനാഥിന്റെ വീടിന്റെ പൂമുഖത്തോട് ചേർന്ന് ഒരു വില്ലീസ് ജീപ്പ് നിർത്തിയിട്ടിരിക്കുന്നു. ഒന്നു രണ്ടുപേർ അതിൽ ചാരി നിൽക്കുന്നുണ്ട്. പൊലീസ് ജീപ്പ് മുറ്റത്തേക്ക് കയറി വശത്തായി നിന്നു. സതീഷ് ചന്ദ്രൻ വാഹനത്തിൽനിന്നും ഇറങ്ങി. കയ്യിൽ കുറേ ഫയലുകളുമായി തങ്കപ്പന്‍ നായരും പൂമുഖത്തു നിൽക്കുന്നു. വിശ്വനാഥന്റെ ചാരുകസേരയിൽ കാലിൻമേൽ കാൽ കയറ്റി ഇരിക്കുകയാണ് അരുൺ. അടുത്ത് കോപാകുലയായ എന്തോ കൈചൂണ്ടി പറഞ്ഞുകൊണ്ട് ലക്ഷ്മി നില്‍ക്കുന്നുണ്ട്. അയാളെ കണ്ടയുടൻ ലക്ഷ്മി കോപഭാവം മറച്ചു തലവെട്ടിച്ചു അകത്തേക്കു നടന്നു. സതീഷ് ചന്ദ്രൻ ഷൂ ഊരിയ ശേഷം അകത്തേക്ക് കയറി അരുണിന്റെ അടുത്തേക്കു ചെന്നു. ഇത് മുതലാളിയുടെ മകൻ.. അരുൺ.. തങ്കപ്പന്‍ നായർ എസ്ഐക്ക് പരിചയപ്പെടുത്തി.
അരുൺ എപ്പോഴെത്തി...
ഒന്നു മടിച്ചശേഷം അലസമായി അരുൺ പറഞ്ഞു.. ഇന്നുരാവിലെ....
ആരാണ് വിവരം വിളിച്ചു പറഞ്ഞത്...
ഇയാൾ. തലയുയർത്താതെ അരുൺ ജീപ്പിൽ ചാരിനിന്ന സുധാകരന് നേരേ കൈചൂണ്ടി. നിങ്ങൾ വിവരം അറിയുമ്പോള്‍ എവിടായിരുന്നു..
ഇതെന്താ ചോദ്യം ചെയ്യലോ.. മരിച്ചത് എന്റെ പപ്പായാണ് ഹേ.
മിസ്റ്റർ അരുൺ.. നിങ്ങൾ ആരാണെന്നും എന്താണെന്നുമൊക്കെ ഞങ്ങൾക്കറിയാം. അതിനാണിവിടെ പൊലീസുള്ളത്. ഉപ്പുതറ സ്റ്റേഷനിൽനിന്നും നിന്റെ സാഹസിക കഥകളൊക്കെ കൃത്യമായി എനിക്ക് എത്തിയിട്ടുണ്ട്. കണ്ടാൽ പിടിച്ച് അകത്തിട്ടോളാനാ.. സഹകരിച്ചാൽ നിനക്കു കൊള്ളാം. കാറ്റഴിച്ച് വിട്ടപോലെ അരുണ്‍ ചൂളിപ്പോയി. അരുൺ സുധാകരനെ നോക്കി അയാൾ കൺകോണൊന്നടച്ചു കാണിച്ചു. മൊഴി എടുത്തശേഷം എസ്ഐ ജീപ്പിലേക്കു കയറി ഓടിച്ചു പോയി.
സതീഷ് ചന്ദ്രൻ ആത്മാർഥമായിത്തന്നെ അന്വേഷിച്ചു. പക്ഷേ വിശ്വനാഥന്റെ മരണ അപകട മരണമെന്നതല്ലാതെ വേറേ തെളിവൊന്നും ലഭിച്ചില്ല. പല ക്രിമിനൽ കേസുകളിലും പങ്കുണ്ടെങ്കിലും വിശ്വനാഥന്റെ മരണ ദിവസം അരുൺ ഇടുക്കിയിലാണെന്നതിനു വിശ്വാസയോഗ്യമായ വിവരങ്ങൾ ലഭിച്ചു... കേസവസാനിപ്പിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി. ഇത്രയുമായപ്പോഴാണ് ഈ കേസിലേക്കു ഞാനെത്തുന്നത്. ഈ കേസ് ആരംഭിക്കുന്ന സമയം മുതൽ സ്ഥലം സിഐ എന്ന നിലയിൽ ആദ്യം മുതലേ ഉണ്ടായേനേ പക്ഷേ ഒരു സർജറി വേണ്ടി വന്നതിനാൽ ഞാൻ സിക്ക് ലീവിലായിരുന്നു. അതിനാൽത്തന്നെ അന്വേഷണ ഉദ്യോഗസ്ഥൻ സതീഷായിരുന്നു. പദവി എത്ര മുകളിലാണെങ്കിലും ഒരു അന്വേഷണ ഉദ്യോഗസ്ഥന് മാത്രമാണ് ആ കേസിന്റെ ചുമതല. പക്ഷേ തിരികെയെത്തിയപ്പോൾ സതീഷ് ചന്ദ്രൻ എന്നെ വന്നു കണ്ടു ചില സംശയങ്ങൾ പറഞ്ഞു.
കേസ് ഡയറിയിലെ ചില കാര്യങ്ങളിൽ കൗതുകം തോന്നി ഞാൻ ആ വീട്ടിലേക്ക് വീണ്ടും പോയി. ആ വീട്ടിൽ എന്തോ ഒരു ഫങ്ഷൻ നടക്കുകയായിരുന്നു. അരുണിന്റെ കല്യാണം ഉറപ്പിക്കലോ മറ്റോ. ആ വീട്ടിൽ ഉള്ളത് 3 ബാൽക്കണികളാണ്. പിന്നിലെ നീന്തൽകുളത്തിന് മുകളിലായി. പിന്നെ വശത്തു വിശ്വനാഥന്റെ കിടക്കറയിൽ, മുൻവശത്തു വലിയൊരു ബാൽക്കണി.
ബാൽക്കണിയിലേക്കുള്ള ഭാഗം പൂട്ടി സുരക്ഷിതമാക്കിയിരുന്നു തിരക്കിൽ ആരും ശ്രദ്ധിക്കാതെ ഇരുന്നപ്പോൾ ഞാൻ ഒരു ജനലിലൂടെ പാരപ്പറ്റിലേക്ക് നടന്ന് ദുരന്തം നടന്ന ബാൽക്കണിയിലേക്ക് കയറി. കൈവരിയുടെ പെയിന്റിംഗ് താരതമ്യേന പുതിയതായി തോന്നി. ആണി ഇളകിയതുപോലെയല്ല, ശക്തമായി ചവിട്ടിയാൽ ഓടിയുന്നതുപോലെയാണ് ഒടിഞ്ഞുപോയിരുന്നത്. ബാൽക്കണിയിൽ ഒരു പൂച്ചെടി ഉണ്ടായിരുന്നു. അതിൽ സിഗരറ്റു കുറ്റികൾ. ചെറിയ ഒരു ഫോർസെപ്സ് കൊണ്ടു കൈയ്യിലെ കവറിലേക്കു അതൊക്കെ എടുത്തിട്ടു. രൂക്ഷമായ മൂത്ര ഗന്ധം ആ ചെടിയുടെ സമീപത്തെത്തുമ്പോഴുണ്ടായിരുന്നു.
വാതിലിന്റെ വശത്തെ പലകയിൽ എന്തോ ശക്തമായി ഉരഞ്ഞപാടുണ്ടായിരുന്നു. ജോലിക്കാരി റാണിയായ കഥയൊന്ന് അറിയണമെന്നെനിക്കു തോന്നി. ലക്ഷ്മിയുടെ ഭൂതകാലത്തേക്കു ചെറിയൊരു യാത്ര– ഒരു പഴയ വീട്.. ചെറിയ വരാന്തയുള്ള ആ വീടിന്റെ ഉമ്മറത്ത് സന്ധ്യാദീപം തെളിഞ്ഞു നിൽക്കുന്നു. വാതിൽക്കൽ ഒരു പ്രായമായ സ്ത്രീ ഇരുന്നു നാമം ജപിക്കുന്നു. പടിപ്പുരയിലെ നിഴലനക്കം കണ്ടിട്ടാവണം വിളക്കിന് വട്ടം പിടിച്ച് അവർ മുറ്റത്തേക്കു നോക്കി ആരാ അവിടെ.. ഞങ്ങൾ വെളിച്ചത്തിലേക്കു മാറി നിന്നു.. കുറച്ചു ദൂരേന്നാ.. പ്രാർഥന മുടക്കേണ്ടെന്നു കരുതിയാ കാത്തുനിന്നത്....
കഴിഞ്ഞു. കയറി വരൂ. വൃത്തിയായ ഇട്ട ചെറിയ വരാന്തയിൽ ഞങ്ങൾ കയറി ഇരുന്നു.. പൊലീസിൽ നിന്നാണോ?. സരസ്വതി ചോദിച്ചു. അതെ... ഉം ഞാൻ പ്രതീക്ഷിച്ചു പത്രത്തിൽ വാര്‍ത്തകള്‍ കാണാറുണ്ട്. അതെ, എന്റെ മകളാണ് വിശ്വനാഥന്റെ ഭാര്യ ലക്ഷ്മി... എന്താ നിങ്ങൾക്ക് അറിയേണ്ടത്..
എങ്ങനെയാണ് അവർ വിവാഹം കഴിച്ചത്. നാട്ടുകാർ പറയുന്നതല്ലാതെ യാഥാർഥ്യമെന്തെന്ന് അറിയണം.
അവൾ അവിടെ ജോലി നോക്കിയിരുന്നു. എപ്പോഴോ അവൾ അയാളുടെ കണ്ണിൽപ്പെട്ടു, അവളെ ആദ്യമയാൾ ചതിയിൽപ്പെടുത്തി. പക്ഷേ പിന്നീടവർ തമ്മിൽ അടുപ്പത്തിലായി. വിശ്വനാഥനുമായുള്ള ബന്ധം വളരെ വൈകിയാണ് അറിഞ്ഞത്.. അപ്പോഴേക്കും വളരെ വൈകിയിരുന്നു. അവളും കുറേ അനുഭവിച്ചു. അച്ഛനില്ലാതെ വളർന്ന കുട്ടിയാണ്.. എന്റെ നോട്ടക്കുറവെന്ന് ബന്ധുക്കളും നാട്ടുകാരും കുറ്റപ്പെടുത്തി. അയാളുടെ ഭാര്യ ലക്ഷ്മി മോളെ ആട്ടിപ്പായിച്ചു, എന്നിട്ടും മതിവരാതെ പിന്നാലെ നടന്നു ഉപദ്രവിച്ചു. പക്ഷേ അവർ മരിച്ചതിനുശേഷം അയാൾ ഇവിടേക്കു തിരക്കി വന്നു.
അവൾക്കു പോകാൻ താൽപര്യമുണ്ടായിരുന്നില്ല.. പക്ഷേ... പോയില്ലെങ്കിൽ അയാൾ കൊന്നു കളഞ്ഞേനെ. ദാ ആ ചിത്രം നോക്കൂ. എത്ര സുന്ദരിയായിരുന്നു എന്റെ മോൾ. ഞാൻ വിളക്കെടുക്കട്ടെ. നിങ്ങൾ ഇരിക്കണമെന്നില്ല.. ആ വൃദ്ധ വിളക്കുമെടുത്ത് അകത്തേക്കു പോയി.. അമ്പരന്നിരുന്ന ഞങ്ങളുടെ മുന്നിൽ അവർ വാതിൽ ചാരി.. എന്തൊരു വിചിത്രയായ സ്ത്രീ ടോണി പിറുപിറുത്തു. ഞങ്ങൾ അവിടെ നിന്നും ഇറങ്ങി വീട്ടിലേക്കു പോയി.
ടോണിയെ സ്റ്റേഷനിലിറക്കി, വീട്ടിലേക്കുള്ള യാത്രയിൽ ഫോൺ ബെല്ലടിച്ചു. ഹലോ സിഐ ജെയിംസ് സാറല്ലേ?, അതെ ഇതാരാണ്?. ഞാൻ ലക്ഷ്മി. സാർ ഒന്നു ഇവിടെവരെ വരാമോ?, സ്റ്റേഷനിലേക്കു നാളെ വരൂ മാഡം. അല്ല സാർ, എനിക്കു കുറച്ചു കാര്യങ്ങൾ പറയാനുണ്ട്, അതു പിന്നെ പറയാന്‍ കഴിയില്ല, പ്ളീസ്, സാർ ഇവിടെവരെ ഒന്നു വന്നിട്ടുപോകൂ.
ജീപ്പ് വീടിനു മുന്നിലെത്തിയപ്പോൾ സെക്യൂരിറ്റി വാതിൽ തുറന്നു. ഗാർഡനിലെ ലൈറ്റൊക്കെ അണച്ചിരിക്കുന്നു. ബാൽക്കണിയില്‍ ചെറിയ നീല നിറത്തിലുള്ള ലൈറ്റ് മാത്രം, അവിടെ ലക്ഷ്മി ചാരുകസേരയിൽ ഇരിക്കുന്നത് താഴെ നിൽക്കുമ്പോൾ കാണാം. മുകളിലേക്കു ചെല്ലാൻ പറഞ്ഞു ഗേറ്റടച്ചശേഷം സെക്യൂരിറ്റി ഗാർഡ് അടുത്തേക്കുവന്നു.
വാതിൽ തുറന്നു കിടക്കുന്നു. ഒരു നിമിഷം മടിച്ചു നിന്നിട്ട് അകത്തേക്കു കയറി, മെയിൻ ഹാളില്‍നിന്നും മുകളിലേക്കു കയറാനാകും. അൽപ്പസമയം അവിടെ കാത്തുനിന്നെങ്കിലും പ്രതികരണമുണ്ടായില്ല, സെക്യൂരിറ്റി ഗേറ്റ് ലോക്ക് ചെയ്ത് പുറത്തേക്കു പോയിരിക്കുന്നു. പടികയറി മുകളിലേക്കു ചെന്നു. ബാൽക്കണിയിൽ ഒരു കസേരയും ചെറിയൊരു ടീപോയും, ലക്ഷ്മി പുറം തിരിഞ്ഞിരിക്കുന്നു. ഇരിപ്പിലെ അസ്വാഭാവികതയിലാണ് ആദ്യം മനസുടക്കിയത്.
കാലുകൾ തൊട്ടുമുന്നിലെ കൈവരിയിൽ തൊട്ടു തൊട്ടില്ലെന്ന മട്ടിൽ പിന്നോട്ട് ചാഞ്ഞ് ഇരിക്കുകയാണ്, ഫോണിൽ സ്റ്റേഷനിലേക്കു വിളിച്ചു ഞാൻ മുന്നിലേക്കെത്തി, അതെ അവർ കണ്ണുകൾ തുറിച്ചു മരിച്ചു കിടക്കുന്നു. കടവായിലൂടെ നുരയും പതയും ഊർന്നിറങ്ങിയിരിക്കുന്നു. അടുത്തൊരു മദ്യ ഗ്ളാസ്, കീടനാശിനിയുടെ പോലുള്ള രൂക്ഷഗന്ധം ആ ഗ്ളാസിന്റെ അടുത്തെത്തുമ്പോൾ തന്നെ അറിയാം. അൽപ്പസമയത്തിനുള്ളിൽ പൊലീസ് ജീപ്പും ഫൊറൻസിക് വിദഗ്ദരും ഡോക്ടറുമൊക്കെ വന്നു. ദുരന്തത്തിന്റെ ആവർത്തനത്തിനു സാക്ഷ്യം വഹിച്ചു ആ ബംഗ്ളാവ് ഇരുട്ടിൽ തലയുയർത്തി നിന്നു.
English Summary: English Summary: White Trumpet Murder, Novel written by Sanu Thiruvarppu