സത്യം കണ്ടെത്തുകയല്ല കേസ് വഴിതിരിച്ചുവിടുകയായിരുന്നു ആ റിപ്പോർട്ടുകളുടെ ലക്ഷ്യം, വാസിം കേസിൽ സംഭവിച്ചത്
Mail This Article
മോഹിതയുടെയും മോറിയയുടെയും കഥ എന്ന ആ ബുക്ക് ഇനി അധികം പേജില്ല. ഞാൻ വേഗത്തിൽ അതു വായിച്ചു തീർത്തു. ബുക്ക് അടച്ചു വെച്ച് അതിൽ പറഞ്ഞ കാര്യങ്ങളുമായി ബന്ധപ്പെടുത്തി ചിലതെല്ലാം ആലോചിച്ചു നോക്കി. വാസിം മരിച്ച് ഏതാനും മണിക്കൂറുകൾ കഴിഞ്ഞ് പൊലീസുകാരും പിന്നാലെ
മീഡിയക്കാരും അവിടെ വന്നിരുന്നു. അയാളുടെ കൊലപാതകം മുംബൈ പൊലീസിന് തലവേദനയായിരുന്നുവെങ്കിലും മറ്റൊരു തരത്തിൽ അവർക്കത് ഗുണകരമായിരുന്നു.
അയാളുടെ മരണത്തെ തുടർന്ന് മുംബൈയിലെ ക്രൈം റേറ്റ് വല്ലാതെ താണു.
മോറിയയുടെ കൈയ്യിൽ നിന്നും താഴെ വീണ് പോയ തോക്കായിരുന്നു സുതപക്ക് അന്വേഷിക്കാൻ ലഭിച്ച ഏക തെളിവ്. പക്ഷേ ക്രൈം സ്പോട്ടിൽ ഈ തോക്ക് പോലീസ് കണ്ടെടുത്തിരുന്നില്ല. അത് വല്ലാത്തൊരത്ഭുതമായി എനിക്ക് തോന്നി. മോറിയയുടെ കൈയിൽ നിന്ന് ഗൺ വാസിമിന്റെ ക്യാബിനിൽ വീണിട്ടുണ്ട്, എന്നാൽ പോലീസ് അത് കണ്ടെടുത്തിട്ടില്ല താനും.
ഇത് ശരിക്കും വല്ലാത്ത പസ്ലിങ് തന്നെ. ഞാൻ പല റീസണുകളും ആലോചിച്ചു. സുതപ അത് കണ്ടെടുത്തു, തുടർന്ന് അതിനെക്കുറിച്ചന്വേഷിച്ചു ടൈമൂറിനെ കണ്ടെത്തി, അതുവഴി മോഹിതയിലേക്കും മോറിയയിലേക്കും എത്തി. അത് വിശ്വസിക്കാൻ പറ്റുന്ന ഒരു സാധ്യതയേ അല്ല. ഈ കേസിൽ പ്രത്യേകിച്ച് ഒരാകർഷണവും സുതപക്ക് തോന്നേണ്ടതില്ല. എത്രയോ അധോലോക രാജന്മാർ കൊല്ലപ്പെടുന്നു.
അവരിൽ ഒന്നും തോന്നാത്ത ഒരു ജിജ്ഞാസ വാസിം ജാഫറിന്റെ കാര്യത്തിൽ സുതപക്ക് തോന്നേണ്ട ആവശ്യമെന്താണ്? ഇങ്ങനെ ചോദ്യങ്ങൾ പലതാണ്.
ഏറെ ആലോചിച്ച ശേഷം ഞാനൊരു കൺക്ലൂഷനിലെത്തി. ശരത്തിനെ ഇല്ലാതാക്കുക എന്നതായിരുന്നു മോറിയയുടെ ഉദേശ്യം. പക്ഷേ അവർക്ക് അതിന് കഴിഞ്ഞില്ല. വാസിമാണ് ശരത്തിന് പകരം അവരുടെ വലയിലായത്. ഒരുപക്ഷേ വാസിം മരിച്ച് കഴിഞ്ഞ സമയത്ത്, പക്ഷേ പൊലീസെത്തുന്നതിന് മുൻപ് ശരത്ത് അവിടെ വന്നിട്ടുണ്ടായിരുന്നുവെങ്കിലോ? ആരും കാണാതെ.... ഒരു കച്ചിത്തുരുമ്പ് എന്ന നിലയിൽ അയാൾ ആ ഗൺ ശ്രദ്ധിച്ചിട്ടുണ്ടാവാം. അത് എടുത്ത് മാറ്റിയിരിക്കാം.
സുതപയെ ഈ കേസിൽ ശരത്ത് തന്നെയാണ് ഇൻവോൾവ് ചെയ്യിച്ചതെന്ന് എനിക്ക് തോന്നി. ശരത്ത് വഴി മാത്രമേ അവർക്ക് ആ തോക്ക് കിട്ടാൻ സാധ്യതയുള്ളു. തുടർന്നുള്ള അന്വേഷണത്തിലാവാം ടൈമൂറിലേക്കും, അതുവഴി മോഹിതയിലേക്കും മോറിയയിലേക്കും അവരെത്തിയത്. സത്യം കണ്ട് പിടിക്കാനുളള ആവേശമല്ല സുതപയെ ഇതിലേക്കടുപ്പിച്ചത്, മറിച്ച് തന്റെ ഭർത്താവു കൂടിയുൾപ്പെട്ട വലിയൊരു കള്ളത്തരത്തെ മൂടിവെക്കുക എന്നത് മാത്രമായിരുന്നു അവരുടെ ലക്ഷ്യം.
മോറിയയും മോഹിതയും വൈകാതെ അറസ്റ്റിലായി. കൂട്ടുപ്രതി എന്ന നിലയിൽ മോഹിതക്ക് ശിക്ഷയിൽ ഇളവുണ്ടായിരുന്നു. മോറിയയെ 14 വർഷം കഠിനതടവിന് ശിക്ഷിച്ചു. മോഹിതക്ക് അഞ്ച് കൊല്ലമേ ജയിലിൽ ചിലവഴിക്കേണ്ടി വന്നുള്ളു. ഈ ജയിൽ വാസക്കാലത്ത് മോറിയ ആത്മഹത്യ ചെയ്തു. അതൊരു കൊലപാതകമാണെന്ന് കരുതുന്നവരുമുണ്ട്, കാരണം വാസിമിന് സ്വാധീനമുള്ള ജയിലർമാരുമുണ്ടായിരുന്നു. അവരാരെങ്കിലും ചെയ്തതാകാം ഇതെന്നാണ് ഒരു പക്ഷം പറയുന്നത്.
അഞ്ച് വർഷത്തെ ശിക്ഷ കഴിഞ്ഞ് മോഹിത പുറത്തിറങ്ങി. ഗലിയിൽ കേറിയ അവളെ എല്ലാവരും പേടിയോടെ നോക്കി.. വല്ലാത്ത ആത്മ സംഘർഷങ്ങളിലൂടെയായിരുന്നു മോഹിത കടന്ന് പോയത്. ജയിലിൽ നിന്നിറങ്ങി ചേരിയിലെ വീട്ടിൽ താമസമുറപ്പിച്ച മോഹിത അഞ്ചാം നാൾ ഒരു തീപിടിത്തത്തിൽ കൊല്ലപ്പെട്ടു.
ഗ്യാസ് ലീക്കായതാണെന്നായിരുന്നു പോലിസിന്റെ നിഗമനം. കൂടാതെ കത്തിക്കരിഞ്ഞ അവളുടെ ശവശരീരവും അവർ കണ്ടെത്തി. വാസിമിന്റെ ആളുകളാണ് ഇതിന്റെ പിന്നിലെന്ന് പൊലീസ് ഊഹിച്ചു. അതുകൊണ്ട് കേസെടുക്കാനോ അന്വേഷിക്കാനോ അവരൊട്ടും ശ്രമിച്ചുമില്ല. ഈ രണ്ട് കൊലപാതകങ്ങളെക്കുറിച്ച് റിപ്പോർട്ട് എഴുതാനോ സംസാരിക്കാനോ ഒന്നും സുതപ ദേശ്മുഖും ഉണ്ടായില്ല. ഈ വിഷയങ്ങളിലെ അവരുടെ മൗനം ആരും ചർച്ചക്കെടുത്തില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി.
സുതപക്ക് ക്ലീൻ ചിറ്റ് കൊടുക്കുന്നത് ശരിയല്ലെന്ന് എനിക്ക് തോന്നി. അവർ തന്റെ റിപോർട്ടുകളിലൂടെ ഈ കേസിനെ വഴിതിരിച്ചുവിടുകയായിരുന്നു. അതിന് പിന്നിൽ രണ്ട് കാരണങ്ങളാണ് ഉള്ളത്:
1. വാസിം ജാഫറിന്റെ ഘാതകരെ കണ്ടെത്തുക.
2. സ്വന്തം ഭർത്താവിനെ സംരക്ഷിക്കുക.
ഇത് എന്റെ ഒരു ബ്ലൈൻഡ് തിയറിയാണ്. ഇത് തന്നെയാകണം സത്യം എന്നുമില്ല. പക്ഷേ ഇതൊക്കെയാകാം അന്ന് സംഭവിച്ചിരുന്നതെങ്കിലോ. ആ സാധ്യത വിട്ട് കളയാൻ പറ്റില്ല. എന്തായാലും സുതപയെ ഒന്നുകൂടി കാണാൻ ഞാൻ തീരുമാനിച്ചു.
ഇത്തവണ സുതപയെ ഓഫീസിൽ ചെന്ന് കാണേണ്ട, പകരം പേഴ്സണലായി മീറ്റ് ചെയ്യാം എന്ന് ഞാൻ തീരുമാനിച്ചു. അങ്ങനെ അവരുടെ നമ്പർ തപ്പിപിടിച്ച് ഞാനൊരു അപ്പോയ്മെന്റ് വാങ്ങിച്ചെടുത്തു.
എന്നോട് സുതപയുടെ ടൗണിലെ വീട്ടിലേക്കായിരുന്നു വരാൻ പറഞ്ഞത്. ആർതർ റോഡിൽ നിന്നും പത്ത് കിലോമീറ്റർ അകലെയാണ് അവരുടെ വീട്. ഞാൻ വൈകുന്നേരം ഒരു നാലുമണിയൊക്കെ ആയപ്പോൾ റൂമിൽ നിന്നിറങ്ങി. ഒരു കാബ് പിടിച്ച് നേരേ അവരുടെ വീട്ടിലേക്ക് പോയി. ഏതാണ്ട് ഒരു പത്തിരുപത് മിനിറ്റ് എടുത്ത് കാണും സുതപയുടെ വീട്ടിലെത്താൻ. ഏ.ബി.എൻ. എന്ന ഒരു കോളനിയിലായിരുന്നു, അവരുടെ ‘Pearl Mantion’ എന്ന ആ വീട്, അല്ല കൊട്ടാരം.
ഞാനവിടെ എത്തി കോളിംങ് ബെൽ അടിച്ചു. പുറത്ത് ഇരിക്കാൻ കുറച്ച് കസേരകളും പിന്നെ ഒരു വലിയ ലോണും ഉണ്ടായിരുന്നു. അവിടെ പൂക്കൾ വിടർന്ന് നിൽപ്പുണ്ട്. മൊത്തത്തിൽ വീട് കാണാൻ നല്ല വർക്കത്തൊക്കെയുണ്ട്. ഷെഡിൽ ആ പഴയ ഗ്രേ സ്വിഫ്റ്റും ഒരു ഓഡിയും കിടക്കുന്നു.. ‘കാശുള്ളവൻ ഓഡി വാങ്ങുമ്പോൾ, കാശില്ലാത്തോൻ ഓടി നടക്കുന്നു....’ പെട്ടെന്ന് ഞാനൊരു ചെറിയ പാട്ടങ്ങ് പാടി. അപ്പോഴേക്ക് സുതപ വാതിൽ തുറന്ന് പുറത്ത് വന്നിരുന്നു.
സുതപ ആതിഥ്യ മര്യാദകളോടെ എന്നെ അകത്തേക്ക് കയറ്റി. എന്താണ് കാര്യം എന്നവർ തുറന്ന് ചോദിച്ചു. ഞാനൊറ്റയടിക്ക് വിഷയത്തിലേക്ക് കടന്നില്ല. പകരം ഒരു ചോദ്യം ചോദിച്ചു. ‘‘മാഡത്തിന്റെ ഹസ്ബൻഡ് എവിടെയാണ്?’’
ആ ചോദ്യം കേട്ട് അവർ വലിയ താൽപ്പര്യമൊന്നും കാണിക്കാതെ അലസമായി എനിക്ക് മറുപടി തന്നു:
‘ശരത്ത് ഇപ്പോൾ ഡൽഹിയിലാണ് താമസം. അവിടെ ഞങ്ങളുടെ കമ്പനിയുടെ എം.ഡിയാണ്.’ അവർപറഞ്ഞു നിർത്തി. കൂടുതൽ ചോദിക്കാതെ തന്നെ ശരത്ത് ഇടക്ക് കൊച്ചിയിലും മുംബൈയിലും വരാറുണ്ടെന്നും അവർ പറഞ്ഞു.
പിന്നെ ഞാൻ ചോദിച്ചത് മോഹിതയെക്കുറിച്ചും മോറിയയെക്കുറിച്ചുമായിരുന്നു. അവരെക്കുറിച്ച് മുൻപ് പറഞ്ഞതല്ലേ എന്നായിരുന്നു സുതപയുടെ മറുചോദ്യം. ഞാൻ അതിന് ഇ
ങ്ങനെ മറുപടി പറഞ്ഞു: ‘ഓരോരുത്തർക്കും ഓരോസംഭവങ്ങളെക്കുറിച്ചും അവരുടേതായ ഓരോ വേർഷനുകൾ ഉണ്ടാകും. ഞാനതല്ല ചോദിച്ചത്, എനിക്ക് സത്യത്തിന്റെ വേർഷനാണ് സുതപമേഡം, കേൾക്കേണ്ടത്.’
അവർ എന്നെ രൂക്ഷമായി നോക്കി. എന്നിട്ട് പറഞ്ഞു: ‘‘സത്യം സത്യം പോലെ എഴുതിയത് കൊണ്ടാണ് മോഹിതയും മോറിയയും അന്ന് അറസ്റ്റിലായത്. ഞാനതിലൊരു കള്ളത്തരവും കാണിച്ചിട്ടില്ല. മൈൻഡ് യുവർ വേർഡ്സ്’’
അവരുടെ ശബ്ദത്തിൽ താക്കീതു കലർന്നിരുന്നു. ഞാൻ സിനിമാറ്റിക് സ്റ്റൈലിൽ ഒരു വഷളൻ ചിരി ചിരിച്ചു.
‘‘അതിന് ഞാൻ പറഞ്ഞില്ലലോ മോഹിതയുടെ മോറിയയുടെയും കേസിൽ നിങ്ങൾ എന്തെങ്കിലും ഫോൾട്ട് കാണിച്ചിട്ടുണ്ടെന്ന്. പിന്നെ എന്താണ് പ്രശ്നം?’’
അവർ കുറച്ചൊന്ന് സമാധാനിച്ചു കാണും.
‘‘ശരി നിങ്ങൾക്കിപ്പോൾ എന്ത് വേണം. എനിക്ക് വേറേ പണികളുണ്ട്.’’ അവർ വല്ലാത്ത ധാർഷ്ട്യത്തോടെ ചോദിച്ചു.
‘ഞാനൊരു കഥ പറയാൻ വന്നതാ അത് നിങ്ങൾ ക്ഷമയോടെ കേൾക്കണം.’ ഞാൻ പറഞ്ഞു. അവർ ഞാൻ പറയുന്നത് കേൾക്കാൻ തയ്യാറായി.
‘മാഡം മോഹിതയുടെയും മോറിയയുടെയും മർഡറും അത് കഴിഞ്ഞുള്ള ഇൻവസ്റ്റിഗേഷൻസുമൊക്കെ എല്ലാവർക്കും അറിയാവുന്നതാണ്. പക്ഷേ ഇതിനൊക്കെ പിന്നിൽ ഒരു മോട്ടീവ് ഉണ്ട്.’ ഞാൻ പറഞ്ഞു തുടങ്ങി. ഇത് ഒരു കഥയല്ല, വെറും ഒരു ബ്ലൈൻഡ് തിയ്യറി മാത്രമാണ്. ഞാൻ അവരെ ഓർമിപ്പിച്ചു.
അവർ ക്ഷമയോടെ എന്നെ കേൾക്കാൻ തയ്യാറായി. മോഹിതയുടെയും മോറിയയുടെ കഥ അല്ല എന്റെ തിയറി, കേൾക്കാൻ. ഞാൻ ഓരോന്നും പറയുന്ന സമയത്ത് അവരുടെ മുഖം ശ്രദ്ധിച്ചിരുന്നു. ശാന്തമായി അത്ര നേരം എന്നെ കേട്ടിരുന്ന അവർ വല്ലാതെ ഡിസ്റ്റർബ്ഡായി. അത് എന്റെ വിശ്വാസങ്ങൾക്ക് /തിയറിക്ക് പച്ചക്കൊടി വീശുന്നതായി തോന്നി.
അവസാനം ഞാൻ പറഞ്ഞ് കഴിഞ്ഞപ്പോൾ സുതപ എനിക്ക് നേരെ ഷൗട്ട് ചെയ്തു. അവർക്കാകെ വട്ട് പിടിച്ചത് പോലെയായി.
‘‘നിങ്ങൾ പറയുന്നത് ഞാനും എന്റെ ഭർത്താവും കൂടി വാസിമിനെപ്പോലൊരു ക്രിമിനലിനെ സംരക്ഷിക്കുകയായിരുന്നു എന്നാണോ? എനിക്കോ ശരത്തിനോ ആ ഗുണ്ടയുമായി ഒരു ബന്ധവുമില്ല. കേസിന് പിന്നാലെ ഞാൻ പോയിരുന്നു എന്ന് വെച്ച്..... എന്ത് പറയാമെന്നാണോ.’’
അവർ ക്ഷമ നഷ്ടപ്പെട്ട് വല്ലാതെ അസ്വസ്ഥയായി.
‘‘മാഡം കൂൾ, കൂൾ, ഞാൻ തുടക്കത്തിലെ പറഞ്ഞു, ഇതെന്റെ വെറുമൊരു തിയറി മാത്രമാണെന്ന്, അതിലിത്രക്ക് പ്രോബ്ലം എന്താണുള്ളത്?’’
ഞാൻ ചോദിച്ചു. അതിനവർ മറുപടി പറഞ്ഞില്ല, എഴുന്നേറ്റ് ഡയനിങ് ടേബിളിൽ ചെന്ന് അവിടുത്തെ ജഗ്ഗിലെ വെളളം മുഴുവൻ അവർ കുടിച്ച് തീർത്തു. ആ സമയം എന്റെ മൊബൈലിലേക്ക് എന്തോ ഒരു ഇമെയിൽ വന്നു. അതു നോക്കാൻ തുനിഞ്ഞപ്പോൾ സുതപ, എന്റെ നേരേ വന്നു.
‘ദയവ് ചെയ്ത് നിങ്ങൾ ഇപ്പോൾ പോകണം. ഈ സംസാരം ഇവിടെ തീർന്നു. ഇനി ഇത് പറയാനായി ഓഫീസിലോ ഇങ്ങോട്ടോ വരരുത്. പ്ലിസ്, ഗെറ്റ് ഔട്ട് ഫ്രം മൈ ഹൗസ്.’
പിന്നെ ഒരു നിമിഷം ഞാനവിടെ നിന്നില്ല, വീട്ടിൽ നിന്നും ഇറങ്ങി നടന്നു. പിന്നിലേക്ക് നോക്കാൻ ധൈര്യമുണ്ടായില്ല, ഞാനിറങ്ങിയതും അവർ വാതിൽ ശക്തിയായി അsച്ചു. ഞാൻ വേഗം ഗേറ്റിനു പുറത്തേക്കിറങ്ങി.
കാബ് ബുക്ക് ചെയ്യാൻ മൊബൈൽ എടുത്ത് നോക്കിയപ്പോഴാണ് ഇമെയിൽ വീണ്ടും ശ്രദ്ധിച്ചത്. ഓപ്പൺ ചെയ്ത് നോക്കി. മെയിൽ വന്നിരിക്കുന്നത് മറ്റാരിൽ നിന്നുമല്ല. വളരെക്കാലത്തിന് ശേഷം എനിക്കിന്ന് കെ.കെയാണ് മെയിൽ അയച്ചിരിക്കുന്നത്. ഞാൻ ആവേശത്തോടെ അത് തുറന്ന് നോക്കി.
English Summary: KK Chila Anweshana Kurippukal E-Novel written by Swarandeep