' ഇരുപത് വർഷങ്ങൾ നീണ്ട ബന്ധനത്തിന്റെ മോചനവിധിയുടെ അന്ന് തന്നെ ആ മോഹസാഫല്യവും '
Mail This Article
ഇരുപത് വർഷങ്ങൾ നീണ്ട ബന്ധനത്തിന്റെ മോചനവിധിയും ബുള്ളറ്റ് സ്വന്തമാക്കലും ഒരേ ദിവസം തന്നെ നടന്നത് തികച്ചും യാദൃച്ഛികം.
ഷോറൂമിൽ നിന്ന് ബുള്ളറ്റിറക്കും മുമ്പ് എന്നെ അതോടിക്കുവാൻ പഠിപ്പിച്ച പ്രദീപിനോട് ഞാൻ പറഞ്ഞു.
"എന്റെ ബക്കറ്റ് ലിസ്റ്റിലെ ഒരേയൊരു മോഹത്തിനാണ് നീയിപ്പോ സാക്ഷിയാവുന്നത്. താങ്ക്യു . "
പ്രദീപ് പുഞ്ചിരിച്ചു കൊണ്ടെന്റെ തോളിൽ തട്ടി.
" നിനക്കുമില്ലേ ഒരു ബക്കറ്റ് ലിസ്റ്റ് ഐറ്റം? അതൊന്ന് റിപീറ്റ് ചെയ്. കേൾക്കട്ടെ. "
" തമിഴ്നാട്ടിലെ ഉൾനാടൻ ഗ്രാമത്തിലെ കുളിരുള്ളൊരു രാത്രി. കാപ്പിപ്പൊടി നിറമുള്ള മണ്ണുള്ള തമിഴ്ഭൂമിയിൽ ഒരു കയറുകട്ടിലിൽ കിടക്കുന്ന ഞാൻ മരച്ചില്ലകൾക്കിടയിലൂടെ കാണുന്നത് പൂർണചന്ദ്രനെയാണ്. സുഖകരമായ നിശബ്ദതയിലൂടെ ഒഴുകി വരുന്നൊരു ഇളയരാജാ ഗാനം. "
പ്രദീപ് കണ്ണുകളടച്ചു നിന്നു പറഞ്ഞു.
" നിലാ കായുത് നേരം നല്ല നേരം ! "
" എക്സാക്‌റ്റ്‌ലി. "
" നിലാവ് കായാൻ നമുക്കൊരുമിച്ച് പോവാം. "
" അതത്രയേ ഉള്ളു. നീ നിന്റെ ബക്കറ്റ് ലിസ്റ്റിന്റെ പ്രേരകശക്തിയെ ചെന്ന് കണ്ടിട്ട് വാ. നിന്റെ മോഹം പൂർണമാവണമെങ്കിൽ അതും കൂടി വേണമല്ലോ. ചെല്ല്."
ഞാൻ ബുള്ളറ്റ് മാമയുടെ വീട്ടിലേക്ക് പറത്തി.
പട്ടാളക്കാരന്റെ പഴയ ബുള്ളറ്റ് ഇപ്പോഴുമുണ്ട്. അതെനിക്ക് തരുമോന്ന് ചോദിച്ചപ്പോൾ തന്റെ മരണശേഷം എന്നു പറഞ്ഞ കക്ഷിയാണ്. ബുള്ളറ്റ് തൂത്തും തുടച്ചും സന്തോഷത്തോടെ മാമ ജീവിക്കുന്നു. അതിൽ കയറിയുള്ള അഭ്യാസമൊന്നും ഇപ്പോഴില്ല. ആരെക്കൊണ്ടെങ്കിലും സ്റ്റാർട്ട് ചെയ്യിച്ച് അതിന്റെ പ്രൗഢമായ ശബ്ദം കേട്ടാസ്വദിക്കും.
ഒരു ബൈക് റൈഡറുടെ ജാക്കറ്റടക്കമുള്ള ഫുൾ ഗിയറിൽ ബുള്ളറ്റോടിച്ച് ചെന്ന എന്നെ മാമ കെട്ടിപ്പിടിച്ചുമ്മ തന്നു. ഏറെ നേരം മാമയുമായി സംസാരിച്ചിരുന്നു. നിലത്തിരുന്ന് മാമയുടെ കാൽനഖങ്ങൾ വെട്ടിക്കൊടുത്തു. ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു. മാമയുടെ എഴുത്തുമേശയിൽ ഞാൻ കുറേ വർഷങ്ങളായി അയച്ചു കൊടുത്ത ന്യൂ ഇയർ ആശംസാകാർഡുകൾ അടുക്കി വച്ചിരിക്കുന്നത് കണ്ടപ്പോൾ എന്റെ തൊണ്ടയിൽ ഭാരം വന്നു നിറഞ്ഞു. അന്നേ ദിവസം എനിക്ക് റിയാസിൽ നിന്ന് നിയമപരമായി സ്വാതന്ത്ര്യം കിട്ടിയെന്നറിയിച്ചപ്പോൾ മാമയെന്റെ തോളിൽ സന്തോഷത്തോടെ തട്ടി.
" അടുത്ത കാലത്തൊന്നും ഇത്രയ്ക്കെന്നെ സന്തോഷിപ്പിച്ച ഒരു സംഭവമുണ്ടായിട്ടില്ല. നീ ബുള്ളറ്റെടുത്തു നേരെയെന്നെക്കാണാനാണല്ലോ വന്നത് !താങ്ക്യു മോളേ."മാമയെന്റെ കവിളിൽ കൈ ചേർത്തു പറഞ്ഞു.
"അതു പിന്നങ്ങനല്ലേ വേണ്ടത്? മാമയല്ലേ എന്റെയീ ഒരേയൊരു ബക്കറ്റ് ലിസ്റ്റ് ഐറ്റത്തിന്റെ ഇൻസ്പിറേഷൻ? ഞാൻ തിരിച്ചല്ലേ നന്ദി പറയേണ്ടത്? പിടിച്ചോ ഒരു മുട്ടൻ താങ്ക്യു."
മാമ പുഞ്ചിരിക്കുന്നു.
എന്റെ ബുളളറ്റ് സെൽഫ് സ്റ്റാർട്ട് ചെയ്തിട്ടതിന്റെ സംഗീതമാസ്വദിച്ച് മാമ കണ്ണടച്ചു നിന്നു.
"പുതിയ കാലം, പുതിയ കണ്ടുപിടുത്തം. ഒരു സ്വിച്ചിൽ സ്റ്റാർട്ടാവുന്ന ബുള്ളറ്റ്! പഴയതു പോലെ ആമ്പ്യർ മീറ്റർ നീഡിൽ നോക്കി ചവിട്ടി സ്റ്റാർട്ട് ചെയ്യണ്ട. എത്ര തവണയാണ് കിക്കർ തിരിച്ചടിച്ച് എന്റെ കാല് വേദനിച്ചിട്ടുള്ളത്. "
മാമയ്ക്കൊരുമ്മ കൊടുത്തിട്ട് ഞാൻ യാത്ര പറഞ്ഞു. ബുളളറ്റ് സ്റ്റാർട്ട് ചെയ്യും മുമ്പ് മാമയുടെ പിൻവിളി. പറമ്പിലാകെ നിറഞ്ഞ കായ്ഫലവുമായി തലയെടുപ്പോടെ നിൽക്കുന്ന തെങ്ങുകളിലേക്ക് വിരൽ ചൂണ്ടി മാമ ചോദിച്ചു.
"ഇതിനെല്ലാം നീ കുഞ്ഞുന്നാളിൽ കുറേ വെള്ളം കോരിയിട്ടുണ്ട്. ഓർമയുണ്ടോ നിനക്ക്?"
എങ്ങനെ ഞാൻ മറക്കും? ഇവയ്ക്കൊരു കുഞ്ഞുബക്കറ്റിൽ വെള്ളം കോരിയതു കൊണ്ടല്ലേ എനിക്കൊരു ബക്കറ്റ് ലിസ്റ്റുണ്ടായത് തന്നെ.
അവയെ നോക്കിയിരിക്കെ എന്റെ കണ്ണുകൾ നിറഞ്ഞു വന്നു. ജീവിതത്തിലിനി കരയില്ല എന്നു തീരുമാനിച്ച എന്റെ അനുവാദമില്ലാതെയാണെന്റെ കണ്ണുകൾ നിറയുന്നത്.
കണ്ണുകൾ കരയട്ടെ.
(അവസാനിച്ചു)
Content Summary: Bucket List, e novel by Shuhaib Hameed